കുർട്ട് റസ്സൽ

അമേരിക്കന്‍ ചലചിത്ര നടന്‍

കുർട്ട് വോഗൽ റസ്സൽ (ജനനം മാർച്ച് 17, 1951) ഒരു അമേരിക്കൻ അഭിനേതാവാണ് ദി ട്രാവൽസ് ഓഫ് ജെയ്മി മക്ഫീറ്റേഴ്‌സ് (1963-1964) എന്ന വെസ്റ്റേൺ പരമ്പരയിലൂടെ 12-ാം വയസ്സിൽ അദ്ദേഹം ടെലിവിഷൻ പരമ്പരയിലൂടെ അഭിനയിക്കാൻ ആരംഭിച്ചു. 1960-കളുടെ അവസാനത്തിൽ, വാൾട്ട് ഡിസ്നി കമ്പനിയുമായി പത്തുവർഷത്തെ കരാറിൽ ഒപ്പുവച്ച അദ്ദേഹം അവിടെ ദ കമ്പ്യൂട്ടർ വോർ ടെന്നീസ് ഷൂസ് (1969), നൗ യു സീ ഹിം, നൗ യു ഡോണ്ട് (1972), ദ സ്ട്രോംഗസ്റ്റ് മാൻ ഇൻ ദ വേൾഡ് (1975) തുടങ്ങിയ ചിത്രങ്ങളിൽ ഡെക്സ്റ്റർ റിലേ എന്ന കഥാപാത്രമായി അഭിനയിച്ചു. ടർണർ ക്ലാസിക് മൂവീസിന്റെ റോബർട്ട് ഓസ്ബോണിൻറെ അഭിപ്രായ പ്രകാരം, 1970 കളിലെ സ്റ്റുഡിയോയിലെ മികച്ച താരമായി അദ്ദേഹം മാറിയിരുന്നു.[1]

കുർട്ട് റസ്സൽ
Russell at the 2016 San Diego Comic-Con
ജനനം
കുർട്ട് വോഗൽ റസ്സൽ

(1951-03-17) മാർച്ച് 17, 1951  (73 വയസ്സ്)
വിദ്യാഭ്യാസംതൗസൻഡ് ഓക്സ് ഹൈസ്കൂൾ
തൊഴിൽനടൻ
സജീവ കാലം1962–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1979; div. 1983)

പങ്കാളി(കൾ)ഗോൾഡി ഹോൺ
(1983–ഇതുവരെ)
കുട്ടികൾവ്യാറ്റ് റസ്സൽ ഉൾപ്പെടെ 2
മാതാപിതാക്ക(ൾ)

മൈക്ക് നിക്കോൾസിന്റെ സിൽൿവുഡ് (1983) എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള മോഷൻ പിക്ചർ - ഗോൾഡൻ ഗ്ലോബ് അവാർഡിന് റസ്സൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1980-കളിൽ, ജോൺ കാർപെന്റർ സംവിധാനം ചെയ്ത നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹം എസ്‌കേപ്പ് ഫ്രം ന്യൂയോർക്ക് (1981) എന്ന  അത്യന്താധുനിക ആക്ഷൻ ചിത്രത്തിലെ കൊള്ളക്കാരനായി മാറിയ ആർമി ഹീറോ സ്‌നേക്ക് പ്ലിസ്‌കെൻ എന്ന ആന്റി ഹീറോ കഥാപാത്രം, അതിൻറെ തുടർച്ചയായ എസ്‌കേപ്പ് ഫ്രം എൽ.എ. (1996), ദി തിംഗ് (1982) എന്ന ഹൊറർ ചിത്രം, കുങ്-ഫു കോമഡി ആക്ഷൻ ചിത്രം ബിഗ് ട്രബിൾ ഇൻ ലിറ്റിൽ ചൈന (1986) ഉൾപ്പെടെ നിരവിധി ചിത്രങ്ങളിൽ അഭിനയിച്ചു. എൽവിസ് (1979) എന്ന ചിത്രത്തിൽ റോക്ക് ആൻഡ് റോൾ സൂപ്പർസ്റ്റാർ എൽവിസ് പ്രെസ്ലിയെ അവതരിപ്പിച്ചതിൻറെ പേരിൽ മികച്ച നടനുള്ള പ്രൈംടൈം എമ്മി അവാർഡിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

