പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. കൊല്ലം നഗരത്തിനു് കൊല്ലവർഷത്തേക്കൾ പഴക്കമുള്ളതായി വിശ്വസിക്കുന്നു. ഇതിനു ആരംഭം കുറിച്ചതു് കൊല്ലത്തു നിന്നാണ്.

[ഏറിത്രിയയുടെ പെരിപ്ലസ് എന്ന ഗ്രന്ഥപ്രകാരം ക്രി.വ. ആദ്യനൂറ്റാണ്ടിൽ ഉണ്ടായിരുന്ന ഇന്ത്യയും പൂർവ്വദേശങ്ങളും തമ്മിലുള്ള വാണിജ്യ-വഴികൾ

പ്രാചീന കാലം തിരുത്തുക

കുന്നത്തൂർ താലൂക്കിൽ നിന്ന് കണ്ടെടുത്ത മഹാശിലായുഗകാലത്തെ ശിലാഖണ്ഡങ്ങളും മരുതുർകുളങ്ങര, പള്ളിക്കൽ എന്നിവിടങ്ങളിൽ നിന്ന് കിട്ടിയ ബുദ്ധപ്രതിമകളും ക്രിസ്ത്വബ്ദത്തിനു മുമ്പ് തന്നെ കൊല്ലത്തിനുണ്ടായിരുന്ന സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് സൂചനകൾ നൽകുന്നു.

ക്രിസ്തുവിനു മുൻപ് തന്നെ കൊല്ലം, പട്ടണം (മുസിരിസ്) പോലെ ഭാരതത്തിലെ ഒരു പ്രധാന തുറമുഖ നഗരമായിരുന്നു. കൊല്ലത്തിന് ഫിനീഷ്യന്മാരുടേയും പ്രാചീന റോമിന്റെയും കാലത്തുമുതൽക്കേ വ്യാപാര പാരമ്പര്യമുണ്ടായിരുന്നു. പ്ലിനി (ക്രി. പി. 23 - 78) രേഖപ്പെടുത്തിയത് പ്രകാരം ഗ്രീക്ക് കപ്പലുകൾ വാണിജ്യത്തിനായി മുസിരിസ്സിലും നെൽകിണ്ടയിലും നങ്കൂരമിട്ടിരുന്നു. ഈ തുറമുഖങ്ങളിൽ നിന്നും ഈജിപ്റ്റിലേക്കും റോമിലേക്കും സുഗന്ധവ്യഞ്ജനങ്ങൾ, മുത്തുകൾ, വജ്രങ്ങൾ, പട്ട് എന്നിവ കരമാർഗ്ഗം കയറ്റിയയച്ചിരുന്നു. മുത്തും വജ്രങ്ങളും ചേരസാമ്രാജ്യത്തിലെത്തിയിരുന്നത് സീലണിൽ നിന്നും പാണ്ഡ്യ രാജവംശം എന്നറിയപ്പെട്ടിരുന്ന ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും ആയിരുന്നു.

ക്രിസ്ത്വബ്ദം 8-ആം നൂറ്റാണ്ടോടടുപ്പിച്ച് തെക്കേ ഇന്ത്യയിലെ വ്യാപാരക്കുത്തക അടക്കിവെച്ചിരുന്ന ജൂതസംഘമാണ്‌ അഞ്ചുവണ്ണം. വീരരാഘവപട്ടയത്തിലും ഈ സംഘത്തെക്കുറിച്ച് സൂചനയുണ്ട്. അറുനൂറ്റവർ എന്ന നാട്ടുകൂട്ടത്തിൽ ഇവർ പ്രമാണികളായിരുന്നു. കൊല്ലം നഗരത്തിന്റെ സം‌രക്ഷണച്ചുമതല അഞ്ചുവണ്ണക്കാർക്കുണ്ടായിരുന്നു. കൊല്ലത്തിന്റെ സാമ്പത്തികപുരോഗതിക്ക് വിലപ്പെട്ട സംഭാവനകൾ ഇവർ നൽകിയതായി ചരിത്രരേഖകളിൽനിന്ന് വ്യക്തമാണ്‌. കൊല്ലം ആസ്ഥാനമായി പ്രവർത്തിച്ച മറ്റൊരു ദ്രാവിഡകച്ചവടസംഘമാണ്‌ മണിഗ്രാമം. 8 -ആം നൂറ്റാണ്ടു മുതൽ 15-ആം നൂറ്റാണ്ടുവരെ കേരളത്തിൽ വ്യാപാരരംഗത്ത് ഇവർ ആധിപത്യമുറപ്പിച്ചിരുന്നു.

