കൂപ്പർറ്റീനോയിലെ ജോസഫ്
പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന ഒരു വിശുദ്ധാത്മാവും സന്യാസവൈദികനും ആയിരുന്നു കൂപ്പർറ്റീനോയിലെ ജോസഫ് (ജീവിതകാലം: ജൂൺ 17, 1603 – സെപ്തംബർ 18, 1663). തീരെ മന്ദബുദ്ധിയായിരുന്നെങ്കിലും തീവ്രമായ ആത്മീയദർശനങ്ങൾ ലഭിച്ചിരുന്നതിനാൽ അദ്ദേഹം സ്വയമറിയാതെ വായുവിൽ ഉയർന്നുപോവുകയും ഏറെനേരം അത്ഭുതപാരവശ്യത്തിൽ കഴിയുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.[1] ഇതിന്റെ പേരിൽ മതദ്രോഹവിചാരണയ്ക്കും വിലക്കുകൾക്കും നാടുകടത്തലിനും വിധേയനാകേണ്ടി വന്നപ്പോൾ അനുസരണയോടെ വഴങ്ങിയ[2] അദ്ദേഹത്തെ, മരണശേഷം 1767-ൽ, കത്തോലിക്കാ സഭ വിശുദ്ധനായി അംഗീകരിച്ചു. വൈമാനികരുടേയും, വിമാനയാത്രക്കാരുടേയും, ശൂന്യാകാശയാത്രികരുടേയും, മന്ദബുദ്ധികളുടേയും, പരീക്ഷകൾ എഴുതുന്നവരുടേയും, പഠനത്തിൽ പിന്നോക്കമായ വിദ്യാർത്ഥികളുടേയും സ്വർഗ്ഗീയ മദ്ധ്യസ്ഥനായി കൂപ്പർറ്റീനോയിലെ ജോസഫ് പുണ്യവാളൻ കരുതപ്പെടുന്നു.
ആദ്യകാലജീവിതം
തിരുത്തുകഇറ്റലിയിൽ അപൂലിയായിലെ കുപ്പർറ്റീനോയിലാണ് ജോസഫ് ജനിച്ചത്. ഗിയൂസെപ്പെ മരിയ ദേസ എന്നായിരുന്നു ആദ്യനാമം.[1]
"ഇറ്റലിയുടെ പാദരക്ഷ" എന്നറിയപ്പെടുന്ന തെക്കൻ പ്രദേശത്തെ പഴയ നേപ്പിൾസ് രാജ്യത്തിലായിരുന്നു കുപ്പർറ്റീനോ. കോട്ടകെട്ടി ഭദ്രമാക്കിയ നഗരമായിരുന്നു അത്. ജോസെഫിന്റെ പിതാവ് ഫെലിസ് ദേസ അവിടെ ഒരു ആശാരിയായിരുന്നു.[1] പരോപകാരിയായി അറിയപ്പെട്ടിരുന്ന അദ്ദേഹം പാവപ്പെട്ട അയൽക്കാരുടെ കടങ്ങൾക്ക് ജാമ്യം നിന്നിരുന്നതിനാൽ ഒടുവിൽ സ്വയം കടക്കാരനായി. ജോസഫിന്റെ ജനനത്തിനു മുൻപ് മരിച്ച പിതാവ്, അദ്ദേഹത്തിന്റെ അമ്മ ഫ്രാൻസിസ്കാ പനാരയെ ഗർഭിണിയും നിരാലംബയുമായി വിട്ടുപോയി. ഭർത്താവ് വീട്ടാതിരുന്ന കടങ്ങളുടെ പേരിൽ ഉത്തമർണ്ണന്മാർ വീടു കൈയ്യടക്കിയതിനെ തുടർന്ന് വഴിയാധാരമായ അവർ മകനെ പ്രസവിച്ചത് ഒരു കാലിത്തൊഴുത്തിലാണ്.[3]
ശിശുപ്രായത്തിൽ ജോസഫ് തീരെ ബുദ്ധികുറഞ്ഞവനായിരുന്നു. അക്കാലത്ത് അദ്ദേഹത്തിന് ദേഹത്തിൽ വേദനിപ്പിക്കുന്ന മുഴകൾ വരുക പതിവായിരുന്നു. "കൃപയുടെ മാതാവിന്റെ" രൂപത്തിനു മുൻപിൽ കത്തിയിരുന്ന വിളക്കിലെ എണ്ണ ശരീരത്തിൽ പുരട്ടിയപ്പോൽ ആ അസുഖം അദ്ദേഹത്തെ വിട്ടുമാറിയതായി പറയപ്പെടുന്നു.[1] ശൂന്യതയിലേക്ക് തുടർച്ചയായി തുറിച്ചുനോക്കിയിരിക്കുന്ന ശീലം മൂലം ചെറുപ്പത്തിൽ അദ്ദേഹത്തെ ഇറ്റാലിയൻ ഭാഷയിൽ 'വാപൊളിയൻ' എന്നർത്ഥമുള്ള "Bocca Aperta" എന്നു കളിയാക്കി വിളിക്കുക പതിവായിരുന്നു. അമ്മയും അമ്മാവന്മാരും ഉൾപ്പെടെയുള്ള ബന്ധുജനങ്ങൾ അദ്ദേഹത്തെ ഒന്നിനും കൊള്ളില്ലാത്തവനായി തള്ളി.[3] അക്കാലത്ത് അദ്ദേഹം ക്ഷിപ്രകോപിയായിരുന്നു എന്നും പറയപ്പെടുന്നു.
