കോട്ടച്ചന്ത

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
(കോട്ടചന്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാലക്കാട്‌ ജില്ലാ ആസ്ഥാനത്ത് നിന്നും പതിനെട്ട് കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമമാണ്‌ കോട്ടച്ചന്ത. ആലത്തൂർ താലൂക്കിലെ കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി എന്നീ പഞ്ചായത്തുകളിലായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.

Kottachantha


ചരിത്ര പ്രാധാന്യം

തിരുത്തുക

പാലക്കാട്‌ ജില്ലാ ആസ്ഥാനത്ത്‌ ഹൈദരലി പാലക്കാട്‌ കോട്ട നിർമ്മിക്കുന്നതിനു മുമ്പ്‌ ഇവിടെ കോട്ട പടുത്തുയർത്താൻ ഉദ്യമിച്ചിരുന്നു. ഇതിനായി വലിയ പാറക്കല്ലുകളും സ്വരൂപിച്ചുവെച്ചു. പിന്നീട്‌ കോട്ട പാലക്കാട്ടേക്കു മാറ്റുകയാണുണ്ടായത്‌. നിരപ്പായ ഈ സ്ഥലം പിന്നീട്‌ ഗ്രാമീണർ പച്ചക്കറി ചന്തയായി ഉപയോഗിച്ചു. ഈ സ്ഥലം അങ്ങനെ കോട്ടച്ചന്ത എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ഇന്നും കോട്ടച്ചന്ത എന്ന സ്ഥലത്ത് ആ പഴയ ചന്തയുടെ അവശേഷിപ്പുകൽ കാണാം.

'കോട്ടയിലേക്കുള്ള വഴി/വയി' എന്ന പ്രയോഗം ലോപിച്ചാണ് കോട്ടച്ചന്തയുടെ അയൽഗ്രാമമായ കോട്ടായി -ക്ക് ആ പേരുവന്നത് എന്നാണ് വിശ്വസിക്കുന്നത്. ലിഖിത രേഖകളോ പരാമർശങ്ങളോ പ്രചാരത്തിൽ ഇല്ലെങ്കിലും ഇതേക്കുറിച്ച് എതിരഭിപ്രായമോ, അഭിപ്രായ ഭിന്നതകളോ ഇല്ലെന്നത് കോട്ടച്ചന്തയുടെയും കോട്ടായിയുടെയും ചരിത്ര പ്രാധാന്യത്തെ ബലപ്പെടുത്തുന്നു.

തൊഴിലും ജീവിതവും

തിരുത്തുക

വ്യത്യസ്തമായ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. തൊഴിൽദായകരായ സ്ഥാപനങ്ങളും അവസരങ്ങളും ഇല്ലെങ്കിലും മികച്ച മനുഷ്യവിഭവശേഷി ഉള്ളതാണ് ഈ പ്രദേശം. കൃഷിയും കൃഷി അനുബന്ധ കൂലിത്തൊഴിലുകളും ആണ് പ്രധാന തൊഴിൽ. നെല്ല്, പച്ചക്കറികൾ, തെങ്ങ്, വാഴ, മധുരക്കിഴങ്ങ്, മരച്ചീനി പോലുള്ള ഫലങ്ങൾ എന്നിവ ഒട്ടു മിക്കവരും കൃഷി ചെയ്യുന്നു. റബ്ബറും വ്യത്യസ്തങ്ങളായ പുതുതലമുറ കാർഷികവിളകളും പരീക്ഷണമായി ഇവിടെ കൃഷി ചെയ്യുന്നു. ജലസേചന ആവശ്യങ്ങൾക്കുള്ള പ്രധാനസ്രോതസ്സ് മലമ്പുഴ ഡാമിൽ നിന്നുള്ള കനാലാണ്. ക്ഷീരകർഷകർ ധാരാളം ഉള്ള സ്ഥലമാണ് കോട്ടച്ചന്ത. പോലീസ്, മിലിട്ടറി, സ്കൂൾ തുടങ്ങിയ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ, സ്വയം തൊഴിൽ മേഖലകളിലും ജോലി ചെയ്യുന്ന ധാരാളം ജനങ്ങൾ ഉണ്ട്.