ചേരചക്രവർത്തിയായിരുന്ന സ്ഥാണുരവി പെരുമാളിന്റെ സാമന്തനായി വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ, പേർഷ്യയിൽ നിന്ന് കുടിയേറിയ പുരോഹിതമുഖ്യനും വർത്തകപ്രമാണിയുമായിരുന്ന മാർ സാപ്രൊ ഈശോയുടെ പേരിൽ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് അനുവദിച്ച് എഴുതികൊടുത്തിട്ടുള്ള അവകാശങ്ങൾ ആണ് തരിശാപള്ളി ശാസനം. കുരക്കേണിക്കൊല്ലത്ത് (ഇന്നത്തെ കൊല്ലം) ആണ് തരിസാപ്പള്ളിയുടെ സ്ഥാനം. എന്നാൽ കൊല്ലത്ത് ഈ സ്ഥലം എവിടെയായിരുന്നു എന്നു കണ്ടെത്താൽ കഴിഞ്ഞിട്ടില്ല.

വേണാട്ടിലെ രാജാവായിരുന്ന ഉദയ മാർ‌ത്താണ്ഡ വർമ്മയാണ് കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കാ അല്ലെങ്കിൽ രാജ്യതലസ്ഥാനം കൊല്ലത്തേക്കു മാറ്റിയപ്പോഴോ ആണു കൊല്ലവർഷം ആരംഭിച്ചതെന്നാണു് ചില പണ്ഡിതന്മാരുടെ അഭിപ്രായം.

കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രത്തിൽ നിന്നും കണ്ടെടുത്ത വട്ടെഴുത്തിലുള്ള ശിലാലിഖിതങ്ങളാണ് രാമേശ്വരം ശിലാലിഖിതങ്ങൾ. കൊല്ലം പട്ടണത്തെക്കുറിച്ചും, കേരളത്തിൽ നമ്പൂതിരിമാർ തങ്ങളുടെ പരമാധികാരം സ്ഥാപിച്ചതിനെക്കുറിച്ചും, കൊല്ലത്തെ രാജാവിനെപ്പറ്റിയുമുള്ള രേഖകൾ ഇവയിലുണ്ട്.

മധ്യകാലം തിരുത്തുക

കൊല്ലം ഒരു തുറമുഖമായി വികസിപ്പിക്കുന്നതിൽ ചേര രാജാക്കന്മാർക്ക് അതിയായ വിഴിഞ്ഞം പാണ്ട്യരുടെ കൈവശമായതാണ് ഇതിനു കാരണം. കൊല്ലത്തെ തുറമുഖ വികസനത്തിന് ക്രിസ്ത്യാനികൾ ചെയ്ത സംഭാവനകൾ മാനിച്ച മാർ സാബോറിന് ചേര രാജാവായിരുന്ന സ്ഥാണു രവിവർമ്മൻ ഇവിടെ ഒരു പള്ളി സ്ഥാപിക്കാൻ അനുവദിച്ചു. ഇത് തരിസാ പള്ളി എന്നറിയപ്പെടുന്നു, അതിനായി സ്ഥലവും മറ്റു സഹായങ്ങളും രേഖയാക്കി അവിടത്തെ നാടുവാഴിയായ അയ്യനടികൾ മുഖാന്തരം കൊടുപ്പിച്ചു. ഈ രേഖകൾ ആണ്‌ തരിസാപള്ളി ശാസനങ്ങൾ എന്നറിയപ്പെടുന്നത്. പള്ളി പണിയുകയും വ്യാപാരത്തിന്റെ മേൽനോട്ടം അവരുടെ കൂടെ വന്നിരുന്ന വണിക്കുകൾ ഏറ്റെക്കുകയും ചെയ്തു. അഞ്ചുവണ്ണം, മണിഗ്രാമം തുടങ്ങിയവ ഇതിനോട് ബന്ധപ്പെട്ട് ഉണ്ടായതാണ്. മാർക്കോ പോളോ ൽ ചൈനീസ് ചക്രവർത്തി കുബ്ലേ ഖാന്റെ ഔദ്യോഗിക യാത്രികനായി ഇന്ത്യയിൽ സഞ്ചരിച്ചു വരവേ ക്രി വ. 1275ൽ കൊല്ലം സന്ദർശിച്ചു.