സന്യാസവൈദികൻ
തിരുത്തുക17-ആമത്തെ വയസ്സിൽ ജോസഫ്, ഫ്രാൻസിസ്കൻ ചെറിയ സഹോദരന്മാരുടെ സമൂഹത്തിൽ ചേരാൻ ശ്രമിച്ചെങ്കിലും വിദ്യാഭ്യാസയോഗ്യതയുടെ കുറവുമൂലം പ്രവേശനം ലഭിച്ചില്ല. ഏറെ വൈകാതെ കപ്പൂച്ചിൻ സന്യാസസഭയിൽ ചേർന്നെങ്കിലും വെളിപാടുകൾ മൂലം ഉണ്ടായിരുന്ന വിഭ്രാന്താവസ്ഥ മൂലം സ്ഥിരതയില്ലാത്തവനായി കണക്കാക്കി അദ്ദേഹത്തെ പുറത്താക്കി. ഒടുവിൽ ഇരുപതു വയസ്സുകഴിഞ്ഞപ്പോൾ, കൂപ്പർറ്റീനോയ്ക്കടുത്തുള്ള ഗ്രോട്ടെല്ലായിലെ ഫ്രാൻസിസ്കൻ ആശ്രമത്തിൽ വേലക്കാരൻ എന്ന നിലയിലാണെങ്കിലും പ്രവേശനം കിട്ടി.[4] എഴുത്തും വായനയും മറ്റും കഷ്ടിച്ചു മാത്രം വശമുണ്ടായിരുന്നെ ജോസഫ് അവിടെ വിശുദ്ധിയിലും ജ്ഞാനത്തിലും വളർന്ന് ദാരിദ്ര്യനിഷ്ഠയിൽ പ്രാർത്ഥനാനിരതനായി ജീവിച്ചു. ആശ്രമത്തിൽ, ഉദ്യാനപാലനം, വളർത്തുമൃഗങ്ങളെ നോക്കൽ, തൊഴുത്തു വൃത്തിയാക്കൽ, അടുക്കളപ്പണി തുടങ്ങിയ വിനീതകർമ്മങ്ങളിലും അദ്ദേഹം പങ്കെടുത്തു. പലപ്പോഴും നിർവൃതിയിൽ താനറിയാതെ ആശ്രമത്തിൽ ചുറ്റിനടന്ന് അദ്ദേഹം വല്ലയിടത്തുമൊക്കെ എത്തി.
