കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം

തിരുവനന്തപുരത്തുനിന്നു 17 കിലോമീറ്റർ കിഴക്കു മാറി വിളപ്പിൽശാല എന്ന സ്ഥലത്തു വിളപ്പിൽശാല-കാട്ടാകട റോഡിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു ഭദ്രകാളി ക്ഷേത്രമാണ് കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം. ആദിപരാശക്തിയായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം
കുണ്ടാമൂഴി മുടിപ്പുര
മുടിപ്പുരയിലെ ചെറിയ തിരുമുടി
അടിസ്ഥാന വിവരങ്ങൾ
സ്ഥലംവിളപ്പിൽശാല
മതവിഭാഗംമുടിപ്പുര
ആരാധനാമൂർത്തിശ്രീ ഭദ്രകാളി
ജില്ലതിരുവനന്തപുരം

തെക്കൻതിരുവിതാംകൂറിലും കന്യാകുമാരി പ്രദേശങ്ങളിലും കാണപ്പെടുന്ന മുടിപ്പുരകളിൽ ഒന്നാണിത്. ദേവിയുടെ തിരുമുടി വച്ച് ആരാധിക്കുന്നതിനാലാണ് മുടിപ്പുര എന്ന് വിശേഷിപ്പിക്കുന്നത്. പ്രാദേശികമായി കുണ്ടാമൂഴി മുടിപ്പുര എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഉപദേവതമാരായി ഗണപതി, ശാസ്താവ്, യക്ഷി, മന്ത്രമൂർത്തി, തമ്പുരാൻ, ബ്രഹ്മരക്ഷസ്സ് തുടങ്ങിയ പ്രതിഷ്ഠകൾ ഉണ്ട്.

കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രട്രസ്റ്റിൻ്റെ കീഴിലാണ് ക്ഷേത്രത്തിന്റെ പ്രവർത്തനം.

പ്രതിഷ്ഠ തിരുത്തുക

 
ശ്രീ കുണ്ടാമൂഴി ദേവി

പരാശക്തിയുടെ രൗദ്ര ഭാവമായ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. ദാരികവധത്തിനായി പരമേശ്വരന്റെ മൂന്നാംകണ്ണിൽനിന്ന് പിറന്ന മഹാഭൈരവിയായത്രെ സങ്കല്പം. തിരുമുടികളിലായാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ വടക്കോട്ടു ദർശനമായി ഉഗ്രഭാവത്തിലും കിഴക്കോട്ട് ദർശനമായി സൗമ്യഭാവത്തിലുമാണ് പ്രതിഷ്ഠ.

വടക്കോട്ട്‌ ദർശനമായിയാണ് ആദ്യം പ്രധാന തിരുമുടി (രൗദ്ര ഭാവത്തിൽ) പ്രതിഷ്ഠിച്ചിരുന്നത്. കാലക്രമേണ ദേവിയുടെ രൗദ്രത വർധിച്ചുവന്നതിനാൽ ചെറിയ തിരുമുടി ശാന്തഭാവത്തിൽ നിർമ്മിച്ച് കിഴകോട്ടു ദർശനമായി പ്രതിഷ്ഠിക്കുകയാണുണ്ടായത്.തിരുമുടിയോടൊപ്പം ദേവിയുടെ പള്ളിവാളും ത്രിശൂലവും മുലഹാരവും കാൽച്ചിലമ്പും ശ്രീകോവിലിലുണ്ട്.

തലയിൽ എഴുന്നള്ളിക്കാൻ ബുദ്ധിമുട്ടായതിനാൽ പ്രധാന തിരുമുടി പുറത്തെഴുന്നള്ളിക്കാറില്ല. ഉത്സവകാലങ്ങളിലും പ്രധാന തിരുമുടി ശ്രീകോവിലിന്റെ ഉള്ളിൽ തന്നെയാണ് ആരാധിക്കുക (ആദ്യ പ്രതിഷ്ഠനടത്തിയ കാലം പ്രധാന തിരുമുടി തന്നെയാണ് പുറത്തെഴുന്നള്ളിച്ചു കൊണ്ടിരുന്നത് എന്നാൽ ദേവിയുടെ ചൈതന്യം വർധിച്ചതിനാൽ തിരുമുടിക്ക് ഭാരം വർധിക്കുകയുണ്ടായതായി പറയപ്പെടുന്നു).

ഭദ്രകാളി ഭാവത്തിലായതിനാൽ കടുംപായസമാണ് ദേവിയുടെ ഇഷ്ട നിവേദ്യം. പാൽപ്പായസവും നിവേദിക്കാറുണ്ട്.

ഭദ്രകാളീ മാഹാത്മ്യം തിരുത്തുക

ആദിപരാശക്തിയായ ഭദ്രകാളീദേവിയുടെ ആവിർഭാവവും ദേവിയുടെ ധീരപരാക്രമങ്ങളും വിവരിക്കുന്നതാണ് മാർക്കണ്ഡേയപുരാണത്തിലെ ഭദ്രകാളി മാഹാത്മ്യം.

മാർക്കണ്ഡേയ മഹർഷിയിൽ നിന്ന് ദുർഗ്ഗാ മാഹാത്മ്യം കേട്ടറിഞ്ഞ ശേഷം ശിവശർമ്മൻ എന്ന ബ്രാഹ്മണൻ ഭദ്രകാളിയെ കുറിച്ച് മുനിയോട് ചോദിക്കുന്നു. തൽഫലമായി മഹർഷി ശിവശർമ്മനോട് ഉപദേശിക്കുന്ന രീതിയിലാണ് ഭദ്രോൽപത്തി ചമച്ചിരിക്കുന്നത്.

ശിവശർമ്മന്റെ ചോദ്യത്തിന് മാർക്കണ്ഡേയ മഹർഷി ഒരു കഥയിലൂടെ ദേവീചരിതം പറയുകയാണ്:

കാശ്മീരരാജ്യം ബലവാനും ധീരനും ചന്ദ്രപ്രഭയോടു കൂടിയ മുഖമുള്ളവനുമായ ചന്ദ്രസേനമഹാരാജാവിനു കീഴിലായിരുന്ന കാലം. ഒരിക്കൽ അദ്ദേഹം മന്ത്രി-സൈന്യസമേതം ദണ്ഡകാര്യണ്യത്തിൽ നായാട്ടിന് പോയി. അനവധി ക്രൂരമൃഗങ്ങളെ കൊന്നശേഷം അദ്ദേഹവും പരിവാരങ്ങളും വിശ്രമിക്കാനായി  ഇരുന്നു. ഒരു വലിയ പുറ്റ് രൂപപ്പെട്ടിരുന്നതിന് അടുത്തായ് നിന്ന ഒരു വലിയ മരത്തിൽ തങ്ങളുടെ രണ്ട് ഗജവീരന്മാരേ ബന്ധിച്ചു. ശേഷം മന്ത്രിമാരുമായ് ചൂതിൽ ഏർപ്പെട്ട രാജാവ് അതിൽ ആസക്തിപൂണ്ടിരുന്നു. ഈ സമയം മദമിളകിയ ഗജവീരന്മാർ ആ വൻപുറ്റിനെ നിശ്ശേഷം നശിപ്പിച്ചു. ഉടൻ ആ പുറ്റിൽ നിന്ന് ഘോരരൂപിയായ ഒരു ഭീകരസത്വം പുറത്തുവന്നു. കരിമ്പന പോലെ തടിച്ചിരുണ്ട ശരീരത്തോടും ക്രോധത്താൽ ചുവന്ന കണ്ണുകളോടുകൂടിയ ആ ഭൂതം രണ്ട് ആനകളേയും ഭക്ഷിച്ചു. എന്നിട്ടുo കലിയടങ്ങാതെ തനിക്കും മന്ത്രിമാർക്കും നേരേ അടുക്കുന്ന ഭീകര സത്വത്തിനെ കണ്ട് രാജാവും സൈന്യവും നാനാദിക്കിലേക്കും ഓടി. ഭൂതം രാജാവിനു നേരേ തിരിഞ്ഞ് അദ്ദേഹത്തെ പിന്തുടർന്നു. ഭയന്ന് ഓടിയോടി ചന്ദ്രസേനരാജാവ് സുതീക്ഷണ മഹർഷിയുടെ ആശ്രമത്തിൽ എത്തി അഭയം തേടി. ഭൂതം ആശ്രമത്തിന് ഉള്ളിൽ കടക്കാതെ പുറത്ത് തന്നെ നിന്നു. ഭയന്ന് വിറക്കുന്ന രാജാവിൽ നിന്ന് കാര്യകാരണങ്ങൾ അറിഞ്ഞ മഹർഷി ജ്ഞാനദൃഷ്ടിയിലൂടെ ഘോരരൂപിയെ തിരിച്ചറിഞ്ഞു. ആശ്രമത്തിന് പുറത്തെക്കിറങ്ങിയ മഹർഷി ഭൂതത്തിനോട് ക്ഷമിക്കാൻ അപേക്ഷിച്ചു, "അല്ലയോ ഭൂതശ്രേഷ്ഠാ! ഭദ്രകാളിയുടെ പ്രിയ ഭൃത്യനായ അവിടുന്ന് രാജാവിനോട് ക്ഷമിച്ച് തിരികേപോയാലും." ഇപ്രകാരമുള്ള മഹർഷിയുടെ അഭ്യർത്ഥന കേട്ട ഭൂതം തിരികേപോയി.

അകത്തെത്തിയ മഹർഷിയോട് രാജാവ് ഇങ്ങനെ പറയുന്നു, "അല്ലയോ മഹർഷേ ഇത്രയും ഭീകരനായ ഭൃത്യനുള്ള ദിവ്യശക്തിയെതാണ്? ഭൃത്യൻ ഇത്രയും ശക്തിശാലി അണെന്നുണ്ടെങ്കിൽ ആ ചൈതന്യം എത്ര പ്രതാപിയായിരിക്കും? എനിക്ക് ആ മഹാശക്തിയെ കുറിച്ച് പറഞ്ഞ് തന്നാലും." രാജാവിൻ്റെ അപേക്ഷ കേട്ട മഹർഷി അദ്ദേഹത്തെ ശിഷ്യനാക്കാൻ ഉറച്ചു. ശേഷം ഭദ്രകാളിചരിതം പറഞ്ഞു കുടുക്കുകയാണ്:

ഒരിക്കൽ ദേവാസുരയുദ്ധം നടന്നസമയം. ദേവപക്ഷം ചേർന്ന നാരായണൻ തൻ്റെ സുദർശനത്താൽ അസുര കണ്ഠങ്ങൾ അറുത്തു. സുദർശനചക്രം ഭയന്ന് പലായനം ചെയ്ത അസുരന്മാർ പർവതഗുഹകളിൽ പോയൊളിച്ചു. അസുരനാരിമാരായ നാല് സ്ത്രീകളും കൂട്ടത്ത് ഉണ്ടായിരുന്നു. അവരിൽ ദാരുമതിയും ദാനവതിയും ഭർതൃമതികൾ ആയിരുന്നതിനാൽ ബ്രഹ്മാവിനെ തപംചെയ്ത് ധീരരും ദേവന്മാരെക്കാൾ ശ്രേഷ്ഠരുമായ രണ്ട് പുത്രന്മാർ ഉണ്ടാകാൻ വരം വാങ്ങുകയുണ്ടായി. യഥാകാലം അവർ രണ്ടുപേരും രണ്ടു ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി ദാനവതിയുടെ പുത്രന് ദാനവൻ എന്നും ദാരുമതിയുടെ പുത്രന് ദാരുകൻ എന്നും നാമകരണം ചെയ്തു. ദാരുകൻ്റെ ജനനസമയത്ത് പലതരം ദുർനിമിതങ്ങൾ കാണുകയുണ്ടായി! ദേവവൈരിയായ ദാരുകനോട് ബ്രഹ്മാവിനെ തപസ്സ്ചെയ്ത് പ്രീതിപ്പെടുത്താൻ മാതാക്കൾ ഉപദേശിച്ചു.

