കുറ്റിയായണിക്കാട്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിലെ ആര്യൻകോട് ഗ്രാമപഞ്ചായത്തിൽ ഉൾപെടുന്ന ഒരു ഗ്രാമപ്രദേശമാണ് കുറ്റിയായണിക്കാട് (Kuttiyayanikadu). നെയ്യാറ്റികരയിൽ നിന്നും ഏകദേശം 16 കിലോമീറ്റർ അകലെയാണ് ഈ ഉൾഗ്രാമം. ജില്ലയിൽ നിന്ന് പശ്ചിമഘട്ട മലനിരകളിലും നെയ്യാർ വന്യജീവി സങ്കേതത്തിലും അഗസ്ത്യാർകൂടത്തിലുമൊക്കെ എത്തിച്ചേരാനുള്ള പ്രധാന റോഡ് മാർഗങ്ങളിൽ ഒന്നായ നെയ്യാറ്റികര-അമരവിള-മാരായമുട്ടം-കീഴാറൂർ-ഒറ്റശേഖരമംഗലം-കാട്ടാക്കട റൂട്ടിലാണ് കുറ്റിയായണിക്കാട് ഉൾപ്പെടുന്നത്.

ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒരുപാട് പ്രാധാന്യമുള്ള ഒരു പ്രദേശമാണിത്. ഏകദേശം 900 വർഷം പഴക്കമുള്ള പൊഴിയല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രമാണ് ഇതിൽ ഏറ്റവും പഴക്കമേറിയ ശ്രദ്ധാകേന്ദ്രം. നെയ്യാറിന്റെ തീരത്ത് മഹർഷിമാർ പ്രതിഷ്ഠിച്ചതാണെന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ മഹാവിഷ്ണു പ്രതിഷ്ഠ നൂറ്റാണ്ടുകൾക്കിടയിലെ കാലഭേദങ്ങളെ അതിജീവിച്ച് ഇന്നും ആരാധനാമൂർത്തിയായി തുടരുന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ കുറ്റിയായണിക്കാട് കേന്ദ്രമാക്കി ഒളിവുകാലം കഴിച്ചുകൂട്ടിയതായി ചരിത്രമുണ്ട്. അന്നത്തെ മാടമ്പിമാരുടേയും എട്ടുവീട്ടിൽ പിള്ളമാരുടേയും ആക്രമണഭീഷണി ഉണ്ടായിരുന്നിട്ടും കുറ്റിയായണിക്കാട് കേന്ദ്രമാക്കിയാണ് മാർത്താണ്ഡവർമ്മ പടയൊരുക്കിയത്. ക്രിസ്തുവർഷം 1888ൽ ശ്രീ നാരായണ ഗുരു, ഈഴവ ശിവനെ പ്രതിഷ്ഠിച്ച് ചരിത്രം സൃഷ്ഠിച്ച ‘അരുവിപ്പുറം ക്ഷേത്രം’ ഇവിടുന്ന് ഏതാനും കിലോമീറ്ററുകൾ മാറിയാണ് സ്ഥിതി ചെയ്യുന്നത്. കൊല്ലവർഷം 1108-ൽ ഈ പ്രദേശത്ത് ഭീകരമായ വെള്ളപ്പൊക്കമുണ്ടാവുകയും, അതിനെ തുടർന്ന് പടർന്നുപിടിച്ച മാരകമായ മലമ്പനിയിൽ അനേകമാളുകൾ മരണപ്പെടുകയും ചെയ്തു. ഇതറിഞ്ഞ തിരുവിതാംകൂർ രാജകുടുംബത്തിലെ അമ്മമഹാറാണിയും ശ്രീചിത്തിര തിരുനാൾ മഹാരാജാവും ഡോക്ടറുടെ സംഘത്തോടൊപ്പം 1112 മിഥുനം 6-ാം തിയതി ആര്യങ്കോട് സ്ഥിതി ചെയ്യുന്ന ഒറ്റശേഖരമംഗലം പോലീസ് ഔട്ട് പോസ്റ്റിൽ എഴുന്നള്ളുകയും പ്രജകൾക്ക് കൊയ്നയും(പ്രതിരോധമരുന്ന്) ഗുളികകളും സൌജന്യമായി വിതരണം ചെയ്യുകയും ചെയ്തതായി ചരിത്രരേഖകളുണ്ട്.

ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ, ഈ ഗ്രാമം സന്ദർശിക്കാനെത്തുന്നവരുടെ പ്രധാന ആകർഷണകേന്ദ്രമാണ് ‘കിഴക്കൻമല’. ഈ പ്രദേശത്തെ ഉയരം കൂടിയ ഒരു മലയാണിത്. ചക്രവാളങ്ങളെ തൊട്ട്കിടക്കുന്ന സഹ്യപർവത മലനിരകളുടെ മനോഹാരിത ഇവിടെ നിന്നാൽ ദൃശ്യമാകും. നെയ്യാറിന്റെ തീരത്താണ് ഈ ഗ്രാമം. നെയ്യാർ ഡാമിൽ നിന്നു തുടങ്ങുന്ന ‘നെയ്യാർ ഇറിഗേഷൻ പ്രോജക്റ്റി’ന്റെ ഭാഗമായുള്ള നദീജല കനാൽ ഇവിടെ കൂടി കടന്നുപോകുന്നു. നെയ്യാറിലെ ജലമാണ് ഇവിടെ കൃഷിക്കായി പ്രയോജനപ്പെടുത്തുന്നത്. മലകൾക്കിടയിലൂടെ കനാൽ ജലം കൊണ്ട് പോകാനായി തറനിരപ്പിൽ നിന്നും മീറ്ററുകളോളം ഉയരത്തിൽ, ബ്രിട്ടീഷ് ശൈലിയിൽ നിർമിച്ച ‘തൊട്ടിപ്പാലങ്ങൾ’ ഈ പ്രദേശത്തെ ഒരു കൗതുക കാഴ്ച്ചയാണ്.

പ്രധാന ആകർഷണങ്ങൾ

തിരുത്തുക
  • 900വർഷങ്ങളോളം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന പൊഴിയല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം. കാലപ്പഴക്കം വിളിച്ചോതുന്ന ക്ഷേത്രാവശിഷങ്ങൾ ഇന്നും ഇവിടെ കാണാവുന്നതാണ്.
  • തെക്കൻ തിരുവിതാംകൂറിലെ പ്രധാന രാജവംശങ്ങളിൽ ഒന്നായിരുന്ന കോയിക്കൽ രാജകുടുംബവുമായി ബന്ധമുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള ‘കോയിക്കൽ തെക്കേത്’ ഇവിടെ സ്ഥിതി ചെയ്യുന്നു. ഇന്നിത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രമാണ്.
  • ബ്രിട്ടീഷ് എഞ്ചിനീയറിംഗ് വൈദഗ്ദ്യം വിളിച്ചോതുന്ന ‘തൊട്ടിപ്പാലങ്ങൾ’.
  • പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാവുകൾ.
  • പ്രകൃതിസൌന്ദര്യം ആസ്വദിക്കാൻ കഴിയുന്ന കിഴക്കന്മല.
  • ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന കൃഷിനിലങ്ങൾ. 10വർഷം മുൻപു വരെ നെൽകൃഷി സജീവമായിരുന്ന ഇവിടെ ഇന്ന് നെൽകൃഷി ഇല്ലെങ്കിലും, പരമ്പരാഗത വിളകളായ വാഴ, മരിച്ചീനി, ചീര, പയർ, വെള്ളരി, പാവൽ, പടവലം, ഇഞ്ചി, കുരുമുളക്, തെങ്ങ് മുതലായവ വ്യാപകമായി കൃഷി ചെയ്യുന്നു. കൂടാതെ ഇന്ന് നാണ്യവിളകളിൽ മുൻപന്തിയിൽ നിൽക്കുന്ന റബർ കൃഷിയും വ്യാപകമായി കൊണ്ടിരിക്കുന്നു.
  • കർഷക സംസ്കാരത്തിന്റെ തനിമ നിലനിർത്തി കൊണ്ടുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും ഇന്നും കൊണ്ടാടുന്ന കുറ്റിയായണിക്കാട് ശ്രീ ഭദ്രകാളി ക്ഷേത്രം.

എത്തിച്ചേരാനുള്ള മാർഗങ്ങൾ

തിരുത്തുക

തിരുവനന്തപുരത്ത് നിന്നും പ്രാവച്ചമ്പലം-മാറനല്ലൂർ പോങ്ങുംമൂട്- കീഴാറൂർ-ഒറ്റശേഖരമംഗലം ബസുകൾ നേരിട്ടുണ്ട്. പക്ഷേ ഇവ എപ്പൊഴും ലഭ്യമല്ല. തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വന്നാൽ അവിടെ നിന്നും അരമണിക്കൂർ ഇടവിട്ട് ബസുകൾ ലഭിക്കും.

"https://ml.wikipedia.org/w/index.php?title=കുറ്റിയായണിക്കാട്&oldid=3628718" എന്ന താളിൽനിന്ന് ശേഖരിച്ചത്