പാണ്ഡിത്യത്തിനു ചേരുന്ന പ്രകൃതമായിരുന്നില്ലെങ്കിലും[൧], പലപ്പോഴും വിഷമസമസ്യകൾക്ക് സമാധാനം പറയാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അൽമായസഹോദരനായാണ് ആശ്രമത്തിൽ സ്വീകരിക്കപ്പെട്ടതെങ്കിലും ജോസഫിന്റെ ഭക്തിയും വിനയവും ആത്മാർത്ഥതയും ബോദ്ധ്യപ്പെട്ട അധികാരികൾ അദ്ദേഹത്തെ പൗരോഹിത്യത്തിലേക്കു പ്രവേശിപ്പിക്കാൻ തീരുമാനിച്ചു.[5] പഠനത്തിൽ തീരെ കഴിവില്ലാതിരുന്ന അദ്ദേഹം, പാഠത്തിന്റെ ഏതെങ്കിലും ഒരു ചെറിയഭാഗം മാത്രം മനഃപാഠമാക്കിയ ശേഷം, പരീക്ഷയ്ക്ക് ചോദിക്കുന്നതും അതുതന്നെ ആയിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുക പതിവായിരുന്നെന്ന് ഒരു കഥയുണ്ട്. ശെമ്മാശപട്ടത്തിന് പരീക്ഷിക്കപ്പെട്ട ജോസഫിനോട് മെത്രാൻ "നിന്നെ വഹിച്ച ഉദരം ഭാഗ്യമുള്ളതാണ്" എന്ന ബൈബിൾ വാക്യം വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് അദ്ദേഹം ശരിയായി വിശദീകരിച്ചു. അങ്ങനെ ജോസഫ് ശെമ്മാശനായി. പുരോഹിതപട്ടത്തിന്റെ സമയം വന്നപ്പോൾ, ആദ്യം പരിശോധിക്കപ്പെട്ട വൈദികാർത്ഥികളെല്ലാം പരിശോധനയിൽ മികവു കാട്ടിയതിനാൽ, തുടർന്നു വന്ന ജോസഫിനും മറ്റും പരിശോധന കൂടാതെ തന്നെ പട്ടം നൽകി എന്നാണ് കഥ. അങ്ങനെ 1628-ൽ അദ്ദേഹം പുരോഹിതനായി.
പ്ലവനാനുഭവങ്ങൾ
തിരുത്തുക1630 ഒക്ടോബർ 4-ന് കൂപ്പർറ്റീനോ നഗരത്തിൽ അസ്സീസിയിൽ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാളിനോടനുബന്ധിച്ചു നടന്ന ഒരു പ്രദക്ഷിണത്തിനിടെ, അതിൽ സഹായിച്ചുകൊണ്ടിരുന്ന ജോസഫ് താനറിയാതെ പെട്ടെന്ന് അന്തരീക്ഷത്തിലേക്കുയർന്നെന്നും ജനക്കൂട്ടത്തിനു മുകളിൽ അവിടെ നിലകൊണ്ടെന്നും പറയപ്പെടുന്നു. താഴെ തിരികെ വന്ന ശേഷം തനിക്കു സംഭവിച്ചതെന്തെന്ന് മനസ്സിലാക്കിയ അദ്ദേഹം ലജ്ജിതനായി സ്വന്തം അമ്മയുടെ വീട്ടിൽ ഒളിച്ചിരുന്നു. തുടർന്നുണ്ടായ ഇത്തരം ഒട്ടേറെ അനുഭവങ്ങളിൽ ആദ്യത്തേതു മാത്രമായിരുന്നു ഇത്. താമസിയാതെ അദ്ദേഹത്തിന് "പറക്കും പുണ്യവാളൻ" എന്ന പേരു ചാർത്തിക്കിട്ടി.
പ്ലവനാനുഭവങ്ങൾ കൂടുതൽ അടുത്തടുത്തടുത്ത് ഉണ്ടാകാൻ തുടങ്ങിയതോടെ ജോസഫിന്റെ ജീവിതം പ്രശ്നഭരിതമായി. ജോസഫിന്റെ നിയന്ത്രണമില്ലായ്മയിൽ അങ്കലാപ്പു പൂണ്ട മേലധികാരികൾ, മറ്റുള്ളവർക്ക് ഇടച്ചയാകാതിരിക്കാനായി, സാമൂഹ്യമായ ചടങ്ങുകളിൽ നിന്ന് മാറ്റിനിർത്തുമെന്നായിട്ടും അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാനുമായില്ല. യേശുവിന്റേയോ, വിശുദ്ധമാതാവിന്റേയോ നാമം ഉച്ചരിച്ചു കേൾക്കുമ്പോഴോ, അസ്സീസിയിലെ ഫ്രാൻസിസിന്റെ തിരുനാൾ കീർത്തനങ്ങൾ പാടുമ്പോഴോ, കുർബ്ബാന അർപ്പിക്കുമ്പോഴോ ഒക്കെ, പെട്ടെന്ന് വിസ്മയാവസ്ഥയിലായി അദ്ദേഹം, അന്തരീക്ഷത്തിലേക്കുയർന്നു. സന്യാസിയുടെ അനുസരണവൃതം അനുസ്മരിപ്പിച്ച് മേലധികാരി അജ്ഞാപിച്ചപ്പോൾ മാത്രം സാധാരണനിലയിലായി.
