ഖാൻ ബഹാദൂർ ചേക്കുട്ടി സാഹിബ്

1921 മലബാർ ലഹള കാലത്ത് മാപ്പിള കലാപകാരികളാൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് അനുകൂല മുസ്ലിം പ്രമാണിയാണ് ഖാൻ ബഹാദൂർ ചേക്കുട്ടി സാഹിബ്. [1] കൂരിമണ്ണിൽ വലിയമണ്ണിൽ ചേക്കുട്ടി എന്നതാണ് യഥാർത്ഥ പേര്. ആനക്കയം ചേക്കുട്ടി സാഹിബ് എന്നും ഇദ്ദേഹം അറിയപ്പെടുന്നു.

ജീവചരിത്രം തിരുത്തുക

ഏറനാട്ടിലെ മഞ്ചേരി ആനക്കയം ചേക്കുട്ടി സാഹിബ് ജീവിച്ചിരുന്നത്. ബ്രിട്ടീഷ് പോലീസ് സേനയിൽ സർക്കിൾ ഇൻസ്പെക്ടറായി പ്രവർത്തിച്ചിരുന്നു. സേവന കാലത്ത് ബ്രിട്ടീഷ് വിരുദ്ധ മാപ്പിളമാരെ വേട്ടയാടുന്നതിൽ ശ്രദ്ധാലുവായിരുന്നു. ഒട്ടേറെ മാപ്പിള പ്രക്ഷോഭകാരികളെ മർദ്ദിക്കുകയും അറസ്റ്റു ചെയ്യുകയും നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ മർദ്ദനമേറ്റ് നാട് കടത്തപ്പെട്ടവരിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവും ഉൾപ്പെട്ടിരുന്നു.

ബ്രിട്ടീഷ് ഗവർമെന്റ് നിരോധിച്ച ശുഹദായ മൗലൂദ്,പടപ്പാട്ട്, നേർച്ച ആചാരങ്ങൾ സംഘടിപ്പിക്കുന്നതിനാൽ വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിക്കെതിരെയും ചേക്കുട്ടി ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നു. ഹാജിയുടെ നാടുവിടലിന് പിന്നിലെ ചാലകശക്തിയും ഈ പോലീസ് ഉദ്യോഗസ്ഥനായിരുന്നു.[2] പോലീസ് സർക്കിൾ ഇൻസ്പെക്ടറായി റിട്ടയർ ചെയ്ത ചേക്കുട്ടി സാഹിബിനു സേവന ബഹുമതിയായി ഖാൻ ബഹാദൂർ പട്ടവും അധികാരി സ്ഥാനവും നൽകി ബ്രിട്ടീഷ് ഗവർമെന്റ് ആദരിച്ചു. മാപ്പിള പ്രക്ഷോഭകാരികൾക്കെതിരാണെങ്കിലും മതനിഷ്ഠ പാലിച്ചിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. മദ്രസകളുടെയും പള്ളികളുടെയും പ്രവർത്തനങ്ങളിൽ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. ആനക്കയത്തെ അധികാരി ഖാൻ സാഹിബ് ചേക്കു സഹോദരനാണ്

മലബാർ കലാപ നാളുകളിൽ സർക്കാർ - ജന്മി കൂട്ടായ്മയുടെ ഭാഗമായിരുന്നിട്ട് പോലും ആലി മുസ്ലിയാർക്ക് പുരോഹിത സിദ്ധനാണെന്ന ബഹുമാനം ചേക്കുട്ടി നൽകിയിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് മുസ്ലിയാരെ സന്ദർശിച്ചു ബ്രിടീഷുകാർക്കെതിരെയുള്ള സായുധ പോരാട്ടം വൻവിപത്തുകൾ ക്ഷണിച്ചു വരുത്തുമെന്നും അതിനാൽ പിന്തിരിയണമെന്നുമുള്ള ഉപദേശം നൽകിയിരുന്നുവെങ്കിലും മുസ്ലിയാർ അത് ചെവികൊണ്ടില്ല. [3]

ഏറനാട്ടിലെ ബ്രിട്ടീഷ് പ്രതിനിധിയായിരുന്ന ചേക്കുട്ടി, പ്രക്ഷോഭകാരികളെ കുറിച്ചും താവളങ്ങളെ കുറിച്ചും സൈന്യത്തിന് വിവരങ്ങൾ ചോർത്തി നൽകിയിരുന്നു. ആഗസ്ററ് 27 ന് പന്തല്ലൂര് ഔട്ട്പോസ്റ്റിലെ ഹെഡ്കോണ്സ്റ്റബിള് കക്കാടന് ഹൈദ്രോസിനെ വെടിവെച്ചു കൊന്നതിന് ശേഷം വാരിയൻ കുന്നന്റെ നേതൃത്വത്തിലുള്ള മാപ്പിള വിപ്ലവകാരികൾ ആഗസ്റ്റ് മുപ്പതിന് ചേക്കുട്ടി സാഹിബിൻറെ വീട് വളഞ്ഞു, സർക്കാർ അനുകൂലികളുടെ യോഗം അവിടെ നടക്കുന്നുണ്ടായിരുന്നു. ഹാജിയെ കണ്ടതും സർക്കിൾ ഇൻസ്‌പെക്ടർ അടക്കമുള്ള പോലീസ് സംഘവും മറ്റ് അധികാരി ജന്മികളും ഓടി രക്ഷപ്പെട്ടു, ഒറ്റുകാരനെന്ന കുറ്റം ചാർത്തി വീട് കയറി ചേക്കുട്ടി സാഹിബിനെ വെട്ടി കൊന്ന പ്രക്ഷോഭകാരികൾ തല അറുത്ത് കുന്തത്തിൽ കോർത്ത് മഞ്ചേരി കവലയിൽ നാട്ടി വെച്ചു. [4]

അവലംബം തിരുത്തുക

  1. hichcock, Malabar Rebellion P 287
  2. മലബാർ കലാപം ഒരു പുനർവായന ഡോ കെടി ജലീൽ ചിന്ത പബ്ലിക്കേഷൻസ് അദ്ധ്യായം മൂന്ന് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
  3. മലബാര് സമരം, എം പി നാരായണമേനോനും സഹപ്രവര്ത്തകരും 75
  4. സർദാർ ചന്ദ്രോത്ത്ദേശാഭിമാനി 1946 ആഗസ്ത് 25.