കേരളത്തിൽ കൃഷിചെയ്തിരുന്ന ഒരിനം നെൽവിത്താണ് കുളപ്പാല. വെള്ളപ്പൊക്കം അതുപോലെ മറ്റു രീതികളിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ ഈ ഇനം കൃഷിചെയ്തിരുന്നു. രണ്ടര മീറ്റർ വരെ വെള്ളക്കെട്ടുള്ള കൃഷിയിടങ്ങളിൽ ചീയാതെ വളരുന്നതിനും നല്ല വിളവ് നൽകുന്നതിനും ഈ ഇനത്തിന് കഴിവുണ്ടായിരുന്നു[1].

കൃഷിരീതി

തിരുത്തുക

മീനമാസത്തോടെ കൊയ്തു കഴിയുന്ന പുഞ്ചപ്പാടങ്ങളിലാണ് ഈ കൃഷി നടന്നിരുന്നത്. വെള്ളം കെട്ടിനിൽക്കാത്ത വയലുകളിൽ രണ്ടുചാൽ ഉഴവു നടത്തി വിത്ത് വിതയ്ക്കുന്നു.

വിത്ത് പായ്‌വട്ടികളിൽ നിറച്ച് കെട്ടി; ഏകദേശം 10 - 12 മണിക്കൂർ മുക്കി വയ്ക്കുന്നു. അതിനു ശേഷം വെള്ളത്തിൽ നിന്നും പുറത്തെടുത്ത് അട്ടിയായി വയ്ക്കുന്നു. ഇങ്ങനെ അട്ടിവച്ച വിത്ത് മൂന്ന് ദിവസം കൊണ്ട് കിളിർക്കുന്നു. മൂന്നാം ദിവസം ഈ വിത്ത് പാടത്ത് വിതയ്ക്കുന്നു. ഇതിനെ മൂന്നാം കൊമ്പിന് വിതയ്ക്കുക എന്നാണ് പ്രാദേശികമായി അറിയപ്പെട്ടിരുന്നത്[1].

വിതയ്ക്കു ശേഷം വീണ്ടും രണ്ട് ചാൽ ഉഴവുന്നു. വിതച്ച വിത്തുകൾ നിലത്തിലെ ഈർപ്പത്താൽ വളരുന്നു. രണ്ട് മൂന്നില പ്രായമാകുമ്പോൾ നിലത്തിലേയ്ക്ക് വെള്ളം കയറ്റുന്നു.

വെള്ളം കെട്ടി നിൽക്കുന്ന നിലങ്ങളിൽ നാലുചാൽ ഉഴവു നടത്തി മരപ്പലക ഉപയോഗിച്ച് നിരപ്പാക്കുന്നു. അതിനു ശേഷം വിത്ത് വിതയ്ക്കുന്നു. വിത്ത് വിതച്ച് മൂന്നാം നാൾ വെള്ളം വറ്റിച്ച് വിത്ത് കിളിർക്കാൻ അവസരം നൽകുന്നു. അങ്ങനെ കിളിപ്പുണ്ടാകുന്ന ചെടികൾ മൂന്നില പ്രായമാകന്മ്പോൾ വെള്ളം പാടത്തേക്ക് വീണ്ടും കയറ്റുന്നു.

വിതച്ച് നാലഞ്ച് ആഴ്ചയ്ക്കുള്ളിൽ; ഞാറുകൾ തിങ്ങി വളരുന്ന ഭാഗങ്ങളിൽ നിന്നും പിഴുത് ഞാർ കുറഞ്ഞ ഭാഗങ്ങളിലേയ്ക്ക് മാറ്റി നടുന്നു. ഇങ്ങനെ ഏകദേശം ഒരേ അകലത്തിൽ ഞാറുകൾ ക്രമീകരിക്കുന്നു. അതിനു ശേഷം വെള്ളപ്പൊക്കം സാധാരണയായി ഉണ്ടാകുമായിരുന്നതിനാൽ ഇടയിളക്കവും കളനീക്കലും നടത്താറില്ല.

