കെ.പി.പി. നമ്പ്യാർ

(കെ. പി. പി. നമ്പ്യാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെൽട്രോണിന്റെ ആദ്യത്തെ ചെയർമാൻ, ടെക്നോപാർക്കിന്റെ പ്രഥമ പദ്ധതി നിർവഹണ സമിതി ചെയർമാൻ, കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് വകുപ്പിന്റെ സെക്രട്ടറി എന്ന നിലകളിൽ ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ [1]ഇലക്ട്രോണിക്സ് വിദഗ്ദ്ധനായിരുന്നു കെ.പി.പി. നമ്പ്യാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കുന്നത്ത് പുതിയവീട്ടിൽ പത്മനാഭൻ നമ്പ്യാർ. [2]

ജീവിതരേഖ

തിരുത്തുക

1929 ഏപ്രിൽ 15-ന് കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയിൽ ജനിച്ചു. അച്ഛൻ പി.പി. ചിണ്ടൻ നമ്പ്യാർ, അമ്മ കുന്നത്ത് പുതിയവീട്ടിൽ മാധവിയമ്മ. തളിപ്പറമ്പ് ഹൈസ്കൂൾ പഠനത്തിനുശേഷം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. ലണ്ടനിലെ ഇംപീരിയൽ കോളജ് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നുമാണ് എം.എസ്.സി ബിരുദം കരസ്ഥമാക്കിയത്. ഇദ്ദേഹത്തിന് ട്രാൻസിസ്റ്റർ, സെമികണ്ടക്ടർ എന്നിവയിലായിരുന്നു ഗവേഷണ താത്പര്യം. 2015 ജൂൺ 30-ന് ബെംഗളൂരുവിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു.

പ്രവർത്തന മേഖലകൾ

തിരുത്തുക

ഭാരത് ഇലക്ട്രോണിക്സിൽ ക്രിസ്റ്റൽ ഡിവിഷന്റെ മേധാവിയായി 1958-ൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം ഒരു വർഷത്തിനുശേഷം ബ്രിട്ടനിലെ ട്രാൻസിസ്റ്റർ ഇക്ട്രോണിക്സ് കമ്പനിയുടെ ആപ്ലിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിന്റെ മേധാവിയായി. 1963-ൽ ഡൽഹി ഐ.ഐ.ടി.യിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഫിലിപ്സ് ഇന്ത്യയിൽ പ്രൊഫഷണൽ ഇലക്ട്രോണിക്സ് കംപോണന്റ്സ് മാനേജർ (1964-67), ടാറ്റ ഇലക്ട്രോണിക്സിൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് മാനേജർ (1967-73), മുംബൈ നാഷണൽ റേഡിയോ ആൻഡ് ഇലക്ട്രോണിക്സ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (BNREC) ജനറൽ മാനേജർ (1967-73) എന്നീ പദവികൾ വഹിച്ചു.BNREC -ൽ വച്ച് ഇന്ത്യയിലാദ്യമായി എസി/ഡിസി മോട്ടോറുകൾ, സ്റ്റാറ്റിക് ഇൻവെർട്ടറുകൾ സ്റ്റാറ്റിക് കൺവെർട്ടറുകൾ, കാൽക്കുലേറ്ററുകൾ, ഇലക്ട്രോണിക് ക്ളോക്ക് എന്നിവയുടെ ആധുനിക രൂപങ്ങൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ടു.

1973-ൽ കെൽട്രോണിന്റെ ആദ്യത്തെ ചെയർമാനും മാനേജിങ് ഡയറക്ടറും ആയി നിയമിതനായ ഇദ്ദേഹം 1983 വരെ ഈ സ്ഥാനത്തു തുടർന്നു. 1983 മുതൽ 85 വരെ എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട കെൽട്രോണിന്റെ ജോലികളിൽ ഗ്രാമീണ വനിതാ സംഘങ്ങളെയും, സൊസൈറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ട് പുതിയ പദ്ധതികൾ ഇദ്ദേഹം നടപ്പിലാക്കി. ഇന്ത്യയിലെതന്നെ ആദ്യത്തെ ഒരു സംരംഭമായിരുന്നു ഇത്.

