1948 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ കൊൽക്കത്തയിൽ വച്ച് നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രണ്ടാമത്തെ പാർട്ടി കോൺഗ്രസ്സിൽ, അന്നത്തെ അഖിലേന്ത്യാ സെക്രട്ടറി ബി.ടി. രണദിവെയുടെ നേതൃത്വത്തിൽ, സായുധ സമരത്തിലൂടെ ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുവാൻ നൽകിയ ആഹ്വാനമാണ് കൽക്കത്ത തീസിസ് എന്ന പേരിൽ അറിയപ്പെടുന്നത്.[1].

പശ്ചാത്തലം

തിരുത്തുക

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സോവിയറ്റ്- ചൈനീസ് വേർതിരിവുകൾ ആദ്യമായുണ്ടാകുന്നത് 1940-കളുടെ അവസാനപാദത്തിലാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അവലംബിക്കേണ്ട രാഷ്ട്രീയനിലപാടിനെ ചൊല്ലിയായിരുന്നു ഈ തർക്കങ്ങൾ. കൊമിൻഫോമിന്റെ സ്ഥാപനസമ്മേളനത്തിൽ അവതരിപ്പിച്ച ഷദനോവ് രേഖയാണ് ചേരിതിരിവുകൾക്ക് തുടക്കമിട്ടത്. യൂറോപ്പിലെ ബൂർഷ്വാ ഗവൺമെന്റുകൾക്കെതിരെയും കൊളോണിയൽ ഗവൺമെന്റുകൾക്കെതിരെയും കടുത്ത പോരാട്ടങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രബന്ധം. കോളനി രാജ്യങ്ങളിൽ ദേശീയ ബൂർഷ്വാസിയോടും ഫ്യൂഡൽ-വിരുദ്ധ താല്പര്യങ്ങളുള്ള ധനിക-ഇടത്തരം കർഷകരോടും സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് ഒന്നുംതന്നെ അതിൽ പരാമർശിച്ചിരുന്നില്ല. [2]

1947 ഡിസംബറിൽ നടന്ന പാർട്ടി കേന്ദ്രകമ്മിറ്റി യോഗം നെഹ്രു ഗവൺമെന്റിനെ സായുധ സമരത്തിലൂടെ പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഒരു പ്രമേയം അംഗീകരിച്ചു. സ്വാതന്ത്ര്യാനതരം അധികാരമേറ്റ നെഹൃ ഗവൺമെന്റിനെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു 1930കൾ മുതൽ അന്നത്തെ സി.പി.ഐ. ജനറൽ സെക്രട്ടറി ആയിരുന്ന പി.സി. ജോഷി സ്വീകരിച്ചിരുന്നത്. ഈ നയത്തിനെതിരെയാണ് ബി.ടി. രണദിവെ പ്രമേയം അവതരിപ്പിക്കുന്നത്. കേന്ദ്രക്കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.[2]

പാർട്ടി കോൺഗ്രസ്സ്

തിരുത്തുക

1948 ഫെബ്രുവരി മാസം കൽക്കട്ടയിൽ (ഇന്നത്തെ കൊ‌ൽക്കത്ത) ചേർന്ന സി.പി.ഐ.-യുടെ രണ്ടാം പാർട്ടി കോൺഗ്രസ്സിൽ പുതിയ നയം അംഗീകരിക്കപ്പെട്ടു. അതിന്റെ ഫലമായി പി.സി. ജോഷിയെ പുറന്തള്ളി ബി.ടി. രണദിവെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി.[2]

സൈദ്ധാന്തിക ഭിന്നതകൾ

തിരുത്തുക

കൽക്കത്താ തീസിസിനെതിരായ സൈദ്ധാന്തികമായ ഭിന്നതകൾ ആദ്യമുയർന്നത് സി.പി.ഐ.-യുടെ അന്നത്തെ ആന്ധ്ര ഘടകത്തിൽ നിന്നാണ്. 1948 ജൂണിൽ ചൈനീസ് മാതൃകയിലുള്ള ഒരു വിപ്ലവത്തിന് ആന്ധ്ര ഘടകം ആഹ്വാനം ചെയ്തു. മാവോയുടെ പുത്തൻ ജനാധിപത്യ സിദ്ധാന്തമാണ് ഇന്ത്യൻ വിപ്ലവത്തിനുള്ള മാർഗ്ഗരേഖ എന്നതായിരുന്നു അവരുടെ നിലപാട്. ദുർബ്ബലമായ ദേശീയ മുതലാളിത്തമല്ല മുഖ്യശത്രുവെന്നും, ഇന്ത്യൻ വിപ്ലവത്തിന്റെ ഘട്ടം സാമ്രാജത്യ വിരുദ്ധവും ഫ്യൂഡൽ വിരുദ്ധവുമായതിനാൽ കമ്മ്യൂണിസ്റ്റുകാർ ഇവയെ എതിർക്കുന്ന ധനിക-ഇടത്തരം കാർഷിക വിഭാഗങ്ങളുമായി യോജിച്ച് മുന്നേറണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്.

