കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പേരാവൂർ ഗ്രാമപഞ്ചായത്തിൽ മണത്തണ ദേശത്ത് സ്ഥിതിചെയ്യുന്ന ചെറിയൊരു ക്ഷേത്രമാണ് കുണ്ടേൻകാവ് മഹാവിഷ്ണു ക്ഷേത്രം. കൊട്ടിയൂർ ശിവക്ഷേത്രങ്ങളുടെ 72 കീഴേടങ്ങളിൽ പ്രധാനമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്, മണത്തണയിലെ ചപ്പാരം ഭഗവതിക്ഷേത്രത്തിനടുത്താണ്. കൊട്ടിയൂരിലെ പ്രസിദ്ധമായ വൈശാഖോത്സവം കഴിഞ്ഞുവരുന്ന ഭക്തർ ഇവിടെയും ദർശനത്തിനെത്താറുണ്ട്. പ്രധാനപ്രതിഷ്ഠയായ മഹാവിഷ്ണുവിനെക്കൂടാതെ ഗണപതി, ശ്രീ പോർക്കലി ഭഗവതി, രക്ഷസ്സ് തുടങ്ങിയവർക്കും പ്രതിഷ്ഠകളുണ്ട്. വൈശാഖോത്സവം കൂടാതെ അഷ്ടമിരോഹിണി, ധനു പത്ത്, വിഷു തുടങ്ങിയവയും പ്രധാനമാണ്. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രഭരണം.