കോട്ടക്കുന്ന്

(കോട്ടകുന്ന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിൽ ജില്ലാ ആസ്ഥാനത്തുതന്നെ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടക്കുന്ന്.

കുന്നിനു മുകളിലെത്തുമ്പോൾ വിശാലമായ പുൽപ്പരപ്പ്‌. പുൽ‍പ്പരപ്പിനു നടുവിൽ ഭീതിയുണർത്തുന്ന കൊലക്കിണർ. വെള്ളമില്ലാത്ത കിണറിന്നുള്ളിൽ വളർച്ചമുറ്റിയ ഒരു വയസ്സൻ പടുമരമുണ്ട്. ഖിലാഫത്തു നേതാക്കളുടെ വിചാരണ സ്‌ഥലം ആണ്‌‍ ഇതെന്ന് കരുതുന്നു. വാരിയംകുന്നത്ത് കു‍ഞ്ഞഹമ്മദ് ഹാജിയേയും കൂട്ടരേയും ബ്രിട്ടീഷ്‌ സാമ്രാജ്യം വധിച്ചത് ഇവിടെയാണ്. (കിണറും പടുമരവും ഇപ്പോൾ നിലവിലില്ല. ഇവിടെ ഇപ്പോൾ ഹെലിപാഡ് ആണ്.)

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഈ പ്രദേശം പട്ടാളത്തിൻെറ കൈവശമായിരുന്നു. മലപ്പുറം നഗരത്തിലുണ്ടായിരുന്ന പട്ടാള ക്യാമ്പിലെ പട്ടാളക്കാർക്ക് വെടിവെപ്പ് പരിശീലനത്തിനുള്ള രണ്ട് കേന്ദ്രങ്ങളിൽ ഒന്ന് ഈ കുന്നിൻ ചെരിവിൽ ആയിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുള്ള ഈ പ്രദേശത്തെ രാഷ്ട്രീയപാർട്ടി സംസ്ഥാന സർക്കാർ മുഖാന്തരം കേന്ദ്ര ഗവൺമെൻറിൽ ശക്തമായ സമ്മർദം ചെലുത്തിയാണ് ഈ പ്രദേശം സംസ്ഥാന സർക്കാറിന് അനുവദിച്ചുകിട്ടിയത്. ഇപ്പോൾ ജില്ലയിലെ ഏറ്റവുമധികം വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന പ്രദേശമായി കോട്ടക്കുന്ന് മാറിയിരിക്കുന്നു.

ഇവിടം ഇപ്പോൾ സർക്കാർ സംരക്ഷണയിലാണ്‌. സന്ദർശകരെ ആകർഷിക്കുന്നതിനായി ടൗൺഹാളും, ആർട്ടു ഗാലറിയും, സന്ധ്യാസംഗമ ഇരിപ്പിടങ്ങളും പ്രകാശ, ദൃശ്യ വിരുന്നുകളുമായി കുന്ന് മോടിപിടിപ്പിച്ചിരിക്കുന്നു. കോട്ടക്കുന്നിലേക്ക് പ്രവേശനത്തിന് പത്ത് രൂപ പ്രവേശന ചാർജ് ഈടാക്കുന്നുണ്ട്. വാഹന പാർക്കിങിനും ഫീ ഈടാക്കുന്നുണ്ട്.

കോട്ടക്കുന്നിന്റെ ചരിവിൽ മലപ്പുറം മുനിസിപ്പാലിറ്റിയും ഡി.ടി.പി.സി.യും സംയുക്തമായി സംഘടിപ്പിക്കുന്ന കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാർക്ക് എന്ന പേരിൽ ഒരു വാട്ടർ തീം പാർക്കുണ്ട് (സാങ്കേതിക കാരണങ്ങളാൽ വാട്ടർ തീം പാർക്ക് ഇപ്പോൾ പ്രവർത്തിക്കുന്നില്ല). 30 ഏക്കറിൽ നിർമ്മിച്ചിരിക്കുന്ന ഈ പാർക്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗപ്പെടുത്താവുന്ന വിവിധ വിനോദോപാധികളും റൈഡുകളുമുണ്ട്. എല്ലാ സായാഹ്നങ്ങളിലും വിശിഷ്യ വാരാധ്യങ്ങളിൽ ഇവിടെ കാഴ്ചകാരെക്കൊണ്ട് നിറയുന്നു. ഇപ്പോൾ ഇവിടെ മലപ്പുറം ഡി. ടി. പി. സിയുടെ ആഭിമുഖ്യത്തിൽ ഒരു വാട്ടർ ഡാൻസ് കം ലേസർ ഷോ എല്ലാ ശനിയാഴ്ച്ചകളിലും, ഞായറാഴ്ച്ചകളിലും നടന്നു വരുന്നു.

