കർത്തൃപ്രാർത്ഥന

(കർത്താവിന്റെ പ്രാർത്ഥന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രൈസ്തവലോകത്തെ ഏറ്റവും പേരുകേട്ട പ്രാർത്ഥനയാണ് കർത്തൃപ്രാർത്ഥന(ഇംഗ്ലീഷ്:Lord's Prayer). സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നും അറിയപ്പെടുന്ന ഈ പ്രാർത്ഥന, 2007-ആം ആണ്ടിലെ ഉയിർപ്പുഞായറാഴ്ച വിവിധക്രിസ്തീയവിഭാഗങ്ങളിൽ ഉൾപ്പെട്ടവരായ ഇരുനൂറുകോടിയോളം മനുഷ്യർ നൂറുകണക്കിന് ഭാഷകളിൽ ചൊല്ലിയതായി കണക്കാക്കപ്പെട്ടു.[1] ക്രിസ്തുമതത്തിലെ വിവിധവിഭാഗങ്ങളെ, ദൈവശാസ്ത്രപരവും അചാരാനുഷ്ഠാനപരവുമായ വ്യത്യാസങ്ങളെ മറികടന്ന് ഒന്നിപ്പിക്കുന്ന ചരടാണ് ഈ പ്രാർത്ഥനയെന്നുപോലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്."[1]

ഗിരിപ്രഭാഷണം - കാൾ ഹീൻ‌റീച്ച് ബ്ലോക്കിന്റെ ഭാവനയിൽ. പുതിയനിയമത്തിലെ മത്തായിയുടെ സുവിശേഷത്തിൽ, കർത്തൃപ്രാർത്ഥന ഗിരിപ്രഭാഷണത്തിന്റെ ഭാഗമാണ്.


കർത്തൃപ്രാർത്ഥനയുടെ രണ്ടുപാഠങ്ങൾ പുതിയ നിയമത്തിലുണ്ട്. മത്തായിയുടെ സുവിശേഷത്തിലെ പാഠം (മത്തായി 6:9–13) ഗിരിപ്രഭാഷണത്തിൽ യേശു പ്രകടനപരമായ പ്രാർത്ഥനയെ വിമർശിക്കുന്ന സന്ദർഭത്തിലും ലൂക്കായുടെ സുവിശേഷത്തിലെ പാഠം (ലൂക്കാ 11:2-4) തങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെന്ന ശിഷ്യന്മാരുടെ അപേക്ഷയോടുള്ള യേശുവിന്റെ പ്രതികരണമായുമാണ്.


മൂന്നു സമാന്തരസുവിശേഷങ്ങളിൽ ആദ്യം രചിക്കപ്പെട്ടതും മത്തായിയും ലൂക്കായും ആശ്രയിച്ചതുമായ മർക്കോസിന്റെ സുവിശേഷത്തിൽ ഇല്ലാത്ത ഈ പ്രാർത്ഥന മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളിൽ കാണുന്നതിനെ വിശദീകരിക്കാൻ, ഈ പ്രാർത്ഥനയുടെ ഉറവിടം തങ്ങളുടെ രചനകൾക്ക് മത്തായിയും ലൂക്കായും ആശ്രയിച്ച രണ്ടാം രേഖയായി കരുതപ്പെടുന്ന 'ക്യൂ'(Q-Quelle) ആണ് എന്ന് വാദിക്കപ്പെട്ടിട്ടുണ്ട്.


മറ്റുള്ളവരുടെ മുൻപിൽ ഭക്തരായി കാണപ്പെടാൻ വേണ്ടിയുള്ള പ്രാർത്ഥനയെ യേശു വിമർശിക്കുന്ന ഗിരിപ്രഭാഷണഭാഗത്താണ് മത്തായിയുടെ സുവിശേഷത്തിൽ കർത്തൃപ്രാർത്ഥന. "നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുവിൻ" എന്ന മുഖവുരയെ തുടർന്ന് യേശു ഈ പ്രാർത്ഥന പഠിപ്പിക്കുന്നതായാണ് മത്തായി ചിത്രീകരിച്ചിരിക്കുന്നത്. ഈ പ്രാർത്ഥനയുടെ ഘടനയും അതിലെ വിഷയങ്ങളുടെ ഒഴുക്കും ശ്രേണിയും കണക്കിലെടുത്തുള്ള ഒരു വ്യാഖ്യാനം, ഇത് മനഃപാഠമാക്കേണ്ട ഒരു പ്രത്യേക പ്രാർത്ഥനയെന്നതിനുപകരം പ്രാർത്ഥനകൾക്ക് മാതൃക മാത്രമാണെന്നാണ്. ഉപയോഗിക്കാൻ ഉദ്ദേശിക്കപ്പെട്ട ഒരു പ്രത്യേക പ്രാർത്ഥനയാണ് ഇതെന്ന നിഗമനത്തിൽ എത്തിച്ചേരുന്ന വ്യാഖ്യാനങ്ങളുമുണ്ട്. യേശുവും ശിഷ്യന്മാരും പ്രാർത്ഥിക്കുന്ന അനേകം സന്ദർഭങ്ങൾ സുവിശേഷങ്ങളിലുണ്ട്; എന്നാൽ ഈ പ്രാർത്ഥന അവർ ഉപയോഗിക്കുന്നതായി ഒരിടത്തും കാണാത്തതിനാൽ എന്തു പ്രാധാന്യമാണ് ഇതിന് ആദ്യം കല്പിക്കപ്പെട്ടതെന്ന് വ്യക്തമല്ല.