ജോസഫിന്റെ ഏറ്റവും പ്രസിദ്ധമായ 'പറക്കൽ' നടന്നത്, ഉർബൻ എട്ടാമൻ മാർപ്പാപ്പയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടെ ആയിരുന്നെന്നു പറയപ്പെടുന്നു. മാർപ്പാപ്പയുടെ പാദം ചുമ്പിക്കാൻ കുനിഞ്ഞ ജോസഫ്, പെട്ടെന്ന് ദർശനാവസ്ഥയിലെത്തി മുകളിലേക്കുയർന്നു. ഫ്രാൻസിസ്കൻ സഭയുടെ മിനിസ്റ്റർ ജനറൽ ആജ്ഞാപിച്ചപ്പോൾ മാത്രമാണ് അദ്ദേഹം താഴെ വന്നത്.
വിശുദ്ധിയുടെ തികവു മൂലം ജോസഫ് ഒരു മധുരഗന്ധം പരത്തിയിരുന്നു എന്നും കഥയുണ്ട്. പാപാവസ്ഥയിലായിരുന്നവരുടെ ദുർഗന്ധം അദ്ദേഹത്തിനു തിരിച്ചറിയാൻ കഴിഞ്ഞിരുന്നു എന്നും പറയപ്പെടുന്നു. അദ്ദേഹം രോഗികളെ സുഖപ്പെടുത്തുന്നതുൾപ്പെടെയുള്ള മറ്റത്ഭുതങ്ങളും പ്രവർത്തിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.
വിചാരണ
തിരുത്തുകജോസഫിന്റെ സഹസന്യാസികളിൽ പലരും അദ്ദേഹത്തിന്റെ രീതികൾ ഇഷ്ടപ്പെടാത്തവരായിരുന്നു. അത്ഭുതകരമായി രോഗമുക്തരായ ധനാഢ്യരും മറ്റും തരുന്ന പണവും സമ്മാനങ്ങളും അദ്ദേഹം നിരസിച്ചത് മേലധികാരികളിൽ ചിലർക്കിഷ്ടപ്പെട്ടില്ല. ആശ്രമത്തിനു വെളിയിലുള്ളവർ അദ്ദേഹത്തിന്റെ വസ്ത്രഭാഗങ്ങൾ തിരുശേഷിപ്പുകളായി മുറിച്ചെടുത്തതു മൂലം, പലപ്പോഴും കീറിയ വസ്ത്രവുമായി ജോസഫ് ആശ്രമത്തിൽ മടങ്ങിയെത്തിയിരുന്നതും പ്രശ്നമായി.
ജോസഫ് നേരിട്ട ഏറ്റവും വലിയ എതിർപ്പ് നേപ്പിൾസിന്റെ മതദ്രോഹവിചാരകർ അദ്ദേഹത്തെ അന്വേഷണവിധേയനാക്കിയതാണ്. പറക്കലുകളും അത്ഭുതപ്രവർത്തനങ്ങളെ സംബന്ധിച്ച അവകാശവാദങ്ങളും വഴി ജോസഫ് ആവശ്യമില്ലാതെ, സ്വയം ശ്രദ്ധാകേന്ദ്രമായെന്ന് ആരോപിക്കപ്പെട്ടു. 1638 ഒക്ടോബർ 21-ന് ഉത്തരവനുസരിച്ച്, അദ്ദേഹം മതദ്രോഹവിചാരണക്കോടതിയിൽ ഹാജരായി. അവിടെ അദ്ദേഹത്തിന് ആഴ്ചകളോളം കാത്തുകിടക്കേണ്ടി വന്നു. ഒടുവിൽ ജോസഫിന്റെ നിരപരാധിത്വം ബോധ്യമായ വിചാരകർ അദ്ദേഹത്തെ വെറുതേവിട്ടു.
പ്രവാസം
തിരുത്തുകനിരപരാധിത്വം തെളിയക്കപ്പെട്ടതിനു ശേഷം ജോസഫിനെ അസീസിയിലെ സാക്രോ കോൺവെന്റോയിലേക്കയച്ചു. വിശുദ്ധ ഫ്രാൻസിസിന്റെ സംസ്കാരസ്ഥാനത്തിനടുത്തായിരിക്കുന്നത് ജോസഫ് ഇഷ്ടപ്പെട്ടിരുന്നു. എങ്കിലും ഇക്കാലത്ത് ആത്മീയമായ ഒരുതരം ശുഷ്കാവസ്ഥയിലൂടെ കടന്നുപോയ അദ്ദേഹത്തിന്റെ പ്ലവനാനുഭവങ്ങൾ തീരെ ഇല്ലാതായി.