അങ്ങനെ അവൻ ഗോകർണത്ത് ചെന്ന് തപസ്സരംഭിച്ചു. ഉഗ്രമായ ആ തപസ്സ് അനേകായിരം വർഷങ്ങൾ നീണ്ടുപോയി. എന്നിട്ടും ബ്രഹ്മാവ് പ്രത്യക്ഷപ്പെടുന്നില്ല എന്നു കണ്ടപ്പോൾ അവൻ സ്വശിരസ്സ് അറുത്തു ഹോമിക്കാനൊരുങ്ങി. വീശിയ വാൾ കഴുത്തിൽ തട്ടി ഒരു ചോരത്തുള്ളി പൊടിഞ്ഞ മാത്രയിൽ വിരിഞ്ജൻ പ്രത്യക്ഷനായി അരുളിച്ചെയ്തു " നിൻ്റെ കണ്ഠത്തിൽനിന്നു വീഴുന്ന ഓരോ തുള്ളി ചോരയിൽ നിന്നും ആയിരം അസുരശ്രേഷ്ഠർ ഉത്ഭവിക്കും."  ദേവനെ കണ്ടയുടൻ സാഷ്ടാംഗം പ്രണമിച്ച ശേഷം ദാരുകൻ പറഞ്ഞു, " അല്ലയോ പിതാമഹാ! ദേവന്മാരൊ യക്ഷൻമാരോ മനുഷ്യരോ മറ്റൊരു വർഗ്ഗത്തിലും പെടുന്ന പുരുഷന്മാരാൽ ഞാൻ വധ്യനാവരുത്! ഹരിഹരന്മാർക്ക് എന്റെ പ്രാണനെ ഹനിക്കാനാവരുത്! സകലമന്ത്രദേവതമാരെയും അവിടുത്തെ ദിവ്യമായ ബ്രഹ്മദണ്ഡവും എനിക്ക് വരമായി നൽകിയാലും."  ഇതുകേട്ട ബ്രഹ്മാവ് മന്ദഹാസത്തൊടെ അവന് വരങ്ങൾ നൽകി എന്നിട്ട് ദാരുകനോടു ചോദിച്ചു, "ഹേ അസുരശ്രേഷ്ഠ! സ്ത്രീകളുടെ കാര്യം അങ്ങ് മറന്നു പോയതാണോ?"തികച്ചും പുച്ഛതോടുകൂടി അസുരൻ മറുപടി പറഞ്ഞു" സ്ത്രീകളോ! ഇതു നല്ല കാര്യമായി! ധീരനായ എന്നെ കണ്ടാൽ അവർ പഞ്ഞി പറക്കുമ്പോലെ പറക്കു ദാരുകൻ്റെ അഹങ്കാരത്തിൽ കുപിതനായ ബ്രഹ്മാവ് അവന് മൃത്യു സ്ത്രീ രൂപത്തിലാകും എത്തുക എന്നും സ്ത്രീകളിൽതൻ്റെ വരങ്ങൾ നിഷ്ഫലമായി തീരുമെന്നും അറിയിച്ചു. ശേഷം സത്യലോകത്തെക്ക് അന്തർധാനം ചെയ്തു.

വരപ്രാപ്തനായ ദാരുകൻ താൻ അമരത്വം കൈവരിച്ചിരിക്കുന്നു എന്ന് ധരിച്ച് തന്റെ പുരിയിൽ തിരിച്ചെത്തി. സന്തോഷത്തോടെ ബന്ധുമിത്രാദികളേയും മാതാപിതാക്കളേയും ആശ്ലേഷിച്ച ശേഷം അസുരശിൽപ്പിയായ മയാസുരനെ വരുത്തി പശ്ചിമ സമുദ്രതീരത്ത് ഒരു രാജധാനി നിർമ്മിക്കാൻ ഏർപ്പെടുത്തി. ദേവലോകത്തേ വെല്ലുന്ന തരത്തിൽ ദാരുക പുരി ശോഭിച്ചു! സ്വർണ്ണമയമായ നിരവധി കോട്ടക്കൊത്തളങ്ങളും കേളീഗൃഹങ്ങളും രത്നാലംകൃതമായ മണിമന്ദിരങ്ങളും ഉയർന്നഗോപുരങ്ങളും ഉദ്യാനങ്ങളും പൂവനങ്ങളും ക്രീഡാഗൃഹങ്ങളും ദാരുകപുരി അതിമനോഹരമാക്കി. പന കരിമ്പന പുന്നാഗം പുന്ന മുല്ല മന്ദാരം ചന്ദനം കദളി തെങ്ങ് തുടങ്ങിയ നാനാവിധ വൃക്ഷലതാദികളും ആ ഉദ്യാനങ്ങളിൽ ഉണ്ടായിരുന്നു. വിവിധ ദേശങ്ങളിൽ നിന്ന് എത്തുന്ന വ്യാപാരികൾ കൊണ്ട് വരുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ഗന്ധം എങ്ങും പരന്നു.

അമരാവതി തോൽക്കും വിധം പ്രഭ ചൊരിയുന്ന രാജധാനി നിർമ്മിച്ച മയാസുരന് ദാരുകൻ പട്ടും വളയും മറ്റനേകം ഉപഹാരങ്ങളും നൽകി ആദരിച്ചു.ഒരു ശുഭ മുഹൂർത്തം നോക്കി ദാരുകൻ തന്റെ ബന്ധുമിത്രാകളോടൊപ്പം ഗൃഹപ്രവേശം ചെയ്തു. ശേഷം പത്തുദിക്കിലും കേൾക്കത്തക്കവണ്ണം ദുംദുഭിനാദം മുഴക്കി അസുര സൈന്യം ആഹ്ലാദിച്ചു. പർവ്വത ഗുഹകളിൽ ഒളിച്ചിരുന്ന ദൈത്യർ ഈ ശബ്ദം കേട്ട് ദാരുകപുരിയിൽ തിരിച്ചെത്തി. തുടർന്ന് സകലരും ചേർന്ന് ദാരുകനെ അസുര ചക്രവർത്തിയായി അഭിഷേകം ചെയ്തു. സർവ്വ അംഗലാവണ്യവും ചേർന്ന മയാസുരപുത്രിയായ മനോദരിയെ ദാരുകൻ പരിഗ്രഹിച്ചു.എന്നിട്ട് അനേകായിരം വരുന്ന സൈന്യത്തോടെ ദേവലോകം ആക്രമിക്കാനായി പുറപ്പെട്ടു.

അമരാവതിയെ എല്ലാ ദിക്കിൽ നിന്നും വളഞ്ഞ അസുര സൈന്യത്തെക്കണ്ട് ദേവന്മാർ വിറച്ചുതുടങ്ങി. പുരന്ദരനായ ഇന്ദ്രനാൽ നയിക്കപ്പെടുന്ന ദേവ സൈന്യം അസുരന്മാരോട് ഏറ്റുമുട്ടി. ഇന്ദ്രന്റെ വജ്രായുധത്താൽ അനേകം അസുരന്മാർ വധിക്കപ്പെട്ടു. ഇത് കണ്ട് കോപാക്രാന്തനായ ദാരുകൻ ഇന്ദ്രനോട് ഏറ്റുമുട്ടാൻ മുന്നോട്ട് വന്നു. അഞ്ച് ബാണങ്ങളാൽ ഐരാവതത്തേയും മൂന്ന് ബാണങ്ങളാൽ ഇന്ദ്രസാരഥി മാതലിയേയും രണ്ട് ബാണങ്ങളാൽ ഉച്ചൈശ്രവസ്സിനേയും അസുരൻ ആക്രമിച്ചു. തന്നിലേക്ക് വജ്രായുധം പ്രയോഗിക്കാനാണ് ഇന്ദ്രൻ്റെ നീക്കം എന്ന് കണ്ട അസുരചക്രവർത്തി തൻ്റെ ബ്രഹ്മദണ്ഡം എടുത്തു. ആ ദിവ്യ ശസ്ത്രത്തിൽ നിന്ന് ഉത്ഭവിച്ച മഹഭൂതങ്ങൾ ദേവന്മാരെ ആക്രമിച്ചു. ഭയന്ന ദേവന്മാർ അമരാവതി വിട്ട് ഗുഹാന്തരങ്ങളിൽ പോയി അഭയം തേടി. അങ്ങനെ ദേവന്മാരെ ഓടിച്ച് ദാരുകൻ ദേവലോകം കൈക്കലാക്കി!

അവിടുത്തെ സകലമാന വിശിഷ്ട വസ്തുക്കളും ദാരുകൻ തൻ്റെ രാജധാനിയിലേക്ക് കൊണ്ടുപോയി. ദേവനാരിമാരെയും അപ്സരസ്സുകളെയും കൊണ്ട് മനോദരിയുടെ ദാസിവേല ചെയ്യിച്ചു. മനോദരിയുടെ വസ്ത്രങ്ങൾ തങ്ങളുടെ കണ്ണീരിനാൽ കഴുകിയുണക്കി ദേവനാരിമാർ ക്ലേശിച്ചു. കല്പകവൃക്ഷവും നന്ദനോദ്യാനത്തിലെ പാരിജാതവും മറ്റ് ദിവ്യവൃക്ഷങ്ങളും തൻ്റെ കൊട്ടാര മുറ്റത്ത് കൊണ്ടുപോയി നട്ട ശേഷം അപ്സരസ്സുകളെ അത് നനയ്ക്കാൻ നിയോഗിച്ചു. ഭൂമിയിലും തൻ്റെ ആധിപത്യം സ്ഥാപിക്കാനായി ദാരുകൻ അസുരന്മാരെ അയച്ചു.അവർ മനുഷ്യരെയും ഗോക്കളെയും ദ്രോഹിച്ചു. യാഗാദികൾ മുടക്കുകയും ഗോശാലയ്ക്ക് നാലുപാടും തീയിട്ടശേഷം ആ തീയിൽ പെട്ട് വിലപിക്കുന്ന ഗോക്കളെ നോക്കി കൈകൊട്ടി ചിരിക്കുകയും ചെയ്തു. ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രജാതികളിൽ നിന്നും പണവും ധാന്യങ്ങളും അപഹരിച്ചു. അങ്ങനെ ദാരുകൻ്റെ ദുഷ്ട ഭരണം ലോകത്തിൻ്റെ തന്നെ നിലനിൽപ്പിനെ ബാധിച്ചു തുടങ്ങി!പതിനാല് ലോകങ്ങളിലും തൻ്റെ മേൽക്കോയ്മ സ്ഥാപിച്ച ദാരുകൻ അഹങ്കാരത്തോടെ സംവത്സരങ്ങളോളം വാണു. അസുരസേനയെ ഭയന്ന് ഗുഹാന്തരങ്ങളിൽ ഒളിച്ച ദേവന്മാരെ ദാരുകൻ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നു. യാഗങ്ങൾ നടക്കാത്തതിനൽ ഹവിസ്സ് ലഭിക്കാതെ ദേവന്മാർ ശക്തിഹീനരയി. തുടരെ തുടരെ ഉള്ള ഉപദ്രവത്തെ സഹിക്കവയ്യാതെ ദേവന്മാർ സത്യലോകത്ത് ചെന്ന് ബ്രഹ്മാവിനെ കണ്ട് സങ്കടം ഉണർത്തിച്ചു.

''അല്ലയോ പിതാമഹാ! അസുരചക്രവർത്തിയായ ദാരുകൻ്റെ ഉപദ്രവം സഹിക്കവയ്യാതെയായിരിക്കുന്നു. ദുഷ്ടനായ അവൻ ഞങ്ങളെ ദേവലോകത്ത് നിന്ന് സ്ഥാനഭ്രഷ്ടരാക്കി. സകല ചരാചരങ്ങളും അവൻ്റെ ക്രൂരവിനോദങ്ങളിൽ പെട്ട് കഷ്ടപ്പെടുന്നു. അവിടുത്തെ വരപ്രസദത്തൽ അവൻ അഹങ്കാരിയും അതി ദാരുണനും ആയി ഭവിച്ചിരിക്കുന്നു. ദയവായി ഇതിനൊരു പരിഹാരം കണ്ട് ഞങ്ങളെ രക്ഷിച്ചാലും!"