യൂസ്ഡ് കാർസ് (1981), ദി ബെസ്റ്റ് ഓഫ് ടൈംസ് (1986), ഓവർബോർഡ് (1987), ടാംഗോ & ക്യാഷ് (1989), ബാക്ക്ഡ്രാഫ്റ്റ് (1991) ടോംബ്സ്റ്റോൺ (1993), സ്റ്റാർഗേറ്റ് (1994), എക്സിക്യൂട്ടീവ്  ഡിസിഷൻ (1996), വാനില സ്കൈ (2001), മിറക്കിൾ (2004), സ്കൈ ഹൈ (2005), ഡെത്ത് പ്രൂഫ് (2007), ദി ഹേറ്റ്ഫുൾ എയ്റ്റ് (2015), വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് (2019) എന്നിവയുൾപ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ റസ്സൽ അഭിനയിച്ചു. ദി ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിലെ മിസ്റ്റർ നോബഡി എന്ന കഥാപാത്രമായി ഫ്യൂരിയസ് 7 (2015), ദി ഫേറ്റ് ഓഫ് ദി ഫ്യൂരിയസ് (2017), എഫ് 9 (2021) എന്നിവയിൽ  പ്രത്യക്ഷപ്പെട്ട അദ്ദേഹം, മാർവൽ സിനിമാറ്റിക്സ് സൂപ്പർ ഹീറോ ചിത്രങ്ങളായ ഗാർഡിയൻസ് ഓഫ് ഗാലക്സി വോളിയം 2 (2017), വാട്ട് ഇഫ്…? എന്നിവയിൽ ഈഗോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും  തുടർന്ന് ദ ക്രിസ്മസ് ക്രോണിക്കിൾസ് (2018), ദ ക്രിസ്മസ് ക്രോണിക്കിൾസ് 2 (2020) എന്നിവയിൽ സാന്താക്ലോസിനെയും അവതരിപ്പിച്ചു. ഒരിക്കലും അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിക്കാത്ത മികച്ച നടന്മാരിൽ ഒരാളായി ദി ഗാർഡിയൻ അദ്ദേഹത്തെ തിരഞ്ഞെടുത്തു.

ആദ്യകാലം

തിരുത്തുക

മസാച്ചുസെറ്റ്സിലെ സ്പ്രിംഗ്ഫീൽഡിലാണ് റസ്സൽ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ബിംഗും ഒരു അഭിനേതാവായിരുന്നു. അദ്ദേഹത്തിൻ മാതാവ് ലൂയിസ് ജൂലിയ (മുമ്പ്, ക്രോൺ) റസ്സൽ ഒരു നർത്തകിയായിരുന്നു. ഇംഗ്ലീഷ്, ഐറിഷ്, ജർമ്മൻ, സ്കോട്ടിഷ് വംശ പാരമ്പര്യമുള്ളയാളാണ് റസ്സൽ. അദ്ദേഹത്തിൻ ജിൽ, ജാമി, ജോഡി എന്നിങ്ങനെ മൂന്ന് സഹോദരിമാരുണ്ട്.  ആദ്ദഹത്തിൻ ബാല്യകാലത്ത് കുടുംബം കാലിഫോർണിയയിലേക്ക് താമസം മാറ്റുകയും റസ്സൽ ലോസ് ഏഞ്ചൽസിന്റെ പ്രാന്തപ്രദേശമായ തൗസൻഡ് ഓക്‌സിൽ വളരുകയും ചെയ്തു. തന്റെ ഗ്രേഡ് സ്കൂൾ വർഷങ്ങളിലും ലീഗ് ബേസ്ബോൾ കളിച്ചിരുന്ന അദ്ദേഹം ഹൈസ്കൂൾ ബേസ്ബോൾ ടീമുകളിലും അംഗമായിരുന്നു. 1969-ൽ കാലിഫോർണിയയിലെ തൗസൻഡ് ഓക്സ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി. പിതാവ് ബിംഗ് പ്രൊഫഷണൽ ബേസ്ബോൾ കളിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹോദരി ജിൽ, ബേസ്ബോൾ കളിക്കാരനായ മാറ്റ് ഫ്രാങ്കോയുടെ അമ്മയാണ്. 1969 മുതൽ 1975 വരെ, കാലിഫോർണിയ എയർ നാഷണൽ ഗാർഡിൽ സേവനമനുഷ്ഠിച്ചിരുന്ന റസ്സൽ അക്കാലത്ത് വാൻ ന്യൂസ് ആസ്ഥാനമായുള്ള 146-ാമത് ടാകറ്റിക്കൽ എയർലിഫ്റ്റ് വിംഗിലും അംഗമായിരുന്നു.

