കവാടം:ഭൂമിശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം/ഓഗസ്റ്റ്‌, 2007

തിരുവനന്തപുരം തലസ്ഥാനമായിട്ടുള്ള ഒരു നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ അഥവാ തിരുവിതാങ്കോട്. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോൾ തമിഴ്‌നാട്ടിലുള്ള കന്യാകുമാരി ജില്ലയും ചേർന്നതായിരുന്നു പുതിയ തിരുവിതാംകൂറിന്റെ വിസ്തൃതി. പുരാതന കാലത്തെ തിരുവിതാം കൂറിന്റെ ചരിത്രവും ഭൂവിസ്തൃതിയും അജ്ഞാതമാണ്‌. ചേരസാമ്രാജ്യകാലത്ത് ഇത് ഒരു തലസ്ഥാനമായിരുന്നു. മുസിരിസ് പ്രസിദ്ധമായതോടെ ആസ്ഥാനം കൊടുങ്ങല്ലൂരിലേക്ക് മാറുകയും പിന്നീട് വിദേശീയാക്രമണം കൂടുകയും പെരിയാറിന്റെ ഗതി മാറുകയും ചെയ്തതോടെ കൊച്ചിയിലേക്കും തുടർന്ന് വേണാടിലേക്കും മാറുകയായിരുന്നു. ഇതിനൊപ്പം ചേരസാമ്രാജ്യത്തിന്റെ ശിഥിലീകരണങ്ങളും നടന്നിരുന്നു. കാലങ്ങളായി പലഭാഗത്തായി ഉദിച്ചിരുന്ന കുടുംബ ബന്ധുക്കൾ അതാത് സ്ഥലങ്ങളിലെ ഭരണാധികാരികളായിത്തീർന്നിരുന്നു. എന്നാൽ ചേരരാജാക്കന്മാരുടെ നേർ പിന്തുടർച്ച എന്നവകാശപ്പെടാവുന്നവരാണ്‌ തിരുവിതാംകൂർ രാജവംശം.