കാൾ ഷീലി

(കാൾ വിൽഹെം ഷീലി‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സ്വീഡിഷ് രസതന്ത്രജ്ഞനായിരുന്നു കാൾ വിൽഹെം ഷീലി (ജനനം: 1742 ഡിസംബർ 9 - മരണം: 1786 മാർച്ച്‌ 21).

കാൾ ഷീലി

ഒട്ടേറ മൂലകങ്ങളും സംയുക്തങ്ങളും കണ്ടുപിടിച്ചിട്ടും, കണ്ടുപിടിത്തങ്ങളുടെ പുസ്തകത്താളുകളിലൊരിടത്തും സ്ഥാനം നേടാനാകാതെ പോയ ഒരു രസതന്ത്രജ്ഞൻ. സ്വന്തമായി എട്ടുമൂലകങ്ങൾ (ക്ലോറിൻ, ഫ്ലൂറിൻ, മാൻഗനീസ്‌, ബേരിയം, മോളിബ്ഡിനം, ടങ്സ്റ്റൺ, നൈട്രജൻ, ഓക്സിജൻ എന്നിവ) കണ്ടുപിടിച്ചിട്ടും, അതിലൊന്നുപോലും സ്വന്തം പേരിൽ അറിയപ്പെടാൻ ഷീലിക്ക്‌ യോഗമില്ലാതെ പോയി. അമോണിയ, ഗ്ലിസറിൻ, റ്റാനിക്‌ ആസിഡ്‌ തുടങ്ങിയ സംയുക്തങ്ങളും, ക്ലോറിനെ ഒരു ബ്ലീച്ചിങ്‌ ഏജന്റായി ഉപയോഗിക്കാമെന്നതും ഷീലിയുടെ കണ്ടുപിടിത്തമായിരുന്നു. ഈ കണ്ടുപിടിത്തങ്ങൾ ഉപയോഗിച്ച്‌ മറ്റു പലരും കോടീശ്വരൻമാരായി. ഷീലി കണ്ടുപിടിച്ചവയൊക്കെ വർഷങ്ങൾക്കു ശേഷം മറ്റ്‌ പലരും സ്വന്തം നിലയ്ക്ക്‌ കണ്ടെത്തി പ്രശസ്തരാവുകയും ചെയ്തു.[അവലംബം ആവശ്യമാണ്]

1750-കളിൽ കാൾ വിൽഹെം ഷീലി‍, ചെലവുകുറഞ്ഞ രീതിയിൽ ഫോസ്ഫറസ്‌ വൻതോതിൽ നിർമ്മിക്കാനുള്ള വിദ്യ വികസിപ്പിച്ചു. തീപ്പെട്ടി നിർമ്മാണത്തിൽ സ്വീഡൻ ഒന്നാംനിരയിൽ എത്തിയതിന്‌ മുഖ്യകാരണവും ഷീലി നടത്തിയ ഈ മുന്നേറ്റമായിരുന്നു.

ഇംഗ്ലീഷ്‌ പോലെ ലോകമറിയുന്ന ഒന്നായിരുന്നു സ്വീഡിഷ്‌ ഭാഷയെങ്കിൽ, ലോകത്തെ ഏറ്റവും ഉന്നതരായ രസതന്ത്രജ്ഞരിലൊരാളായി അറിയപ്പെടുമായിരുന്നു കാൾ ഷീലി. ഒരുപക്ഷേ, ഏറ്റവും ദൗർഭാഗ്യവാൻമാരായ ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തായിരിക്കും ഷീലിയുടെ സ്ഥാനം.

ബാല്യം,കൗമാരം

തിരുത്തുക

ജർമനിയിൽ സ്വീഡിഷ്‌ പ്രവിശ്യയായിരുന്ന പൊമെറാനിയയിലെ സ്ട്രാൽസൻഡിൽ 1742 ഡിസംബർ ഒൻപതിന്‌ ഷീലി ജനിച്ചു. കാര്യമായി ഔപചാരിക വിദ്യാഭ്യാസമോ പരിശീലനമോ ലഭിക്കാത്ത ഷീലി, പതിനാലാം വയസ്സിൽ ഗോഥൻബർഗിലെ ഒരു ഫാർമസിയിൽ അപ്രന്റീസായി ചേർന്നു. രാസവസ്തുക്കളുമായുള്ള പരിചയമാണ്‌ ഷീലിയുടെ ജീവിതം മാറ്റിമറിച്ചത്‌. പിന്നീട്‌ സ്റ്റോക്ഹോമിൽ ഫാർമസിസ്റ്റായി ജോലിനോക്കി. അതിനുശേഷം, ഉപ്പസാലയിൽ ലോക്‌ ലാബൊറട്ടറിയിൽ അസിസ്റ്റായി. ഈ കാലത്തിനിടെ അദ്ദേഹം സ്വീഡനിൽ അറിയപ്പെടുന്ന വ്യക്തിയായി. 1775 ഫെബ്രുവരി നാലിന്‌ സ്വീഡനിലെ റോയൽ അക്കാഡമിയിൽ അംഗത്വം ലഭിച്ചു. ഒരു ഫാർമസി വിദ്യാർത്ഥിക്ക്‌ ഈ ബഹുമതി ലഭിക്കുന്നത്‌ ആദ്യമായിട്ടായിരുന്നു.