ഔദ്യോഗിക ജീവിതം

തിരുത്തുക

ബാലതാരം

തിരുത്തുക

ഇറ്റ് ഹാപ്പൻഡ് അറ്റ് ദി വേൾഡ്സ് ഫെയർ എന്ന ചിത്രത്തിൽ ഒരു പൈലറ്റിൻറെ (എൽവിസ് പ്രെസ്ലി) കാലിൽ ചവിട്ടുന്ന ബാലൻറെ അപ്രധാന വേഷം അഭിനയിച്ചുകൊണ്ടാണ് റസ്സൽ തന്റെ ചലച്ചിത്ര അരങ്ങേറ്റം നടത്തിയത്. 1963 ഏപ്രിൽ 24-ന്, ഒരു അമേരിക്കൻ കുടുംബത്തിലെ ഇംഗ്ലീഷ് ബട്ട്‌ലറായി സ്റ്റാൻലി ഹോളോവേ അഭിനയിച്ച എബിസി പരമ്പരയായ ഔർ മാൻ ഹിഗ്ഗിൻസിൽ റസ്സൽ ഒരു അതിഥി താരമായി അഭിനയിച്ചു. പിന്നീട്, ദി ട്രാവൽസ് ഓഫ് ജെയ്മി മക്ഫീറ്റേഴ്സ് എന്ന എബിസി വെസ്റ്റേൺ പരമ്പരയിൽ (1963-64) അദ്ദേഹം ടൈറ്റിൽ വേഷത്തിൽ അഭിനയിച്ചു. 1959-ൽ ഫിക്ഷനുള്ള പുലിറ്റ്‌സർ സമ്മാനം നേടിയ റോബർട്ട് ലൂയിസ് ടെയ്‌ലറുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ പരമ്പര.

1964-ൽ, എബിസി പരമ്പരയായ ദി ഫ്യൂജിറ്റീവിന്റെ "നെമെസിസ്" എന്ന എപ്പിസോഡിൽ, പിതാവിന്റ എതിരാളി ഡോക്ടർ റിച്ചാർഡ് കിംബ്ലെ ബന്ദിയെന്ന നിലയിൽ അബദ്ധത്തിൽ തട്ടിക്കൊണ്ടുപോയ പോലീസ് ലെഫ്റ്റനന്റ് ഫിലിപ്പ് ജെറാർഡിന്റെ മകൻറെ വേഷത്തിൽ ഒരു അതിഥി താരമായി അദ്ദേഹം അഭിനയിച്ചു. എൻബിസിയുടെ മറ്റൊരു പരമ്പരയായ ദി വിർജീനിയനിൽ, റോറി കാൽഹൗൺ അവതരിപ്പിച്ച അനാഥനായ മകനെ അന്വേഷിക്കുന്ന ജയിൽ മോചിതനായ കുറ്റവാളിയുടെ മകൻറെ വേഷം അഭിനയിച്ചു. 1964 ലെ വെസ്റ്റേൺ പരമ്പരയായ ഗൺസ്‌മോക്കിന്റെ "ബ്ലൂ ഹെവൻ" എന്ന എപ്പിസോഡിൽ പാക്കി കെർലിൻ എന്ന ബാലനായി റസ്സൽ സമാനമായ ഒരു വേഷം ചെയ്തിരുന്നു. 1965 ഫെബ്രുവരി 6-ന് സംപ്രേഷണം ചെയ്ത CBS-ന്റെ ഗില്ലിഗൻസ് ഐലൻറ് എന്ന പരമ്പരയുടെ ഒരു എപ്പിസോഡിൽ 13-ാം വയസ്സിൽ, റസ്സൽ ജംഗിൾ ബോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