ദേവന്മാരുടെ സങ്കടം കേട്ട ബ്രഹ്മാവ് മറുപടി പറഞ്ഞു: "ഹേ ദേവന്മാരെ! അവൻ്റെ ദാരുണമായ വിളയാട്ടങ്ങൾ നാം അറിയുന്നു. എൻ്റെ വരത്താൽ ലഭിച്ച ശക്തികൾക്ക് എതിരായി എനിക്ക് പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. അതിനാൽ നമുക്കൊരുമിച്ചു പാലാഴിവാസനായ ഭഗവാൻ ശ്രീമന്നാരയണനെ പോയി കണ്ട് പ്രശ്നപരിഹാരം തേടാം." അങ്ങനെ ബ്രഹ്മാദിദേവഗണങ്ങൾ ശ്വേതദ്വീപിൽ എത്തി മഹാവിഷ്ണുവിനെ വാഴ്ത്തി സ്തുതിച്ചു. സന്തുഷ്ടനായ ലക്ഷ്മീപതി അവരെ അനുഗ്രഹിച്ചു ശേഷം വിശേഷങ്ങൾ ആരാഞ്ഞു. ബ്രഹ്മദേവൻ ശ്രീഹരിയോടായി പറഞ്ഞു "അല്ലയോ ഭൂലക്ഷ്മീപതെ! അനന്തശായി! ദേവന്മാരും മനുഷ്യരും ദാരുകാസുരൻ്റെ ദുർഭരണതാൽ വിലപിക്കുന്നു. ഞാൻ നൽകിയ വരത്താൽ ആ ദുഷ്ടൻ സമ്പൂർണ്ണസൃഷ്ടിക്ക് തന്നെ ഭീഷണിയായി തീർന്നിരിക്കുന്നു. ഇതിനൊരു പരിഹാരം കണ്ട് രക്ഷിച്ചാലും നാരായണാ."

എന്നൽ മഹാവിഷ്ണുവും തൻറെ നിസ്സഹായാവസ്ഥ ദേവന്മാരെ അറിയിച്ചു, " ബ്രഹ്മാദി ദേവകളെ ഈ വിഷയത്തിൽ ബ്രഹ്മദേവനെ പോലെതന്നെ ഞാനും നിസ്സഹായനാണ്. വരബലം കൊണ്ട് മദം പൂണ്ട ദാരുകാസുരനെ കൊല്ലാൻ എന്നാൽ സാധ്യമല്ല. പക്ഷേ സംഹാരമൂർത്തിയായ മഹേശ്വരനാൽ അത് സാധ്യമായേക്കും. ജഗത്തിൻ്റെ തന്നെ ഉത്ഭവ സ്ഥാനമാകുന്ന ആ പരബ്രഹ്മ മൂർത്തിയെ കണ്ട് സങ്കടം ഉണർത്തിക്കാം. വരൂ നമുക്ക് കൈലാസ പർവ്വതത്തിലേക്ക് ഗമിക്കാം."

അങ്ങനെ വെള്ളി മാമലയിലെത്തിയ വിഷ്ണുവും മറ്റു ദേവന്മാരും ശ്രീപർവ്വതിയെ മടിയിലിരുത്തി അഖിലകൊടി ബ്രഹ്മാണ്ഡവും ഉള്ളിലാക്കി വിളങ്ങുന്ന ശ്രീപരമേശ്വരനേ കാണുന്നു. ദേവന്മാരുടെ സ്തുതികെട്ട് സന്തുഷ്ടരായി ശിവപാർവ്വതിമാർ അവരെ അനുഗ്രഹിച്ചു. ബ്രഹ്മാവും വിഷ്ണുവും ഗൗരീശങ്കരൻമരുടെ രണ്ട് പാർശ്വങ്ങളിൽ സ്ഥാനം കൊണ്ടു. ശേഷം മുമ്മൂർത്തികളും ചേർന്ന് പരിഹാരത്തിനായി ആലോചിച്ചു. ശ്രീഹരി പറഞ്ഞു, "അല്ലയോ വിരിഞ്ജാ അവിടുന്ന് എന്തൊക്കെ വരങ്ങളാണ് ആ അസുരന് നൽകിയതെന്ന് പറഞ്ഞാലും അവൻ്റെ ആയുസ്സിൻ്റെ അവസാനം ഇപ്പൊൾ സംഭവ്യമാണോ?" ബ്രഹ്മാവ് മറുപടി നൽകി "ആ ദുഷ്ടൻ്റെ ആയുസ്സ് തീരാറായിരിക്കുന്നു! ഒരു ദിവ്യ സ്ത്രീയുടെ കൈകളാൽ മാത്രമെ അവൻറെ അന്ത്യം സംഭവിക്കുകയൊള്ളു എന്നാണ് ഞാൻ അവന് വരം നൽകിയത്." ഉടൻ നാരായണൻ പറഞ്ഞു "എന്നാൽ നമുക്ക് ശക്തരും സർവ്വഐശ്വര്യങ്ങളും നിറഞ്ഞ ചില ദിവ്യ സ്ത്രീകളെ ജനിപ്പിച്ച് ദാരുകന വധിക്കാനായി അയക്കാം."  നാരായണൻ പറഞ്ഞ ഉപായത്തോട് മഹാദേവനും മറ്റ് ദേവകളും യോജിച്ചു. അങ്ങനെ ബ്രഹ്മാവിൻ്റെ ശരീരത്തിൽ നിന്ന് നാല് മുഖങ്ങളും വേദം-മാല-കമണ്ഡലു എന്നിവ ധരിച്ച് ഹംസങ്ങളെ പൂട്ടിയ തേരിൽ ഇരിക്കുന്ന ബ്രഹ്മിയെന്ന ദേവി ഉത്ഭവിച്ചു. നാരായണൻ്റെ ശരീരത്തിൽ നിന്നും ശംഖ് ചക്രം ഗദ ശാർങ്‌ഖം എന്നിവ ധരിച്ച് പീതാംബരം ചുറ്റി ഗരുടനുമേൽ ഇരിക്കുന്ന വൈഷ്ണവി ദേവി ഉണ്ടായിവന്നു. മഹേശ്വരനിൽ നിന്ന് ത്രിശൂലമേന്തി സർപ്പങ്ങളെയും മൗലിയിൽ ചന്ദ്രക്കലയും ധരിച്ച് മൂന്ന്കണ്ണുകളോടും കൂടിയ മാഹേശ്വരി ഉണ്ടായി. ഇന്ദ്രനിൽ നിന്ന്  ആയിരം കണ്ണുകളോട് കൂടി ഐരവതത്തിൽ ഇരിക്കുന്ന ഐന്ദ്രി ഉത്ഭവിച്ചു. സുബ്രഹ്മണ്യനിൽ നിന്നും മയൂരദ്വജയായ കൗമാരിയും യമധർമ്മനിൽ നിന്ന് വരാഹമുഖത്തോട് കൂടി വാരാഹിയും ഉണ്ടായി പിതാക്കന്മാരിൽ നിന്നും അനുഗ്രഹം വാങ്ങി ആറ് മാതൃക്കളുംചേർന്ന്  ദാരുകപുരി ലക്ഷ്യമാക്കി നീങ്ങി!

മാതൃക്കൾ ആറ് പേരും സൈന്യവും ചേർന്ന് ദാരുകപുരി വളഞ്ഞു. പോരിന് ഉത്സുഹരായി ഭേരി മുഴക്കിയ മാതൃക്കൾ ഉഗ്രമായ അട്ടഹസം പുറപ്പെടുവിച്ചു. മണിമെത്തയിൽ തൻ്റെ പ്രിയതമയോടൊപ്പം ശയിച്ചിരുന്ന ദാരുകൻ ശബ്ദ കോലാഹലങ്ങൾ കേട്ട് ഉണരുകയും ഒരു ഭൃത്യനോട് എന്താണ് സംഭവം എന്ന് അറിഞ്ഞ് വരാൻ കല്പിക്കുകയും ചെയ്തു. പുറത്ത് മാതൃസൈന്യത്തെ കണ്ട ഭൃത്യന് അതിയായ ഭയം തോന്നി. കിടുകിടാ വിറച്ചു കൊണ്ട് അവൻ ദാരുകന് സമീപം തിരിച്ചെത്തി വിവരങ്ങൾ ധരിപ്പിക്കുന്നു, "പ്രഭോ! ഏതാനം ആയുധധാരികളായ സ്ത്രീകൾ പടയുമായി വന്ന് പോരിന് വിളിക്കുന്നു. കാണുന്ന മാത്രയിൽ തന്നെ ഭയം ഉളവാകുന്ന തരത്തിൽ ശോഭിക്കുന്ന അവർ ദിവ്യശക്തികൾക്ക് ഉടമയാണെന്നു തോന്നുന്നു." ദരുകൻ ഇപ്പ്രകാരം മറുപടി പറഞ്ഞു," ഹ..ഹ.. ദിവ്യ'സ്ത്രീകളോ' ഇതു നല്ല തമാശ! ദേവന്മാരെ അമരാവതിയിൽ നിന്ന് പുറത്താക്കിയ ഈ ദാരുകനൊട് ഏറ്റുമുട്ടാൻ നാരിമാരോ? നീ ചെന്ന് മഹാകാലനെന്ന സൈന്യാധിപനേയും കൂട്ടി ആ നാരിമാരെ വലയിൽ പെടുത്തി കൊണ്ട് വരൂ..നമുക്ക് പുതിയ ദാസിമാരായി നിയോഗിക്കാം!"

മഹാകാലനും സൈന്യവും മാതൃക്കളോട് യുദ്ധത്തിനായി പുറപ്പെട്ടു. യുദ്ധക്കളത്തിൽ ബ്രാഹ്മി തൻ്റെ കമണ്ഡലുവിൽ നിന്നും തീർത്ഥം തളിച്ച് അസുരന്മാരെ ശക്തിഹീനരാക്കി. വൈഷ്ണവിയാകട്ടെ സുദർശനത്താലും നാന്തകത്താലും അസുരകണ്ഠങ്ങൾ അറുത്തു. മാഹേശ്വരി ത്രിശൂലത്താലും കൗമാരി വേലിനാലും അസുരശരീരങ്ങൾ കുത്തി പിളർത്തി.

ഐന്ദ്രി വജ്രായുധം കൊണ്ടും വാരാഹി തൻ്റെ കൂർത്ത തേറ്റകൊണ്ടും അസുരന്മാരെ നിഗ്രഹിച്ച് മുന്നേറി. അസുരന്മാർ മരിച്ചു വീഴുന്നത് കണ്ട മഹാകാലൻ വൈഷ്ണവി ദേവിയോടായി പോരിനു വന്നു. ഭീകരമായ ഒരു യുദ്ധത്തിന് ശേഷം ദേവി അവൻ്റെ ശിരസറുത്തു! സൈന്യാധിപൻ മൃതി അടഞ്ഞതോടെ സൈന്യം ചിതറി ഓടി. മാതൃക്കൾ ആറുപേരും വിജയദ്വനികൾ മുഴക്കി ആർത്തട്ടഹസിച്ചു.

