ഈറിസും ഉപഗ്രഹമായ ഡിസ്നോമിയയും
ഈറിസും ഉപഗ്രഹമായ ഡിസ്നോമിയയും

സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളിൽ വച്ച് ഏറ്റവും വലുതാണ്‌ ഈറിസ്. സൂര്യനു ചുറ്റും പരിക്രമണം ചെയ്യുന്ന വസ്തുക്കളിൽ വലിപ്പത്തിന്റെ കാര്യത്തിൽ ഒമ്പതാം സ്ഥാനമുള്ള ഈറിസിന്റെ വ്യാസം ഏതാണ്ട് 2500 കിലോമീറ്ററാണ്‌. പ്ലൂട്ടോയെക്കാൾ 27 ശതമാനം അധികമാണ്‌ ഇതിന്റെ പിണ്ഡം.

ജനുവരി 2005-ൽ പാലൊമാർ നിരീക്ഷണശാലയിൽ വച്ച് മൈക്ക് ബ്രൗണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ്‌ ഈറിസിനെ കണ്ടെത്തിയത്. കുയ്പർ വലയത്തിനു പുറത്തുള്ള സ്കാറ്റേർഡ് ഡിസ്ക് എന്നറിയപ്പെടുന്ന ഭാഗത്താണ്‌ ഇതിന്റെ സ്ഥാനം. ഈറിസിന്‌ ഡിസ്നോമിയ എന്ന ഒരു ഉപഗ്രഹമുണ്ട്. സുര്യനിൽ നിന്ന് ഇപ്പോഴുള്ള ദൂരമായ 96.7 ആസ്ട്രോണമിക്കൽ യൂണിറ്റ് സൂര്യനിൽ നിന്ന് പ്ലൂട്ടോയിലേക്കുള്ള ദൂരത്തിന്റെ ഏതാണ്ട് മൂന്നിരട്ടിയാണ്‌. ധൂമകേതുക്കൾ കഴിഞ്ഞാൽ പിന്നെ സൂര്യനിൽ നിന്ന് ഏറ്റവും ദൂരത്തിലുള്ള സ്വാഭാവിക സൗരയൂഥവസ്തുക്കളാണ്‌ ഈറിസും ഡിസ്നോമിയയും.

ഈറിസിന്‌ പ്ലൂട്ടോയെക്കാൾ വലിപ്പമുള്ളതിനാൽ അതിനെ കണ്ടെത്തിയവരും നാസയും ആദ്യം അതിനെ സൗരയൂഥത്തിലെ പത്താമത്തെ ഗ്രഹമായാണ്‌ വിശേഷിപ്പിച്ചത്. ഇതും ഭാവിയിൽ ഇത്തരം പുതിയ വസ്തുക്കൾ കണ്ടുപിടിക്കപ്പെട്ടേക്കാമെന്ന സാധ്യതയുമാണ്‌ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ആദ്യമായി ഗ്രഹത്തെ നിർവചിക്കുന്നതിലേക്ക് നയിച്ചത്. 2006 ഓഗസ്റ്റ് 24-ന്‌ സംഘടന അംഗീകരിച്ച പുതിയ നിർവചനമനുസരിച്ച് ഈറിസും പ്ലൂട്ടോ, സെറെസ്, ഹൗമിയ, മേക്മേക് എന്നിവയും കുള്ളൻ ഗ്രഹങ്ങളാണ്‌.

...പത്തായം കൂടുതൽ വായിക്കുക...