ഡിസ്നിയുടെ താരം

തിരുത്തുക

1966-ൽ വാൾട്ട് ഡിസ്നി അവസാനമായി എഴുതിയത് ഒരു കടലാസിൽ "കുർട്ട് റസ്സൽ" എന്ന വാക്കായിരുന്നു. അതേ വർഷം തന്നെ, ദ വാൾട്ട് ഡിസ്നി കമ്പനിയുമായി പത്ത് വർഷത്തെ കരാറിൽ ഒപ്പുവച്ച റസ്സൽ റോബർട്ട് ഓസ്ബോൺ പറയുന്നതു പ്രകാരം അദ്ദേഹം "70കളിലെ സ്റ്റുഡിയോയിലെ മികച്ച താരമായിത്തീർന്നു”. ഫോളോ മീ, ബോയ്സ് (1966) ആയിരുന്നു റസ്സലിന്റെ ആദ്യ ഡിസ്നി ചിത്രം. 1967 ജനുവരിയിൽ, വാൾട്ട് ഡിസ്നിയുടെ വണ്ടർഫുൾ വേൾഡ് ഓഫ് കളർ എന്ന പരമ്പരയുടെ "വില്ലി ആൻഡ് ദി യാങ്ക്: ദി മോസ്ബി റൈഡേഴ്സ്" എന്ന എപ്പിസോഡിൽ റസ്സൽ പ്രൈവറ്റ് വില്ലി പ്രെന്റിസ് ആയി അഭിനയിച്ചു, ചില വിപണികളിൽ സിനിമയെന്ന നിലയിൽ മോസ്ബീസ് മറൗഡേഴ്‌സ് (1967) ആയി ഇത് പുറത്തിറങ്ങി. ഈ സമയത്തും റസ്സൽ ഡിസ്നി ഇതര ടിവി പരിപാടികളിൽ അതിഥി താരമായി തുടർന്നു. ബാരി സള്ളിവൻ അഭിനയിച്ച ദി റോഡ് വെസ്റ്റ് എന്ന എൻബിസി വെസ്റ്റേൺ പരമ്പരയുടെ "ചാരേഡ് ഓഫ് ജസ്റ്റിസ്" എന്ന എപ്പിസോഡിൽ അദ്ദേഹവും ജെയ് സി ഫ്ലിപ്പനും ടോം ട്രയോണും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. 1966 മാർച്ചിൽ സിബിഎസിന്റെ ലോസ്റ്റ് ഇൻ സ്പേസിന്റെ "ദി ചലഞ്ച്" എന്ന എപ്പിസോഡിൽ അദ്ദേഹം ഒരു ഗ്രഹ ഭരണാധികാരിയുടെ മകനായ ക്വാനോ ആയി അഭിനയിച്ചു.

ഷെർമാൻ ബ്രദേഴ്‌സിന്റെ ദി വൺ ആൻഡ് ഒൺലി, ജെനൂയിൻ, ഒറിജിനൽ ഫാമിലി ബാൻഡ് (1968) എന്ന മ്യൂസിക്കൽ സിനിമയുടെ  ചിത്രീകരിക്കുന്നതിനിടെ, റസ്സൽ തന്റെ ഭാവി പങ്കാളിയായ ഗോൾഡി ഹോണിനെ കണ്ടുമുട്ടി. ഡിസ്നിക്ക് വേണ്ടി, അദ്ദേഹം ദി ഹോഴ്സ് ഇൻ ദി ഗ്രേ ഫ്ലാനൽ സ്യൂട്ട് (1969), ഗൺസ് ഇൻ ഹീതർ (1969) എന്നിവയിൽ അഭിനയിച്ചു.