ആധുനികകാലം തിരുത്തുക

1503 ൽ കൊല്ലവുമായി കച്ചവടം നടത്തുവാനുള്ള കൊല്ലം റാണിയുടെ അഭ്യർത്ഥനയോട് കൂടിയാണ് പോർട്ടുഗീസുകാർ കൊല്ലത്ത് എത്തുന്നത്. 1552 ൽ റൊഡ്രിഗ്സ് എന്ന പോർട്ടുഗീസ് ഉദ്യോഗസ്ഥൻ ഇവിടെ എത്തുകയും തങ്കശ്ശേരിയിലെ പണ്ടകശ്ശാല പുതുക്കി പണിയുവാനുള്ള അനുവാദം നേടിയെടുക്കുകയും ചെയ്തു. പക്ഷേ ഇതിന്റെ മറവിൽ അവർ ഒരു കോട്ടതന്നെ നിർമ്മിക്കുകയാണ് ചെയ്തത്. 1659 ഡിസംബർ 29 ന് ഡച്ചുകാർ കൊല്ലത്ത് എത്തുകയും തങ്കശ്ശേരി കോട്ട പിടിച്ചടക്കുകയും തകർത്ത് തരിപ്പണമാക്കുകയും ചെയ്തു. 1661-ൽ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി ഡച്ചുകാർ ഇവിടെ മേധാവിത്വം സ്ഥാപിച്ചു. ഒരു തിരുവിതാംകൂർ ബ്രിട്ടീഷ് ഉടമ്പടിക്ക് കാവലായി ഒരു പറ്റം ഇംഗ്ലീഷ് കാവൽ സൈന്യം കൊല്ലത്ത് തമ്പടിച്ചതിന് രേഖകളൂണ്ട്.

1809-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തിരിവിതാംകൂറും തമ്മിൽ കൊല്ലത്തു വച്ചു യുദ്ധം നടന്നു.

പിൽക്കാലത്തു് പ്രാമുഖ്യം നേടിയ വേണാട്ടു രാജവംശത്തിന്റെ ആദ്യ കാല പിരിവുകളിലെ പ്രധാനപ്പെട്ട ഒരു മൂലശാഖയായിരുന്നു ദേശിങ്ങനാട്ടു സ്വരൂപം. കൊല്ലവും സമീപ പ്രദേശങ്ങളും ഉൾപ്പെട്ടിരുന്ന ഇത് 1746-ൽ വിശാല തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായി.

തങ്കശ്ശേരി പ്രവിശ്യ തിരുത്തുക

പതിനാറാം നൂറ്റാണ്ടിൽ സെന്റ് തോമസ് കോട്ട പണിത് പോർച്ചുഗീസുകാർ തങ്കശ്ശേരി നിയന്ത്രിച്ചിരുന്നു. തുടർന്നു 1661ൽ ഡച്ചുകാർ നിയന്ത്രണം കയ്യടക്കി. ഡച്ചുകാരെ 1795ൽ തോല്പിച്ച് ബ്രിട്ടീഷുകാർ തങ്കശ്ശേരിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇക്കാലയളവിൽ തങ്കശ്ശേരിക്കു പുറത്തുള്ള പ്രദേശം തിരുവിതാംകൂറിന്റെയും, തങ്കശ്ശേരി ബ്രിട്ടീഷുകാരുടേയും അധീനതയിലായിരുന്നു. തിരുവിതാംകൂറിന്റെ നിരന്തര സമ്മർദ്ദമുണ്ടായെങ്കിലും മദ്രാസ് പ്രസിഡൻസിയിലെ തിരുനൽവേലി ജില്ലയിലായിരുന്നു തങ്കശ്ശേരി പെടുത്തിയിരുന്നത്. 1934ൽ തങ്കശ്ശേരിയുടെ ഭാവി തീരുമാനിക്കാനായി ഒരു ചർച്ച നടന്നു. തങ്കശ്ശേരിയിലെ 99 ഏക്കർ വരുന്ന സ്ഥലത്തു താമസിക്കുന്ന രണ്ടായിരത്തോളം ആളുകളിൽ ഏതാണ്ട് എല്ലാവരും റോമൻ കത്തോലിക്കരാണു്. കഴിഞ്ഞ 400 വർഷത്തിലധികമായി അവർ യൂറോപ്യൻ ഭരണത്തിലായിരുന്നു അതിൽ കഴിഞ്ഞ 140 വർഷം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലും. അതിനാൽ നിവാസികൾ തിരുവതാംകൂറിനോടു തങ്കശ്ശേരി ചേർക്കുന്നതിനെ എതിർത്തു. തുടർന്നു തങ്കശ്ശേരിയെ ഒരു ബ്രിട്ടീഷ് പ്രവിശയായി തന്നെ നിലനിർത്തിയാണു ഒരു പ്രത്യേക ആക്ടിലൂടെ കൈമാറിയത്. നിവാസികൾക്കു പ്രത്യേകം നിയമങ്ങളായിരുന്നു പാലിക്കേണ്ടതും.[1]