വ്യത്യസ്തപാഠങ്ങൾ

തിരുത്തുക

പലതര ഉരുവുകൾ

തിരുത്തുക

ഈ നാലു പാഠങ്ങളും മത്തായിയുടെ സുവിശേഷത്തെ പിന്തുടരുന്നു. മത്തായി 6:12-ൽ 'കടങ്ങൾ' എന്ന വാക്കാണ് കാണുന്നതെങ്കിലും കർത്തൃപ്രാർത്ഥനയുടെ പഴയ ഇംഗ്ലീഷ് പാഠങ്ങളിൽ 'അതിക്രമങ്ങൾ' (trespasses) എന്നും സഭാവിഭാഗങ്ങളുടെ പൊതു ഉപയോഗത്തിനായി ഇറക്കുന്ന 'എക്യൂമെനിക്കൽ' പരിഭാഷകളിൽ 'പാപങ്ങൾ' (sins) എന്നുമാണ്. 'പാപങ്ങൾ' ലൂക്കായുടെ സുവിശേഷത്തിലെ പാഠത്തെ പിന്തുടർന്നാണ്(11:4). മൂന്നാം നൂറ്റാണ്ടിൽ അലക്സാണ്ഡ്രിയയിലെ ഒരിജൻ 'അതിക്രമങ്ങൾ' എന്ന വാക്ക് ഈ പ്രാർത്ഥനയിൽ ഉപയോഗിച്ചിട്ടുണ്ട്. പടിഞ്ഞാറൻ യൂറോപ്പിൽ ഉപയോഗിച്ചിരുന്ന ലത്തീൻ പാഠത്തിൽ 'കടങ്ങൾ' (debita) എന്നായിരുന്നെങ്കിലും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ക്രിസ്തീയവിഭാഗങ്ങൾ മിക്കവയും 'അതിക്രമങ്ങൾ' (trespasses) ആണുപയോഗിച്ചത്.

മത്തായി/ലൂക്കാ പാഠങ്ങൾ

തിരുത്തുക

മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളിൽ കർത്തൃപ്രാർത്ഥന അടങ്ങുന്ന ഭാഗങ്ങൾ ഓശാന മലയാളം ബൈബിളിൽ ഇപ്രകാരമാണ്:

വിശകലനം

തിരുത്തുക
 
പുതിയനിയമസംഹിതയുടെ മൂലഭാഷയായ ഗ്രീക്കിൽ കർത്തൃപ്രാർത്ഥനയുടെ പാഠം

"സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ"

തിരുത്തുക

"ഞങ്ങളുടെ പിതാവേ" എന്നത് ദൈവത്തിന്റെ സംബോധനയായി പുതിയ നിയമത്തിൽ മറ്റു പലയിടങ്ങളിലും ബൈബിളിൽ ഉൾപ്പെടാത്ത യഹൂദരചനകളിലും കാണാം.

മത്തായിയുടെ സുവിശേഷത്തിലെ പാഠത്തിൽ കർത്തൃപ്രാർത്ഥന തുടങ്ങുന്നത് 'ഞങ്ങൾ' എന്ന ബഹുവചനസർവ്വനാമത്തിലായതിനാൽ, സ്വകാര്യപ്രാർത്ഥനക്കെന്നതിനുപകരം സാമൂഹ്യമായ ആരാധനയിൽ ഉപയോഗിക്കാൻ വേണ്ടി നൽകപ്പെട്ടതാണിതെന്ന് അനുമാനിക്കാം.