ചരിത്രം

തിരുത്തുക

കോഴിക്കോട് സാമൂതിരിയുടെ സൈനിക ആസ്ഥാനമായിരുന്ന കാലത്ത് ഇവിടെ നിർമിച്ച കോട്ടയിൽ നിന്നാണ് കോട്ടക്കുന്നു എന്ന പേര് വന്നത്. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം കാരണമാണ് ഇവിടെ ചരിത്രത്തിൽ മലപ്പുറം കോട്ട എന്നറിയപ്പെട്ടിരുന്ന ആ കോട്ട നിർമിച്ചതും മലപ്പുറം എന്ന നഗരവും ഉയർന്നു വന്നതും.

പുരാതന കാലത്ത് കേരളം ഭരിച്ചിരുന്ന ചേര രാജ്യത്തിന്റെ അധികാരികളായിരുന്ന പെരുമാൾ ഭരണത്തിനു ശേഷം ഈ പ്രദേശങ്ങൾ വള്ളുവനാടിന്റെ ഭാഗമായി.

ഒരു മലയുടെ അവസാന ഭാഗത്തു മൂന്നു ഭാഗവും പുഴയും ഒരു ഭാഗം അഗാധമായ കൊക്കയും മുകൾ ഭാഗം പീഠം പോലെ പരന്നതും ആയ തന്ത്രപരമായ പ്രദേശമാണ് കോട്ടക്കുന്നു. ഈ കുന്നിന്റെ ചെരിവിലും താഴെയുള്ള സമതലങ്ങളിലുമായി ആധുനിക നഗരം വ്യാപിച്ചിരിക്കുന്നു.

