തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് ദേശമംഗലം പഞ്ചായത്തിൽ കൊണ്ടയൂർ ദേശത്ത് ഭാരതപ്പുഴയുടെ തീരത്തായി കുടപ്പാറ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ആൽത്തറയിൽ പ്രതിഷ്ഠിച്ച ദേവീ ചൈതന്യത്തിന് കിഴക്കോട്ട് ദർശനം. വിശാലമായ അമ്പലപ്പറമ്പോടുകൂടിയ ഈ അമ്പലം കുടപ്പാറ ക്ഷേത്രക്കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പരിപാലിച്ചു വരുന്നു. ജഗദംബയായ ദുർഗാ ദേവിയുടെ നനദുർഗാ രൂപത്തിൽ ദേവിയെ ഇവിടെ ആരാധിക്കുന്നു. നിത്യ പൂജക്ക് കിരിയത്ത് നായർ പൂജാ സമ്പ്രദായമാണ് അനുവർത്തിച്ചുവരുന്നത്. വിശേഷ ദിവസങ്ങളിലോ, വിശേഷ പൂജാ അവസരങ്ങളിലോ മാത്രമേ ബ്രാഹ്മണ പൂജ പതിവുള്ളൂ.

കുടപ്പാറ ഭഗവതി ക്ഷേത്രം
കുടപ്പാറ ‌ഭഗവതി

കുടപ്പാറ ക്ഷേത്രത്തിലെത്താൻ സൌകര്യപ്രദമായ വഴികൾ ഇതാണ്.

  • തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽനിന്നും കുണ്ടന്നൂർ, ചിറ്റണ്ട, വരവൂർ, ദേശമംഗലം വഴിയും (ദൂരം 20 കിലോ മീറ്റർ), ഷൊറണൂരിൽ നിന്നും ചെറുതുരുത്തി, പള്ളം, ദേശമംഗലം വഴിയും (11 കിലോ മീറ്റർ), പട്ടാമ്പി/കുന്നംകുളം ഭാഗത്തുനിന്നും വരുന്നവർ പട്ടാമ്പി കൂട്ടുപാതയിൽ നിന്നും ആറങ്ങോട്ടുകര , ദേശമംഗലം വഴിയും കൊണ്ടയൂർ കുടപ്പാറ അമ്പലത്തിലെത്താം.
  • കാരക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്നു ഭാരതപ്പുഴ കടന്നും കൊണ്ടയൂർ കുടപ്പാറ അമ്പലത്തിലെത്താം. മഴക്കാലത്ത് തോണി സൌകര്യം ഉണ്ട്.

ഉത്സവങ്ങൾ.

തിരുത്തുക

കുടപ്പാറ ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ കുംഭമാസത്തിലെ (ഫെബ്രുവരി - മാർച്ച്) ഒരു വെള്ളിയാഴ്ച നടക്കുന്ന പൂരവും മിഥുന മാസത്തിലെ (ജൂൺ - ജൂലൈ) ചിത്ര നാളിൽ നടത്തപ്പെടുന്ന പിറന്നാളാഘോഷവുമാണ്. ക്ഷേത്രത്തിലെ പ്രധാന പരിപാടികളുടെ വിവരണം താഴെ കൊടുക്കുന്നു.

കുടപ്പാറ പൂരം വർഷങ്ങൾക്ക് മുമ്പ് പറയർ സമുദായക്കാർ കെട്ടിയാടിക്കൊണ്ടിരുന്ന വേലയാണ് പിൽകാലത്ത് സാർവജനിക കുടപ്പറ പൂരമായി വിപുലപ്പെടുത്തപ്പെട്ടത്. കൊണ്ടയുർ കിഴക്കുമുറി, കൊണ്ടയുർ പടിഞ്ഞാറ്റുമുറി ദേശക്കാരുടെ പൂരവും, അതേ ദേശക്കാരുടെ ഹരിജൻ പൂരവും, കാഞ്ഞിരക്കോട്ട് കോളനി കാളവേലയും, പറയരുടെ ദാരികനും കാളിയും വരവും ചേർന്നതാണ് കുടപ്പാറ പൂരം. 20 ആനകളും, തായമ്പകയും, പഞ്ചവാദ്യവും, പാണ്ടിമേളവും, കാവടിയും, അലങ്കാരക്കാളകളും, പൂതൻ, തിറ, വെള്ളാട്ട്, കരിങ്കാളി, മറ്റ് ദേവതാ വേഷങ്ങളും ചേർന്ന ദൃശ്യവിസ്മയമാണ് കുടപ്പാറ പൂരം. മധ്യകേരളത്തിലെ പ്രസിദ്ധമായ മറ്റുപൂരങ്ങളേപ്പോലെ തന്നെ ഇവിടെയും ഗംഭീര വെടിക്കെട്ട് / കരിമരുന്നു പ്രയോഗം അരങ്ങേറാറുണ്ട്. വെടിക്കെട്ട് കാണുന്നതിനായി വിശാലമായ പാടശേഖരം പ്രത്യേകം കെട്ടിയൊരുക്കി സുരക്ഷാ സംവിധാനങ്ങൾ പാലിച്ചു കൊണ്ടാണ് സൌകര്യമൊരുക്കുന്നത്.