"നിന്റെ നാമം പൂജിതമാകണമേ"

തിരുത്തുക

ദൈവത്തെ സംബോധനചെയ്തശേഷം പ്രാർത്ഥന തുടങ്ങുന്നത് സിനഗോഗുകളിലെ ദൈനംദിനപ്രാർത്ഥനയായ കാദിഷിനെപ്പോലെ ദൈവനാമത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടാണ്. യഹൂദമതത്തിൽ ദൈവത്തിന്റെ പേര് സർവ്വപ്രധാനവും അതിനെ പ്രകീർത്തിക്കുന്നത് മുഖ്യഭക്തിസാധനയുമാണ്. പേരുകൾ കേവലം ലേബലുകളായിരിക്കാതെ പരാമർശിക്കുന്ന വ്യക്തിയുടേയോ വസ്തുവിന്റെയോ ഗുണങ്ങളെ പ്രതിഫലിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ദൈവത്തിന്റെ നാമം പൂജിതമാകണം എന്ന അപേക്ഷയുടെ അർത്ഥം, ദൈവം പൂജിതനാകണം എന്നു തന്നെയാണ്. 'പൂജിതമാകണം' എന്ന കർമ്മണിപ്രയോഗത്തിൽ ആരാണ് പൂജിക്കുന്നത് എന്നതിന്റെ സൂചനയില്ല. ദൈവനാമത്തെ പുകഴ്ത്താൻ വിശ്വാസികളോടുള്ള ആഹ്വാനമാണ് അതെന്നാണ് ഒരു വ്യാഖ്യാനം. കർത്തൃപ്രാർത്ഥനയെ യുഗാന്തപ്രതീക്ഷയുടെ (eschatological) പ്രാർത്ഥനയായി കരുതുന്നവർ, "നിന്റെ നാമം പൂജിതമാകണമേ" എന്നതിനെ, ദൈവം സർ‌വരാലും പുകഴ്ത്തപ്പെടുന്ന അന്തിമയുഗത്തിന്റെ വരവിനുവേണ്ടിയുള്ള അപേക്ഷയായി കരുതുന്നു. ഇതിന്റെ സുറിയാനിയിൽനിന്നുള്ള പരിഭാഷ നിന്റെ നാമം പരിശുദ്ധമാക്കപ്പെടണമേ എന്നാകുന്നു. ദൈവത്തിന്റെ തിരുനാമം തന്നെ ആരാധിക്കുന്നവരാൽ പരിശുദ്ധമാക്കപ്പെടണമെ എന്നർത്ഥമാകുന്നു.

"നിന്റെ രാജ്യം വരണമേ"

തിരുത്തുക

യഹൂദവംശജനായ ഒരു രക്ഷകൻ (മിശിഹാ) മൂലം ദൈവരാജ്യത്തിന്റെ വരവുണ്ടാകുമെന്ന പ്രതീക്ഷ(messianic expectation) ഇസ്രായേലിൽ വ്യാപകമായിരുന്ന കാലത്തായിരുന്നു കർത്തൃപ്രാർത്ഥനയുടെ രചന. "നിന്റെ രാജ്യം വരണമേ" എന്നതിനെ ആ പ്രതീക്ഷയുമായി ബന്ധപ്പെടുത്തിയാണ് സാധാരണ വ്യാഖ്യാനിക്കാറ്. ദൈവരാജ്യത്തെ മനുഷ്യന്റെ നേട്ടമായെന്നതിനുപകരം പ്രാർത്ഥനയിൽ അപേക്ഷിക്കാവുന്ന ദൈവികദാനമായാണ് ഇവിടെ കാണുന്നത്.[5] "ദൈവരാജ്യം വരണമേ" എന്ന അപേക്ഷക്ക് ക്രിസ്തുമതത്തേക്കാൾ പഴക്കമുണ്ടെന്നും വിശേഷമായ ഒരു ക്രിസ്തീയ വ്യാഖ്യാനത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല അതെന്നും കരുതുന്ന പണ്ഡിതന്മാരുണ്ട്. സുവിശേഷപ്രഘോഷണ വിഭാഗങ്ങളിൽ പലതിന്റേയും വീക്ഷണം ഇതിനു നേർവിപരീതമാണ്. ക്രിസ്തുമത പ്രചാരണത്തിനുള്ള ആജ്ഞയായി അവർ ഈ അപേക്ഷയെ കാണുന്നു.

"നിൻതിരുവിഷ്ടം നിറവേറണം"

തിരുത്തുക

ദൈവത്തിന്റെ ഇഷ്ടം നിറവേറാനുള്ള പ്രാർത്ഥനയെ ഭൂമിയിൽ ദൈവത്തിന്റെ വാഴ്ച നിലവിൽ വരണമെന്നോ മനുഷ്യർക്ക് ദൈവഹിതത്തിന് വഴങ്ങാനും ദൈവകല്പനകൾ അനുസരിക്കാനും മനസ്സുകൊടുക്കണമെന്നോ ഉള്ള അപേക്ഷയായി കാണാം. സുവിശേഷങ്ങളിലെ പാഠത്തിൽ "സ്വർഗത്തിലെപ്പോലെ ഭൂമിയിലും" എന്നുള്ളതിന്റെ അർത്ഥം ദൈവേഷ്ടത്തിന്റെ കാര്യത്തിൽ ഭൂമി സ്വർഗത്തെപ്പോലെ ആകണമെന്നോ, ഭൂമിയിലും സ്വർഗത്തിലും ദൈവേഷ്ടം നിറവേറണമെന്നോ ആകാം. ഭൂമി സ്വർഗത്തെപ്പോലെ ആകണമെന്നാണ് സാധാരണ വ്യാഖ്യാനം.