ഇലക്ട്രോണിക്സ് രംഗത്തുള്ള ഗവേഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ 1974-ൽ തിരുവനന്തപുരത്ത് ഇലക്ട്രോണിക്സ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ(ER&DC) നമ്പ്യാരുടെ നേതൃത്വത്തിൽ സ്ഥാപിതമായി. 1985 ഫെബ്രുവരി മുതൽ 87 ജനുവരി വരെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രി (ഐ.ടി.ഐ.) ലിമിറ്റിഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ ഐ.ടി.ഐ.യുടെ യൂണിറ്റുകൾ നവീകരിക്കാൻ മുൻകൈയെടുത്തു. ഐ.ടി.ഐ.യുടെ പാലക്കാട് യൂണിറ്റ് 25 ദശലക്ഷം രൂപയുടെ വിറ്റുവരവിൽ നിന്ന് 1,500 ദശലക്ഷമായി ഉയർന്നു.

1987 മുതൽ 88 വരെ കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്സ് വകുപ്പിന്റെ (പിന്നീട് വിവരസാങ്കേതിക മന്ത്രാലയമായി ഇതു മാറി) സെക്രട്ടറി സ്ഥാനത്തിരുന്ന് ഇലക്ട്രോണിക്സ് മേഖലയിലെ ഗവേഷണ/ഉത്പാദന രംഗത്ത് നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി. 1989-ൽ കേന്ദ്ര സർവീസിൽ നിന്നും വിരമിച്ച ഇദ്ദേഹം സർക്കാരിന്റെ പ്രത്യേക ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചു. 1995-ൽ കണ്ണൂർ പവർ പ്രോജക്ട് ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കിയത് കെ.പി.പി. നമ്പ്യാരുടെ നേതൃത്വത്തിലാണ്. ഇദ്ദേഹത്തിന്റെ ജന്മദേശമായ കല്ല്യാശ്ശേരി പഞ്ചായത്തിൽ ഈ പദ്ധതി സ്ഥാപിതമായി.

ബഹുമതികൾ

തിരുത്തുക

ദേശീയവും അന്തർദേശീയവുമായ നിരവധി ബഹുമതികളും പുരസ്കാരങ്ങളും നമ്പ്യാർക്ക് ലഭിച്ചിട്ടുണ്ട്.

  • ഭാരത സർക്കാർ വക ഇൻവെൻഷൻ പ്രൊമോഷൻ ബോർഡിന്റെ റിപ്പബ്ലിക് ഡേ അവാർഡ് (1973)
  • കേരള സർക്കാരിന്റെ സയൻസ് ആൻഡ് ടെക്നോളജി അവാർഡ് (1973)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയേഴ്സിന്റെ നാഷണൽ ഡിസൈൻ അവാർഡ് (1985)
  • വാസ്വിക് അവാർഡ് (1986)
  • ഇലക്ട്രോണിക്സ് കംപൊണന്റ്സ് അസോസിയേഷന്റെ ഇലക്ട്രോണിക്സ് മാൻ ഒഫ് ദി ഇയർ (1994-95)
  • ഇലക്ട്രോണിക്‌സ് മേഖലയിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2006-ൽ പത്മഭൂഷൻ

കുടുംബം

തിരുത്തുക

1953 ൽ ലണ്ടനിൽ വെച്ച് മർജോറി ആഗ്നസിനെ വിവാഹം കഴിച്ചു. [3] 1980-ൽ ഉമാ ദേവി നമ്പ്യാരുമായി രണ്ടാം വിവാഹം. സരോജിനി എൽ. നമ്പ്യാർ, പദ്മൻ ജി നമ്പ്യാർ, കിരൺ പി നമ്പ്യാർ എന്നിവർ മക്കളാണ്.

  1. "കെ.പി.പി.നമ്പ്യാർക്കും രാഘവൻ മാസ്റ്റർക്കും കെ.മാധവനും ഡോക്ടറേറ്റ്, മാതൃഭൂമി 24 ജൂൺ 2011". Archived from the original on 2011-08-22. Retrieved 2012-09-07.
  2. http://www.madhyamam.com/news/360347/150701[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-03. Retrieved 2015-07-04.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നമ്പ്യാ%E0%B4%B0%E0%B5%8D%E2%80%8D_,_കെ.പി.പി._(1929_-_) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കെ.പി.പി._നമ്പ്യാർ&oldid=3803336" എന്ന താളിൽനിന്ന് ശേഖരിച്ചത്