സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിലുള്ള കോപ്പ അമേരിക്ക (സ്പാനിഷ് ഭാഷയിൽ അമേരിക്കൻ കപ്പ്)ഫുട്ബോൾ ടൂർണമെന്റിന്റെ ഔദ്യോഗിക തുടക്കം 1916ൽ.ആദ്യ വിജയി ഉറുഗ്വേ.1867ൽ,ചെറിയ തോതിൽ തുടങ്ങിയ ടൂർണമെന്റുകളാണ് ഈ വലിയ മേളയുടെ മുൻഗാമികൾ.

കോപ്പ അമേരിക്ക
RegionSouth America (CONMEBOL)
റ്റീമുകളുടെ എണ്ണം12
നിലവിലുള്ള ജേതാക്കൾ അർജന്റീന
കൂടുതൽ തവണ ജേതാവായ രാജ്യം ഉറുഗ്വേ  അർജന്റീന
(15 കിരീടങ്ങൾ )
വെബ്സൈറ്റ്ca2011.com
2021 Copa América

ചരിത്രം തിരുത്തുക

കോപ്പ അമേരിക്കയുടെ പിറവി തിരുത്തുക

1916ൽ അർജന്റീന അവരുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷത്തിനായ് സംഘടിപ്പിച്ച ചതുർരാഷ്ട്ര ടൂർണ്ണമെന്റാണ് കോപ്പ അമേരിക്കയുടെ പിറവിക്ക് കാരണമായത്. 1910ൽ ഒരു ത്രിരാഷ്ട്ര ടൂർണമെന്റ് നടന്നെങ്കിലും അതിന് ലാറ്റിനമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ (കോൺമെബോൾ) അംഗീകാരം നൽകിയിരുന്നില്ല. 1810ലെ മെയ് വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷത്തിനായ് അർജന്റീന നടത്തിയ ടൂർണ്ണമെന്റായിരുന്നു ഇത്. ലാറ്റിനമേരിക്കയിൽ ടൂർണ്ണമെന്റ് രൂപത്തിൽ നടന്ന ആദ്യ ചാമ്പ്യൻഷിപ്പായിരുന്നു ഇത്.

ചിലിയും ഉറുഗ്വായും ബ്രസീലും അർജന്റീനയുമായിരുന്നു 1916ലെ ടൂർണ്ണമെന്റിലെ അംഗങ്ങൾ. അവല്ലെനേഡോയിലെ റേസിങ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ അർജന്റീനയും ഉറുഗ്വായും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. പക്ഷെ മറ്റ് മത്സരങ്ങളിലെ വിജയങ്ങളുടെ മുൻതൂക്കത്തിൽ ഉറുഗ്വായ് ആദ്യ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ്.

ടൂർണമെന്റ് വിജയമായതോടെ കോൺമെബോൾ ശക്തമായ്. ഇതോടെ ടൂർണമെന്റിന് കൂടൂതൽ സംഘടിത സ്വഭാവം കൈവന്നു. 1917ൽ ഉറുഗ്വായ് ടൂർണമെന്റിന്റെ ആതിഥേയത്വം ഏറ്റെടുത്തു. അന്നും ഫൈനലിൽ അർജന്റീനയെ (1-0ന്) തോൽപ്പിച്ച് ഉറുഗ്വായ് ചാമ്പ്യൻമാരായ്. ബ്രസീലായിരുന്നു അടുത്ത വർഷത്തെ സംഘാടകർ. പക്ഷെ റിയോ ഡി ജനൈറോയിൽ പൊട്ടിപ്പുറപ്പെട്ട പകർച്ചവ്യാധി മൂലം ടൂർണമെന്റ് മാറ്റിവെച്ചു. പകരം 1919ൽ ബ്രസീൽ ടൂർണമെന്റ് നടന്നു. ഉറുഗ്വായെ തോൽപ്പിച്ച് ബ്രസീൽ ആദ്യ അന്താരാഷ്ട്ര കിരീടം നേടി.

1927 വരെ ടൂർണമെന്റ് തടസ്സമില്ലാതെ നടന്നു. ആദ്യ 11 ടൂർണമെന്റുകളിൽ 6 തവണ ഉറുഗ്വായ് ചാമ്പ്യൻമാരായ്. 1921ലാണ് പരഗ്വായ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ബൊളീവിയയും പെറുവുമൊക്കെ കോൺമെബോളിൽ അംഗമെടുക്കുകയും ടൂർണമെന്റിൽ പങ്കെടുക്കുകയും ചെയ്തതോടെ, ലോകത്തെ ഏറ്റവും വലിയ അന്തർദേശീയ ടൂർണമെന്റായി ലാറ്റിനമേരിക്കൻ പോരാട്ടം മാറി.