പരിപാലനം

തിരുത്തുക

രാസവളങ്ങൾ സാധാരണ നൽകേണ്ടാത്ത ഒരിനം നെൽവിത്താണ് ഇത്. ചാണകം, ചാരം, എല്ലുപൊടി തുടങ്ങിയവയാണ് ഇതിന് വളമായി നൽകിയിരുന്നത്. വളമിടുന്നതിനുശേഷം വെള്ളം പാടത്തേയ്ക്ക് കയറ്റുന്നു. ഇടവം പകുതിയോടെ ശക്തമാകുന്ന കാലവർഷം ശക്തി പ്രാപിക്കുന്നു. അതോടുകൂടി തോടുകൾ, പുഴകൾ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വെള്ളം പാടത്തേയ്ക്ക് കയറുന്നു. ക്രമേണ പാടത്തിലുള്ള ജലനിരപ്പ് ക്രമേണ വർദ്ധിക്കുകയും ചെയ്യുന്നു. എത്രത്തോളം ജലനിരപ്പ് ഉയരുന്നോ അതിനും മുകളിലേയ്ക്ക് വളരുന്നു എന്നതാണ് കുളപ്പാലയുടെ പ്രധാന പ്രത്യേകത. ഏകദേശം 15 സെന്റീമീറ്റർ വരെ ഉയരത്തിലേയ്ക്ക് ജലനിരപ്പിൽ നിന്നും ഈ ചെടി വളരാറുണ്ട്. വെള്ളം മാറുന്നതോടേ ചരിഞ്ഞു വീഴുന്ന ചെടികളുടെ മുട്ടുകളിൽ നിന്നും പുതിയ വേരിറങ്ങി ചെടിയെ താങ്ങി നിർത്തുന്നു.

മിഥുനമാസത്തോടെ കതിരിടുന്ന ചെടികൾ ചിങ്ങം തീരുന്നതിനുമുൻപായി കൊയ്തെടുക്കാറുണ്ട്. ആ സമയത്തും പാടങ്ങളിൽ 75 സെന്റീമീറ്റർ മുതൽ 1 മീറ്റർ വരെ പൊകത്തിൽ വെള്ളമുണ്ടാകാറുണ്ട്. കൊയ്ത്തുകാർ വെള്ളത്തിലിറങ്ങി കൊയ്തെടുത്ത് വള്ളങ്ങളിൽ കയറ്റി കരയിലെത്തിച്ച് മെതിച്ചെടുക്കുന്നു. ഇങ്ങനെ കൈകാര്യം ചെയ്യുമ്പോൾ സാധാരണയായി നെന്മണികൾ പൊഴിഞ്ഞ് നേരിയ തോതിൽ വിളനഷ്ടം സംഭവിക്കാറുണ്ട്. എങ്കിലും ഏക്കറിന് ശരാശരി 12 മുതൽ 15 വരെ മേനി വിളവ് ലഭിച്ചിരുന്നു. അതായത് ഏക്കറിനു 15 മേനി വിളവ് എന്നാൽ 150 പറ നെല്ല്[1].

പ്രത്യേകതകൾ

തിരുത്തുക
  • മൂപ്പ് കൂടിയ ഇനം.
  • മറ്റുള്ള നെല്ലിനങ്ങളേക്കാൾ സ്വാദ് കുറവാണ്.
  • വെള്ളത്തിൽ കിടന്നിരുന്നതിനാൽ വൈക്കോലിനും പ്രിയക്കുറവുണ്ട്[1].
  1. 1.0 1.1 1.2 1.3 കെ. കൃഷ്ണൻ നമ്പൂതിരിയുടെ ലേഖനം. കർഷകശ്രീ മാസിക. മാർച്ച് 2009, പുറം 50-51
"https://ml.wikipedia.org/w/index.php?title=കുളപ്പാല&oldid=1019389" എന്ന താളിൽനിന്ന് ശേഖരിച്ചത്