"അന്നന്നെയപ്പം തരുക"

തിരുത്തുക

അന്നന്നുവേണ്ട ആഹാരം എന്നത് മരുഭൂമിയിലെ പ്രയാണത്തിനിടെ യഹൂദജനത്തിന് ഭക്ഷണമായി ദൈവം മന്ന നൽകിയ രീതിയെ പരാമർശിക്കുന്നതായി കരുതണം.[6] ഓരോ ദിവസവും അന്നന്നേക്കു വേണ്ട മന്ന മാത്രമാണ് ഭക്ഷണത്തിനായി ശേഖരിക്കാൻ ദൈവം അനുവദിച്ചിരുന്നത്. അതിനാൽ ഓരോ പുതിയ ദിവസവും ഭക്ഷണം അന്നത്തെ ദൈവകാരുണ്യത്തെ ആശ്രയിച്ചായി.


'അന്നന്നത്തെ', 'ദിവസേന' എന്നൊക്കെ സാധാരണ പരിഭാഷപ്പെടുത്താറുള്ള ഗ്രീക്ക് മൂലത്തിലെ ἐπιούσιος epiousios (എപ്പിഔസിയോസ്) എന്ന വാക്കിന്റെ അർത്ഥത്തിൽ അവ്യക്തതയുണ്ട്. പുതിയനിയമത്തിലെ രണ്ട് കർത്തൃപ്രാർത്ഥനാപാഠങ്ങളിലല്ലാതെ മറ്റൊരിടത്തും ഈ വാക്ക് രേഖപ്പെടുത്തിക്കണ്ടിട്ടില്ല.[7]. 'എപ്പിഔസിയോസ്' എന്ന വാക്കിലെ 'എപ്പി' എന്നതിന് ഉപരി എന്നും 'ഔസിയ'-ക്ക് വസ്തു(പദാർത്ഥം) എന്നും അർത്ഥമായതിനാൽ, ആദ്യകാല വ്യാഖ്യാതാക്കൾ ഈ വാക്കിനെ ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട സത്താപരിവർത്തനം(trans-substantiation) എന്ന ആശയത്തോടു ചേർത്ത് വിശദീകരിച്ചു. എന്നാൽ ദിവ്യകാരുണ്യ ആരാധനയും സത്താപരിവർത്തനസിദ്ധാന്തവും സുവിശേഷങ്ങളുടെ കാലത്തിനുശേഷം നിലവിൽ വന്നവയാണെന്ന ന്യായത്തിൽ പ്രൊട്ടസ്റ്റന്റ് പണ്ഡിതന്മാർ ഈ വിശദീകരണത്തെ തള്ളിക്കളയുന്നു. 'എപ്പിഔസിയോസ്' എന്നതിന് "നിലനില്പ്പിനാവശ്യമായത്" എന്നും "നാളേയ്ക്കു വേണ്ടത്" എന്നും അർത്ഥം കല്പിക്കപ്പെട്ടിട്ടുണ്ട്. "നാളേയ്ക്കു വേണ്ടത്" എന്നാവുമ്പോൾ "നാളേയ്ക്കുവേണ്ട ആഹാരം ഇന്നു നൽകണം" എന്നാവും അപേക്ഷ. പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുള്ള "അന്നന്നുവേണ്ട ആഹാരം" എന്ന പരിഭാഷ ഈ രണ്ട് അർത്ഥങ്ങളുമായും ചേർന്നുപോകുന്നതാണ്.

"...ഞങ്ങളോടും ക്ഷമിക്ക"