ജയഭേരിയുടെയും മറ്റും ശബ്ദം കേട്ട ദാരുകൻ മഹാകാലൻ്റെ അന്ത്യം സംഭവിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം ഉടൻ തന്നെ തൻ്റെ രത്നസിംഹാസനം വിട്ട് യുദ്ധത്തിന് സജ്ജമായി. കവചം ധരിച്ച് ബാണചാപങ്ങളും മറ്റ് അസ്ത്രശസ്ത്രങ്ങളും എടുത്ത് കുതിരകളെ പൂട്ടിയ കാഞ്ചനതേരിൽ വെൺകൊറ്റകുടയും വെഞ്ചാമരവും മറ്റ് ഉപചാരങ്ങൾ എല്ലാമേറ്റ് വളരെ ലാഘവത്തോടയാണ് ദാരുകൻ പടനിലത്തിൽ എത്തിയത്. എത്തിയ ഉടൻ തന്നെ അവൻ മാതൃക്കളോടു പറഞ്ഞു, "ഹേ ബുദ്ധിഹീനരായ നാരിമാരെ! പുരുഷന് അലങ്കാരം ആകേണ്ട സ്ത്രീക്ക് ആയോധനം വിധിച്ചിട്ടുള്ള കാര്യമല്ല എന്ന് നിങ്ങൾക്ക് അറിയില്ലേ? നിങ്ങളെ ആ ദേവന്മാർ പറഞ്ഞയച്ചതാവും അല്ലേ? പേടി തൊണ്ടന്മരായ അവരുടെ അവസാനത്തെ പ്രയോഗം ആയിരിക്കും ഇത്! ഹ..ഹാ...എന്തായാലും കൊള്ളാം." ശേഷം അവൻ മാതൃക്കൾക്ക് നേരെ ശരവർഷം ചൊരിഞ്ഞു. പ്രത്യസ്ത്രങ്ങൾ എയ്തു ദേവിമാര് ആ അസ്ത്രങ്ങളെ ഭേദിച്ചു. യുദ്ധം തുടർന്ന് പോകും തോറും അതി ഭീകരമായി തീർന്നു. എന്തു കൊണ്ടും ഈ മാതൃകകളെ നശിപ്പിക്കാനാകുന്നില്ല എന്ന് കണ്ടപ്പോൾ ദാരുകൻ, സിംഹം പുലി ആന സർപ്പങ്ങൾ തുടങ്ങിയ ക്രൂരമൃഗങ്ങളെ മായയാൽ ഉണ്ടാക്കി ദേവിമാർക്ക് നേരെ അയച്ചു. മാഹേശ്വരി ദേവി തൻ്റെ തൃക്കണ്ണ് തുറന്നു ആ മൃഗങ്ങളെ ഭസ്മീകരിച്ചു. പിന്നെയും തുടർന്ന യുദ്ധത്തിൽ വൈഷ്ണവി തൻ്റെ ചക്രംകൊണ്ട് ദാരുകൻ്റെ ശിരസ്സറുത്തു. തൽക്ഷണം  അവൻറെ കണ്ഠത്തിൽ നിന്ന് വീണ ആദ്യ രക്ത തുള്ളിയിൽ നിന്നു ആയിരം അസുരന്മാർ ഉണ്ടായി. തുടർന്ന് വീണ ഒരോ തുള്ളിയിൽ നിന്നും ആയിരക്കണക്കിന് അസുരന്മാർ പിന്നെയും ഉണ്ടായി. അങ്ങനെ യുദ്ധക്കളം നിറഞ്ഞ ദാരുകന്മാർ ദേവിമാരോട് യുദ്ധത്തിനായി വന്നു. അപ്പോൾ ബ്രാഹ്മി ദേവി മറ്റ് മാതൃക്കളൊടായി പറഞ്ഞു, "ദേവിമാരെ ഈ അസുരന്മാർ എൻ്റെ പിതാവിൻ്റെ വരത്താൽ ഉത്ഭവിച്ചവരാണ്  ഇവരെ വധിക്കാൻ നമുക്കാവില്ല അതിനാൽ യുദ്ധക്കളം വിട്ട് രക്ഷപ്പെടുന്നതാണ് ബുദ്ധി. വരൂ നമുക്ക് എവിടെയെങ്കിലും പോയി ഒളിക്കാം!" അങ്ങനെ മാതൃകകൾ ആറുപേരും കൈലസത്തിന് സമീപമുള്ള വനത്തിൽ ഒരു വള്ളികുടിലിൽ പോയി ഒളിച്ചിരുന്നു.ലക്ഷം വരുന്ന രാക്ഷസ സേനയോടൊപ്പം വിജയിച്ച സന്തോഷത്തോടെ അസുരചക്രവർത്തിയായ ദാരുകൻ രാജധാനിയിലേക്ക് തിരിച്ചുപോയി. രക്തത്തിൽ നിന്നുണ്ടായ അസുരസേനയെ ലോകം മുടിക്കുവാനായി പറഞ്ഞയച്ച് തൻ്റെ ക്രൂരമായ വിളയാട്ടം അവൻ തുടർന്നു.

ഇങ്ങനെ ഇരിക്കെ ഒരു നാൾ ദാരുകപുരി നാരദനാൽ സന്ദർശിക്കപ്പെട്ടു. തൻ്റെ കൊട്ടാരത്തിലെത്തിയ ദേവർഷിയെ അസുരചക്രവർത്തി ഉപചരങ്ങളോടെ സ്വീകരിച്ചു. ശേഷം ലോകവിവരങ്ങൾ ആരാഞ്ഞു. നാരദൻ പറഞ്ഞു, " എല്ലാം മുറപോലെ നടക്കുന്നു! വിരിഞ്ചൻ വാണിയോടും ഹരി രമയോടും മഹേശ്വരൻ ഗൗരിയോടും കൂടെ സസ്സുഖം വസിക്കുന്നു. ദേവഗംഗ ഒരാളുടെ കമണ്ഡലുവിൽ ഉണ്ടായി രണ്ടാമൻ്റെ പാദത്തിലൂടെ ഒഴുകി മൂന്നാമൻ്റെ ശിരസ്സിൽ വിശ്രമിക്കുന്നു. ബ്രഹ്മാവിന് നാവിലും നാരായണന് വക്ഷസ്ഥലത്തും പരമേശ്വരന് പാതി ശരീരമായും അവരവരുടെ ഭാര്യമാർ പരിലസിക്കുന്നു." ദേവന്മാരുടെ വർണ്ണന കേട്ട ദാരുകൻ ഉഗ്രമായ കോപം ഉണ്ടായി അവൻ നരദൻ്റെ സംഭാഷണത്തേ മുറിച്ചു ശബ്ദമുയർത്തി സംസാരിച്ചു."ഹേ മൂഢനായ താപസാ! ഇതിൽ ഒരുവൻ സ്വന്തം പുത്രിയെ തന്നെ കാമിക്കുന്നവൻ ആണ്! മറ്റൊരുവൻ ബലിയോട് ദാനം ചോദിച്ച് നീതിമാനായ അദ്ദേഹത്തെ ചവിട്ടി താഴ്ത്തുകയുണ്ടായി! ഒരുവനകട്ടെ ശ്മശാനത്തിൽ ശവഭസ്മം പൂശി സന്ധ്യകൾ തോറും പിശാചുക്കളോടുകൂടി നൃത്തം ചെയ്യുകയും കപാലം കൊണ്ട് നടന്ന് ഭിക്ഷയെടുക്കുകയും ചെയ്യുന്നു! ഇങ്ങനെയുള്ളവരെയാണ് നീ വാനോളം പുകഴ്ത്തുന്നത്."

ദാരുകൻ്റെ കോപത്തെ ഭയന്ന നാരദൻ കൈലസത്തിലേക്ക് പോയി. അവിടെ സർവ്വേശ്വരനായ പരമശിവനെ കണ്ട് നാരദൻ സംഭവവികാസങ്ങൾ ധരിപ്പിക്കുന്നു,

 
കളംകാവൽ എഴുന്നള്ളത്ത്

"അല്ലയോ പരമപ്രഭോ! കൈലാസനാഥ! ആ ദാരുകനെന്ന മഹാദുഷ്ടൻ അങ്ങയെയും ബ്രഹ്മവിഷ്ണുദേവന്മരെയും അപവാദം പറഞ്ഞു. കോപം മൂത്ത് ഭ്രാന്തായ അവൻ എന്നെ ആക്രമിക്കുമെന്നായപ്പോൾ ഞാൻ ഇങ്ങോട്ട് ഓടിവന്നതാണ് ദേവാ. എന്നെ രക്ഷിച്ചലും മഹേശ്വര!" നാരദനിൽ നിന്നും കാര്യ ഗൗരവം മനസ്സിലാക്കിയ പരമശിവൻ ഉഗ്രഭാവം കൈക്കൊണ്ട് ചാടി എഴുന്നേറ്റു. മാൻ-മഴു-ത്രിശൂലം എന്നിവയേന്തി ഭഗവാൻ ദിഗ്ഗന്തങ്ങൾ നടുക്കികൊണ്ട് ആർത്തട്ടഹസിച്ചു. ഭഗവാൻ്റെ ത്രിനേത്രത്തിൽ നിന്ന് പുകച്ചുരുളുകൾ വന്നു. തുടർന്ന്  ആ തിരുനേത്രം തുറക്കപ്പെട്ടു! അഗ്നിജ്വാലകൾ നാലുപാടും പരന്നു. ഉഗ്രവും തീഷ്ണവുമായ ആ ജ്വാലകൾ കാരണം മറ്റെല്ലാം കാണുവാൻ നന്നേ പ്രയാസമായിരുന്നു. തൽക്ഷണം ആ ജ്വാലകൾക്കിടയിൽ അഞ്ജനശൈലം കണക്കെ ഒരു രൂപം കാണുവാനായി. സമയം കഴിയുന്തോറും അത് അത്യധികം പ്രഭ ചൊരിയുന്നതായി വന്നു. ആയിരമായിരം ശിരസ്സുകളും പതിനായിരം കൈകളും സർവ്വ ജഗത്തും നിറഞ്ഞ് നിൽക്കുന്നതുമായ ആ ഉഗ്രതേജസ്സിന് നിറം കൃഷ്ണവർണ്ണമായിരുന്നു. വിശ്വത്തിലെ സകല ചരാചരങ്ങളുടെയും കാതടപ്പിച്ച് ബദിരരാക്കുന്ന തരത്തിൽ ഘോരാട്ടാഹാസം മുഴക്കിക്കൊണ്ട് ഭദ്രകാളി ഭഗവാൻ്റെ മൂന്നാംകണ്ണിൽ നിന്നും ഭൂമിയിലേക്ക് ചാടിയിറങ്ങി! ആ മാത്രയിൽ കൈലാസ പർവ്വതം വിറ കൊണ്ടു! ദേവിയുടെ അട്ടഹാസം കേട്ട് ഗുഹകളിൽ ഉറങ്ങിയിരുന്ന സിംഹങ്ങൾ ഭയന്നു. മുതലകളും മകരമത്സ്യങ്ങളും അടങ്ങുന്ന സപ്തസമുദ്രങ്ങളും ഇളകി മറിഞ്ഞു. കുലപർവതങ്ങൾ എഴും വിറച്ചു. അഷ്ടദിഗ്ഗജങ്ങൾ ഭയന്ന് തലകുലുക്കി ചിഹ്നം വിളിച്ചു. സർവ്വതിനും അപ്പുറമായി സർവ്വവും ഉള്ളിലാക്കും വിധം നിന്ന ഭദ്രകാളിയുടെ സ്വരൂപം കണ്ട് ജഗദീശ്വരിയായ ശ്രീപാർവതിക്ക് പോലും ഭയമുണ്ടായി. എന്നാലും ദേവി മയത്തിൽ ഭദ്രയോടയി പറഞ്ഞു,

                                     "ചണ്ഡികെ പുത്രി ചാമുണ്ഡി ഭദ്രകാളി ഭവാത്മജേ

                                       ഉപസംഹാര രൂപം തദേതത്തേ വിശ്വഭീഷണം

                                     ബ്രാഹ്മ്യാദീനാം തു നാരീണം പ്രഥമാ ത്വാ ഭവിഷ്യസി

                                       ചാമുണ്ഡാഖ്യാ മഹാകാളി തേന സ്യു സപ്തമാതര:"

                                       

                                        (അല്ലയോ മഹകാളിയാകുന്ന, ശിവൻ്റെ പുത്രി!

                                    നിൻ്റെ ഈ ഭീകരമായ രൂപം സംഹരിച്ചു ശാന്തയാകൂ!

                                     സപ്തമാതൃക്കളിലും സകല നാരിമാരിലും നിനക്ക്

                                       പ്രഥമ സ്ഥാനം നൽകി ആദരിക്കും ചാമുണ്ഡേ!)

                                       

മാതാവിൻ്റെ അഭ്യർഥന മാനിച്ച് ദേവി തൻ്റെ ആയിരത്തോളം വരുന്ന ശിരസ്സുകൾ ഒന്നാക്കി. പതിനായിരത്തിലധികം പോരുന്ന കൈകൾ പത്തിനാറായി തീർന്നു. മൂവായിരത്തിലധികം വരുന്ന കണ്ണുകൾ മൂന്നിലേക്ക് ചുരുങ്ങി. സ്വശരീരം ചെറുതാക്കിയ ചണ്ഡിക മാതാവിനെ നമസ്കരിച്ചു. ആനയുടെ മസ്തകത്തിനുള്ളിലേ രത്നം പതിപ്പിച്ച കുണ്ഡലങ്ങളും തോൾവളകളും കങ്കണങ്ങളും മണികാഞ്ചിയും പോൻ ചിലമ്പുകളും ധരിച്ച് സർവ്വഭരണഭൂഷിതയായി ദേവി വർഷമേഘം കണക്കെ ശോഭിച്ചു.

സർവ്വതിനെയും പ്രകാശിപ്പിക്കുന്ന മഹാദേവിയാകുന്ന പുത്രിയെ വിളിച്ച് മഹേശ്വരൻ തൻ്റെ വലത് തുടയിൽ ഇരുത്തി. ശേഷം ദേവിയോടായി ഇങ്ങനെ പറയുന്നു,"പുത്രീ! ഭദ്രേ! കണ്‌ഠേകാളനായ എന്റെ പുത്രിയായതിനാൽ നീ കണ്ഠേകാളി എന്ന് കീർത്തി കേൾക്കും.

എന്റെ കഴുത്തിലെ കാളകൂടത്തിന്റെ വർണ്ണവും തമോഗുണ പ്രധാനിയായതിനാൽ എന്നിലെ കാളിമയും ചേർന്ന് നീ കാളിയായി തീർന്നു!"

