കാരിക്കോട് ശ്രീഭഗവതിക്ഷേത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിനു സമീപം കാരിക്കോട് സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രമാണ് കാരിക്കോട് ഭഗവതി ക്ഷേത്രം. പ്രധാന പ്രതിഷ്ഠ ഭദ്രകാളിയായ കാരിക്കോട്ടമ്മ. കീഴ്മലൈ നാടിന്റെ ആസ്ഥാനം കാരിക്കോട് ആയിരുന്നു. വടക്കുംകൂറിന്റെ ഭാഗമായ കീഴ്മലൈ രാജാവിന്റെ കൊട്ടാരത്തിലെ ഉപസനാമൂർത്തി ആയ ഭഗവതിക്കും മഹാദേവനും രണ്ടു ക്ഷേത്രങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടെ രാജാവ് കാരിക്കോട് മഹാദേവനും, അല്പം മാറി തൊടുപുഴയാറിന് സമീപം ഭഗവതിക്കും രണ്ട് ക്ഷേത്രങ്ങൾ നിർമ്മിക്കുകയുണ്ടായി ക്ഷേത്രനിർമ്മാണം പൂർത്തിയായ സമയത്തു മഹാദേവൻ രാജാവിന് സ്വപ്നദർശനം നൽകുകയും പരശുരാമനാൽ പ്രതിഷ്ഠിതമായ ഒരു ശിവലിംഗം കാഞ്ഞിരമറ്റത്തിന്‌ സമീപം കിടക്കുന്നതായി അരുൾ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശിവലിംഗം ലഭിക്കുകയും കാഞ്ഞിരമറ്റത്ത് ഭഗവതിക്ക് നിർമിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയുണ്ടായി. അങ്ങനെ കാരിക്കോട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠിതമായി. ഈ ചരിത്രത്തിനു ഉപോല്ബലകമായി ചില ദൃഷ്ടാന്തങ്ങൾ ഇപ്പോഴും കാണാവുന്നതാണ്. കാരിക്കോട് ഭഗവതി ക്ഷേത്രത്തിനു മുൻപിൽ സ്ഥിതി ചെയ്യുന്ന നന്ദി വിഗ്രഹവും, നൂറ്റെട്ടു ശിവാലയങ്ങളുടെ പട്ടികയിൽ കാരിക്കോട് മഹാദേവൻ എന്ന പ്രയോഗവും ഇതിനു തെളിവാണ്. കുംഭമാസത്തിലെ ഭരണി ക്ഷേത്രത്തിൽ ഉത്സവമായി കൊണ്ടാടി വരുന്നു. ചുറ്റമ്പലത്തോട് കൂടിയ ക്ഷേത്രത്തിനു പുറകിൽ കുളം സ്ഥിതി ചെയ്യുന്നു. ആറടിയോളം ഉയരമുള്ള ദാരു വിഗ്രഹത്തിൽ ഭദ്രകാളി ഭാവത്തിൽ കാരിക്കോട്ടമ്മ സ്ഥിതി ചെയ്യുന്നു. ശിവൻ, ഘണ്ടകർണൻ, ഗണപതി, ദുർഗാ എന്നിവർ ഉപദേവതമാരാണ്. പുരാവസ്തു വകുപ്പിന് കീഴിലുള്ള ആയിരത്തി എണ്ണൂറോളം വർഷം പഴക്കം ഉള്ള അണ്ണാമലൈനാഥർ ക്ഷേത്രം ഈ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് ക്ഷേത്ര ഭരണം.