തിരുത്തുക

അപ്പത്തിനുവേണ്ടിയുള്ള അപേക്ഷയ്ക്കുശേഷം മത്തായിയുടേയും ലൂക്കായുടേയും പാഠങ്ങളിൽ ചെറിയ ഭിന്നത കാണാം. സ്വന്തം കടക്കാരോട് അവർ ക്ഷമിക്കുന്നതുപോലെ മനുഷ്യരുടെ കടങ്ങൾ അവരോടും ക്ഷമിക്കണമെന്ന പ്രാർത്ഥനയാണ് മത്തായിയുടെ പാഠത്തിൽ. പരസ്പരം കടങ്ങൾ പൊറുക്കുന്നതുപോലെ മനുഷ്യരുടെ പാപങ്ങൾ ദൈവം പൊറുക്കണമെന്നാണ് ലൂക്കായുടെ പാഠത്തിൽ. കടങ്ങൾ എന്നതിന്റെ ക്രിയാരൂപം(ὀφείλετε) റോമാക്കാർക്കെഴുതിയ ലേഖനം 13:8-ലും മറ്റും ഉപയോഗിച്ചിരിക്കുന്നതിൽ നിന്ന്, ആ വാക്കിന് (ὀφειλήματα) എല്ലായ്പോഴും സാമ്പത്തികമായ അധമർണ്ണത എന്ന് അർത്ഥം വേണമെന്നില്ല എന്നു മനസ്സിലാക്കാം. അരമായ ഭാഷയിൽ 'കടം' എന്ന വാക്ക് പാപത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഈ പ്രാർത്ഥനയുടെ മൂലഭാഷ അരമായ അയിരുന്നിരിക്കാം എന്നതുതന്നെ ഇവിടെ മത്തായിയുടേയും ലൂക്കായുടേയും പാഠങ്ങൾ തമ്മിലുള്ള വ്യത്യാസത്തിന് വിശദീകരണമാണ്.


വോർസ്റ്റർ ഭദ്രാസനപ്പള്ളിയിലെ സഭാനിയമജ്ഞനായ ആന്തണി സി. ഡീനിന്റെ അഭിപ്രായത്തിൽ 'പാപം' (ἁμαρτίας) എന്നതിനു പകരം 'കടം'(ὀφειλήματα) എന്നുപയോഗിച്ചിരിക്കുന്നത് നന്മപ്രവൃത്തികൾക്കുള്ള അവസരങ്ങൾ പാഴാക്കിക്കളയുന്നതിനെ സൂചിപ്പിക്കാനാണ്. അദ്ദേഹം ഇതിനെ, മത്തായിയുടെ സുവിശേഷത്തിലെ കോലാടുകളുടേയും ചെമ്മരിയാടുകളുടേയും ഉപമയ്ക്ക് സമാന്തരമായി വായിക്കുന്നു. ആ ഉപമയിൽ കോലാടുകളുടെ ശിക്ഷാവിധിക്ക് ന്യായീകരണമാകുന്നത് തിന്മപ്രവൃത്തികളല്ല, നന്മചെയ്യാനും മറ്റുള്ളവരോട് സ്നേഹം പ്രകടിപ്പിക്കാനുമുള്ള അവസരങ്ങൾ പാഴാക്കിയതാണ്.(മത്തായി 25:31-46).[8]

"പ്രലോഭനത്തിൽ അകപ്പെടുത്തരുതേ"

തിരുത്തുക

പ്രാർത്ഥനയുടെ അവസാനത്തേതിനു മുൻപത്തെ ഈ അപേക്ഷ പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പ്രലോഭനങ്ങൾ എന്ന് സാധാരണ പരിഭാഷപ്പെടുത്താറുള്ള peirasmos(പെയ്റാസ്മോസ്) (πειρασμός) എന്ന വാക്കിന്റെ അർത്ഥതലങ്ങളെക്കുറിച്ച് പുതിയനിയമ ഗ്രീക്ക് ശബ്ദകോശം പ്രതിപാദിക്കുന്നുണ്ട്.[9] വ്യത്യസ്ത സന്ദർഭങ്ങളിൽ അതിന് പ്രലോഭനം, പരീക്ഷ, പരിശോധന, പരീക്ഷണം എന്നൊക്കെ അർത്ഥമാകാം. അതിന്റെ പരമ്പരാഗത പരിഭാഷ പ്രലോഭനം എന്നാണ്. "ഞങ്ങളെ ഞങ്ങൾ തന്നെയോ സാത്താനോ പരീക്ഷണങ്ങളിൽ എത്തിക്കാൻ ഇടയാക്കരുതെ" എന്നാകാം ഇവിടെ അപേക്ഷ. അന്നന്നെ അപ്പത്തിനുവേണ്ടിയുള്ള അപേക്ഷക്ക് തൊട്ടുപിന്നാലെ വരുന്ന ഈ അഭ്യർത്ഥന, ഭൗതികസുഖങ്ങളുടെ ബന്ധനത്തിൽ പെടാതിരിക്കാനുള്ള പ്രാർത്ഥനയുമാകാം. യുഗസമാപ്തിയിൽ കഠിനമായ നിത്യശിക്ഷക്ക് വിധിക്കപ്പെടരുതേ എന്നാണ് ഇതിനർത്ഥമെന്ന് ഒരു വ്യാഖ്യാനമുണ്ട്. ഇയ്യോബിന്റെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നവിധം കഠിനതരമായ പരീക്ഷകൾക്കെതിരായുള്ള അപേക്ഷയാണതെന്നാണ് മറ്റൊരു വ്യാഖ്യാനം.[10]

"തിന്മയിൽ നിന്ന് രക്ഷിക്കുക"