തുടർന്ന് ദേവിക്ക് ആനത്തോൽ ഉടുക്കാൻ കൊടുത്തു.

ഭദ്ര ശിവനോടായി പറഞ്ഞു,"അല്ലയോ ജഗത്തിന് നാഥനാകുന്ന പിതാവേ! എന്നെ ജനിപ്പിച്ചതിന് കാരണം പറഞ്ഞാലും എൻ്റെ ജനനോദ്ദേശ്യം പൂർത്തിയാകാൻ ഞാൻ വ്യഗ്രത പൂണ്ട് നിൽക്കുന്നു!" ഭഗവാൻ പറഞ്ഞു, "പുത്രി ചണ്ഡികേ! ദാരുകൻ എന്ന മഹാസുരൻ ലോകർക്ക് നിത്യവും പീഡനങ്ങൾ നൽകിക്കൊണ്ട് ദുർഭരണം നടത്തുന്നു. ദുഷ്ടനായ അവൻ ദേവന്മാരെ സ്വർലോകത്ത് നിന്നും സ്ഥാനഭ്രഷ്ടരാക്കി, അപ്സരസ്സുകളെയും ദേവനാരിമരെയും ദാസിവേല ചെയ്യിക്കുന്നു. മാനവരാശി മുഴുവനും അവൻ്റെ ദാരുണ പ്രവർത്തികളിൽ പെട്ട് കഷ്ടപ്പെടുന്നു. നീ അസുരചക്രവർത്തിയെ വംശത്തോടെ ഉന്മൂലനം ചെയ്യുക. ശേഷം കൈലാസത്തിന് അലങ്കാരമായി എൻ്റെ അടുക്കൽ വന്നു ചേരൂ!"

ഖഡ്ഗം ചക്രം ഗദ ശൂലം മുദ്ഗരം തോമരം ചാപം പരിച തുടങ്ങിയ നാനാവിധ അസ്ത്ര ശാസ്ത്രങ്ങളും ഭദ്രകാളിക്കായി ശിവൻ നൽകി. അറുപത്താറുകോടി ഭൂതഗണങ്ങളെയും കൂളി സമൂഹത്തെയും ഹരൻ കാളിക്ക് നൽകി എന്നിട്ട് ദേവിയോടായി പറഞ്ഞു,"കാളികേ! കൈലസത്തിന് വടക്ക് ഭാഗത്തായി വേതാളി എന്ന മഹാഭയങ്കരി വിശ്രമിക്കുന്നു. അവളെ വാഹനമാക്കി നീ ദാരുക വധത്തിനായി പുറപ്പെടുക. വേതാളിയെ കാട്ടിത്തരാൻ കൗണ്ഡികൻ എന്ന ഭൂതഗണത്തിനെയും കൂടെ കൂട്ടികൊളു. നിനക്ക് മംഗളം ഭവിക്കട്ടെ!"

അങ്ങനെ കൈലാസതിന് ഇടത്തു വെച്ച് വടക്കേ ദിക്കിലൂടെ മൂന്ന് വനങ്ങൾ കഴിഞ്ഞ് ദേവി മഹാകാളവനത്തിൽ എത്തി അവിടെ നന്ദി മഹാകാളനും വേതാളിയും വസിച്ചിരുന്നു.

കൗണ്ഡികൻ വേതാളിയെ ഭദ്രകാളിക്ക് കാട്ടി കൊടുത്തു. ഭദ്രകാളി പറഞ്ഞു,"വേതാളി എഴുന്നേൽക്കുക!" വേതാളി പറഞ്ഞു, ദേവീ കാളികേ! മഹേശ്വരി! വിശപ്പും ദാഹവും വർധിച്ചതിനാൽ എനിക്ക് തീരെ വയ്യതായിരിക്കുന്നു. എൻ്റെ വയറു നിറക്കാൻ ഞാൻ നന്നെ പ്രയാസപ്പെടുന്നു. അവിടുത്തെ ചുമക്കാനുള്ള ത്രാണി എനിക്ക് ഇപ്പോളില്ല. ഭക്ഷണം തരപ്പെടുത്തി തരുമെങ്കിൽ ദേവിയെയും അവിടുത്തെ സൈന്യത്തെയും ഞാൻ ചുമലിലേറ്റി യുദ്ധത്തിനായി സഹായിക്കാം."ഭദ്രകാളി അരുളി ചെയ്തു "ഹേ വേതാളി! ദാരുകപുരത്ത് ചെന്നാൽ ഇരുപത്തി കോടി അസുരന്മാരെ നിനക്കു ഭക്ഷണമായി നൽകാം" ഇതു കേട്ട വേതാളി സമുദ്രത്തിൽ പോയികുളിച്ചു. സുഗന്ധദ്രവ്യങ്ങൾ പൂശി, വനപുഷ്പങ്ങൾ ചൂടിയശേഷം  കണ്ഠേകാളിയേ കഴുത്തിലും സൈന്യത്തെ ചുമലിലും ഇരുത്തി ദാരുകപുരി ലക്ഷ്യമാക്കി നീങ്ങി.

കോടിക്കണക്കിന് വരുന്ന സൈന്യത്തോടോപ്പം വേതാളകണ്ഠമേറിയ ഭദ്രകാളി ദരുകപുരിയിലേക്ക് എഴുന്നള്ളുന്നത് വളരെ ഭീകരമായ ഒരു കാഴ്ച തന്നെയായിരുന്നു! വള്ളി കുടിലിൽ ഒളിച്ചിരുന്ന മാതൃക്കൾ പട ഭേരിയുടെ ശബ്ദം കേട്ട് ഭദ്രകാളിയോടോപ്പം വന്നു. അങ്ങനെ അവർ ഏഴുപേരും ചേർന്ന് സപ്തമാതൃക്കൾ എന്ന് സ്തുതിക്കപ്പെട്ടു! കൊമ്പും മറ്റു വാദ്യങ്ങളും മുഴക്കി ദിഗ്ഗന്തങ്ങൾ നടുക്കികൊണ്ട് സൈന്യം ദാരുകപുരിയിൽ എത്തി ചേർന്നു. കാതടപ്പിക്കുന്ന വിധത്തിൽ ഭദ്രകാളി അട്ടഹസിച്ചു. ഇതുകേട്ട് തൻ്റെ ഭാര്യയുടെ കുചകുംഭങ്ങൾ പുണർന്ന് കിടന്ന ദാരുകൻ ഭൃത്യനോടയി കാര്യം തിരക്കി വരാൻ കല്പിച്ചു. കോടിക്കണക്കിന് വരുന്ന സൈന്യത്തെയും അത്യതികം പ്രഭചൊരിയുന്ന പരമേശ്വരിയേയും കണ്ട ഭൃത്യൻ ഭയചകിതനായി. ഭൃത്യനെ കണ്ട നന്ദിമഹാകാളൻ അവനെ പിടികൂടി. ശേഷം ഭാരമേറിയ ഒരു മരത്തടി അവൻ്റെ തോളിൽ കെട്ടിവച്ചു. തൻ്റെ പ്രാണനും കൊണ്ട് ഓടിയ ഭൃത്യൻ ദാരുകാണ് സമീപം തിരിച്ചെത്തി

അവൻ്റെ ദുർവിധികളെ കുറിച്ച് പറഞ്ഞ ശേഷം ദേവിയെയും സൈന്യത്തെയും വർണ്ണിക്കുന്നു, "പ്രഭോ! അനേകകോടികൾ വരുന്ന ഭീകരസൈന്യം ദാരുകപുരി വളഞ്ഞിരിക്കുന്നു! ആ ഭൂത സൈന്യത്തിന് നടുവിൽ ഞാൻ വർഷമേഘം കണക്കെ ശോഭിക്കുന്ന ഒരു ദിവ്യ ചൈതന്യത്തെ കണ്ടു. ഖഡ്ഗം ചക്രം ഗദ ശൂലം ചാപം അസ്ത്രം മുദ്ഗരം തോമാരം ഇരുമ്പുലക്ക പാര തുടങ്ങിയ ആയുധങ്ങൾ ധരിച്ച് വേതാളിയുടെ കഴുത്തിൽ ഇരിക്കുകയാണത്. സർപ്പങ്ങളെ പോലെയുള്ള തലമുടി നാലുപാടും പറക്കുന്നു!

ആയിരം ശരത്കാല സൂര്യന്മാർ ഉദിക്കുന്ന പ്രകാശത്തോടെ ആ ശക്തി പടക്കളത്തിൽ പ്രശോഭിക്കുന്നു!"

ദൂതൻ്റെ വർണ്ണന കേട്ട അസുരചക്രവർത്തി തൻ്റെ എട്ട് മന്ത്രിമാരുടെയും നേതൃത്വത്തിൽ അസുരസൈന്യം ദേവിയോട് പോര് നയിക്കാൻ കല്പിച്ചു. അങ്ങനെ കങ്കരൻ, കൃപാണൻ, ബാണൻ, സ്തൂണൻ, ജയന്ധനൻ, ധൂമ്രൻ, ധൂമ്രാക്ഷൻ, താമ്രൻ, എന്നീ ദാരുകമന്ത്രിമാർ ദേവിയോട് യുദ്ധത്തിനായി സൈന്യ സമേതം പടക്കളത്തിൽ എത്തി. അസ്ത്ര-പ്രത്യസ്ത്ര വർഷത്താൽ ആകാശം മൂടപ്പെട്ടു. വാൾ ശൂലം ഗദ എന്നീ ആയുധങ്ങൾ പരസ്പരം എടുത്തെറിഞ്ഞ് യുദ്ധം കൊടുമ്പിരി കൊണ്ടു. ശവങ്ങൾ നാനാദിക്കിലും കുമിഞ്ഞ് കൂടി. ഭൂതഗണങ്ങളും പിശാചുക്കളും അവ ഭക്ഷിച്ചു ഓടി നടന്നു. വാക്ക് പറഞ്ഞത് പൊലെ തന്നെ ചണ്ഡിക ഇരുപതുകോടി അസുരന്മാരെ വേതളിക്ക് ഭക്ഷണത്തിനായി നിഗ്രഹിച്ചു. പടക്കളത്തിൽ വേതാളി മൃതദേഹങ്ങളിൽ ആർത്തിപൂണ്ട് ഭക്ഷിച്ചു. പ്രേതങ്ങൾ അസുരന്മാരുടെ തലയോടുകൾ കൊട്ടി നൃത്തം ചെയ്തു. ഭദ്രകാളി തൻ്റെ ശൂലത്താൽ കങ്കരൻ്റെ കഴുത്തിൽ പ്രഹരിച്ചു. തൽക്ഷണം അവൻ കാലനൂർ പൂകി.

കൃപാണനെ കൃപാണത്താൽ നിഗ്രഹിച്ചു. ബാണനെ ബാണം കൊണ്ടും സ്തൂണനെ ഇരുമ്പുലക്ക കൊണ്ടും ജയന്ധനനെ മുദ്ഗരത്താലും ചക്രത്താൽ ധൂമ്രനെയും ധൂമ്രകേതുവിനാൽ ധൂമ്രാക്ഷനെയും താമ്രശല്യത്താൽ താമ്രാക്ഷനെയും ഭദ്രകാളി നിഗ്രഹിച്ചു.തൻ്റെ തോഴിയാൽ എന്ന പോലെ വിജയശ്രീയാൽ ആലിംഗനം ചെയ്യപ്പെട്ട് ഭദ്രകാളി പോർക്കളത്തിൽ ശോഭിച്ചു!