താരപദവി

തിരുത്തുക

ദി കമ്പ്യൂട്ടർ വോർ ടെന്നീസ് ഷൂസ് (1969) എന്ന ചിത്രത്തിലൂടെ ഡിസ്നി റസ്സലിനെ പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ചു.  ദ ബെയർഫൂട്ട് എക്‌സിക്യൂട്ടീവ് (1971) എന്ന ചിത്രത്തിലൂടെ അദ്ദേഹം അത് പിന്തുടർന്നു.

1971-ൽ, ജയിൽ മോചിതനായ ഒരു യുവ കൊള്ളക്കാരനായി, ഫൂൾസ് പരേഡ് എന്ന ചിത്രത്തിൽ ജെയിംസ് സ്റ്റുവർട്ടിനൊപ്പം അദ്ദേഹം അഭിനയിച്ചു. പിന്നീട്, മലിനീകരണത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ പോൾ റെവറെയുടെ വേഷവിധാനം ധരിച്ച ഒരു ആദർശവാദിയായ ഹൈസ്കൂൾ വിദ്യാർത്ഥിയായി അദ്ദേഹം റൂം 222-ന്റെ ഒരു എപ്പിസോഡിൽ അതിഥി വേഷത്തിൽ അഭിനയിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ചലച്ചിത്രവേഷങ്ങളിൽ ഭൂരിഭാഗവും നൗ യു സീ ഹിം, നൗ യു ഡോണ്ട് (1971), ചാർലി ആൻഡ് ദ ഏഞ്ചൽ (1973), സൂപ്പർഡാഡ് (1973) തുടങ്ങിയ ചിത്രങ്ങളിലൂടെ ഡിസ്നിക്ക് വേണ്ടിയായിരുന്നു.

സ്വകാര്യജീവിതം

തിരുത്തുക

എൽവിസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട സീസൺ ഹുബ്ലി എന്ന നടിയെ 1979-ൽ വിവാഹം കഴിച്ച റസ്സലിന് അവരുമായുള്ള ബന്ധത്തിൽ ബോസ്റ്റൺ എന്നൊരു മകനുണ്ട് (ജനനം ഫെബ്രുവരി 16, 1980). 1983-ൽ സീസൺ ഹുബ്ലിയിൽ നിന്ന് വിവാഹമോചനം നേടി, ഗോൾഡി ഹോണുമായുള്ള ബന്ധം ആരംഭിച്ചശേഷം സ്വിംഗ് ഷിഫ്റ്റ്, ഓവർബോർഡ് എന്നീ ചിത്രങ്ങളിൽ അവളോടൊപ്പം പ്രത്യക്ഷപ്പെട്ട റസ്സൽ നേരത്തേ 1968-ൽ ദി വൺ ആൻഡ് ഒൺലി, ജന്യൂയിൻ, ഒറിജിനൽ ഫാമിലി ബാൻഡ് എന്നീ ചിത്രങ്ങളിൽ അവരോടൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. വ്യാറ്റ് റസ്സൽ (ജനനം ജൂലൈ 10, 1986), എന്ന ഒരു മകനുള്ള ദമ്പതികൾക്ക്  ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവർ, കൊളറാഡോയിലെ സ്നോമാസ് വില്ലേജ്, ന്യൂയോർക്കിലെ മാൻഹട്ടൻ, കാലിഫോർണിയയിലെ ബ്രെന്റ്വുഡ്, പാം ഡെസേർട്ട് എന്നിവിടങ്ങളിലായി വീടുകളുണ്ട്. ബിൽ ഹഡ്‌സണുമായുള്ള വിവാഹത്തിലെ ഹോണിന്റെ മകളായ, നടി കേറ്റ് ഹഡ്‌സൺ, റസ്സലിനെ തന്റെ പിതാവായാണ് കണക്കാക്കുന്നത്. 2020 ഡിസംബറിൽ പീപ്പിൾ മാഗസിനുമായുള്ള ഒരു അഭിമുഖത്തിൽ, താനും ഗോൾഡി ഹോണും ഒരിക്കലും വിവാഹിതരാകണമെന്ന് തോന്നിയിട്ടില്ലെന്ന് വെളിപ്പെടുത്തിയ റസ്സൽ, വിവാഹ സർട്ടിഫിക്കറ്റ് ഞങ്ങൾക്കില്ലാത്ത ഒന്നുംതന്നെ പുതുതായി സൃഷ്ടിക്കാൻ പോകുന്നില്ല എന്ന് പ്രസ്താവിച്ചിരുന്നു.