പിറന്നാൾ.

തിരുത്തുക

2008ലെ സുവർണ്ണ പ്രശ്നാനന്തരം ഭഗവതിയുടെ പുന: പ്രതിഷ്ഠ നടത്തുക ഉണ്ടായി. പിന്നീടുള്ള വർഷങ്ങളിൽ ആ ദിവസം കുടപ്പാറ അമ്മയുടെ പിറന്നാളായി ആഘോഷിക്കാൻ തുടങ്ങി. കുടപ്പാറമ്മയുടെ പിറന്നാൾ എല്ലാ വർഷവും മിഥുന മാസത്തിൽ ചിത്ര നാളിൽ നടത്തപ്പെടുന്നു. വിശേഷാൽ പൂജകളുടെ പുറമേ അന്നേ ദിവസം ഭക്തജനങ്ങൾക്ക് പ്രസാദമായി പിറന്നാൾ സദ്യ നല്കി വരുന്നു. കുടപ്പാറ ഭഗവതിയുടെ ഈ തിരുനാളാഘോഷത്തിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് കുടപ്പാറയിലേക്ക് ഒഴുകിയെത്തുന്നത്.

മണ്ഡലകാലാഘോഷം.

തിരുത്തുക

വൃശ്ചികം ഒന്നു മുതൽ നാൽപ്പത്തെട്ട് ദിവസം അമ്പലത്തിൽ ദിവസവും നിറമാലയും ചുറ്റുവിളക്കും ഭക്തജനങ്ങൾ നേർച്ചയായി കഴിപ്പിക്കാറുണ്ട്. നാൽപ്പത്തൊന്നാം ദിവസം പടിഞ്ഞാറ്റുമുറി പൂരാഘോഷ കമ്മിറ്റിയും നാൽപ്പത്തെട്ടാം നാൾ കിഴക്കുമുറി പൂരാഘോഷക്കമ്മിറ്റിയും വിശേഷാൽ നിറമാലയും ചുറ്റുവിളക്കും നടത്തുന്നു.

