ഗിരീഷ് ഹൊസനഗര നാഗരാജഗൗഡ

ഹൈജമ്പിൽ പാരാലിമ്പിക്സ് മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണു് ഗിരീഷ് ഹൊസനഗര നാഗരാജഗൗഡ (കന്നഡ:ಗಿರೀಶ ಹೊಸನಗರ ನಾಗರಾಜೇಗೌಡ, ജനനം 26 ജനുവരി 1988). ലണ്ടനിൽ നടന്ന പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ വെള്ളി നേടി.[1] 1.74 മീറ്റർ ഉയരം താണ്ടിയാണ് ഗിരീഷ് വെള്ളി സ്വന്തമാക്കിയത്. എഫ് 42 വിഭാഗത്തിലാണ് ഗിരീഷിന്റെ മെഡൽ നേട്ടം.[2] ഈയിനത്തിൽ സ്വർണം നേടിയ ഫിജിയുടെ ഇലിയേസ ഡിലാനയും 1.74 മീറ്ററാണ് ചാടിയത്. എന്നാൽ, കൂടുതൽ ശ്രമങ്ങളെടുത്തതിന്റെ പേരിൽ ഗിരീഷ് രണ്ടാമതായി. വെങ്കലം നേടിയ പോളണ്ടിന്റെ ലൂക്കാസ് മാംസാഴ്‌സും 1.74 മീറ്റർ തന്നെയാണ് ചാടിയത്. 1.71 മീറ്റർ ചാട്ടം രണ്ടാം ശ്രമത്തിലായതാണ് ഗിരീഷിന്റെ നേട്ടം വെള്ളിമെഡലിൽ ഒതുക്കിയത്. ഇലിയേസ എല്ലാ ഉയരങ്ങളും ആദ്യ ശ്രമത്തിൽത്തന്നെ താണ്ടി. മൂന്നാം ശ്രമത്തിലാണ് പോളിഷ് താരം ഈ ഉയരം ചാടിയത്. 1.77 മീറ്റർ ചാടാൻ ഇരുവരും ശ്രമിച്ചെങ്കിലും മൂന്ന് ശ്രമങ്ങളും പാഴാവുകയും ചെയ്തു.[3] പാരാലിമ്പിക് ഗെയിംസിനു മുന്നോടിയായുള്ള പരിശീലനത്തിനു അവധി ലഭിക്കാതിരുന്നതിനാൽ ബാങ്കിലെ ജോലി പോലും ഉപേക്ഷിച്ച ഈ ഇരുപത്തിനാലുകാരന് ഈ നേട്ടം ജീവിതത്തിലേക്കുള്ള വെള്ളിവെളിച്ചം കൂടിയാണിത്. പാരാലിമ്പിക് ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഗിരീഷിന് കേന്ദ്ര കായിക മന്ത്രാലയം 30 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
ചരിത്രത്തിൽ ഇന്ത്യയുടെ എട്ടാമത്തെ പാരാലിമ്പിക്സ് മെഡലാണിത്. 1972-ലെ ഗെയിംസിൽ മുരളീകാന്ത് പെത്കാർ നീന്തലിൽ സ്വർണ്ണം നേടിയിരുന്നു.
ഏതൊരു താരത്തേയും പോലെ രാജ്യത്തിനുവേണ്ടി മെഡൽ നേടുകയെന്നതായിരുന്നു ഗിരീഷിന്റെയും ജീവിതലക്ഷ്യം.[3] രാജ്യത്ത് നിന്ന് പത്ത് അത്‌ലറ്റുകൾക്കായിരുന്നു യോഗ്യത. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക അത്‌ലറ്റ് ഗിരീഷായിരുന്നു. മാർച്ച് മുതൽ ബാംഗ്ലൂർ സായ് കേന്ദ്രത്തിൽ കഠിനപരിശീലനം. ഇന്ത്യൻ പാരാലിമ്പിക്സ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സത്യനാരായണനായിരുന്നു പ്രധാന പരിശീലകൻ.
എട്ടു വർഷമായി എഫ് 42 ഇനത്തിൽ ദേശീയ ചാമ്പ്യനാണ് ഗിരീഷ്. 2006-ൽ ചൈനയിൽ നടന്ന വേൾഡ് യൂത്ത് പാരാലിമ്പിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയതോടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 2012 ജനുവരിയിൽ കുവൈത്തിൽ നടന്ന മീറ്റിലും മലേഷ്യൻ ചാമ്പ്യൻഷിപ്പിലും വെങ്കലം നേടി. കുവൈത്ത് മീറ്റീലെ പ്രകടനമാണ് പാരാലിമ്പിക്സ് യോഗ്യത സമ്മാനിച്ചത്.