കൊല്ലം സന്ദർശിച്ച സഞ്ചാരികൾ തിരുത്തുക

കാലഘട്ടം സഞ്ചാരി സ്വദേശം കൊല്ലത്തെ രേഖപ്പെടുത്തിയിരിക്കുന്നത്
പൊതുവർഷം 23-79 പ്ലിനി റോമാസാമ്രാജ്യം --
പൊതുവർഷം 522 കോസ്മാസ് അലക്സാണ്ഡിയ, Greece Male[2]
പൊതുവർഷം 825 മാർ സാബോ സിറിയ Coulão
പൊതുവർഷം 845-855 സുലൈമാൻ Siraf, ഇറാൻ Male
പൊതുവർഷം 1166 ബഞ്ചമിൻ Tudela, Kingdom of Navarre(Now in Spain) Chulam
പൊതുവർഷം 1292 മാർക്കോ പോളോ വെനീസ് Kiulan
പൊതുവർഷം 1273 അബുൾ ഫിദ Hamāh, സിറിയ Coilon / Coilun
പൊതുവർഷം 1311-1321 ജോർദ്ദാനസ് Sévérac-le-Château, France Columbum
പൊതുവർഷം 1321 Odoric of Pordenone Holy Roman Empire Polumbum
പൊതുവർഷം 1346-1349 ഇബ്ൻ ബത്തൂത്ത മൊറോക്കോ --[3]
പൊതുവർഷം 1405–1407
പൊതുവർഷം 1409–1411
സെങ്ങ് ഹേ ചൈന --[4][5]
പൊതുവർഷം 1502 അൽബു പോർച്ചുഗൽ --[6]
പൊതുവർഷം 1502-1503 വാസ്കോ ഡ ഗാമ പോർച്ചുഗൽ --[7]
പൊതുവർഷം 1503 Giovanni da Empoli പോർച്ചുഗൽ --
പൊതുവർഷം 1510-1517 ബർബോസ പോർച്ചുഗൽ Coulam[8]
പൊതുവർഷം 1578 Henrique Henriques പോർച്ചുഗൽ --[9]

അവലംബം തിരുത്തുക

  1. http://www.thehindu.com/todays-paper/tp-national/tp-kerala/Tangasseri-arch-in-a-sorry-state/article16143056.ece
  2. Maritime India: Trade, Religion and Polity in the Indian Ocean. Pius Malekandathil. 2010. ISBN 9380607016.
  3. "Ibn Battuta's Trip: Chapter 10". Archived from the original on 2015-10-12. Retrieved 30 October 2015.
  4. Chan 1998, 233–236.
  5. Zheng He's Voyages Down the Western Seas. China Intercontinental Press. 2005. pp. 22, 24, 33.
  6. Chisholm 1911.
  7. "Vasco da Gama (c.1469-1524)". Retrieved 4 November 2016.
  8. "Page No.710, International Dictionary of Historic Places: Asia and Oceania". Retrieved 25 October 2015.
  9. "Tamil saw its first book in 1578 - The Hindu". Retrieved 4 November 2016.
"https://ml.wikipedia.org/w/index.php?title=കൊല്ലത്തിന്റെ_ചരിത്രം&oldid=3903195" എന്ന താളിൽനിന്ന് ശേഖരിച്ചത്