കുഴിക്കലിടവക പബ്ലിക് ലൈബ്രറി, പാങ്ങോട്
കൊല്ലം ജില്ലയിലെ പുത്തൂർ, പാങ്ങോട് സ്ഥിതി ചെയ്യുന്ന ഗ്രന്ഥശാലയാണ് കുഴിക്കലിടവക പബ്ലിക് ലൈബ്രറി. ഇരുപതിനായിരത്തോളം പുസ്തകങ്ങളും 830 അംഗങ്ങളുമുണ്ട്. നിലവിൽ എ പ്ലസ് ഗ്രേഡ് ലൈബ്രറിയാണ്. [1]
ചരിത്രം
തിരുത്തുക1947 ഒക്ടോബർ 2ന് അക്ഷരസ്നേഹികൾ സംഭാവന ചെയ്തത് ഉൾപ്പെടെ ആയിരത്തിലേറെ പുസ്തകങ്ങളുമായി വാടകക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ലൈബ്രറി ഇന്നിപ്പോൾ ഇരുപതിനായിരത്തോളം പുസ്തകങ്ങളും 830 അംഗങ്ങളുമുള്ള എ പ്ലസ് ഗ്രേഡ് ലൈബ്രറിയും താലൂക്ക് റഫറൻസ് ഗ്രന്ഥശാലയുമാണ്. വരവുകാല മാധവൻ പിള്ളയും ആലപ്പാട്ട് നാണുശാസ്ത്രിയുമായിരുന്നു ആദ്യ സാരഥികൾ. കുഴിക്കൽ ഇടവക സ്ഥാനീയനായിരുന്ന താഴം ഊരു മഠത്തിൽ ആർ. രാമൻ ഉണ്ണിത്താൻ സംഭാവന ചെയ്ത 10 സെന്റ് സ്ഥലത്താണ് ലൈബ്രറി കെട്ടിടം.[2]
പ്രവർത്തനങ്ങൾ
തിരുത്തുകമധ്യവേനൽ അവധിക്കാലത്ത് ബാലവേദിയുടെ നേതൃത്വത്തിൽ നടത്തിയ ‘വേനൽ കളിയും കാര്യവും’ പ്രകൃതി സഹവാസ ക്യാംപ്, വായന മത്സരത്തിലും ബാലോത്സവങ്ങളിലും ബാലവേദി അംഗങ്ങൾ നടത്തിയ മികച്ച പ്രകടനം, ബാലവേദിയുടെ ചിട്ടയായ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് 2019–20 വർഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച ലൈബ്രറി ബാലവേദിക്കുള്ള പി.രവീന്ദ്രൻ സ്മാരക പുരസ്കാരം ലഭിച്ചത്. ലോക പുസ്തകദിനത്തിൽ പുത്തൂർ ഗാന്ധിഭവനിലെ അമ്മമാർക്ക് പുസ്തകങ്ങൾ നൽകി. എല്ലാവർഷവും നടത്തുന്ന അറിവുയാത്രകൾ ലൈബ്രറിയുടെ മറ്റൊരു പ്രത്യേകതയാണ്. ജില്ലയിൽ ആദ്യമായി പുസ്തകങ്ങൾ വർഗീകരിച്ച് കംപ്യൂട്ടറൈസേഷൻ നടത്തിയ ഗ്രാമീണ ഗ്രന്ഥശാലയാണ്. വയലാർ അവാർഡ് ജേതാക്കൾക്ക് പുരസ്കാരസ്വീകരണത്തിനുശേഷം ആദ്യസ്വീകരണം നൽകുന്നത് പാങ്ങോട് പബ്ലിക് ലൈബ്രറിയാണ്. പുരസ്കാരജേതാവ് ബെന്യാമിൻ, അശോകൻ ചരുവിൽ ഉൾപ്പെടെ ഇവിടെ ആദരം ഏറ്റുവാങ്ങാനായെത്തിയിരുന്നു. ഏഴുവർഷമായി ഈ പതിവു തുടരുന്നു.[3]
പുരസ്കാരങ്ങൾ
തിരുത്തുക- സംസ്ഥാനത്തെ ഏറ്റവും മികച്ച ലൈബ്രറി ബാലവേദിക്കുള്ള പി.രവീന്ദ്രൻ സ്മാരക പുരസ്കാരം
- ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രറിക്കുള്ള പുത്തൂർ സോമരാജൻ പുരസ്കാരം