ഭൂമി ഉൾപ്പെടുന്ന ഗ്രഹതാര സഞ്ചയമായ സൗരയൂഥത്തിന്റെ കേന്ദ്രമാണ്‌ സൂര്യൻ എന്ന നക്ഷത്രം. ഏതാണ്ട് 13,92,000 കിലോമീറ്ററാണു് സൂര്യന്റെ വ്യാസം. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സൂര്യനിലാണ്‌. സൗരപിണ്ഡത്തിന്റെ നാലിൽ മൂന്നുഭാഗവും ഹൈഡ്രജനാണ്‌, ബാക്കിയുള്ളതിൽ ഭൂരിഭാഗവും ഹീലിയവുമാണ്‌. നക്ഷത്രങ്ങളുടെ സ്പെക്ട്രൽ വർഗ്ഗീകരണമനുസരിച്ച് സൂര്യനെ G2V എന്ന സ്പെക്ട്രൽ ക്ലാസിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റ് ഭൂരിഭാഗം നക്ഷത്രങ്ങളെപ്പോലെ ഹൈഡ്രജൻ അണുകേന്ദ്രങ്ങളെ ഹീലിയമാക്കുന്ന പ്രക്രിയയിലൂടെ ഊർജ്ജോല്പാദനം നടത്തുന്ന മുഖ്യശ്രേണിയിൽപ്പെട്ട ഒരു നക്ഷത്രമാണ്‌ സൂര്യൻ.

ക്ഷീരപഥത്തിന്റെ ഓറിയോൺ ഭുജത്തിലെ ബബിൾ സോണിലെ നക്ഷത്രാന്തരീയ മേഘങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌ സൂര്യൻ. ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ നിന്നും 24,000 നും 26,000 നും ഇടയിൽ പ്രകാശവർഷങ്ങൾ ദൂരെയായി അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന സൂര്യൻ ഒരു പരിക്രമണം പൂർത്തിയാക്കാൻ 22.5 മുതൽ 25 വരെ കോടി വർഷങ്ങൾ എടുക്കുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരം 14.96 കോടി കിലോമീറ്റർ ആണ്‌. പ്രകാശം സൂര്യനിൽ നിന്നും ഭൂമിയിലേക്ക് എത്തിച്ചേരാൻ ഏകദേശം 8 മിനുട്ടും 19 സെക്കന്റും എടുക്കും.

സൂര്യപ്രകാശത്തിലടങ്ങിയ ഊർജ്ജത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രകാശസംശ്ലേഷണം എന്ന പ്രക്രിയയാണ്‌ ഭൂമിയിലെ ഏതാണ്ടെല്ലാ ജീവനേയും നിലനിർത്തുന്നത്. ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കൂന്നതും സൂര്യനിൽ നിന്നുള്ള ഊർജമാണ്. സൂര്യന്റെ ഭൂമിയുടെ മേലുള്ള സ്വാധീനം നൂറ്റാണ്ടുകൾക്ക് മുന്നേ മനുഷ്യൻ തിരിച്ചറിഞ്ഞിരുന്നു, ഹിന്ദുമതം ഉൾപ്പടെയുള്ള പൗരാണികമതങ്ങൾ സൂര്യനെ ദൈവമായി കണക്കാക്കുകയും ചെയ്യുന്നു. പത്തൊൻപതാം നൂറ്റാണ്ടുവരെ ജ്യോതിശാസ്ത്രജ്ഞർക്ക് പോലും സൂര്യന്റെ ഭൗതികഘടനയെക്കുറിച്ചും ഊർജ്ജത്തിന്റെ ഉറവിടത്തെക്കുറിച്ചും അറിവുണ്ടായിരുന്നില്ല. സൂര്യനെക്കുറിച്ചുള്ള അറിവുകൾ ഇപ്പോഴും പൂർണ്ണമല്ല, സൂര്യൻ പ്രകടിപ്പിക്കുന്ന പല അസ്വാഭാവിക പ്രതിഭാസങ്ങളും വിശദീകരിക്കപ്പെടാതെ കിടക്കുന്നുണ്ട്.

...പത്തായം കൂടുതൽ വായിക്കുക...