സാക്രോ കോൺവെന്റോയിലെത്തി രണ്ടു വർഷത്തിനു ശേഷം അദ്ദേഹം അസീസി നഗരത്തിലെ പൗരത്വവും ഫ്രാൻസിസ്കൻ സമൂഹത്തിലെ സമ്പൂർണ്ണ അംഗത്വവും നൽകി ബഹുമാനിക്കപ്പെട്ടു. തുടർന്ന് ഒൻപതു വർഷം കൂടി ജോസഫ് അസീസിയിൽ ജീവിച്ചു. ഈ കാലത്ത് പലവിധം ജീവിതാവസ്ഥകളിലുമുള്ള അനേകർ അദ്ദേഹത്തെ തേടിയെത്തുകയും വിഷമതകളിൽ ആത്മീയ സാന്ത്വനം കണ്ടെത്തുകയും ചെയ്തു. എങ്കിലും ഈ പ്രവാസജീവിതം അദ്ദേഹത്തിനു ഭാരമായി. വിശ്വാസികൾക്ക് ജോസഫിനെ തേടിയെത്താൻ അനുവാദമുണ്ടായിരുന്നെങ്കിലും, പ്രസംഗിക്കുന്നതിലും കുമ്പസാരം കേൾക്കുന്നതിലും തിരുനാൾ പ്രദക്ഷിണങ്ങളിൽ പങ്കെടുക്കുന്നതിനും മറ്റും അദ്ദേഹത്തിന് വിലക്കുണ്ടായിരുന്നു.
കാലക്രമേണ ജോസഫിന് വലിയൊരു അനുയായിവൃന്ദം ഉണ്ടായപ്പോൾ, അതു തടയാനായി ഇന്നെസന്റ് പത്താമൻ മാർപ്പാപ്പ അദ്ദേഹത്തെ അസീസിയിൽ നിന്ന് മാറ്റി, പിയേട്രാറൂബിയായിലെ കപ്പൂച്ചിൻ സന്യാസികളുടെ നിയന്ത്രണത്തിൽ ഒരു അറിയപ്പെടാത്ത ഒരിടത്ത് താമസിപ്പിക്കാൻ തീരുമാനിച്ചു. കത്തുകൾ എഴുതുന്നതിലും മറ്റും അദ്ദേഹത്തിന് കടുത്ത വിലക്കുണ്ടായിരുന്നു. എങ്കിലും ജോസഫ് ആരാധകരെ ആകർഷിച്ചുകൊണ്ടിരുന്നു. അതിനാൽ അദ്ദേഹത്തെ വീണ്ടും സ്ഥലം മാറ്റാൻ തീരുമാനമായി. എത്തിപ്പെടാൻ തീരെ ബുദ്ധിമുട്ടായ 'ഫോസോംബ്രോൺ' ആയിരുന്നു പുതിയ ഇടം. അവിടെ ജോസഫിനെ അനുയായികളിൽ നിന്നകറ്റി നിർത്തുന്നതിൽ അധികാരികൾ ഒരുവിധം വിജയിച്ചു.
ഇന്നെസെന്റ് മാർപ്പാപ്പയുടെ മരണത്തെ തുടർന്ന് ഫ്രാൻസിസ്കൻ സമൂഹം, അടുത്ത മാർപ്പാപ്പ ആയ അലക്സാണ്ടർ എട്ടാമനോട് ജോസഫിനെ ഫോസോംബ്രോണിൽ നിന്നു മോചിപ്പിച്ച് അസീസിയിലേക്കയക്കാൻ അപേക്ഷിച്ചു. മോചിതനായ അദ്ദേഹത്തെ തന്റെ അനന്തരവൻ മെത്രാനായി ഭരിച്ചിരുന്ന ഓസിമോയിലെ ആശ്രമത്തിലേക്കയക്കാനാണ് മാർപ്പാപ്പ തീരുമാനിച്ചത്. അവിടേയും അദ്ദേഹം പലതരം വിലക്കുകളിൽ ആയിരുന്നു. മെത്രാൻ, സഹസന്യാസികൾ, ആവശ്യം വന്നാൽ വൈദ്യൻ എന്നിവരൊഴിച്ചുള്ളവരുമായി സംസാരിക്കുന്നതിൽ നിന്ന് അദ്ദേഹം വിലക്കപ്പെട്ടിരുന്നു. ഈ വിലക്കിനെ അദ്ദേഹം ക്ഷമാപൂർവം സഹിച്ചു. മുറിയിൽ ഭക്ഷണം എത്തിക്കാൻ ചുമതലയുള്ള സന്യാസസഹോദരൻ രണ്ടു ദിവസത്തേയ്ക്ക് അക്കാര്യത്തിൽ ഉപേക്ഷ വരുത്തിയപ്പോൾ പോലും അദ്ദേഹം പരാതിപ്പെട്ടില്ലെന്നു പറയപ്പെടുന്നു.