ദേവ ഋഷി ഗന്ധർവ്വ യക്ഷ കിന്നരാദികൾ ഭദ്രകാളി ദാരുക യുദ്ധം കാണുവാൻ വെമ്പൽ കൊണ്ടു നിന്നു. അവർ ഇഷ്‌ട ദേവതയായ ആദിമാതാവിനെ സ്തുതിച്ചു.ദേവദികളുടെ സ്തുതിയിൽ പ്രീതയായ ഭദ്രകാളി അവക്ക് സർവ്വമംഗളങ്ങളും നൽകി അനുഗ്രഹിച്ചു. ഭൂതപ്രേതപിശാചുക്കളുടെ കിലുകിലാരവത്താൽ മുഖരിതമായ പോർക്കളത്തെ തൻ്റെ ഞാണോലിയാൽ ചണ്ഡിക വിറപ്പിച്ചു. ഉഗ്രട്ടഹസങ്ങളും ഭേരിയുടെ ശബ്ദവും കേട്ടു മന്ത്രിമാരുടെ മരണവൃത്തന്തം ഗ്രഹിച്ച ദാരുകൻ ദേവിയോട് യുദ്ധത്തിനായി പുറപ്പെടാൻ തീരുമാനിച്ചു. യുദ്ധത്തിന് പോകുന്നതിനു മുമ്പ് ദാരുകൻ തൻ്റെ വരപ്രപ്തമായ മന്ത്രസിദ്ധികൾ മനോദരിക്ക് ഉപദേശിച്ചു എന്നിട്ട് അത് നിത്യവും ഉരുവിടാൻ പറഞ്ഞു. കൂടാതെ ഗൃഹത്തിൽ വരുന്നവരെ ഉപചാരങ്ങളോടെ സ്വീകരിച്ച് പൂജിക്കാനും ദാരുകൻ മനോദരിയോട് പറയുക ഉണ്ടായി. അങ്ങനെ വൻസൈന്യ ബലത്തോടെ ദാരുകാസുരൻ പടനിലത്തിൽ എത്തി. അസുരൻ ഉഗ്രമായ ശബ്ദത്തിൽ ചണ്ഡികയോട് പറഞ്ഞു "ഹെ മഹാമൂഡേ! എൻ്റെ മന്ത്രിമാരെ കൊന്ന് നീ ഞെളിയുന്നോ? സ്ത്രീകൾക്ക് ആയോധനത്തിൽ പ്രാഗത്ഭ്യം ഉണ്ടെന്ന് തോന്നുന്നില്ല എന്നാൽ നിനക്ക് തെല്ല് ഉണ്ടെങ്കിൽ എന്നോട് പോരിന് വരിക നിൻ്റെ മൂക്കും ചെവിയും ഞാൻ ഇന്ന് മുറിച്ചു തരുന്നതാണ്." ഇത്രയും പറഞ്ഞു ദാരുകൻ ദേവിക്കു മേൽ ശരവർഷം ചൊരിഞ്ഞു എന്നാല് ഭദ്രകാളി അതിനെ ഒക്കെയും ഖണ്ഡിച്ചു. ഇരുമ്പുലക്കയും പാരയും മറ്റുമായി യുദ്ധം കൊടുമ്പിരി കൊണ്ടു. തുടർന്ന് ദാരുകൻ ബ്രഹ്മദണ്ഡം പുറത്ത് എടുത്തതുകണ്ട ദേവഗണങ്ങൾ ബ്രഹ്മാവിനെ സ്തുതിച്ചു, തൽഫലമായി ബ്രഹ്മദണ്ഡത്തിൻ്റെ ശക്തി കുറഞ്ഞു.

ഭദ്രകാളി പോർക്കളത്തിൽ നിന്നു മാറി വിശ്രമിച്ചു. ആ സമയം ശ്രീപാർവ്വതി പുത്രിയുടെ അടുത്തെത്തി പോർക്കളത്തിൽ നിന്നു മാറാനുള്ള കാരണം തിരക്കുന്നു,"മകളെ കാളി! നീയെന്താ പട നിലത്തിൽ നിന്ന് വിട്ട് നിൽക്കുന്നത്? ദാരുകാസുരൻ്റെ അന്ത്യത്തിനായുള്ള ഒരു സൂത്രം ഉപദേശിക്കാം അതുവരെ നീയിവിടെ തുടരുക!" തുടർന്ന് ഗൗരി ഒരു ദരിദ്ര യാചകിയുടെ വേഷത്തിൽ മനോദരിയേ സമീപിച്ചു. ആവശ്യമുള്ളത് എന്തും തരാം എന്ന് പറയുന്ന മനോദരിയോട് യാചകി പറയുന്നു, "ദേവീ ഞാൻ മോക്ഷം മാത്രം കാംഷിക്കുന്ന ഒരാളാണ്. അതിനാൽ അവിടുത്തെ കൈവശം ഉള്ള ആ ദിവ്യമന്ത്രങ്ങൾ എനിക്ക് നൽകുവാൻ കനിവുണ്ടകണം. നമ്മൾ രണ്ടുപേരും ചേർന്ന് ജപിച്ചാൽ മന്ത്രഫലം ഇരട്ടിക്കും. അങ്ങനെയെന്നാൽ അവിടുത്തെ ഭർത്താവിൻ്റെ വിജയം സുനിശ്ചതമാണ്." ഗൗരിയുടെ മായയിൽ പെട്ട മനോദരി മന്ത്രം പാർവ്വതിക്ക് ഉപദേശിച്ചു. ദേവി ഉടൻ ഭദ്രകാളിയുടെ അടുത്തെത്തി മന്ത്രങ്ങളെ ഭദ്രയ്ക്ക് ഉപദേശിച്ചു. മന്ത്ര ശക്തിയാൽ ഉഗ്രയായി തീർന്ന ഭദ്രകാളി വീണ്ടും പോർക്കളത്തിൽ എത്തി.

ദാരുകാസുരൻ വേതാളിക്ക് മേൽ അസ്ത്രവർഷം ചൊരിഞ്ഞു. എന്നാൽ ഭദ്രകാളി സർവ്വത്തിനെയും ഖണ്ഡിച്ചു. ദേവി അസുരൻ്റെ തേരിനെയും തേരാളിയെയും നശിപ്പിച്ചു. അസുരൻ ദേവിക്ക് മേൽ ബ്രഹ്മദണ്ഡം പ്രയോഗിച്ചു. പക്ഷേ മന്ത്രസിദ്ധിയാൽ ഭദ്രയ്ക്ക് അത് ഏൽക്കുന്നില്ല. ആ മഹായുദ്ധത്തനിടയിൽ ദാരുകൻ്റെ ബ്രഹ്മദണ്ഡം ഭൂമിയിൽ വീണു. ഭദ്രകാളി അതെടുത്ത് ദാരുകനെ താഡിച്ചു. അടിയേറ്റു വീണ അവൻ പാതാളത്തിൽ ചെന്ന് ഒളിച്ചു. കോപം കൊണ്ട് ജ്വലിച്ച മഹാമായ നാലാഴിയുടെ നടുവിൽ നാവ വിരിച്ച് നിന്നു.തൻ്റെ മുടികൊണ്ട് സൂര്യനെ മറച്ച് രാത്രിയുടെ അന്ധകാരം സൃഷ്ടിച്ചു. രാത്രിയായി എന്ന് കരുതിയ ദാരുകൻ ഭൂമിയിൽ പ്രവേശിച്ച് ദേവിയുടെ നാവാകുന്ന പ്രതലത്തിൽ വന്ന് വിശ്രമിച്ചു. ഭദ്രകാളി അവനെ നാവ് ചുരുട്ടി മുകളിലേക്ക് വലിച്ചെറിഞ്ഞ ശേഷം ത്രിശൂലത്തിൽ കോർത്തു. ശൂലത്തിൽ കിടന്ന് ദാരുകാൻ ദേവിയോട് കൊല്ലരുതേ എന്ന് അപേക്ഷിച്ചു. ദരുകനോട് ഭദ്രകാളിയ്ക്ക് കരുണ തോന്നുന്നു എന്നു കണ്ട ദേവമുനിഗണങ്ങൾ ഭദ്രയോട് പറഞ്ഞു, ഭവാത്മജയായ ഭദ്രകാളിയെ ഞങ്ങൾ കൈതൊഴുന്നു! ഈരേഴു പതിനാല് ലോകത്തിനും അഭയമാകുന്ന പരമേശ്വരിയേ വണങ്ങുന്നു! അമ്മേ! ഖലമാനസൻ ആയ ഈ ദുഷ്ടനോട് അമ്മയ്ക്ക് കരുനതൊന്നരുതെ. ഇവൻ ദേവമർമ്മത്തിന് ഭീഷണിയാണ്. സ്ത്രീകളെ ഉപദ്രവിക്കുന്നവനും ദാസിവേല ചെയ്യിക്കുന്നവനും ആണ്. മാതാക്കളെ ഓടിച്ചവനും അവിടുതെ ശരീരത്തിൽ അസ്ത്രങ്ങൾ എയ്തവനും ആണ്. ഇവൻ്റെ ക്രൂര കൃത്യങ്ങൾക്ക് അറുതി വരുത്താൻ വേണ്ടിയല്ലേ അവിടുന്ന് ഹരൻ്റെ ലാലാടനയനത്തിൽ നിന്നും സംഭൂതയായത്. ഇവനോട് ദയ തോന്നിയാൽ ഹരന് കോപം ഉണ്ടാവില്ലേ? ദയവായി ഇവനെ നിഗ്രഹിച്ച് സകല സൃഷ്ടിയേയും രക്ഷിക്കൂ ഭദ്രേ!"

ഇത്രയും കേട്ട് അതി രൗദ്രയായി തീർന്ന ഭദ്രകാളി ദാരുകനേ ഭൂമിയിൽ മറിച്ചിട്ടു എന്നിട്ട് അവൻ്റെ മാറ് ത്രിശൂലം കൊണ്ട് കുത്തി പിളർത്തി. ചീറ്റിയൊഴുകുന്ന രക്തം തൻ്റെ കപാലപാത്രത്തിൽ എടുത്ത് കുടിച്ചു. മാറുപിളർന്ന് അവൻ്റെ ഹൃദയം ഭക്ഷിച്ചു. കുടലറുത്ത് മാറിൽ ഹാരമായി ചാർത്തി. ദാരുക ശിരസ്സ് വെട്ടി തൃക്കൈയ്യിൽ പിടിച്ചു. എന്നിട്ടും തൻ്റെ ക്രോധം ശമിക്കാതെ ഭദ്രകാളി അഷ്ടദിക്കുകളെയും പ്രകമ്പനം കൊള്ളിച്ചു. ഉഗ്രമായ അട്ടഹാസം പുറപ്പെടുവിച്ച് ദേവി പടനടുവിൽ അത്യുഗ്രയായി നിലകൊണ്ട

രൗദ്രോൽകടാകൃതി പൂണ്ട് നിൽകുന്ന ഭദ്രകാളിയെ കണ്ട് ദേവകൾ ഭയന്നോടി. വേതാളി കണ്ഠമേറി ഭൂതഗണ-കൂളിസമൂഹ സേവ്യയായി ദേവീ അതി ഭീകരയായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ കൈലാസത്തിനു സമീപം എത്തിയ ഭദ്രകാളിയുടെ ഉഗ്രത തിരിച്ചറിഞ്ഞ മഹാദേവൻ ഗണപതിയോടും നന്ദിയോടും ഗോപുരവാതില്ക്കൽ കുഞ്ഞുങ്ങളുടെ രൂപത്തിൽ ചെന്നു കൈകാലിട്ടടിച്ച് കരയുവാൻ പറഞ്ഞു. അങ്ങനെ സംഹാരദുർഗയായി ഉഗ്രകോപതോടെ ആഞ്ഞടുക്കുന്ന ഭദ്രകാളി ദ്വാര കവാടത്തിൽ എത്തുന്ന മാത്രയിൽ ശിശുക്കളെ കണ്ടു മാതൃവാത്സല്യത്തിൻ്റെ തൻ്റെ ആലയമായി തീരുന്നു! ഭദ്ര തൻ്റെ നാലു തൃക്കൈകളാൽ രണ്ടുശിശുക്കളെയും വാരിയെടുത്ത്  മാറോടണച്ചു ശാന്തയാകുന്നു. ദാരുകനിഗ്രഹം കഴിഞ്ഞെത്തിയ ഭദ്രയെ ദേവാദിസർവ്വരും സ്തുതിക്കുന്നു.