ഇവിടെ നിന്നും 5 കിലോമീറ്റർ അകലെ പുഴയുടെ അക്കരെ മക്കരപറമ്പ് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന കുറുവ ആറങ്ങോട്ട്‌ സ്വരൂപമാണ് വള്ളുവനാടിന്റെ മൂലസ്ഥാനം. അവരുടെ തലസ്ഥാനമായിരുന്ന അങ്ങാടിപ്പുറം ( തിരുമാന്ധാകുന്നു) പുഴക്കു അക്കരെ തന്നെ 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്തിന്റെ രാഷ്ട്രീയപരമായ പ്രധാന്യവും അതു പോലെ ജല മാർഗം മുഖേനയുള്ള വാണിജ്യം നടത്തിയിരുന്ന അക്കാലത്തു അമ്മിനികാട്‌ മലയിൽ നിന്നും ഉത്ഭവിച്ചു തിരുമാന്ധാകുന്നു, ആറങ്ങോട്ട് സ്വരൂപം തുടങ്ങി വള്ളുവനാടിന്റെ പ്രമുഖ ദേശങ്ങളിലൂടെ ഒഴുകുന്ന ചെറുപുഴ ഈ കുന്നിന്റെ താഴെ കടലുണ്ടി പുഴയിൽ ചേരുന്നത് ഈ പ്രദേശത്തിന്റെ വാണിജ്യ പരമായ പ്രാധാന്യവും ഈ മേഖലയെ ചരിത്രതിൽ സ്ഥാനം നൽകുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി കൊണ്ടോട്ടിക്കു സമീപം നെടിയിരുപ്പ് സ്വരൂപത്തിലെ ഏറാടിമാർ കോഴിക്കോട് ആസ്ഥാനമാക്കി തെക്കേ മലബാറിൽ ഒരു നാട്ടു രാജ്യം രൂപീകരിച്ചു. അവരാണ് കുന്നലകോനാതിരി എന്ന സാമൂതിരി രാജ വംശത്തിന്റെ സ്ഥാപകർ. കര മാർഗവും കടൽ മാർഗവും സൈനിക നടപടികളിലൂടെ നാട്ടുരാജ്യങ്ങൾ ഓരോന്നും കോഴിക്കോട് രാജ്യത്തിന്റെ ഭാഗമായി. വരക്കൽ പാറനമ്പീശൻ എന്ന സൈന്യാധിപന്റെ നേതൃത്വതിൽ മലപ്പുറവും സമീപപ്രദേശവും വള്ളുവകോനതിരിയിൽ നിന്നും കീഴ്പ്പെടുത്തി. നെടിയിരുപ്പ് സ്വരൂപത്തിന്റെ ബന്ധത്തിൽ പ്പെട്ട തച്ചറക്കാവിൽ ഏറാടിമാർ നിലമ്പൂർ കാടിന്റെ അധിപന്മാരായ മുത്തൻമാർ എന്ന ആദിവാസികളെ പരാജയപെടുത്തി നിലമ്പൂർ മേഖലയെ സാമൂതിരിയുടെ രാജ്യത്തിന്റെ ഭാഗമാക്കി മാറ്റി.ചതിയിലൂടെ തങ്ങളുടെ രാജ്യം നഷ്ട്ടപ്പെട്ട മുത്തൻമാർ അഭിമാനം പണയം വെച്ചു അടിമകളായി ജീവിക്കാതിരിക്കാൻ മലനിരകൾ കയറി അഭയം പ്രാപിച്ചു. മലമുത്തന്മാർ എന്ന പേരിൽ ഇന്നും മറ്റു ജനവിഭാഗങ്ങളോട് "അയിത്തം" പ്രഖ്യാപിച്ചു അകന്നു നിൽക്കുന്ന അവരുടെ തലമുറ ഇന്നത്തെ ഊർങ്ങാട്ടിരി, എടവണ്ണ, മമ്പാട്, ചാലിയാർ തുടങ്ങിയ പഞ്ചായത്തുകളിലെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകളിൽ ചിതറികിടക്കുന്നു. തച്ചറക്കാവിൽ ഏറാടിമാരാണ് നിലമ്പൂർ കോവിലകം സ്ഥാപിച്ചത്. കോഴിക്കോട്ടെ തുറമുഖ അധികാരി ഷാ ബന്തർ കോയയുടെ കീഴിൽ തിരുമലശ്ശേരി നമ്പൂതിരിയൂടേയും കല്പകഞ്ചേരി തമ്പ്രാക്കളുടേയും സഹായത്താൽ തിരുനാവായ ആക്രമിച്ചു വള്ളുവകോനത്തിരിയിൽ നിന്നും മാമാങ്കത്തിൽ രക്ഷാ പുരുഷ സ്ഥാനം വഹിക്കാനുള്ള അധികാരം സാമൂതിരിക്കു ലഭിച്ചു.തുടർന്ന് രക്ഷാധികാരം വീണ്ടെടുക്കാൻ വള്ളുവകോനാതിരി മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി ചാവേറുകളെ അയച്ചു തുടങ്ങി.