ടൂർണമെന്റിന്റെ പ്രസക്തി കുറയുന്നു തിരുത്തുക

1930ലെ ആദ്യ ലോക കപ്പിൽ അർജന്റീനയെ പരാജയപ്പെടുത്തി ഉറുഗ്വേയാണ് ജേതാക്കളായത്. ഇത് ഈ രണ്ട് രാജ്യങ്ങൾക്കിടയിൽ ഫുട്ബോൾ മേൽക്കോയ്മയെ ചൊല്ലിയുള്ള തർക്കത്തിനിടയാക്കി. തർക്കം മുറുകിയതോടെ ഉറുഗ്വായുമായുള്ള ഫുട്ബോൾ ബന്ധങ്ങൾ അർജന്റീന വിഛേദിച്ചു. ഇതോടെ ലാറ്റിനമേരിക്കൻ ടൂർണമെന്റ് പ്രതിസന്ധിയിലായ്.

നീണ്ട ചർച്ചകൾക്കൊടുവിൽ 1935ൽ ടൂർണമെന്റ് വീണ്ടും നടത്തി. പെറുവിലാണ് മത്സരങ്ങൾ നടന്നത്. 1936ലെ ഒളിമ്പിക്സിനുള്ള യോഗ്യതാ ടൂർണമെന്റായാണ് ഇത് നടന്നത്. അതുകൊ​ണ്ട് തന്നെ വിജയികളെ തീരുമാനിച്ചില്ല. ഗ്രൂപ്പടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഉറുഗ്വേയാണ് ഒന്നാമതെത്തിയത്. രണ്ട് വർഷത്തിനു ശേഷം 1937ൽ അർജന്റീന ജേതാക്കളായി.

1939ലെ ടൂർണമെന്റിൽ നിന്നു അർജന്റീനയും ബ്രസീലും കൊളംബിയയും വിട്ടു നിന്നു. അന്ന് ഉറുഗ്വേയെ പരാജയപ്പെടുത്തി പെറു ചരിത്രത്തിലാദ്യമായ് ലാറ്റിനമേരിക്കൻ ജേതാക്കളായ്. 1941ൽ ചിലിയിലാണ് ടൂർണമെന്റ് നടന്നത്. ബൊളീവിയയും ബ്രസീലും കൊളംബിയയും പരാഗ്വേയും വിട്ടു നിന്ന ടൂർണമെന്റിൽ അർജന്റീനയാണ് ചാമ്പ്യൻമാരായത്. ഒരു വർഷത്തിനു ശേഷം 1942ൽ ഉറുഗ്വായിലാണ് ടൂർണമെന്റ് നടന്നത്. ബ്രസീലും പരാഗ്വയും ടൂർണമെന്റിലേക്ക് തിരിച്ചെത്തി. അർജന്റീനയെ പരാജയപ്പെടുത്തി ഉറുഗ്വേ ജേതാക്കളായ്. 3 വർഷത്തിനു ശേഷം 1945ൽ ചിലിയിൽ നടന്ന ടൂർണമെന്റിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന ജേതാക്കളായി. 1946ലും 1947ലും അർജന്റീനതന്നെ ജേതാക്കളായി.

1947ന് ശേഷം രണ്ട് വർഷം കൂടുമ്പോൾ ടൂർണമെന്റ് നടത്താമെന്ന ധാരണയായെങ്കിലും കൃത്യമായ് പാലിക്കപ്പെട്ടില്ല. 1959ൽ രണ്ട് തവണ ലാറ്റിനമേരിക്കൻ ടൂർണമെന്റ് നടന്നു. പിന്നീട് 1963ലാണ് ടൂർണമെന്റ് നടന്നത്. ബൊളീവിയയിൽ നടന്ന ടൂർണമെന്റ് അവർ തന്നെ സ്വന്തമാക്കി. വീണ്ടും 4 വർഷങ്ങൾക്ക് ശേഷമാണ് ടൂർണമെന്റ് നടന്നത്. 1967ൽ ഉറുഗ്വായിൽ നടന്ന ടൂർണമെന്റിൽ ഉറുഗ്വായ് തന്നെ ജേതാക്കളായ്.

പല അംഗരാജ്യങ്ങളും ടൂർണമെന്റിനോട് മുഖം തിരിച്ച് തുടങ്ങിയിരുന്നു. പങ്കെടുക്കാതിരുന്നും രണ്ടാം നിര ടീമിനെ അയച്ചും അവർ പ്രതികരിച്ചു. ഇതിനോടകം വൻ വിജയമായ ലോകകപ്പും, ലാറ്റിനമേരിക്കൻ ടൂർണമെന്റിന്റെ പ്രസക്തിയെ ചോദ്യം ചെയ്തു.