ഐതിഹ്യം

തിരുത്തുക

കുടപ്പാറ ഭഗവതിയുടെ ചരിത്രത്തെ പറ്റി വ്യക്തമായ രേഖകളൊന്നും നിലവിലില്ല. ആകെയുള്ളത് വാമൊഴിയായി പകർന്നുകിട്ടിയതും ക്ഷേത്രജ്ഞരുടെ ഗണിതത്തിൽ തെളിഞ്ഞതും ആയ വിവരങ്ങൾ മാത്രമേയുള്ളൂ. കുറച്ചെങ്കിലും സ്വീകാര്യമായ ഒരു ഭാഷ്യം ഇതാണ്. പണ്ട് പണ്ടാരത്തിൽ, നമ്പ്രത്ത് എന്ന രണ്ടു നായർ തറവാട്ടിലെ കാരണാവർമാർ പുഴക്കക്കരെ ഉള്ള വാണിയംകുളം ചന്തയ്ക്ക് ഉരുക്കളെ വാങ്ങാൻ പോയി. ഉരുക്കളെയും വാങ്ങി വരുന്ന വഴിമദ്ധ്യേ അവർ ജീർണ്ണിച്ചു കിടക്കുന്ന ഒരു അമ്പലപ്പറമ്പിലെ ആൽമരത്തിന് ചുവട്ടിൽ വിശ്രമിക്കാനിരുന്നു. ഒന്നു മയങ്ങുകയും ചെയ്തു. ക്ഷീണം മാറ്റി വീണ്ടും നടപ്പ് തുടർന്ന അവർ കൂമ്പൻ പാറക്കല്ലിനടുത്തുള്ള കയത്തിൽ കുളിക്കാനിറങ്ങി. കന്നുകളെ കഴുകി കയറ്റി കുളിയും കഴിഞ്ഞു പണ്ടാരത്തിലെ കാരണവർ കുടയുമെടുത്ത് സ്വന്തം വീട്ടിലേക്ക് പോയി. പുഴക്കരയിൽ തന്നെ വീടുള്ള നമ്പ്രത്ത് തറവാട്ടിലെ കാരണവർ കുളികഴിഞ്ഞു കന്നുകളെയും കൊണ്ട് പോകനൊരുങ്ങിയപ്പോഴാണ് വിചിത്രമായ ആ ആനുഭവം ഉണ്ടായത്, തന്റെ ഓലക്കുട പാറയിൽ നിന്നും ഇളകുന്നില്ല. കുറെ ശ്രമിച്ചിട്ടും കുട വിട്ടു വരാത്തതിനാൽ കുടയെ പാറയിൽ തന്നെ വിട്ടു അദ്ദേഹം വീട്ടിലേക്ക് പോയി. പിറ്റേദിവസം അദ്ദേഹം പണ്ടാരത്തിൽ തറവാട്ടിലെ കാരണവരെ കാണാനായി പോയി. ആ സമയത്ത് അവിടെയും ചില വിസ്മയങ്ങൾ നടക്കുന്നുണ്ടായിരുന്നു. മച്ചിൽ വച്ചിരുന്ന കുട വിറക്കുകയും ഇളകുകയും ചെയ്യുന്നു. രണ്ടു കാര്യങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്ന് തോന്നിയതിനാൽ വേഗം ഒരു ദൈവജ്ഞനെ കണ്ടു പ്രശ്നം വയ്പ്പിച്ചു . കന്നുകളെയും കൊണ്ട് വരുന്ന വഴിയിൽ വിശ്രമിച്ച അമ്പലത്തിലെ ദേവി ഇവരുടെ കൂടെ പുറപ്പെട്ട് പോന്നതാണെന്നും അതിപ്പോൾ കുടയുറച്ച കൂമ്പൻ പാറക്കടിയിൽ ജലത്തിലും , കുടയിളകിയ മച്ചിലും ആയി സാന്നിധ്യം ഉണ്ടായിരിക്കുന്നു വെന്നും പ്രശ്നവശാൽ വെളിവായി. രണ്ടു തറവാട്ടിലും അന്ന് മുതൽ ഭഗവതിയെ കുലദൈവമായി ആരാധിച്ചുതുടങ്ങി . കുടയിൽ വന്നു പാറയിൽ വസിച്ച ദേവിയാണ് പിന്നീട് കുടപ്പാറമ്മ എന്ന പേരിൽ ആരാധിക്കപ്പെട്ടു തുടങ്ങിയത്.

ഭഗവതിയുടെ കുടപ്പാറയിലെ വാസത്തെക്കുറിച്ച് പ്രചാരത്തിലിക്കുന്ന മറ്റൊരു വാമൊഴി കൂടിയുണ്ട്. പാടത്തെ പണികഴിഞ്ഞു കന്നുകളെ പുഴയിൽ കൊണ്ടുവന്നു കഴുകി ദാഹവും മാറ്റി കൊണ്ടുപോകാറുള്ള നമ്പ്രത്ത് തറവാട്ടിലെ കാരണവർ ചില ദിവസങ്ങളിൽ കന്നുകളിൽ ഒന്നിനെ ഇടക്കിടക്ക് കാണാതാവുന്നു. ഇതിന്റെ രഹസ്യം തേടിയപ്പോഴാണ് ഒരു പോത്ത് ഇടക്കിടക്ക് കയത്തിൽ മുങ്ങിയാൽ വരാൻ സമയമെടുക്കുന്നു എന്നു മനസ്സിലാക്കിയത്. ഒരു ദിവസം കാരണവർ പോത്തിനെ വെള്ളത്തിലിറക്കിയപ്പോൾ അതിന്റെ വാലിൽ പിടി കൂടി, കാരണവരെയും കൊണ്ട് പോത്ത് കയത്തിൽ മുങ്ങി. കയത്തിന്റെ അടിയിലെ ഏതോ രഹസ്യ മാർഗ്ഗത്തിലൂടെ പോത്ത് കാരണവരെ വിസ്മയകരമായ ഒരു ലോകത്തെത്തിച്ചു. അതൊരു പാതാള അമ്പലമായിരുന്നത്രേ. അവിടുത്തെ ഊട്ടുപുരയുടെ പുറകിൽ പോയി ഇലയും മറ്റും തിന്നാനാണ് പോത്തിന്റെ ഈ പോക്കെന്ന് കാരണവർക്ക് മനസ്സിലായി. കാരണവർ സ്ഥലം നടന്നു കാണുന്ന തിരക്കിൽ പോത്തിനെ മറന്നു. അടുത്ത തവണ പോത്ത് വന്നപ്പോഴേക്കും കാരണവർ അതൊരു ജലവാസി യായ ഒരു ഭഗവതി ക്ഷേത്രം ആണെന്നും നിത്യ പൂജയുള്ള സ്ഥലമാണെന്നുമൊക്കെ മനസ്സിലാക്കി. പോത്തിന്റെ വാലിൽ പിടിച്ച് കാരണവർ വീണ്ടും കടവത്ത് പൊങ്ങിവന്നു. തുവർത്തി വീട്ടിലേക്ക് നടന്നപ്പോൾ അവിടെയോരാൾക്കൂട്ടം. മാറിനിന്നു എന്താണെന്ന് കാരണവർ അന്വേഷിച്ചു. അന്നേക്കു കാരണവർ പോയിട്ടു 16 ദിവസം ആയത്രേ, കാരണവർ പുഴയിൽ വീണു മരിച്ചെന്നു കരുതി അടിയന്തരം നടക്കുകയാണവിടെ. തന്നെ കണ്ട ആളോടു താൻ മരിച്ചിട്ടില്ലെന്നും, ഇത് തന്റെ പിറന്നാൽ സദ്യ ആയി കരുതണമെന്നും, താൻ കാശിക്ക് പോകുകയാണെന്നും പറഞ്ഞു പുറപ്പെട്ട് പോയി . അദ്ദേഹത്തെപറ്റി പിന്നെ വിവരമൊന്നും കിട്ടിയില്ല.