വള്ളുവകോനാതിരിയിൽ നിന്നും മലപ്പുറവും സമീപ പ്രദേശവും കീഴടക്കിയ വരക്കൽ പാറനമ്പി കോട്ടക്കുന്നിനു മുകളിൽ ഒരു കോട്ട നിർമിച്ചു, ആ കോട്ടയുടെ പടികളാണ് കുന്നിന്റെ താഴെ ഇന്ന് വാണിജ്യ കേന്ദ്രമായ കോട്ടപ്പടിയും നിലമ്പൂർ റോഡിലെ മൂന്നാം പടിയും എന്നറിയ പെടുന്ന സ്ഥലങ്ങൾ. പാറനമ്പി കോട്ടപ്പടി കേന്ദ്രമാക്കി ഏറനാട് ഭരിക്കുകയും കോട്ടക്കുന്നു കോട്ട കേന്ദ്രമാക്കി വള്ളുവനാടിനും മറ്റു നാട്ടുരാജ്യങ്ങൾക്കും എതിരെ സൈനിക നടപടി തുടരുകയും ചെയ്തു . ചെറുപുഴ ചേരുന്ന കടലുണ്ടി പുഴയുടെ ഭാഗം സാമൂതിരി കീഴടക്കിയോതോടെ ആ ഭാഗങ്ങളിൽ നിന്നുള്ള ചരക്കുകൾ തുറമുഖത്തു എത്തിക്കുന്നതിൽ മലപ്പുറത്ത്‌ വെച്ചു നികുതി കൊടുക്കേണ്ട അവസ്ഥ വന്നു.അല്ലെങ്കിൽ മലപ്പുറത്തു വെച്ച് കോഴിക്കോട്ടെ കച്ചവടകാർക്കു വിൽക്കേണ്ടി വന്നു ഇതു ആ മേഖലയിൽ കൂട്ടിലങ്ങാടി എന്ന ചെറു വാണിജ്യ കേന്ദ്രം ഉയർന്നു വരുവാൻ കാരണമായി. കോട്ടക്കൽ ഭരണാധികാരി പുന്ത്രകോനാതിരിയുമായി ഉണ്ടായ ഒരു യുദ്ധത്തിൽ അന്നത്തെ പാറനമ്പി പരാജയപ്പെടുകയും ശത്രു സൈനികരുടെ തടവിലാക്കുകയും ഇതറിഞ്ഞ മലപ്പുറത്തെ മാപ്പിള കച്ചവടകാർ പട പൊരുതി അദ്ദേഹത്തെ മോചിപ്പിക്കുകയുമുണ്ടായി. ഇതിൽ സന്തുഷ്ടനായ പാറനമ്പി കടലുണ്ടി പുഴ യുടെ സമീപം ഇന്ന് പ്രസിദ്ധമായ ജുമാപള്ളി നിർമിക്കുകയും ആ പള്ളിയുടെ പരിസരങ്ങളിൽ മാപ്പിള കച്ചവടക്കാർ വലിയങ്ങാടി എന്നറിയപെടുന്ന വാണിജ്യകേന്ദ്രമാക്കി മാറ്റുകയും ചെയ്തു. ഇതോടെ 1700 കളുടെ തുടക്കത്തിൽ മലപ്പുറം ഒരു സൈനിക കേന്ദ്രം എന്നതിന് അപ്പുറം ഒരു വാണിജ്യ കേന്ദ്രമായി മാറുകയും ചെയ്യുകയായിരുന്നു

സാമൂതിരിയുടെ സൈനിക നടപടികൾ വള്ളുവനാടിനു പുറമെ പാലക്കാട്‌ ഭരണാധികാരി പാലക്കാട്ടെ അച്ഛനും ഭീഷണിയായപ്പോൾ പാലക്കാട്ടെ അച്ഛൻ മൈസൂർ വൊഡയാർ രാജാവിന്റെ ഡിണ്ടികൽ ഗവർണർ ഹൈദരാലിയോട് സഹായം അഭ്യർത്ഥിക്കുകയും ഹൈദരാലിയുടെ സൈന്യം മലബാർ കീഴടക്കുകയും പരാജയം മനസിലാക്കിയ അന്നത്തെ സാമൂതിരി വെടിമരുന്നിനു തീ കൊളുത്തി ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇതോടെ സാമൂതിരി രക്ഷാധികാരം വഹിച്ചിരുന്ന മാമാങ്കം അവസാനിക്കുകയും ചെയ്തു.