മരണം
തിരുത്തുക1663 ആഗസ്റ്റ് 10ന് ജോസഫ് പനിപിടിച്ച് ശയ്യാവലംബിയായി. രോഗാവസ്ഥ അദ്ദേഹത്തെ സന്തുഷ്ടനാക്കുകയാണുണ്ടായത്. സ്വന്തം രോഗശാന്തിക്കു വേണ്ടി പ്രാർത്ഥിക്കാൻ ഉപദേശിച്ചവരോട്, "വേണ്ട, ദൈവം അതിനിടവരുത്താതിരിക്കട്ടെ" എന്നു പറയുകയാണ് അദ്ദേഹം ചെയ്തത്. [1] മാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാളിൽ ചൊല്ലിയ അവസാനത്തെ കുർബ്ബാനക്കിടെ അദ്ദേഹത്തിന് ദൈവികസാന്ത്വനങ്ങളും ദർശനങ്ങളും ലഭിച്ചു.[1] സെപ്തംബർ തുടക്കത്തിൽ തന്റെ മരണം അടുത്തു എന്നു ബോദ്ധ്യമായ അദ്ദേഹം, "കഴുത മല കയറാൻ തുടങ്ങിയിരിക്കുന്നു" എന്നു മന്ത്രിക്കാൻ തുടങ്ങി. കഴുത എന്ന് അദ്ദേഹം വിളിച്ചത് തന്റെ ശരീരത്തെ ആയിരുന്നു. 1663 സെപ്തംബർ 18-ന് കൂപ്പർറ്റീനോയിലെ ജോസഫ് പുണ്യവാളൻ മരിച്ചു.
രണ്ടു ദിവസത്തിനു ശേഷം അദ്ദേഹത്തെ, അമലോത്ഭവത്തിന്റെ പള്ളിയിൽ വലിയ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. ഒരു നൂറ്റാണ്ടിനു ശേഷം, 1767 ജൂലൈ 16-ന് ക്ലെമന്റ് 13-ആമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1781-ൽ, ഓസിമോയിലെ ഫ്രാൻസീസിന്റെ പള്ളിയിൽ പുതിയതായി നിർമ്മിച്ച വെണ്ണക്കൾ അൾത്താരയിലേക്ക് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം നീക്കി. അവിടമാണ് അദ്ദേഹത്തിന്റെ അന്തിമസംസ്കാരസ്ഥാനമായത്.
കുറിപ്പുകൾ
തിരുത്തുക൧ ^ "ഭഗവന്നാമമൊഴിഞ്ഞെൻ നാവിനു/ കഴിവീലൊന്നുമുറച്ചുരിയാടാൻ" എന്ന് ജോസഫ് ഏറ്റുപറയുന്നതായി മലയാളത്തിലെ കവി വിജയലക്ഷ്മി 'വെണ്മേഘം' എന്ന കവിതയിൽ എഴുതിയിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 "Saint Joseph of Copertino," Fr. Angelo Pastrovicchi, O.M.C., TAN Books and Publishers, 1980, p. iii
- ↑ 2.0 2.1 "വെണ്മേഘം": ജോസഫ് പുണ്യവാളനെക്കുറിച്ച് 2011 മേയ് ഒന്നിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (പുറങ്ങൾ 52-53), വിജയലക്ഷ്മി എഴുതിയ കവിത
- ↑ 3.0 3.1 കത്തോലിക്കാവിജ്ഞാനകോശം, കൂപ്പർറ്റീനോയിലെ ജോസഫ് പുണ്യവാളൻ എന്ന പേരിലുള്ള ലേഖനം
- ↑ The saint of the Day, St. Joseph of Cupertino Archived 2012-03-21 at the Wayback Machine., September 18
- ↑ Catholic News Agency, St. Joseph of Cupertino Archived 2012-09-29 at the Wayback Machine.