കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുത്തവ/2010 ജൂലൈ
സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്സൈഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്. റോമൻ യുദ്ധ ദേവനായ മാർസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിനു കൊടുത്തിരിക്കുന്നത്. നേരിയ അന്തരീക്ഷത്തോടുകൂടിയുള്ള ഒരു ഭൗമഗ്രഹമാണ് ചൊവ്വ, ഉപരിതലത്തിൽ ചന്ദ്രനിലേത് പോലെ ഉൽക്കാ ഗർത്തങ്ങളും കൂടാതെ അഗ്നിപർവ്വതങ്ങൾ, താഴ്വരകൾ, മരുഭൂമികൾ, ഭൂമിക്കു സമാനമായി ധ്രുവങ്ങളിൽ മഞ്ഞുപാളികൾ എന്നിവയും കാണപ്പെടുന്നു. പക്ഷെ ടെക്റ്റോണിക് പ്രവർത്തനങ്ങളുടെ സാന്നിധ്യമില്ലാതെ ഭൂമിശാസ്ത്രപരമായി സജീവമല്ലാത്ത അവസ്ഥയാണ് ചൊവ്വയുടേത്. അറിയപ്പെടുന്നതിൽ വച്ച് സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ചൊവ്വയിലെ ഒളിമ്പസ് മോൺസ് ആണ്, അതുപോലെ എറ്റവും വലിയ മലയിടുക്ക് ഈ ഗ്രഹത്തിലെ വാലെസ് മറൈനെറിസ് ആണ്. ഗ്രഹത്തിന്റെ ഭ്രമണവും ചാക്രികമായ കാലാവസ്ഥാ മാറ്റവും ഭൂമിയിലേതിന് സമാനമാണ്.
ഫോബോസ്, ഡീമോസ് എന്നിങ്ങനെ ചെറുതും അനിയതരൂപത്തിലുള്ളതുമായ രണ്ട് ഉപഗ്രഹങ്ങളാണ് ചൊവ്വയ്ക്കുള്ളത്. നിലവിൽ പ്രവർത്തനനിരതമായ മൂന്ന് ബഹിരാകാശപേടകങ്ങൾ ചൊവ്വയെ വലം വയ്ക്കുന്നുണ്ട്: മാർസ് ഒഡീസ്സി, മാർസ് എക്സ്പ്രസ്സ്, മാർസ് റികണിസൻസ് എന്നിവയാണവ. സ്പിരിറ്റ്, ഓപ്പർച്യുനിറ്റി എന്നീ പര്യവേഷണവാഹനങ്ങളുൾപ്പെടെ വിജയിച്ചതും അല്ലാത്തതുമായ ഏതാനും മനുഷ്യനിർമ്മിത വസ്തുക്കളും ചൊവ്വോപരിതലത്തിലുണ്ട്. -2.91 ദൃശ്യകാന്തിമാനത്തോടെ ആകാശത്തിൽ പ്രത്യക്ഷപ്പെടുത്ത ചൊവ്വയെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്നതാണ്.
...പത്തായം | കൂടുതൽ വായിക്കുക... |