ആന്ധ്ര ഘടകത്തിന്റെ നിലപാടുകളെ വിമർശിച്ചുകൊണ്ട് രണദിവെ 1949 ജനുവരിയിൽ സി.പി.ഐ.-യുടെ പ്രസിദ്ധീകരണമായ കമ്മ്യൂണിസ്റ്റിൽ ഒരു ലേഖനം എഴുതുകയുണ്ടായി. വിപ്ലവത്തിന് ഒരു ഘട്ടം മാത്രമേയുള്ളൂവെന്നും അത് സ്ഥിതിസമത്വവിപ്ലവത്തിന്റെയാണെന്നും, അതിനായിട്ട് തൊഴിലാഴിവർഗ്ഗത്തിന്റെ സഖ്യശക്തികൾ ആയിട്ടുള്ളത് ദരിദ്ര കർഷകരും നാട്ടിൻപുറങ്ങളിലെ കൂലിവേലക്കാരും മാത്രമാണെന്നും ലേഖനത്തിലൂടെ സമർത്ഥിച്ചു.[2]

അനന്തര ഫലങ്ങൾ

തിരുത്തുക

കൽക്കത്താ തീസിസിന്റെ അംഗീകാരത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമാസക്തമായ സമരങ്ങൾ ആരംഭിച്ചു. ഗവൺമെന്റ് അവയെ എല്ലാം വേണ്ട രീതിയിൽ അടിച്ചമർത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖനേതാക്കളെല്ലാം തടവിലായി. പാർട്ടിയുടെ ബഹുജനാടിത്തറയ്ക്ക് ഇളക്കം തട്ടി. രണദിവെയുടെ നയങ്ങൾ പാർട്ടിയുടെ ജനപിന്തുണയെ ഇല്ലാതാക്കുമെന്ന് കാണിച്ച്, പി.സി. ജോഷി, അന്നത്തെ സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ജോസഫ് സ്റ്റാലിന് കത്തയയ്ക്കുകയും തുടർന്ന് 1949-ൽ ഇക്കാരണത്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. എസ്.എ. ഡാങ്കെയുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ നേതാക്കൾ രണദിവെയ്ക്കെതിരെ രംഗത്ത് വന്നു.[2]

തിരസ്കരണം

തിരുത്തുക

1949-ൽ ബെയ്ജിങ്ങിൽ വെച്ച് നടന്ന ലോക ട്രേഡ് യൂണിയൻ ഫെഡറേഷന്റെ സമ്മേളനത്തിന് ശേഷമാണ് സ്റ്റാലിനും മാവോയും തമ്മിൽ നിലനിന്നിരുന്ന സൈദ്ധാന്തിക ഭിന്നതകൾക്ക് പരിഹാരമുണ്ടായത്. കൊളോണിയൽ-അർദ്ധ കൊളോണിയൽ രാഷ്ട്രങ്ങളിൽ വിപ്ലവത്തിന്റെ പ്രധാന രൂപം സായുധ സമരമായിരിക്കണമെന്ന് തെലുങ്കാനയിൽ അന്ന് നടന്നിരുന്ന സമരം ചൂണ്ടിക്കാണിച്ചു കൊണ്ട് ചൈനീസ് വിഭാഗം സമർത്ഥിച്ചു. ചൈനീസ് പാർട്ടി മുന്നോട്ട് വെച്ച സായുധ സമരമൊഴികെയുള്ള കാര്യങ്ങൾ അംഗീകരിച്ച സോവിയറ്റ് പാർട്ടി ഓരോ രാജ്യത്തിന്റെയും സവിശേഷതകൾക്കനുസരിച്ച് തന്ത്രങ്ങൾ ആവിഷ്കരിക്കുവാൻ ഏഷ്യയിലെ ട്രേഡ് യൂണിയനുകളോട് ആഹ്വാനം ചെയ്യുന്ന പ്രമേയം അവതരിപ്പിച്ചു. 1950 ജനുവരി 29-ന് കൊമിൻഫോം പ്രസിദ്ധീകരണത്തിന്റെ മുഖപ്രസംഗത്തിൽ നാല് വർഗ സഖ്യസിദ്ധാന്തത്തിനെ പറ്റിയുള്ള ചൈനീസ് പാർട്ടി നേതാവായ ലിയുഷാവൊചിയുടെ വാദഗതികൾ ശരി വയ്ക്കുകയും ഇന്ത്യ പോലൊരു രാജ്യത്ത് സായുധ സമരം പ്രായോഗികമല്ല എന്ന് സൂചിപ്പിക്കുകയും ചെയ്തു.

1950 മേയ് മാസത്തിൽ രണദിവെയെ സി.പി.ഐ. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും തൽസ്ഥാനത്ത് തെലുങ്കാനാ സമരനേതാവായിരുന്ന സി. രാജേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്രക്കമ്മിറ്റി നിലവിൽ വരികയും ചെയ്തു.[2]

  1. "Right About Turn!". Marxists.org.
  2. 2.0 2.1 2.2 2.3 2.4 2.5 ഭിന്നിപ്പിന്റെ പ്രത്യയശാസ്ത്രം - വി.ഐ. തോമസ്
"https://ml.wikipedia.org/w/index.php?title=കൽക്കത്താ_തീസിസ്സ്&oldid=3408964" എന്ന താളിൽനിന്ന് ശേഖരിച്ചത്