ഇതിനിടയിൽ മൈസൂരിന്റെ ഭരണം ഹൈദരാലിയുടെ കയ്യിൽ വരുകയും ഹൈദരാലിയും ശേഷം മകൻ ടിപ്പു സുൽത്താനും മൈസൂർ കീഴിൽ മലബാറിന്റെ ഭരണാധികളായി മാറുകയും ചെയ്തു. ടിപ്പുവിന്റെ കാലത്ത് മലപ്പുറം കോട്ട വികസിപ്പിക്കുകയും മൈസൂരിൽ നിന്നും പീരങ്കികളും വെടിമരുന്നും മറ്റും കൊണ്ടു വന്നു ഒരു ശക്തമായ സൈനിക കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. മലപ്പുറം കോട്ട കേന്ദ്ര മാക്കി പല റോഡുകൾ നിർമിച്ചു. മലപ്പുറം- താമരശേരി റോഡ്, ഇന്നത്തെ ദേശീയ പാതയുടെ ഭാഗമായ മലപ്പുറം - പാലക്കാട്‌, മലപ്പുറം - ഫറോക്ക് റോഡ്, മലപ്പുറം - പരപ്പനങ്ങാടി റോഡ്, മലപ്പുറം - കൊളത്തൂർ- പട്ടാമ്പി റോഡ് തുടങ്ങിയ റോഡുകൾ അക്കാലത്തു നിർമിച്ച റോഡുകളായിരുന്നു. മലബാറിന്റെ ആസ്ഥാനമായി ഫറോക് കേന്ദ്രമാക്കി ഒരു കോട്ട നിർമ്മികുവാൻ ടിപ്പു തീരുമാനിക്കുകയുണ്ടായി, പാലക്കാട്‌ കോട്ട, ഫറോക്ക് കോട്ട, പട്ടാമ്പിക്കു സമീപം രാമഗിരി കോട്ട, പാലൂർ കോട്ട തുടങ്ങിയ കോട്ടകളുമായും, താമരശേരി ചുരം, കാരക്കൂർ (നാടുകാണി ) ചുരം,സിസ്പാറ ചുരം, വാളയാർ ചുരം തുടങ്ങിയ ചുരങ്ങളു മായും ഈ റോഡുകൾ ബന്ധപെട്ടിരുന്നു

മൈസൂർ സുൽത്താൻമാരുടെ കാലത്ത് മലബാറിലെ റിസീവർ ഗവർണർ ആയിരുന്ന മദണ്ണ എന്ന ബ്രാഹ്മിണന്റെയും ടിപ്പുവിന്റെയും കാർഷിക പരിഷ്കാരങ്ങൾ കുടിയാന്മാരായ കർഷകകർക്കു അനുകൂലയും ജന്മികൾക്ക് പ്രതിക്കൂലവുമായും ഭവിച്ചു. കാർഷിക ഉത്പാദത്തിന്റെ തോതനുസരിച് നികുതി പരിഷ്കാരങ്ങൾ നടത്തിയതും തരിശ് ഭൂമിയിൽ ആദ്യമായി കൃഷി ചെയുന്ന കർഷകർക്ക് കൃഷി ഭൂമിയുടെ ഉടമവകാശം നൽകിയതും, ജന്മിമാർക്കു അവരുടെ കൃഷിഉത്പന്നങ്ങൾക്കു നികുതി ചുമത്തിയതും പല ജന്മിമാർക്കു ടിപ്പുവിനോട് എതിർപ്പ് കൂടുവാൻ കാരണമായി. പഴശ്ശി രാജാവ് , മഞ്ചേരി അത്തൻ കുരിക്കൾ തുടങ്ങിയ ജന്മിമാർ ബ്രിട്ടീഷുകാരുമായി ടിപ്പുവിനെതിരെ തിരിഞ്ഞു. സാമൂതിരിയുടെ മഞ്ചേരിയിലെ കരം പിരിവുകാരും വെടിമരുന്ന് സൂക്ഷിപ്പുകാരുമായിരുന്നു മഞ്ചേരി അത്തൻ കുരികൾ. ടിപ്പുവിന്റെ മഞ്ചേരിയിലെ ഭരണപ്രതിനിധിയായിരുന്നു വള്ളുവകോനാതിരിയുടെ ബന്ധത്തിൽ പ്പെട്ട മഞ്ചേരി കോവിലകം. അത്തൻ കുരികൾ ഈ കോവിലകം ഇടിച്ചു തകർക്കുകയും ഇതറിഞ്ഞ ടിപ്പു സൈനിക നടപടിയിലൂടെ അത്തൻ കുരിക്കളെ പിടികൂടി മൈസൂരിൽ തടവിലാക്കുകയും ചെയ്തു.

