കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുത്തവ/2010 ഫെബ്രുവരി

വ്യാഴത്തിന്റെ കാന്തമണ്ഡലം
വ്യാഴത്തിന്റെ കാന്തമണ്ഡലം

വ്യാഴത്തിന്റെ കാന്തികക്ഷേത്രം സൗരവാതത്തെ ചെറുക്കുന്ന മേഖലയാണ്‌ വ്യാഴത്തിന്റെ കാന്തമണ്ഡലം. സൂര്യനിലേക്കുള്ള ദിശയിൽ ഏതാണ്ട് എഴുപത് ലക്ഷം കിലോമീറ്ററും വിപരീത ദിശയിൽ ശനിയുടെ പരിക്രമണപഥം വരെയും ഇത് വ്യാപിച്ചുകിടക്കുന്നു. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ കാന്തമണ്ഡലങ്ങളിൽ വച്ച് ഏറ്റവും ശക്തിയേറിയതാണ്‌ വ്യാഴത്തിന്റേത്. സൗരമണ്ഡലം കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്റവും വലിയ ഘടനയും ഇതുതന്നെ. ഭൂമിയുടെ കാന്തമണ്ഡലത്തെക്കാൾ വീതിയേറിയതും പരന്നമായ ഇതിന്‌ പത്തിരട്ടിയോളവും ശക്തിയും 18000 ഇരട്ടിയോളം വ്യാപ്തവുമുണ്ട്. റേഡിയോ വികിരണങ്ങൾ വഴി 1950-കളിലാണ്‌ കാന്തമണ്ഡലത്തിന്റെ സാന്നിദ്ധ്യം അനുമാനിക്കാനായത്. 1973-ൽ ബഹിരാകാശവാഹനമായ പയനിയർ 10 കാന്തമണ്ഡലത്തെ നേരിട്ട് നിരീക്ഷിക്കുകയും ചെയ്തു.

ലോഹീയ ഹൈഡ്രജനാൽ നിർമ്മിതമായ ബാഹ്യകാമ്പിൽ പ്രവഹിക്കുന്ന വൈദ്യുതധാരയാണ്‌ വ്യാഴത്തിന്റെ കാന്തികക്ഷേത്രത്തിന്‌ കാരണം. ഉപഗ്രഹമായ അയോ പുറത്തുവിടുന്ന സൾഫർ ഡയോക്സൈഡ് വ്യാഴത്തിനു ചുറ്റും വലിയൊരു വാതകവളയം ഉണ്ടാക്കുന്നു. കാന്തികക്ഷേത്രം മൂലം വ്യാഴത്തോടൊപ്പം കറങ്ങാൻ നിർബന്ധിതമാകുന്ന വളയം കാന്തികക്ഷേത്രത്തെ പ്ലാസ്മകൊണ്ട് നിറക്കുകയും കാന്തികചക്രിക ആക്കി മാറ്റുകയും ചെയ്യുന്നു. കാന്തമണ്ഡലത്തിൽ പ്രവഹിക്കുന്ന ശക്തിയേറിയ വൈദ്യുതധാരകൾ വ്യാഴത്തിന്റെ ധ്രുവങ്ങളിൽ ശാശ്വതമായ ധ്രുവദീപ്തിക്ക് കാരണമാകുന്നു. ശക്തിയേറിയതും അസ്ഥിരവുമായ റേഡിയോ വികിരണവും ഇതിന്റെ ഫലമായി ഉണ്ടാകുന്നതാണ്‌. ഇതിനാൽ വ്യാഴത്തെ ശക്തി തീരെക്കുറഞ്ഞ റേഡിയോ പൾസാർ ആയി സങ്കല്പിക്കാം. വ്യാഴത്തിന്റെ ധ്രുവദീപ്തി വിദ്യുത്കാന്തികവർണ്ണരാജിയുടെ വിവിധ ഭാഗങ്ങളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

കാന്തമണ്ഡലത്തിൽ കുടുങ്ങുന്ന കണങ്ങൾ ത്വരണത്തിന്‌ വിധേയമാകുന്നു. ഇവ പുറപ്പെടുവിപ്പിക്കുന്ന വികിരണം ഭൂമിയുടെ വാൻ അലൻ വലയത്തിന്‌ സമാനമായ, എന്നാൽ ആയിരം മടങ്ങ് ശക്തിയേറിയ വികിരണമേഖലകൾക്ക് കാരണമാകുന്നു. ഊർജ്ജമേറിയ കണങ്ങൾ വ്യാഴത്തിന്റെ ഗലീലിയൻ ഉപഗ്രഹങ്ങളുമായും വ്യാഴത്തിന്റെ വലയങ്ങളുടെ ഭാഗമായ കണങ്ങളുമായും പ്രതിപ്രവർത്തിക്കുന്നു. വികിരണവലയങ്ങൾ ബഹിരാകാശവാഹനങ്ങൾക്ക് അപായകരമാണ്‌.


...പത്തായം കൂടുതൽ വായിക്കുക...