കോപ്പ അമേരിക്ക തിരുത്തുക

8 വർഷത്തെ ഇടവേളയ്ക്ക് ശേഷം 1975ലാണ് പിന്നീട് ടൂർണമെന്റ് നടക്കുന്നത്. കോപ്പ അമേരിക്ക എന്ന പേരിലാണ് ടൂർണമെന്റ് നടന്നത്. ജൂലായ് 17 മുതൽ ഒക്ടോബർ 28 വരെ മത്സരം നടന്നു. ഇതിന് പ്രത്യേകിച്ചൊരു വേദി ഇല്ലായിരുന്നു. ഓരോ രാജ്യത്തും മത്സരം നടന്നു. ബെസ്റ്റ് ഓഫ് ത്രീ മാതൃകയിലായിരുന്നു ഫൈനൽ. കൊളംബിയയെ 2-1 ന് പരാജയപ്പെടുത്തി പെറു ആദ്യ കോപ്പ അമേരിക്ക ജേതാക്കളായി. 1979, 1983 എന്നീ വർഷങ്ങളിലും ഇതേ രീതി തുടർന്നു. 1979ൽ പരാഗ്വേയും 1983ൽ ഉറുഗ്വേയും ജേതാക്കളായി.

തുടർന്നു വന്ന രീതിക്ക് വിപരീതമായി 1987ൽ ടൂർണമെന്റിന് അർജന്റീന ആതിഥേയത്വം വഹിച്ചു. രണ്ട് വർഷം കൂടുമ്പോൾ ടൂർണമെന്റ് നടത്താനും തീരുമാനമായി. മറഡോണയായിരുന്നു ടൂർണമെന്റിന്റെ ശ്രദ്ധാ കേന്ദ്രം. പക്ഷെ കിരീടം ഉറുഗ്വേ കൊണ്ടുപോയി. 1989ൽ ആതിഥേയരായ ബ്രസീൽ തന്നെ കിരീടം നേടി. 1970ലെ ലോകകപ്പിനു ശേഷം ബ്രസീലിന്റെ ആദ്യ കിരീടമായിരുന്നു ഇത്. 1991ൽ ചിലിയിൽ നടന്ന ടൂർണമെന്റ് വിജയിച്ച് 32 വർഷത്തിനു ശേഷം അർജന്റീന കോപ്പ അമേരിക്ക വീണ്ടെടുത്തു.

ടീമുകൾ ക്ഷണിക്കപ്പെടുന്നു തിരുത്തുക

1993ൽ നടന്ന കോപ്പ അമേരിക്കയുടെ പ്രത്യേകത, ടൂർണമെന്റിൽ പ്രത്യേക ക്ഷണിതാക്കളായെത്തിയ ടീമുകളായിരുന്നു. ഭൂമിശാസ്ത്രപരമായി അടുത്ത് കിടക്കുന്ന ഉത്തര അമേരിക്കൻ ടീമുകളെയാണ് ആദ്യം ക്ഷണിച്ചത്. മെക്സിക്കോയും അമേരിക്കയുമാണ് ആദ്യം കളിക്കാനെത്തിയത്.

ഇക്വഡോറിൽ നടന്ന ടൂർണ്ണമെന്റിൽ, മെക്സിക്കോ ഫൈനലിൽ എത്തി ലാറ്റിനമേരിക്കൻ ടീമുകളെ ഞെട്ടിച്ചു. പക്ഷെ ഫൈനലിൽ അർജന്റീന ജയിച്ചു. 1995ൽ ഉറുഗ്വായിൽ നടന്ന ടൂർണമെന്റിൽ ഉറുഗ്വായ് തന്നെ കിരീടം നേടി. ഇതിനു ശേഷം 2011ലാണ് അവർ കുപ്പ് നേടിയത്.

ക്ഷണിക്കപ്പെട്ട ടീമുകളിൽ ഏറ്റവും കൂടൂതൽ കളി കളിച്ചത് മെക്സിക്കോയാണ് (8 തവണ). കോസ്റ്ററിക്ക (4), അമേരിക്ക (3), ജപ്പാൻ (3), ഹോണ്ടൂറാസ് (1) എന്നിവരും കോപ്പ അമേരിക്കയിൽ പങ്കെടുത്തു.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  • മാതൃഭൂമി സ്പോർട്സ് മാസിക 2011 ജൂലായ്
"https://ml.wikipedia.org/w/index.php?title=കോപ്പ_അമേരിക്ക&oldid=3607344" എന്ന താളിൽനിന്ന് ശേഖരിച്ചത്