തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ആത്മീയ ഗാനങ്ങൾക്കു സംഗീതം നൽകിയ സംഗീതപ്രതിഭയായിരുന്നു ആന്റണിമാസ്റ്റർ എന്നറിയപ്പെടുന്ന[1][2] കാനംകുടം കുഞ്ഞുവറീത് ആന്റണി (27 ഏപ്രിൽ 1924 – 16 മാർച്ച് 1987)[2]. ആബേലച്ചനോടൊത്തു കൊച്ചിൻ കലാഭവനിൽ മ്യൂസിക് ഡയറക്ടറായി പ്രവർത്തിച്ചു. ആബേലച്ചൻ രചിച്ച് യേശുദാസും വസന്തയും ആലപിച്ച പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേയെന്റെ ഹൃദയത്തിൽ, ഈശ്വരനെത്തേടി ഞാനലഞ്ഞു, എഴുന്നള്ളുന്നു, രാജാവെഴുന്നുള്ളുന്നൂ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾക്ക് സംഗീതം നൽകിയത് ഇദ്ദേഹമാണ്.

കെ.കെ. ആന്റണി
കെ.കെ. ആന്റണി
കെ.കെ. ആന്റണി
പശ്ചാത്തല വിവരങ്ങൾ
ജനനം (1924-04-27) ഏപ്രിൽ 27, 1924  (100 വയസ്സ്)
വെളയനാട്, തൃശ്ശൂർ ജില്ല, കേരളം, ഇന്ത്യ
മരണംമാർച്ച് 16, 1987(1987-03-16) (പ്രായം 62)
വിഭാഗങ്ങൾഇന്ത്യൻ സംഗീതം, ക്രിസ്തീയ ഭക്തിഗാനങ്ങൾ
തൊഴിൽ(കൾ)സംഗീതസംവിധായകൻ, സംഗീത അദ്ധ്യാപകൻ, സംഗീതരചയിതാവ്

1924 ഏപ്രിൽ 27-ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയ്ക്കടുത്ത് വെളയനാട് എന്ന സ്ഥലത്ത് കാനംകുടം വീട്ടിൽ കുഞ്ഞുവറീതിന്റെയും മറിയത്തിന്റെയും മകനായാണ് ആന്റണി മാസ്റ്റർ ജനിച്ചത്. ചെറുപ്പത്തിലേ കൽദായ രീതിയിലുള്ള സിറിയൻ കുർബാന ഗാനങ്ങൾ കേട്ടു വളർന്ന ആന്റണി തന്റെ ജ്യേഷ്ഠൻ കുഞ്ഞുവർക്കിയിൽനിന്ന് കർണാടകസംഗീതം അഭ്യസിക്കുകയും ചെയ്തിരുന്നു. പത്തൊൻപതാം വയസിൽ ശ്രീലങ്കയിലേയ്ക്ക് കുടിയേറിയ അദ്ദേഹം ഏ. ആർ. കൃഷ്ണൻ ഭാഗവതരുടെയും മറ്റു പ്രശസ്ത സംഗീതജ്ഞരുടെയും കീഴിൽ സംഗീതം തുടർന്നഭ്യസിച്ചു. കുറച്ചുകാലം ഒരു തമിഴ് നാടക ട്രൂപ്പിന്റെ കൂടെ കൂടിയെങ്കിലും പിന്നീട് അദ്ദേഹം സൈവ മങ്കയാർ തിലകം സംഗീത അക്കാദമിയിൽ സംഗീത അദ്ധ്യാപകനായി ജോലിയേറ്റെടുത്തു. 1945 മുതൽ ഇരുപതു വർഷക്കാലത്തോളം ശ്രീലങ്കൻ റേഡിയോയിൽ കർണാടക സംഗീത പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അക്കാലത്ത് ചില സിനിമകൾക്ക് പശ്ചാത്തലസംഗീതവും ചിട്ടപ്പെടുത്തിയിരുന്നു. 1965 മുതൽ 1969 വരെ അദ്ദേഹം മലേഷ്യയിൽ സംഗീത അദ്ധ്യാപകനും ടെലിവിഷൻ പ്രോഗ്രാം ഓർഗനൈസറുമായി ജോലി നോക്കി.