തിരുത്തുക

അവസാനത്തെ അപേക്ഷ സാത്താനെ സംബന്ധിക്കുന്നതോ തിന്മയെ പൊതുവായി പരമർശിക്കുന്നതോ എന്ന കാര്യത്തിൽ പരിഭാഷകർക്കും പണ്ഡിതന്മാർക്കും ഇടയിൽ അഭിപ്രായൈക്യമില്ല. ഗ്രീക്ക് മൂലത്തിലും ലത്തീൻ പരിഭാഷയിലും ഉപയോഗിച്ചിരിക്കുന്ന പദം കേവലമായ തിന്മ എന്ന അർത്ഥം കിട്ടും വിധമുള്ള നപുംസകലിംഗമോ സാത്താനെ സൂചിപ്പിക്കുന്ന പുല്ലിംഗമോ ആകാം. ഗിരിപ്രഭാഷണവിവരണത്തിലെ കർത്തൃപ്രാർത്ഥനക്കുമുൻപുള്ള ഭാഗങ്ങളിൽ, സമാനപദം തിന്മയെ പൊതുവേ പരാമർശിക്കാനാണ് മത്തായി ഉപയോഗിച്ചിരിക്കുന്നതെങ്കിലും തുടർന്നുള്ള ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ സുവിശേഷം സൂചിപ്പിക്കുന്നത് സാത്താനെയാണ്. തിന്മ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്ന് സമ്മതിച്ച ജോൺ കാൽവിൻ, സാധ്യമായ അർത്ഥങ്ങൾ രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും അവ ഈ പ്രാർത്ഥനയുടെ വ്യാഖ്യാനത്തിൽ അപ്രസക്തമാണെന്നും അഭിപ്രായപ്പെട്ടു. തിന്മയിൽ നിന്ന് രക്ഷിക്കണം എന്ന അപേക്ഷക്ക് യോഹന്നാന്റെ സുവിശേഷത്തിലേയും (17:15) പൗലോസ് തെസ്സലോനിക്കർക്കെഴുതിയ രണ്ടാം ലേഖനത്തിലേയും ചില വാക്യങ്ങളോട് സാമ്യമുണ്ട്.(3:3)[11]

"രാജ്യവും ശക്തിയും മഹത്ത്വവും നിന്റേതാകുന്നു"

തിരുത്തുക

കർത്തൃപ്രാർത്ഥനയിലെ ഈ സമാപനസ്തുതി(Doxology) മത്തായിയുടെ സുവിശേഷത്തിന്റെ ബൈസാന്തിയൻ പാഠം പിന്തുടരുന്ന കൈയെഴുത്തുപ്രതികളിൽ മാത്രമാണുള്ളത് ലൂക്കായുടെ സുവിശേഷത്തിലെ പാഠത്തിലോ, മത്തായിയുടെ സുവിശേഷത്തിന്റെ തന്നെ അലക്സാൻഡ്രിയൻ പാഠം ഉൾക്കൊള്ളുന്ന ഏറ്റവും പഴയ കൈയെഴുത്തുപ്രതികളിലോ അതില്ല.[12] സമാപനസ്തുതി ദൈർഘ്യം കുറഞ്ഞ രൂപത്തിലാണെങ്കിലും("എന്തെന്നാൽ ശക്തിയും മഹത്ത്വവും എന്നേയ്ക്കും നിന്റേതാകുന്നു") ആദ്യം രേഖപ്പെടുത്തിക്കാണുന്നത്,[13]Didache എന്നറിയപ്പെടുന്ന പൗരാണികരേഖയിൽ (8:2) ആണ്. ഈ സ്തുതി അതിന്റെ അന്തിമരൂപം കൈവരിക്കുന്നതിനുമുൻപ് പത്തു വ്യത്യസ്ത രൂപങ്ങളിലൂടെയെങ്കിലും കടന്നുപോയെന്ന് മത്തായിയുടെ സുവിശേഷത്തിന്റെ പഴയ കൈയെഴുത്തുപ്രതികളിൽ നിന്ന് മനസ്സിലാക്കാം. പഴയ യഹൂദ പ്രാർത്ഥനകളിൽ സമാപനസ്തുതി സാധാരണമായിരുന്നു. സാമൂഹ്യ ആരാധനക്കായി കർത്തൃപ്രാർത്ഥനയോട് കൂട്ടിച്ചേർക്കപ്പെട്ടതാകാം അത്. അങ്ങനെയെങ്കിൽ അതിന് മാതൃകയായത് ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലെ 29:11 [ഗ] വാക്യമാകാം. മിക്കവാറും പണ്ഡിതന്മാർ സമാപനസ്തുതിയെ മത്തായിയുടെ സുവിശേഷത്തിന്റെ മൂലപാഠത്തിൽ ഉൾപ്പെടുന്നതായി കണക്കാക്കുകയോ പരിഭാഷകളിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നില്ല. അതിനെ അടിക്കുറിപ്പുകളിൽ ഒതുക്കുകയാണ് സാധാരണ പതിവ്. ലത്തീൻ ആരാധനാക്രമം പിന്തുടരുന്ന കത്തോലിക്കർ കർത്തൃപ്രാർത്ഥനയിൽ അത് ചൊല്ലാറില്ല. എന്നാൽ 1970-ലെ പരിഷ്കരിച്ച കത്തോലിക്കാ കുർബ്ബാനക്രമത്തിൽ കർത്തൃപ്രാർത്ഥനയുടെ ഭാഗമായല്ലാതെ അതിനെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബൈസാന്തിയൻ ആരാധനാക്രമം പിന്തുടരുന്നവ ഉൾപ്പെടെയുള്ള പൗരസ്ത്യസഭകളും, പൗരസ്ത്യകത്തോലിക്കാസഭകളും പ്രൊട്ടസ്റ്റന്റ് സഭകളും സമാപനസ്തുതിയെ കർത്തൃപ്രാർത്ഥനയുടെ ഭാഗമായി കണക്കാക്കുന്നു.