മൂന്നാം ആഗ്ലോ മൈസൂർ യുദ്ധത്തിൽ പരാജയപെട്ട ടിപ്പു 1792 ലെ ശ്രീരംഗ പട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷ് സഖ്യ തിന് കൈമാറുകയും മലബാറിലെ അത്തൻ കുരികൾ അടക്കം എല്ലാ തടവുകാരെ മോചിപികുകയും ചെയ്തു. മലപ്പുറം കോട്ട അത്തൻ കുരികളുടെ കീഴിൽ വരുകയും ചെയ്തു. മലബാറിനെ ബ്രിട്ടീഷുകാർ ബോംബെ പ്രസിഡന്ഷ്യലുമായി ചേർത്തി നേരിട്ട് ബ്രിട്ടന്റെ കോളനിയാക്കി മാറ്റുകയും ചില ആളുകൾക്ക് മാത്രം നികുതി പിരിക്കാനുള്ള അധികാരം നൽകുകയും ചെയ്തു. ഇതു ടിപ്പുവിനെതിരെ ബ്രിട്ടീഷുകാരെ സഹായിച്ച പഴശ്ശി രാജാവ്, അത്തൻ കുരികൾ തുടങ്ങിയവരുടെ എതിർപ്പിന് കാരണമായി. പഴശ്ശി രാജാവ് ടിപ്പുവുമായി സഖ്യം കൂടുന്നു എന്നറിഞ്ഞ ബ്രിട്ടീഷുകാർ പല പ്രലോഭനങ്ങളും പഴശ്ശികും അത്തൻ കുരികൾക്കും നൽകുകയുണ്ടായി. എന്നാൽ പ്രലോഭങ്ങളെ തള്ളികളഞ്ഞ അവർ ബ്രിട്ടീഷുകാർക്കെതിരെ നിരവധി സമരമുറകൾ നടത്തി. 1799 യിൽ ശ്രീരംഗപട്ടണത്തിൽ വെച്ചു ടിപ്പു കൊല്ലപ്പെട്ടത്തോടെ ബ്രിട്ടീഷുകാർ ഇവർക്കെതിരെ ശക്തമായി തിരിച്ചടിച്ചു.

1806ൽ പട്ടാമ്പികടുത്ത മപ്പാട്ടുകരയിൽ വെച്ച യുദ്ധത്തിൽ മഞ്ചേരി അത്തൻ കുരികൾ കൊല്ലപ്പെടുകയും അങ്ങനെ മലപ്പുറം കോട്ട ബ്രിട്ടീഷുകാരുടെ കീഴിൽ ആവുകയും ചെയ്തു.

