കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുത്തവ/2010 സെപ്റ്റംബർ
ഇടവം രാശിയിലെ സൂപ്പർനോവ അവശിഷ്ടമായ ഒരു പൾസാർ വാത നീഹാരികയാണ് ക്രാബ് നെബുല. 1731-ൽ ജോൺ ബെവിസ് ആണ് നീഹാരികയെ ആദ്യമായി നിരീക്ഷിച്ചത്. 1054-ൽ സംഭവിച്ച ഒരു സൂപ്പർനോവയുടെ അവശിഷ്ടമാണ് ക്രാബ് നെബുല. ചൈനയിലെയും അറേബ്യയിലെയും ജ്യോതിശാസ്ത്രജ്ഞർ ഈ സൂപ്പർനോവ നിരീക്ഷിച്ച് രേഖപ്പെടുത്തിയിരുന്നു. 30 keV യിലധികം ഊർജ്ജമുള്ള എക്സ് റേകളുടെയും ഗാമാ രശ്മികളുടെയും സ്രോതസ്സായ ക്രാബ് നെബുല സാധാരണഗതിയിൽ ആകാശത്തിലെ ഏറ്റവും ശക്തമായ സ്രോതസ്സാണ്. ഭൂമിയിൽ നിന്ന് ഏതാണ്ട് 6500 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന, 11 പ്രകാശവർഷം വ്യാസമുള്ള നീഹാരിക സെക്കന്റിൽ 1500 കിലോമീറ്റർ എന്ന നിരക്കിൽ വികസിച്ചുകൊണ്ടിരിക്കുന്നു. ക്രാബ് നെബുലയുടെ കേന്ദ്രത്തിൽ ക്രാബ് പൾസാർ എന്ന പൾസാർ സ്ഥിതിചെയ്യുന്നു. പന്ത്രണ്ട് മൈൽ വ്യാസമുള്ള ഈ പൾസാർ സെക്കന്റിൽ 30.2 തവണ എന്ന ആവൃത്തിയിൽ ഗാമരശ്മികളും റേഡിയോകിരണങ്ങളും പുറപ്പെടുവിക്കുന്നു. നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഒരു സൂപ്പർനോവയുമായി ബന്ധപ്പെടുത്തിയ ആദ്യത്തെ നീഹാരികയും പൾസാറുമാണ് ക്രാബ് നെബുലയിലുള്ളത്.
നീഹാരികയെ ഉപഗൂഹനം ചെയ്യുന്ന ജ്യോതിശാസ്ത്രവസ്തുക്കളെക്കുറിച്ച് പഠിക്കാൻ നീഹാരികയിൽ നിന്നുള്ള വികിരണം സഹായിക്കുന്നു. 1950 കളിലും 60കളിലും ക്രാബ് നെബുലയിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ സൂര്യന്റെ കൊറോണയിലൂടെ കടന്നുപോകുമ്പോൾ വരുന്ന മാറ്റങ്ങളെ നിരീക്ഷിച്ച് കൊറോണയെ മാപ്പ് ചെയ്യുകയുണ്ടായി. 2003-ൽ ശനിയുടെ ഉപഗ്രഹമായ ടൈറ്റാന്റെ അന്തരീക്ഷത്തിന്റെ ആഴം കണക്കാക്കിയത് ക്രാബ് നെബുലയിൽ നിന്നുള്ള എക്സ് രശ്മികളെ അത് തടഞ്ഞുനിർത്തിയത് നിരീക്ഷിച്ചായിരുന്നു. ചാൾസ് മെസ്സിയർ നിർമ്മിച്ച ജ്യോതിശാസ്ത്രവസ്തുക്കളുടെ കാറ്റലോഗായ മെസ്സിയർ കാറ്റലോഗിലെ ആദ്യത്തെ അംഗമാണ് ക്രാബ് നെബുല.
...പത്തായം | കൂടുതൽ വായിക്കുക... |