ഭാഷാതാരതമ്യസാമഗ്രി

തിരുത്തുക
 
1741-ൽ പ്രസിദ്ധീകരിച്ച യൂറോപ്പിന്റെ ഒരു ഭാഷാഭൂപടത്തിൽ കർത്തൃപ്രാർത്ഥനയുടെ ആദ്യവാക്യം വിവിധ യൂറോപ്യൻ ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

മിഷനറി പ്രവർത്തനം മൂലം, ഏറ്റവുമേറെ ഭാഷകളിൽ നേരത്തേ പരിഭാഷകളുണ്ടായ കൃതി ബൈബിളാണെന്നു വന്നു. [ഘ] ഇതും, ആദ്യകാല ഭാഷാശാസ്ത്രജ്ഞന്മാർ മിക്കവരും ക്രിസ്ത്യാനികളായിരുന്നുവെന്നതും, ഭാഷകളുടെ താരതമ്യപഠനത്തിൽ, ഏറെ പ്രചാരമുള്ളതും അനായാസം ലഭിക്കുന്നതുമായ ബൈബിൾ പാഠങ്ങങ്ങളിലൊന്നായ കർത്തൃപ്രാർത്ഥന മാതൃകയായുപയോഗിക്കാൻ ഇടയാക്കി.


കർത്തൃപ്രാർത്ഥനയുടെ ഇത്തരം ഉപയോഗത്തെ മതനിരപേക്ഷതയുടേയും പ്രായോഗികതയുടേയും ന്യായങ്ങൾ ഉന്നയിച്ച് എതിർക്കുന്നവരുമുണ്ട്. ഈ പ്രാർത്ഥനയിലെ ആശയങ്ങൾ മനുഷ്യർക്കിടയിലെ സാധാരണ ആശയവിനിമയങ്ങൾക്ക് മാതൃകയല്ലെന്നാണ് ഒരു വാദം. താരതമ്യത്തിന് കൂടുതൽ യോജിക്കുന്നത്, ബൈബിളിലെ തന്നെ ബാബേലിലെ ഗോപുരത്തിന്റെ കഥയോ വടക്കൻ കാറ്റും സൂര്യനും എന്ന ഈസോപ്പ് കഥയോ ആയിരിക്കും എന്ന് ഭാഷാശാസ്ത്രജ്ഞന്മാരും ഭാഷാപഠനതത്പരരും നിർദ്ദേശിച്ചിട്ടുണ്ട്.[ങ]

കുറിപ്പുകൾ

തിരുത്തുക

ക. ^ യെരുശലെമിലെ ഒലിവുമലയിൽ യേശു കർത്തൃപ്രാർത്ഥന പഠിപ്പിച്ചതെന്നുകരുതപ്പെടുന്ന സ്ഥലത്തുള്ള പേറ്റർ നോസ്റ്റർ പള്ളിക്കടുത്ത്, ആ പ്രാർത്ഥന ഒട്ടേറെ ഭാഷകളിൽ എഴുതി വച്ചിരിക്കുന്നു. റോമൻ ലിപിയിലുള്ള ഈ മലയാളം പാഠത്തിനു മുകളിൽ, അതിന്റെ ഭാഷയുടെ പേര് കൊടുത്തിരിക്കുന്നത് സംസ്കൃതമെന്നാണ്. മലയാളം ലിപിയിലുള്ള മറ്റൊരു പാഠം രേഖപ്പെടുത്തിയ മാർബിൽ ഫലകം 2005-ൽ അവിടെ സ്ഥാപിച്ചു. [14]


ഖ. ^ തുടർന്നുവരുന്ന ഭാഗം, പഴയ കൈയെഴുത്തുപ്രതികളിൽ ഇല്ല.