മലപ്പുറം കുന്നിൻ മുകളിലെ മനോഹരമായ കാഴ്ചയും ഇളം കാറ്റും എല്ലാം ആ പ്രദേശത്തെ ബ്രിട്ടീഷുകാരുടെ സൈനിക കേന്ദ്രമാകുവാൻ കാരണമായി. ചില ബ്രിട്ടീഷ് രേഖകളിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ സൈനിക കേന്ദ്രങ്ങളിൽ ഒന്നായാണ് മലപ്പുറം കുന്നിനെ പരാമർശിക്കുന്നത്. അക്കാലത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഇന്ത്യയിലെ തെക്കേ ഭാഗത്തെ അവസാനത്തെ സൈനിക കേന്ദ്രമായും മലപ്പുറം അറിയപെട്ടിരുന്നു. മലപ്പുറം കോട്ട പൊളിച്ചു അവിടെ ഒരു വെടി വെപ്പ് പരിശീലന കേന്ദ്രം നിർമ്മിക്കുകയുണ്ടായി. അങ്ങനെ നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ആ കോട്ട ഇല്ലാതെയായി. 1800 കളിൽ തെക്കേ മലബാറിൽ മാപ്പിള കലാപങ്ങൾ എന്നറിയപ്പെട്ട ബ്രിട്ടീഷ് ജന്മി വിരുദ്ധ കലാപങ്ങൾ നിരവധി സൈനിക കേന്ദ്രങ്ങൾ മലപ്പുറത്തും പരിസര പ്രദേശത്തും സ്ഥാപിക്കുവാൻ കാരണമായി. മലപ്പുറം സ്പെഷ്യൽ പോലീസ് എന്ന പേരിൽ ഒരു അർദ്ധ സൈനിക വിഭാഗത്തെ 1885ൽ മലപ്പുറത്തു സ്ഥാപിച്ചു. 1921ൽ മലബാർ സമരകാലത്ത് അതു മലബാർ സ്പെഷ്യൽ പോലീസ് എന്ന പേരിൽ ഉയർത്തി. 1921 മലബാർ സമരകാലത്ത് ലെയിൻസ്റ്റർ റെജിമെന്റ്, ഡോർസെറ്റ് രജിമെന്റ് തുടങ്ങി നിരവധി ബ്രിട്ടീഷ് സൈനിക വിഭാഗങ്ങൾ മലപ്പുറത്ത്‌ തമ്പടിച്ചു. അന്ന് ഇംഗ്ലണ്ടിന്റെ ഭാഗമായിരുന്ന തെക്കൻ അയർലണ്ടിന്റെ സൈനിക വിഭാഗമായ ലെയിൻസ്റ്റർ റെജിമെന്റ് ബ്രിട്ടീഷ് സൈനികരുമായുള്ള അവസാനത്തെ സൈനിക സഖ്യമായിരുന്നു 1921ലെ മലപ്പുറത്തെ സൈനിക കേന്ദ്രം. അതിനു ശേഷം തെക്കൻ അയർലണ്ട് സ്വന്തന്ത്ര റിപ്ലബിക് ആയി മാറി.

ബ്രിട്ടീഷ് ഭരണ കാലത്ത് കോട്ടകുന്നിൽ പട്ടാള കോടതി സ്ഥാപികുകയും നിരവധി സ്വാതന്ത്ര്യ സമര പോരാളികളെ വിചാരണ ചെയ്തു വധ ശിക്ഷ നടപ്പിലാക്കുകയും ചെയ്തിരുന്നു.

മലബാർ സമര നായകൻ വാരിയം കുന്നത്ത് കുഞ്ഞഅഹ്മദ് ഹാജിയെയും അദ്ദേഹത്തിന്റെ രണ്ടു സഹായികളെയും ബ്രിട്ടീഷ് കോടതി വിചാരണ ചെയ്തു വെടിവെച്ചു കൊന്നത് 1922 ജനുവരി 20 ഉച്ചയ്ക്ക് കോട്ടകുന്നിന്റെ വടക്കെ ചെരിവിലായിരുന്നു. അവിടേ വെച്ചു തന്നെ അദ്ദേഹത്തിന്റെ മൃതദേഹവും മലയാളരാജ്യം എന്ന പേരിൽ അദ്ദേഹം സ്ഥാപിച്ച ബ്രിട്ടീഷ് വിമത രാഷ്ട്രത്തിന്റെയും രേഖകൽ അഗ്നികിരയാകുകയുണ്ടായി. അദ്ദേഹത്തിന്റെ ഓർമ്മക്ക് കോട്ടകുന്നിന് താഴെ മലപ്പുറം നഗരസഭ ഒരു ടൗൺ ഹാൾ നിർമിച്ചിട്ടുണ്ട്

1947 ബ്രിട്ടീഷ് ഭരണത്തിന് ശേഷം മലപ്പുറത്തെ കോട്ട കുന്നു അടക്കം പല ബ്രിട്ടീഷ് സൈനിക കേന്ദ്രങ്ങൾ കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിൽ വന്നു. പ്രമുഖ പട്ടാള ആസ്ഥാനം ഇന്നത്തെ കളക്ടറേറ്റാണ്. കേരള പോലീസിന് കീഴിൽ വരുന്ന അർദ്ധ സൈനിക വിഭാഗമായ മലബാർ സ്പെഷ്യൽ പോലീസ് ഒഴികെ മറ്റുള്ള സൈനിക കേന്ദ്രങ്ങൾ നിർത്തലാക്കപെട്ടു. 1956ൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലപ്പുറം ഉൾപ്പെടുന്ന മലബാർ ചേർത്തു കേരള സംസ്ഥാനം രൂപീകരിച്ചപോൾ മലബാർ സ്പെഷ്യൽ പോലീസിന്റെ ഒരു വിഭാഗത്തെ മദ്രാസ് സ്പെഷ്യൽ പോലീസ് എന്ന പേരിൽ തമിഴ് നാടിനു കൈമാറി.