                                ദേ

                                  കാളീ പ്രസീദ കമനീയതനോ പ്രസീദ

                                  ഭദ്രേ പ്രസീദ ഭവനേത്രഭവേ പ്രസീദ

                                  മായേ പ്രസീദ മഹനീയതമേ പ്രസീദ

                                  പാപോഹതസ്സകലദുഃഖദാരുകദൈത്യപാശ

                                  സ്താപോ ഗതസ്സുരനരോരഗജീവഭാജാം

                                  ലോപോ ന സമ്പ്രതി മഹീസുരധർമ്മവൃ ത്തേ

                                  കോപോfധുനാ തവമുധാ ഭുവനൈകനാഥേ

                                 

                                  കോപം ജഹീഹി ഭഗവത്യയി ഭദ്രകാളി

                                  ശ്ലാഘന്തി കേ ന തവ ശത്രു ജയ പ്രയാസം

                                  സാധിഷ്ഠയാ സകലകർമ്മസു സജ്ജനാനാ

                                  മാധി സ്‌ത്വയാfപഗമിതോ വിമത പ്രമാഥാത്

                                 

                                  യാ സൃ ജ്യത്യഖിലാൻ ലോകാൻ

                                  യാ ച രക്ഷതി താനിമാൻ

                                  യാ പുന സ്സംഹരത്യന്തെ

                                  നമസ്തസ്യെ നമോ നമഃ

                                  യസ്യാ ഉന്മീലിതെ നേത്രേ

                                  ജഗദേ തത് പ്രകാശിതേ

                                  തിമീലിതെ തു നിശ്ചേഷ്ടം

                                  നമസ്തസ്യേ നമോ നമഃ

                                 ബ്രഹ്മണ പ്രകൃതിം പ്രാഹുർ

                                 യ്യാമേ വാമേയ വൈഭവാം

                                 യതോ ഹി വിശ്വസ്യോത്പത്തിർ

                                 ന്നമസ്തസ്യേ നമോ നമഃ

                                 

                                  യസ്യാ വികൃതി രേവേരും

                                  വസ്തുജാതം ചരാചരം

                                  യത്രൈവ ലീയതെ സർവ്വം

                                  ന്നമസ്തസ്യേ നമോ നമഃ

                                  യാ ദേവി ദേവഗന്ധർവ്വ

                                  സിദ്ധവിധ്യാ ധരോരഗൈ

                                  അന്യശ്ചാ സേവ്യതെ നിത്യം

                                  ന്നമസ്തസ്യേ നമോ നമഃ

                                  യാ ദേവി സേവമാനാനാം

                                  ജനാനാമ ഖിലാമയാൻ

                                  അപാകരോതി കൃപയാ

                                  ന്നമസ്തസ്യേ നമോ നമഃ

                                  യാ ദയാമൃത ദുഗ്ധാ-

                                  ബ്ധിരർത്ഥി മന്ദാരവല്ലരീ

                                  സൂര്യകോടി പ്രതാപായെ

                                  ന്നമസ്തസ്യേ നമോ നമഃ

                                  യാ ഭവാനീതി മായേതി

                                  ഭാർഗ്ഗവി ഭൈരവീതി ച

                                  ഭാരതീതി ച ഗീതാസി

                                  ന്നമസ്തസ്യേ നമോ നമഃ

                                 

                                 ചണ്ഡീതി ഭദ്രകളീതി

                                 ചാമുണ്ഡാ ശാംഭാവീ തി ച

                                 കണ്ഠേ കാളീതി ചാഖ്യാതാ

                                 ന്നമസ്തസ്യേ നമോ നമഃ

                                അന്തർബ്ബഹിശ്ച യാ ദേവീ

                                വിശ്വേഷാ മഭി വർത്ത തേ

                                അദ്വൈതം വസ്തു തത്ത്വം യാ

                                ന്നമസ്തസ്യേ നമോ നമഃ

                                യയാ ലോകത്രയാ വാസി

                                ജനദ്രോഹീ ജനംഗമ

                                ദാരുകോ ന്നി ഹതസംഖ്യേ

                                ന്നമസ്തസ്യേ നമോ നമഃ

                               ദേവോ രഗ മനുഷ്യാണാം

                               സ്വർഗ്ഗ പാതാള ഭുഭുജാം

                               യോഗക്ഷേമാർത്ഥ മാസീദ്യാ

                               ന്നമസ്തസ്യേ നമോ നമഃ

                                ദേവാരിവംശ കാന്താര

                                വിപ്ലോഷായ ബിഭർത്തി യ

                                ഫാലാ ക്ഷി കുണ്ഡെ ദഹതം

                                ന്നമസ്തസ്യേ നമോ നമഃ

                                ദംഷ്ട്രാകരാള ദന്തോ ഷ്ട

                                അർക്ക ചന്ദ്രാഗ്നി ലോചനം

                                യാ വഹത്യാനനാം ഭോജം

                                ന്നമസ്തസ്യേ നമോ നമഃ

                               ഗണ്ഡാവലംബി വേതണ്ഡ

                               കുണ്ഡലം മുണ്ഡദാമവത്

                               യദ്വാ പുശ്ചണ്ഡികേചണ്ഡം

                               ന്നമസ്തസ്യേ നമോ നമഃ

                               അസുരാന്ത്ര ഗുണശ്രേണി

                               ഭൂഷണം വൈരി ഭീഷണം

                               യദ്ഗാത്രം യശസാമ്പാത്രം

                               ന്നമസ്തസ്യേ നമോ നമഃ

                               യസ്യ ധൃതഗദശൂല

                               ചക്ര ചാപശരാദയ

                               സന്തി ഷോഡശദോർദ്ധണ്ഡാ

                               ന്നമസ്തസ്യേ നമോ നമഃ

                              ശൂലകൃത്തം ഗളദ്രക്തം

                              ദാരുക സ്യ ബൃഹച്ചിര

                              യാ ബിഭർത്തി കരാഗ്രേണ

                              ന്നമസ്തസ്യേ നമോ നമഃ

                              യദ്വപു ശ്യാമളം ശുഭ്ര-

                              കപാലസ്രഗലംകൃതം

                              സവലാകാ ഭ്ര സങ്കാശം

                              ന്നമസ്തസ്യേ നമോ നമഃ

                             ഭദ്രകാളി മഹാദേവി

                             ഭദ്രദേ രുദ്രനന്ദിനി

                             യാ ന സ്സന്ത്രായസ്സേ നിത്യം

                             ന്നമസ്തസ്യേ നമോ നമഃ

                             .

                             .

  ദേവ

ദേവന്മാരുടെ സ്തുതിയിൽ സംപ്രീതയായ ഭദ്രകാളി അവരെ അനുഗ്രഹിച്ചു. ശേഷം ചണ്ഡിക മാതാപിതാക്കളെ മുറപോലെ നമസ്കരിച്ചു. ജനനോദ്യേശം പൂർത്തിയാക്കി തിരിച്ചെത്തിയ പുത്രിയെ കണ്ട് ശിവപാർവ്വതിമാർ അതിയായി സന്തോഷിച്ചു.  അവർ ഭദ്രകാളിയോടായി പറഞ്ഞു, "സർവ്വ ലോകത്തിനും ഭദ്രം നൽകി നീ ചിരകാലം വാഴുക. അധർമ്മികളെ നിഗ്രഹിക്കുവാൻ നിത്യവും ജാഗരൂകയായി നിലകൊള്ളുക! ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രദികളാൽ സദാ സേവ്യയായി നിത്യവും കുടികൊള്ളുക. ബ്രാഹ്മണർ നിവേദിക്കുന്ന മധുക്ഷീരാദികൾ സ്വീകരിക്കുക. മറ്റ് ജാതികൾ നൽകുന്ന പായാസാദികളും ഭേദമേദും കൂടാതെ സ്വീകരിക്കണം. സർവതിനും അഭയമായി ഐശ്വര്യം ചൊരിഞ്ഞ് വസിക്കുക ഭദ്രേ!" ഇത്രയും കേട്ട ശേഷം ഭദ്ര ശിവനോട് ചോദിച്ചു, "പിതാവേ സ്ത്രീയെന്നു പറഞ്ഞ് എന്നെ കളിയാക്കിയാലോ?" ശംഭു പറഞ്ഞു, "നിന്നെ കളിയാക്കുന്നവർ കുലത്തോടെ മുടിയും. എല്ലാ മനുഷ്യരും നിന്നെ പരദേവതയാക്കും. പാൽ മധു ചോറു പായസം ഗുളം എന്നിവ നിവേദിച്ച് നിന്നെ അവർ ആരാധിക്കും. നിൻ്റെ ചരിതവും പാട്ടും സ്തോത്രങ്ങളും ചെയ്യുന്നവർക്ക് സർവ്വ മംഗളങ്ങളും ഉണ്ടാകും.

മദ്യവും മാംസവും നിവേദിച്ചും നിന്നെ ആരാധിക്കുന്നവർക്ക് സർവ്വ വിധ ഐശ്വര്യങ്ങളും നൽകണം ഉത്സവാദികളാലും മറ്റും നിൻ്റെ വിശേഷ ദിവസങ്ങളെ അവർ കൊണ്ടാടും ദാരുകശിരസ്സു കൈയ്യിൽ പിടിച്ച രൂപത്തിൽ നിന്നെ ആരദിക്കുന്നവർക്ക് നിൻ്റെ പ്രീതി ഉണ്ടാകും. ശരണ്യരായ നിൻ്റെ ഭക്തർ സന്താനസമ്പത്തോടെ നൂറു സംവത്സരങ്ങളോളം ജീവിച്ചിരിക്കും."

 
കുണ്ടാമൂഴിയമ്മ

അവളാണ് ആ ദാരുകനാശിനിയായ മഹാത്രിപുര. ചണ്ഡവീര്യമെഴുന്ന ചണ്ഡിക! ആദിപരാശക്തിയായ മഹേശ്വരി! അവളാണ്....ലോകമംഗളം നൽകുന്ന ഭദ്രകാളി!

ഇപ്രകാരംരംരംരം സുതീക്ഷണ മഹർഷി ഭദ്രകാളി ചരിതം ചന്ദ്രസേന മഹാരാജാവിനെ പറഞ്ഞു കേൾപ്പിച്ചു

ഈ പരാശക്തി പൂർണ്ണ ചൈതന്യത്തോടെ കൊടുങ്ങല്ലൂർ കാവിൽ വിളങ്ങുന്നു എന്നാണ് വിശ്വാസം. കേരളത്തിലെ എല്ലാ കാളി ക്ഷേത്രങ്ങൾക്കും മാതൃസ്ഥാനമായി കണക്കാക്കുന്നത് കൊടുങ്ങല്ലൂർ കാവാണ്. ഇതിനാലാണത്രെ ഉത്സവകാലങ്ങളിൽ ദേവിയെ കൊടുങ്ങല്ലൂരിൽ നിന്നും പാടി ആവാഹിക്കുന്നത്!

പൂജാക്രമം തിരുത്തുക

ത്രികാലപൂജ പതിവില്ല. ദിവസവും വൈകീട്ട് 4 30ന് നടതുറക്കുന്നു ; വൈകിട്ട് 6 30ന് ദീപാരാധന ; 7 ന് പൂജ തുടർന്ന് നട അടയ്ക്കുന്നു. തിരുമുടി പ്രതിഷ്ഠയായതിനാൽ നിർമ്മാല്യം മാറ്റിയതിനു ശേഷമേ നടയടക്കുകയൊള്ളു.

  • എല്ലാ ചൊവാഴ്ചയും രാഹുകാലസമയത് (3 നുമേൽ 4 30 നകം) നാരങ്ങാവിളക്കും രാഹുർദോഷനിവാരണവും നടക്കുന്നു.
  • ആയില്യം നാളിൽ രാവിലെ നാഗർക്കു ആയില്യ പൂജയും പൗർണമി നാളിൽ വൈകിട്ട് 5 ന് ഐശ്വര്യപൂജയുമുണ്ട്.
  • എല്ലാ മലയാള മാസം ഒന്നാം തീയതി രാവിലെ ഗണപതിഹോമവും 7 30 നും വൈകീട്ട് 5 30 നും സമൂഹപൊങ്കാലയും ഉണ്ട്


കാളിയൂട്ടും ദിക്കുബലിയും തിരുത്തുക

കാളിയൂട്ട് മഹോത്സവം തിരുത്തുക

എല്ലാ വർഷവും കുംഭമാസത്തിലെ പൂരം നാളിലാണ് ഉത്സവം കൊടിയേറുന്നത്. ഉത്സവം 8 ദിവസം നീണ്ടുനിൽക്കുന്നു .

 
കുണ്ടാമൂഴി ദേവിയുടെ കളംകാവൽ

ഒന്നാം ഉത്സവ ദിവസം രാത്രി തൃക്കൊടിയേറ്റിനുശേഷം തിരുമുടി പുറത്തെഴുന്നളിച്ചു പച്ചപ്പന്തലിൽ ഇരുത്തി ദേവിയെ കാപ്പുകെട്ടി പാടിക്കുടിയിരുത്തുന്നു. ചെറിയ തിരുമുടിയാണ് പുറത്തെഴുന്നള്ളിക്കുന്നത്.തോറ്റം പാട്ട് പാടി ദേവിയെ മൂലസ്ഥാനമായ കൊടുങ്ങല്ലൂരിൽനിന്നും ആവാഹിച്ചു കുടിയിരുത്തുന്നു.ദേവിയുടെ ഭർത്താവായ പാലകന്റെ ജനനം മുതലാണ് തോറ്റംപാട്ട് പാടുന്നത്. ഓരോ ദിവസത്തെ ഉത്സവപൂജകളും ഈ ഭദ്രകാളി പാട്ടുമായി ബന്ധപെട്ടു കിടക്കുന്നു.