1969ൽ കേരളത്തിലേയ്ക്ക് തിരിച്ചുവന്ന ആന്റണിമാസ്റ്റർ ഫാ. ആബേൽ പെരിയപ്പുറത്തോടും അന്നത്തെ യുവഗായകനായ യേശുദാസിനോടുമൊപ്പം ക്രിസ്ത്യൻ ആർട്ട്സ് ക്ലബ് എന്ന സ്ഥാപനം തുടങ്ങി. താമസിയാതെ കലാഭവൻ എന്ന പേരിൽ ഒരു ക്ലബായി തുടങ്ങി. 1987ൽ അദ്ദേഹത്തിന്റെ മരണം വരെ ആന്റണി മാസ്റ്റർ കലാഭവനിലെ അദ്ധ്യാപകനും മ്യൂസിക്ക് ഡയറക്ടറുമായിരുന്നു.[2]

ആദ്യകാലത്ത് പ്രധാനമായും ക്രിസ്തീയഭക്തിഗാനങ്ങൾ സൃഷ്ടിയ്ക്കുന്നതായിരുന്നു കലാഭവന്റെ പ്രവർത്തനം. കലാഭവനുവേണ്ടി ആന്റണിമാസ്റ്ററും ആബേലച്ചനും യേശുദാസും ചേർന്ന് നിരവധി പ്രസിദ്ധ ക്രിസ്തീയഭക്തിഗാനങ്ങൾ സൃഷ്ടിച്ചു. 'പരിശുദ്ധാത്മാവേ നീയെഴുന്നള്ളി', 'മഹേശ്വരാ നിൻ സുദിനം', 'എഴുന്നള്ളുന്നു രാജാവ്', 'ഈശ്വരനെത്തേടി ഞാൻ നടന്നു', 'ഇരുളുമൂടിയൊരിടവഴികളിൽ' തുടങ്ങിയവ അവയിൽ ചിലതാണ്. ഈ ഗാനങ്ങൾ ഇന്നും വളരെ പ്രസിദ്ധമാണ്. ഏതാനും ചലച്ചിത്രങ്ങൾക്കുവേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചു. പ്രശസ്ത ഗായകരായ സുജാത, ജെൻസി തുടങ്ങിയവർ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ പെടുന്നു.

അവാർഡുകളും ബഹുമതികളും

തിരുത്തുക

1983 ഫെബ്രുവരി 11ന് ഇദ്ദേഹത്തെ 1982ലെ ഫാദർ ചാവറ അവാർഡ് നൽകി ബഹുമാനിക്കുകയുണ്ടായി[3]. ഇദ്ദേഹത്തിന്റെ 25ആം ചരമവാർഷികദിനാചരണം 2012 ജൂലൈ 21ന് വെളയനാട് സെന്റ് മേരീസ് പള്ളിയിൽ വച്ച് നടത്തി[4]. ഇദ്ദേഹത്തിന്റെ കലാശേഷിയും സംഭാവനകളും ജീവിതകാലത്ത് അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങൾക്ക് അതീതമാണ് എന്ന് അഭിപ്രായമുണ്ട്[5]

1987 മാർച്ച് 16ന് തന്റെ 63ആം വയസ്സിൽ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് ആന്റണി മാസ്റ്റർ അന്തരിച്ചത്. മൃതദേഹം ജന്മനാട്ടിലെ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. റോസിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

  1. http://wikimapia.org/1161646/K-K-Antony-Master-Kalabhavan-House
  2. 2.0 2.1 2.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-25. Retrieved 2012-12-30.
  3. http://www.thecmsindia.org/StaticFiles/Media/images/kkAntony-chavaraAward.jpg
  4. http://www.thecmsindia.org/StaticFiles/docs/pdf/K.K.AntonyMaster-25thDeathAnniv-Flyer.pdf
  5. http://www.thecmsindia.org/StaticFiles/Media/images/jency-tribute.jpg
"https://ml.wikipedia.org/w/index.php?title=കെ.കെ._ആന്റണി&oldid=3833145" എന്ന താളിൽനിന്ന് ശേഖരിച്ചത്