വിദ്യാലയങ്ങൾ

തിരുത്തുക

കോട്ടച്ചന്തയുടെ സമീപപ്രദേശമായ പരുത്തിപ്പുള്ളിയിലെ ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ALP സ്കൂളാണ് (Aided Lower Primary School) ഈ പ്രദേശത്തെ പ്രധാനപ്പെട്ട പ്രാഥമിക വിദ്യാലയം. ഉപരിവിദ്യാഭ്യാസത്തിനായി കോട്ടായി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിനേയും, പെരിങ്ങോട്ടുകുറിശ്ശി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിനേയും, ചമ്പ്രകുളം UP സ്കൂളിനേയും ആശ്രയിക്കുന്നു. സെൻറ് പോൾസ് സെൻട്രൽ സ്കൂൾ കോട്ടച്ചന്തയിലെ ഏക ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ്.

ആരാധനാലയങ്ങൾ

തിരുത്തുക
  • മുണ്ടിയൻ കാവ് : കാളത്തല പ്രതിഷ്ഠയായിട്ടുള്ള മുണ്ടിയൻ കാവ്‌ നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയമാണ്. ആടുമാടുകളെ വീട്ടിൽ വളർത്തുന്ന ഗ്രാമീണർ അവയുടെ ക്ഷേമപരിപാലനത്തിനു വേണ്ടി ആൽത്തറയിൽ പ്രതിഷ്ടിച്ച മുണ്ടിയന് നേർച്ച നേരാറുണ്ട്. ഏപ്രിൽ മാസത്തിൽ ഇവിടെ നടക്കാറുള്ള വിഷുവേല മഹോത്സവം വളരെ പ്രശസ്തമാണ്.
  • പൂതിരി ഭഗവതി ക്ഷേത്രം : മാർച്ച്‌ മാസത്തിൽ (മീനം 16) താലപ്പൊലി വേലമഹോത്സവം നടക്കുന്ന പൂതിരി ഭഗവതി ക്ഷേത്രം സമീപപ്രദേശങ്ങളിലെ പ്രധാന ആരാധനാലയമാണ്.
  • സെൻറ് ആൻറണീസ് ചർച്ച്

യാത്രാ സൌകര്യങ്ങൾ

തിരുത്തുക

റോഡ്‌ മാത്രമാണ് കോട്ടച്ചന്തയിലെ യാത്രാ മാർഗ്ഗം. പാലക്കാട് നിന്ന് കണ്ണാടി-കുഴൽമന്ദം-കോട്ടായി / കണ്ണാടി-പല്ലഞ്ചാത്തനൂർ-കോട്ടായി / പിരായിരി-പൂടൂർ-കോട്ടായി എന്നീ റൂട്ടുകളിൽ സ്വകാര്യ-KSRTC ബസ്സുകൾ സർവീസ് നടത്തുന്നു. പാലക്കാട്‌, കുഴൽമന്ദം, കൊടുവായൂർ, ചിറ്റൂർ, കൊല്ലങ്കോട്‌, കൊഴിഞ്ഞാമ്പാറ, പൊള്ളാച്ചി എന്നീ കിഴക്കൻ മേഖലകളിലേക്കും, തിരുവില്വാമല, ഒറ്റപ്പാലം, ഷൊർണൂർ, കാടാമ്പുഴ, തൃശൂർ, ഗുരുവായൂർ എന്നീ പടിഞ്ഞാറൻ മേഖലകളിലേക്കും, മങ്കര, പത്തിരിപ്പാല, കോങ്ങാട്, പറളി എന്നീ വടക്കൻ മേഖലകളിലേക്കും, ആലത്തൂർ, കുത്തനൂർ എന്നീ തെക്കൻ പ്രദേശങ്ങളിലേക്കും കോട്ടച്ചന്ത വഴി ബസ്സ്‌ സർവീസുകൾ ഉണ്ട്. കോട്ടച്ചന്തയിലും സമീപപ്രദേശങ്ങളിലും ഉള്ള സ്വകാര്യ, ഓട്ടോറിക്ഷാ, ടാക്സി വാഹനങ്ങളും ജനങ്ങൾ യാത്രാ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. പറളി, മങ്കര തുടങ്ങിയ ചെറിയ സ്റ്റേഷനുകളും, പാലക്കാട്‌ ജങ്ക്ഷൻ, പാലക്കാട്‌ ടൌൺ, ഒറ്റപ്പാലം എന്നീ പ്രധാന സ്റ്റേഷനുകളുമാണ്‌ റെയിൽ ഗതാഗതത്തിന് അടുത്തുള്ളത്.

"https://ml.wikipedia.org/w/index.php?title=കോട്ടച്ചന്ത&oldid=3344714" എന്ന താളിൽനിന്ന് ശേഖരിച്ചത്