ഗ. ^ "കർത്താവേ, പെരുമയും ശക്തിയും മഹത്ത്വവും വിജയവും പ്രതാപവും നിന്റേതാകുന്നു. കാരണം സ്വർഗത്തിലും ഭൂമിയിലും ഉള്ളതെല്ലാം നിന്റേതാകുന്നു. കർത്താവേ, രാജത്വം നിന്റേതാകുന്നു. നീ സർവോന്നതനായ തലവനാകുന്നു.(1 ദിനവൃത്താന്തം 29:11 - ഓശാന മലയാളം ബൈബിൾ).


ഘ. ^ ഉദാഹരണമായി, യൂറോപ്യൻ ഭാഷകളുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഗോത്തിക് ഭാഷയിൽ ഇന്ന് ലഭ്യമായ ഒരേയൊരു രചന, ഗോത്തുകളുടെ മെത്രാനായിരുന്ന വുൾഫിലയുടെ അപൂർണ്ണ ബൈബിൾ പരിഭാഷയായ അർജന്റിയസ് കോഡക്സാണ്.


ങ. ^ പഴയ സോവിയറ്റ് യൂണിയനിൽ ഭാഷകളുടെ താരതമ്യപഠനത്തിനുപയോഗിക്കപ്പെട്ട പാഠം, ഇരുപതാം നൂറ്റാണ്ടിൽ അനേകം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട ലെനിന്റെ രചനാസമുച്ചയമാണ്.

  1. 1.0 1.1 Kang, K. Connie. "Across the globe, Christians are united by Lord's Prayer." Los Angeles Times, in Houston Chronicle, p. A13, April 8, 2007
  2. http://www.christusrex.org/www1/pater/JPN-malayalam.html
  3. മത്തായിയുടെ സുവിശേഷം 6:9-13 - ഓശാന മലയാളം ബൈബിൾ
  4. ലൂക്കായുടെ സുവിശേഷം 11:2-4 - ഓശാന മലയാളം ബൈബിൾ
  5. "ദൈവനാമം അതിൽ തന്നെ പൂജിതമായിരുന്നിട്ടും അത് നമുക്കിടയിൽ പൂജിതമാകണം എന്ന് നാം പ്രാർത്ഥിക്കുന്നു. അതുപോലെ, നമ്മുടെ പ്രാർത്ഥന കൂടാതെ തന്നെ ദൈവരാജ്യം വരുമെങ്കിലും അത് നമ്മിലേക്ക് വരുവാനും നമുക്കിടയിൽ നിലനിൽക്കാനും, ദൈവനാമം മഹത്ത്വപ്പെടുത്തുകയും അവന്റെ രാജ്യത്തിൽ പങ്കുപറ്റുകയും ചെയ്യുന്നവരിൽ നാമും ഉണ്ടായിരിക്കാനുമായി നാം പ്രാർത്ഥിക്കുന്നു." (മാർട്ടിൻ ലൂഥർ, വലിയ വേദോപദേശം, കോൺകോർഡ് പുസ്തകം, പുറം.446, Kolb/Wengert).
  6. പുറപ്പാടിന്റെ പുസ്തകം 16:15–21
  7. Nijman, M.,Worp, K.A. ΕΠΙΟΥΣΙΟΣ in a Documentary Papyrus?, Novum Testamentum, Volume 41, Number 3 / July, 1999, pp. 231-234.
  8. അന്തണി സി. ഡീൻ - കർത്തൃപ്രാർത്ഥനയുടെ പഠനം, അദ്ധ്യായം 4
  9. http://www.studylight.org/lex/grk/view.cgi?number=3986
  10. സങ്കീർത്തനം 26:2, 139:23 എന്നിവയിൽ സങ്കീർത്തകൻ, തന്റെ നിരപരാധിത്വവും സത്യസന്ധതയും തെളിയിക്കാനുള്ള അവസരത്തിന് ദൈവത്തെ ബഹുമാനം വിടാതെ വെല്ലുവിളിക്കുന്നു.
  11. Clontz, p. 452
  12. Clontz, p. 8
  13. Didache എന്നു സാധാരണ അറിയപ്പെടുന്ന പന്ത്രണ്ടു ശ്ലീഹന്മാരുടെ പ്രബോധനങ്ങൾ, ക്രിസ്ത്യൻ ക്ലാസിക്കുകളുടെ എത്തേറിയൽ ഗ്രന്ഥശാലയിൽ
  14. 2005 മാർച്ച് 14-ലെ ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത - [1]
"https://ml.wikipedia.org/w/index.php?title=കർത്തൃപ്രാർത്ഥന&oldid=3750725" എന്ന താളിൽനിന്ന് ശേഖരിച്ചത്