കാൽപന്ത് കളിക്കു പേര് കേട്ട മലപ്പുറത്തു വിശാല മായ മൈതാനങ്ങൾ കുറവായിരുന്നു. കോട്ടകുന്നിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഒരു ഫുട്ബോൾ മൈതാനം നിർമ്മിക്കുവാൻ മലപ്പുറം നഗര സഭ നിരന്തരം ശ്രമിച്ചതിനു ഫലമായി 1996 കോട്ടക്കുന്നു മലപ്പുറം നഗരസഭ ക്കു ലഭിച്ചു. എന്നാൽ പരിസ്ഥിതി ദുർബല പ്രദേശമായ കോട്ടകുന്നിൽ കുന്നിടിച്ചുള്ള നിർമാണം പാരിസ്ഥിക പ്രശ്നം ഉണ്ടാകും എന്ന് പഠനങ്ങൾ തെളിയിച്ചതിനാൽ ഫുട്ബോൾ മൈതാനം മഞ്ചേരിക്കു സമീപം പയ്യനാടിൽ നിർമിക്കുകയും പകരം കോട്ടകുന്നിൽ മനോഹരമായ പാർക്ക്‌ നിർമ്മിക്കുകയും ചെയ്തു. ഇന്ന് അവിടെ ആർട്ട് ഗാലറി, അമ്യൂൺസ് മെന്റ് പാർക്ക്‌, ചിൽഡ്രൻസ് പാർക്ക്‌ തുടങ്ങി നിരവധി വിനോദ കേന്ദ്രങ്ങൾ നിർമിക്കപെട്ടിരിക്കുന്നു

കേരള സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീ പദ്ധതി മെയ്‌ 17, 1998ൽ അന്നത്തെ പ്രധാന മന്ത്രി അടൽ ബീഹാറി വാജ്പേയ് ഉത്ഘാടനം ചെയ്തത് കോട്ടക്കുന്നിൽ വെച്ചാണ്

ഓഗസ്റ്റ് 09, 2019 ലെ മഴയിൽ കോട്ടകുന്നിൽ ഉരുൾ പൊട്ടി ഒരു കുടുംബത്തിലെ കുഞ്ഞു അടക്കം മൂന്നു പേര് മരണപെടുകയുണ്ടായി.

ഗതാഗതസൗകര്യം

തിരുത്തുക

മലപ്പുറം ടൗണിൽ മഞ്ചേരി റോഡിൽനിന്ന് ഇടതുവശത്തേക്കുള്ള ആദ്യ റോഡുതന്നെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കാണ്. ഈ റോഡിലൂടെ പോകുന്ന വാഹനങ്ങൾ കോട്ടക്കുന്നിൻെറ പ്രവേശനകവാടത്തിൽ പാർക്കിങ് ഫീ നൽകി നിർത്തിയിടേണ്ടതാണ്. എന്നാൽ, കുന്നിനു മുകളിലേക്ക് വാഹനം നേരിട്ട് കൊണ്ടുപോകാനുദ്ദേശിക്കുന്നവർക്ക് ആദ്യറോഡിലൂടെ പോകാതെ മഞ്ചേരി റോഡിൽതന്നെ മൂന്നാംപടിക്കു സമീപം ഇടതുവശത്തേക്കുള്ള റോഡിലൂടെ പോയാൽ വാഹനങ്ങൾ നേരിട്ട് കോട്ടക്കുന്നിന് മുകളിലേക്ക് കൊണ്ടുപോകാം. ഇപ്പോൾ ഒരാൾക്ക് പത്ത് എന്ന തോതിൽ പ്രവേശന ഫീസ് വാങ്ങുന്നുണ്ട്.

ചിത്രശാല‍

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോട്ടക്കുന്ന്&oldid=4109542" എന്ന താളിൽനിന്ന് ശേഖരിച്ചത്