റസ്സൽ ഒരു സ്വാതന്ത്ര്യവാദിയാണ്. 1996-ൽ ടൊറന്റോ സൺ ദിനപത്രത്തിൽ അദ്ദേഹം ഇപ്രകാരം ഉദ്ധരിച്ചു: "ഞാൻ ഒരു റിപ്പബ്ലിക്കൻ ആയിട്ടാണ് വളർന്നത്, എന്നാൽ ദിനാന്ത്യത്തിൽ ഒരു ഡെമോക്രാറ്റും റിപ്പബ്ലിക്കനും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന് തിരിച്ചറിയവേ, ഞാൻ ഒരു സ്വാതന്ത്ര്യവാദിയായി." എന്നിരുന്നാലും, 2020 ൽ, സെലിബ്രിറ്റികൾ തങ്ങളുടെ  രാഷ്ട്രീയാഭിപ്രായങ്ങൾ വ്യക്തിപരമായി സൂക്ഷിക്കേണ്ടതാണെന്ന് പ്രസ്താവിച്ച അദ്ദേഹം അത് അവരുടെ ജോലിയെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നു.

ഒരു വേട്ടക്കാരനും തോക്കുകൾക്കുള്ള അവകാശങ്ങളുടെ ഉറച്ച പിന്തുണക്കാരനുമായ റസ്സൽ, തോക്ക് നിയന്ത്രണം തീവ്രവാദത്തെ കുറയ്ക്കില്ലെന്ന് അഭിപ്രായപ്പെടുന്നു. സിംഗിൾ/മൾട്ടി എഞ്ചിൻ, ഇൻസ്ട്രുമെന്റ് റേറ്റിംഗുകൾ കൈവശമുള്ള എഫ്എഎ-ലൈസൻസുള്ള ഒരു സ്വകാര്യ പൈലറ്റ് കൂടിയായ അദ്ദേഹം, കൂടാതെ ഹ്യുമാനിറ്റേറിയൻ ഏവിയേഷൻ സംഘടനയായ വിംഗ്സ് ഓഫ് ഹോപ്പിന്റെ ഓണററി കൗൺസിൽ അംഗവുമാണ്. 2010-ൽ, ലിവിംഗ് ലെജൻഡ്‌സ് ഓഫ് ഏവിയേഷൻ അവാർഡുകളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും സഹ നടനും-പൈലറ്റുമായ ജോൺ ട്രവോൾട്ടയിൽ നിന്ന് "ഏവിയേഷൻ മെന്റർ അവാർഡ്" സ്വീകരിക്കുകയും ചെയ്തു. 2003 ഫെബ്രുവരിയിൽ, റസ്സലും ഹോണും അവരുടെ മകന് ഹോക്കി കളിക്കാനുള്ള സൌകര്യം മുൻനിറുത്തി ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിലേക്ക് താമസം മാറ്റി.

  1. Introduction by Robert Osborne to the Turner Classic Movies premiere of The Barefoot Executive, April 13, 2007.
"https://ml.wikipedia.org/w/index.php?title=കുർട്ട്_റസ്സൽ&oldid=3802580" എന്ന താളിൽനിന്ന് ശേഖരിച്ചത്