വഴിപാടുകൾ.

തിരുത്തുക

കുടപ്പാറയിലെ പ്രധാന വഴിപാടുകൾ ഇവയാണ് .

നിറമാലയും ചുറ്റുവിളക്കും ഭഗവതിക്ക് വൈകുന്നേരങ്ങളിൽ അർപ്പിക്കുന്നു. കഴിവിനനുസരിച്ച് പായസവും ഉണ്ടാകും. നിവേദിച്ച പായസം സന്നിഹിതരായ ഭക്ത ജനങ്ങൾക്ക് പ്രസാദമായി നല്കുന്നു. ഇതിലേക്ക് വേണ്ട സാധനങ്ങൾ ഈ പൂജ കഴിക്കുന്നവർ വാങ്ങി ഏൽപ്പിക്കുന്ന പതിവാണ് നിലവിലുള്ളത്.

വെടി വഴിപാട്

തിരുത്തുക

ചൊവ്വ , വെള്ളി , ഞായർ ദിവസങ്ങളിൽ നടത്തുന്ന കതിനാവെടി യുടെ വഴിപാടാണു അമ്മക്ക് പ്രിയമുള്ള മറ്റൊന്നു. കാര്യ സാധ്യത്തിനും വിഘ്നങ്ങളകറ്റുന്നതിനും പ്രാർത്ഥിക്കുന്നതാണ് ഇത്.

തുലാഭാരം

തിരുത്തുക

തുലാഭാരം വഴിപാടു നേരത്തെ അറിയിച്ചു അമ്പലം തുറന്നിരിക്കുമ്പോൾ നടത്തുന്നതിന് സൌകര്യമുണ്ട്. സാധന സാമഗ്രികൾ ഭക്തർ കൊണ്ടുവരണം .

നടയ്ക്കിരുത്തൽ

തിരുത്തുക

പശു , ആട് , കോഴി എന്നിവയെ അമ്മക്ക് സമർപ്പിക്കാറുണ്ട് . അവ ലേലം ചെയ്തു കിട്ടുന്ന പണം അമ്പലത്തിലേക്ക് മുതൽ കൂട്ടുന്നു.

പറ ചെരിയൽ

തിരുത്തുക

ഉത്സവ സമയങ്ങളിൽ അമ്പലത്തിൽ പറ ചെരിയുന്നതിനുള്ള സംവിധാനമുണ്ട്.

മറ്റ് വഴിപാടുകൾ

തിരുത്തുക

പുഷ്പാഞ്ജലി, വിളക്കും മാലയും, പട്ടു ചാർത്തൽ, ആദിയായ വഴിപാടിനങ്ങൾ നടത്തുന്നതിനും സൌകര്യമുണ്ട്. പിറന്നാൾ അവസരത്തിൽ അന്നദാനത്തിനുള്ള അരി, പച്ചക്കറി ആദിയായവ നടയ്ക്കു സമർപ്പിക്കുകയും ചെയ്യാവുന്നതാണ് .

ചിത്രശാല

തിരുത്തുക