ഷീലിയുടെ കണ്ടുപിടിത്തങ്ങൾ

തിരുത്തുക

ഷീലി തന്റെ നിരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും രേഖപ്പെടുത്തിയത്‌ സ്വീഡിഷ്‌ ഭാഷയിലായിരുന്നതിനാൽ, ഗവേഷണ മേഖലയെ അക്ഷരാർത്ഥത്തിൽ കൈയടക്കിവെച്ചിരുന്ന ഇംഗ്ലീഷ്‌ ലോകം ഷീലിയുടെ നേട്ടങ്ങൾ അറിയാൻ കാലമെടുത്തു. അപ്പോഴേയ്ക്കും ആ നേട്ടങ്ങളൊക്കെ മറ്റ്‌ പലരുടെയും പ്രശസ്തിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. കണ്ടുപിടിക്കുന്ന പദാർത്ഥങ്ങളൊക്കെ രുചിച്ചു നോക്കാനുള്ള വല്ലാത്തൊരു അഭിനിവേശം ഷീലിയുടെ സ്വഭാവത്തിലുണ്ടായിരുന്നു. മെർക്കുറി, ഹൈഡ്രോസൈനിക്‌ അമ്ലം തുടങ്ങിയ മാരകവിഷങ്ങൾ പോലും ഷീലിയുടെ കണ്ടുപിടിത്തങ്ങളിലുൾപ്പെട്ടിരുന്നു എന്നറിയുമ്പോൾ, ഈ ദുസ്വഭാവം വരുത്താവുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. നാൽപത്തിമൂന്നാം വയസിൽ (1786 മാർച്ച്‌ 21-ന്‌) തന്റെ പരീക്ഷണശാലയിലെ ബഞ്ചിൽ വികൃതമായ മുഖഭാവത്തോടെ മരിച്ച നിലയിൽ ഷീലിയെ കണ്ടെത്തി. അദ്ദേഹത്തിന്‌ ചുറ്റും മാരകമായ പലതരം രാസവസ്തുക്കൾ കാണപ്പെടുകയും ചെയ്തു.

ഓക്സിജൻ കണ്ടുപിടിച്ചത്‌ 1774-ൽ ജോസഫ്‌ പ്രീസ്റ്റ്ലിയാണെന്ന്‌ നമുക്കറിയാം. പക്ഷേ, അത്‌ ഷീലി കണ്ടുപിടിച്ച്‌ രണ്ട്‌ വർഷം കഴിഞ്ഞായിരുന്നു. ദൗർഭാഗ്യം കൊണ്ട്‌ തന്റെ പ്രബന്ധം സമയത്ത്‌ പ്രസിദ്ധപ്പെടുത്താൻ ഷീലിക്ക്‌ കഴിഞ്ഞില്ല. പ്രീസ്റ്റ്ലി സ്വന്തം നിലയ്ക്ക്‌ ഓക്സിജൻ കണ്ടെത്തി അതിന്റെ ഖ്യാതി സ്വന്തമാക്കുകയും ചെയ്തു. പാഠപുസ്തകങ്ങളിലെല്ലാം കാണും ക്ലോറിൻ കണ്ടുപിടിച്ചത്‌ ഹംഫ്രി ഡേവിയാണെന്നാണ്. എന്നാൽ അത്‌ ഷീലി ക്ലോറിൻ കണ്ടുപിടിച്ചിട്ട്‌ 36 വർഷത്തിന്‌ ശേഷമായിരുന്നു അത്.


"https://ml.wikipedia.org/w/index.php?title=കാൾ_ഷീലി&oldid=3490724" എന്ന താളിൽനിന്ന് ശേഖരിച്ചത്