കുചേലവൃത്തം വഞ്ചിപ്പാട്ട്

രാമപുരത്തു വാരിയരുടെ വഞ്ചി പാട്ട്

ഭാഗവതം ദശമസ്കന്ധത്തിലെ കുചേലോപാഖ്യാനത്തെ ആസ്പദിച്ച് രാമപുരത്തുവാര്യർ എഴുതിയ പ്രസിദ്ധമായ വഞ്ചിപ്പാട്ടാണ് കുചേലവൃത്തം വഞ്ചിപ്പാട്ട്.[1]മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ നിർദ്ദേശപ്രകാരമാണ് ഈ കൃതി രചിച്ചതെന്ന് കവി പരാമർശിക്കുന്നു. വഞ്ചിപ്പാട്ട് എന്ന നിലയിൽ ഈ കൃതി മലയാളസാഹിത്യത്തിലും സാംസ്കാരികരംഗത്തും നേടിയ പ്രചാരം അന്യാദൃശമാണ്.

കാലം തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന താളിലുണ്ട്.

കുചേലവൃത്തത്തിന്റെ രചനാകാലത്തെക്കുറിച്ച് കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ല. മാർത്താണ്ഡവർമ്മയുടെ അപദാനമായ കാവ്യത്തിന്റെ പൂർവഭാഗത്തെ ചരിത്രവസ്തുതകളിൽനിന്ന് സാഹിത്യചരിത്രകാരന്മാർ പല നിഗമനത്തിലും എത്തിച്ചേർന്നിട്ടുണ്ട്.

മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരെ വകവരുത്തിയതിനെക്കുറിച്ചും പദ്മനാഭസ്വാമീക്ഷേത്രത്തിന്റെ നവീകരണത്തെക്കുറിച്ചും ഭദ്രദീപപ്രതിഷ്ഠയെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. മതിലകം ഗ്രന്ഥവരി പ്രകാരം ഭദ്രദീപപ്രതിഷ്ഠ നടന്നത് 919-ലാണ് (1744). അതിനു ശേഷവും മാർത്താണ്ഡവർമ്മയുടെയും വാരിയരുടെയും മരണത്തിനു മുൻപുമാണ് അതിനാൽ കൃതിയുടെ കാലം. രാജസ്തുതിയിൽ 1750-ൽ നടന്ന മുറജപത്തെക്കുറിച്ചുള്ള പരാമർശമില്ലാത്തതിനാൽ 1745-നും 1750-നും ഇടയിലാകാം കാലമെന്ന് കെ.ആർ. കൃഷ്ണപിള്ള അഭിപ്രായപ്പെടുന്നു. എന്നാൽ, വടക്കുംകൂർ അധീനമായ ശേഷം വൈക്കത്ത് ഭജനമിരുന്നു മടങ്ങുമ്പോഴാണ് മാർത്താണ്ഡവർമ്മ രാമപുരത്തു വാരിയരെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും വഞ്ചിയിൽ‌വെച്ച് വാരിയർ വഞ്ചിപ്പാട്ട് ചൊല്ലിക്കേൾപ്പിക്കുന്നതും എന്നാണ് ഐതിഹ്യം[2]. വടക്കുംകൂർ തിരുവിതാംകൂറിൽ ചേരുന്നത് 1750-ലാണ്.

മാർത്താണ്ഡവർമ്മയെ സ്തുതിക്കുന്ന

നവമവതാരമൊന്നുകൂടി വേണ്ടിവന്നു നൂനം
നരകാരിക്കമ്പതിറ്റാണ്ടിന്നപ്പുറത്ത്.

എന്ന, കവിതയിലെ പരാമർശംവെച്ച് മാർത്താണ്ഡവർമ്മയ്ക്ക് അൻപതു തികയുന്ന 1756-ലാണ് കാവ്യം രചിച്ചതെന്ന് ചിലർ ഉറപ്പിക്കുന്നു. രാമപുരത്തു വാരിയർ മാർത്താണ്ഡവർമ്മയുടെ പ്രായം അറിഞ്ഞിരുന്നാലും ഈ പരാമർശം കൃത്യതയോടെ ചെയ്തതാണെന്നു വരുന്നില്ല. മാത്രമല്ല, വാരിയർ മരിക്കുന്നത് ഉള്ളൂർ രേഖപ്പെടുത്തിയ പ്രകാരം 1753-ലാണെങ്കിൽ ഇത് അസാധ്യവുമാണ്.

കാവ്യഘടന, ഉള്ളടക്കം തിരുത്തുക

വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്ന നതോന്നതയിലാണ് കുചേലവൃത്തം രചിച്ചിട്ടുള്ളത്. ആകെ 698 വരികളുള്ള ഈ കൃതി സുദീർഘമായ രണ്ട് പീഠികകൾ ഉൾക്കൊള്ളുന്നു. മാർത്താണ്ഡവർമ്മയെയും തിരുവനന്തപുരത്തെയും പദ്മനാഭസ്വാമി ക്ഷേത്രത്തെയും വർണ്ണിക്കാൻ 96 വരികളും കൃഷ്ണന്റെ അവതാരലീലകൾ വർണ്ണിക്കാൻ 132 വരികളും വാരിയർ നീക്കിവെക്കുന്നു. അതിനു ശേഷമാണ് കുചേലകഥ പ്രതിപാദിക്കുന്നത്.

അവലംബം തിരുത്തുക

  1. "Onam Songs". Onamfestival.org. Retrieved നവംബർ 2, 2009.
  2. "Language and Literature Kerala - Todays Kerala". Archived from the original on 2015-02-20. Retrieved നവംബർ 2, 2009.