കാളിയൂട്ട് ഉത്സവനാളുകളിൽ പൊതുവെ 2 4 6 ഉത്സവദിവസങ്ങളിൽ രാത്രി കളംകാവൽ (തിരുമുടി ശിരസിൽ എടുത്ത് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ദേവി ദാരികനെ തിരയുന്നതിന്റെ ആവിഷ്കാരം) ഉണ്ടാവും. വളരെയേറെ നേരം നീണ്ടു നിൽക്കുന്ന ഒരു ചടങ്ങാണിത്. പല വിധ പുഷ്പ്പങ്ങളാലും പനിനീരിനാലും കൊണ്ടുള്ള അഭിഷേകത്തോടെയാണ് തിരുമുടി ഏന്തിയുള്ള ദേവിയുടെ (തിരുമുടി ശിരസ്സിൽ എടുത്തു കഴിഞ്ഞാൽ പൂജാരിയിൽ സ്വയം ഭദ്രകാളി ആവേശിക്കുന്നതായി പറയുന്നു) ചുവടുകൾ. കളംകാവലിന്റെ അവസാനം ദേവി ഭാവം ഉച്ചസ്ഥായിയിൽ എത്തുകയും തിരുമുടി ശിരസ്സിൽ നിന്ന് ഊരിമാറ്റുകയും ചെയ്യുന്നു (മുടി ചായുന്നു).

മൂന്നാം തിരുഉത്സവദിവസം തോറ്റം പാട്ടിൽ ദേവിയുടെ തൃക്കല്യാണം വർണ്ണിക്കുന്ന ഭാഗമായ മാലപ്പുറം പാട്ടു പാടുന്ന സമയം മാലവയ്പ്പ് എന്ന കർമ്മം നടക്കുന്നു. രണ്ട് വലിയപുഷ്പഹാരങ്ങൾ ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ച് ത്രിക്കല്യാണം പാടുന്ന നേരം അവ തിരുമുടികളിൽ ചാർത്തി ദീപാരാധന നടത്തുന്നു, ഇതിനെയാണ് മാലവയ്പ്പ് എന്ന് പറയുന്നത്. ഉത്സവദിവസങ്ങളിൽ പല സംഘങ്ങളുടെ നേതൃത്വത്തിൽ വിളക്കുകെട്ടുകൾ ചെണ്ടമേളത്തിന്റെയും മറ്റു കലാപരിപാടികളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ എത്താറുണ്ട്.

പാലകൻ കൊല്ലപ്പെടുന്ന ഭാഗം വർണ്ണിക്കുന്ന പാട്ടു പാടുന്ന ദിവസം കൊന്ന് തോറ്റ് ദിവസം എന്നറിയപ്പെടുന്നു. അന്നേദിവസം ഉച്ചപൂജക്ക് ശേഷം നട അടച്ചാൽ പാലകനെ ദേവി തോറ്റിയുണർത്തിയതിനു ശേഷം മാത്രമേ തുറക്കുകയുള്ളു. (പാട്ടോ മറ്റു കലാപരിപാടികൾ ഒന്നും അന്നേ ദിവസം ഉച്ചപൂജക്ക് ശേഷം വെക്കാറില്ല).

 
വിളപ്പിൽശാല നല്ലിരുപ്പ് കളത്തിലെ കളംകാവൽ

ഉത്സവത്തിന്റെ ഏഴാം നാൾ രാവിലെ പാട്ടിൽ തന്റെ ഭർത്താവിനെ ചതിച്ചുകൊന്ന പാണ്ട്യരാജാവിനെ ദേവി വധിക്കുന്ന ഭാഗം പാടുമ്പോൾ പൊങ്കാല കലങ്ങളിൽ അഗ്നിപകരുന്നു. അന്നേദിവസം ഉച്ചക്ക് ശേഷം തിരുമുടി മാതൃവൃക്ഷച്ചുവട്ടിൽ എഴുന്നളിച്ചു പൂജ നടത്തുന്നു. വൈകീട്ട് കൊല്ലംകോണം ശ്രീ മണ്ണടി ഭഗവതി ക്ഷേത്രത്തിൽ നിന്ന് കുത്തിയോട്ടം താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്ക് വരുകയും ക്ഷേത്രസന്നിധിയിൽ താലപ്പൊലി എന്നിവയോടൊപ്പമുള്ള കളങ്കാവലും ഉണ്ടാകും ശേഷം ഗുരുസിയും നടക്കുന്നു. തൃക്കൊടിയിറക്കി തിരുമുടിയിൽ നിന്ന് കാപ്പഴിച്ചു ആറാട്ടിനുശേഷം അകത്തെഴുന്നള്ളിച്ചു പൂജയോടുകൂടി ഉത്സവത്തിന് പരിസമാപ്തിയാകുന്നു.(ദേവിയെ തിരിച്ചു കൊടുങ്ങലൂരിൽ കൊണ്ടാക്കുന്നു എന്നാണ് വിശ്വാസം)

ദിക്കുബലി മഹോത്സവം തിരുത്തുക

മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന പതിനാലുദിവസം നീണ്ടു നിൽക്കുന്ന ദിക്കുബലി ഉത്സവത്തിൽ ദേവി നിറപറയ്ക്കായി നാലുദിക്കിലേക്കും എഴുന്നള്ളുന്നു. ദിക്കുബലി ഉത്സവനാളുകളിൽ തോറ്റംപാട്ട് കുറച്ചു കൂടി വിസ്തരിച്ചു പാടുന്നു (ഇവിടെ ദാരിക വധവും പരാമർശിക്കുന്നു). അഞ്ചാം ദിവസം മാലവയ്പ്പും ഒൻപതാം ദിവസം കൊന്നുതോറ്റും പതിമൂന്നാം ദിവസം പൊങ്കാലയും വരുന്ന രീതിയിലാണ് പാട്ട് ക്രമീകരിച്ചിരിക്കുന്നത്.

 
ഓട്ടംതാലപ്പൊലി എന്നിവയോടൊപ്പമുള്ള കളംകാവൽ

നാല് ദിക്കുബലി കളങ്ങളിലേക്കും മൂന്ന് നല്ലിരുപ്പ് കളങ്ങളിലേക്കും തിരുമുടി എഴുന്നള്ളിക്കുന്നു. ദിക്ക്ബലി,നല്ലിരുപ്പ് കഴിഞ്ഞെഴുന്നള്ളുന്ന ദേവിയെ ഭക്തജനങ്ങൾ നിറപറയും തട്ടപൂജയും ഒരുക്കി സ്വീകരിക്കുന്നു. അലങ്കരിച്ചൊരുക്കിയ പച്ചപ്പന്തലിൽ ഇരുത്തിയാണ് നിറപറ പൂജ നടത്തുന്നത്. അർധരാത്രിയാണ് ദേവി ദിക്കുബലി കളങ്ങളിലേക്കു പുറപ്പെടുന്നത്.ഇതിനു മുന്നോടിയായി ഉച്ചബലി എന്ന കർമ്മം നടക്കുന്നു. ദേവിയില്ലാത്തസമയം ക്ഷേത്രത്തിന്റെ കാവൽ ചുമതല അഷ്ടദിക്ക്പാലകൾക്കുനൽകുന്നതാണ് ഈ കർമ്മത്തിനാധാരം. വലിയ കളം ഒരുക്കിയാണ് ഈ പൂജ നടക്കുനടക്ക

ദിക്കുബലിക്ക് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടാൽ തിരിച്ചു ദേവി ക്ഷേത്രത്തിൽ എഴുന്നള്ളാൻ 3 ദിവസംവരെ കഴിയും. നല്ലിരുപ്പ്ദിക്കുബലി കളങ്ങളിൽ കളംകാവൽ ഉണ്ടാകും. ശേഷം ദേവി ധ്യാനാവസ്ഥയിൽ ഇരിക്കുന്നു. ഈ ധ്യാനത്തെയാണ് നല്ലിരുപ്പ് എന്ന് പറയുന്നത്. എന്നാൽ തെക്ക് ദിക്കിൽ മാത്രം ദേവി നല്ലിരിക്കുന്നില്ല. തെക്കുദിക്കിലെ ദിക്‌ബലിക്ക് ശേഷം നിറപറകൾ സ്വീകരിച്ച ദേവി നേരെ ക്ഷേത്രത്തിലേക്ക് വരുന്നു.നിറപറകൾ സ്വീകരിച്ചു എത്തുന്ന ദിവസങ്ങളിൽ കളംകാവലൊടയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുക.തുടർന്നുള്ള പൂജാകാര്യങ്ങൾ കാളിയൂട്ട് ഉത്സവത്തിന്റേതു പോലെ തന്നെ ആണ്.

ദിക്‌ബലിക്കായി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടാൽ തിരിച്ചു ദേവി ക്ഷേത്രത്തിൽ എഴുന്നള്ളാൻ 3 ദിവസംവരെ കഴിയും. നല്ലിരുപ്പ്ദിക്കുബലി കളങ്ങളിൽ കളംകാവൽ ഉണ്ടാകും. ശേഷം ദേവി ധ്യാനാവസ്ഥയിൽ ഇരിക്കുന്നു. ഈ ധ്യാനത്തെയാണ് നല്ലിരുപ്പ് എന്ന് പറയുന്നത്. എന്നാൽ തെക്ക് ദിക്കിൽ മാത്രം ദേവി നല്ലിരിക്കുന്നില്ല. തെക്കുദിക്കിലെ ദിക്‌ബലിക്ക് ശേഷം നിറപറകൾ സ്വീകരിച്ച ദേവി നേരെ ക്ഷേത്രത്തിലേക്ക് വരുന്നു.നിറപറകൾ സ്വീകരിച്ചു എത്തുന്ന ദിവസങ്ങളിൽ കളംകാവലൊടയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുക.തുടർന്നുള്ള പൂജാകാര്യങ്ങൾ കാളിയൂട്ട് ഉത്സവത്തിന്റേതു പോലെ തന്നെ ആണ്.

എല്ലാ ഉത്സവങ്ങൾക്ക് ശേഷവും 7 ദിവസത്തേയ്ക്ക് ക്ഷേത്ര നട തുറക്കില്ല.ഏഴാം ദിവസം ഗണപതി ഹോമം പ്രസാദശുദ്ധി എന്നിവയോടെ രാവിലെ നടതുറക്കുന്നു.അന്നേദിവസം രാവിലെയും വൈകീട്ടും സമൂഹപൊങ്കാലയുണ്ടാവും.

മറ്റു വിശേഷ ദിവസങ്ങൾ തിരുത്തുക

  • കന്നിമാസത്തിലെ നവരാത്രി; ദുർഗ്ഗാഷ്ടമി നാളിൽ പൂജവയ്ക്കുകയും ദശമി നാളിൽ പൂജയെടുപ്പോടുകൂടി വിദ്യാരംഭം കുറിക്കുവാനുള്ള ഒരുക്കങ്ങൾ നടത്തുന്നു.
  • മേടത്തിലെ വിഷു
  • ചിങ്ങത്തിലെ തിരുവോണം
  • തുലാമാസത്തിലെ ആയില്യം
  • ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി അഥവാ വിനായക ചതുർഥിയ്ക്ക് നാളികേരം ഉടക്കലും അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടത്താറുണ്ട്.
  • വർഷത്തിൽ ഒരിക്കൽ തന്ത്രിയുടെ കാർമികത്വത്തിൽ ഗുരുതിപൂജയും നടക്കുന്നു.
  • വൃശ്ചികത്തിലെ മണ്ഡലകാല നാളുകളിൽ ക്ഷേത്രത്തിലെ പൂജ ക്രമത്തിന് മാറ്റം വരുത്തുന്നു. മണ്ഡല കാലങ്ങളിൽ രാവിലെയും വൈകീട്ടും രണ്ട് പൂജകൾ നടത്തുന്നു.തൃക്കാർത്തിക നാളിൽ മൺചിരാതുകളും നിലവിളക്കുകളും തെളിയിക്കുന്നതോടൊപ്പമുള്ള അലങ്കാരദീപാരാധന വിശേഷമാണ്.

കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം ചിത്രങ്ങൾ തിരുത്തുക