ഗിരീഷ് ഹൊസനഗര നാഗരാജഗൗഡ
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്ഗിരീഷ് ഹൊസനഗര നാഗരാജഗൗഡ
ജനനം (1988-01-26) ജനുവരി 26, 1988 (പ്രായം 32 വയസ്സ്)
Sport
രാജ്യം ഇന്ത്യ
കായികയിനംഅത്‌ലറ്റിക്സ്
Event(s)ഹൈ ജമ്പ് - F42
നേട്ടങ്ങൾ
Paralympic finals2012 Summer Paralympics: ഹൈ ജമ്പ് (F42) – വെള്ളി

ആദ്യകാല ജീവിതംതിരുത്തുക

കർണ്ണാടകത്തിലെ ഹാസൻ ജില്ലയിലെ അരേക്കൽഗുഡയിലെ ഹൊസനഗര ഗ്രാമത്തിൽ നാഗരാജ ഗൗഡയുടെ മൂത്തമകനാണ് ഗിരീഷ്. ജന്മനാ ഇടത്തേകാലിന് വൈകല്യമുള്ള ഗിരീഷ് ഒരിക്കലും തളരാൻ തയ്യാറായിരുന്നില്ല. അരേക്കൽഗുഡയിലെ കോളേജിൽ നിന്നും ബിരുദം നേടി. മൈസൂർ യൂണിവേസിറ്റിക്കു വേണ്ടി ജനരൽ കാറ്റഗറിയിൽ ഹൈജമ്പ് വെള്ളിയും വെങ്കലവും നേടിയിരുന്നു. അത്‌ലറ്റിനു പുറമെ മികച്ചൊരു ക്രിക്കറ്റ് താരം കൂടിയാണ് ഗിരീഷ്.
ബാംഗ്ലൂർ ആസ്ഥാനമായുള്ള സന്നദ്ധസംഘടന സമാർത്തനത്തിൽ എത്തിയതോടെയാണ് ഗിരീഷിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. സമാർത്തനയുടെ ഗ്രാമീണ ബി.പി.ഓ.യിൽ രണ്ട് വർഷം പ്രവർത്തിച്ചു. സംഘടനയുടെ സഹായത്തോടെയായിരുന്നു ദേശീയ മീറ്റിലും മറ്റും പങ്കെടുത്തത്. ശരീരത്തിനു വൈകല്യമുണ്ടെന്ന തോന്നൽ ഗിരീഷിന്റെ സമീപനത്തിലും സ്പോർട്സിലോടുള്ള ആവേശത്തിലുൻ ഒരിക്കലും പ്രതിഫലിച്ചിരുന്നില്ലെന്ന് ദേശീയ ഹൈജമ്പ് താരം സഹനകുമാരി പറയുന്നു. വൈകല്യമുള്ളതിന്റെ പേരിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് തന്നെ ബുദ്ധിമുട്ടിക്കുന്നതെന്ന് ഗിരീഷ് പതിവായി പറയുമായിരുന്നെന്ന് സഹനകുമാരി പറയുന്നു.[3]

അവലംബംതിരുത്തുക

  1. "Girisha Hosanagara Nagarajegowda bags first Paralympic medal for India". The Economic Times. The Times Group. 4 September 2012. ശേഖരിച്ചത് 4 September 2012.
  2. ഗിരീഷിന്റെ 2012 ലണ്ടൻ ഒളിമ്പിക്സിലെ പ്രൊഫൈൽ:[1]
  3. 3.0 3.1 3.2 "മാതൃഭൂമി ദിനപത്രം". 05.09.2012. Check date values in: |date= (help)