കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുത്തവ/2009 സെപ്റ്റംബർ

ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട്‌ ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്‌. ഭൂമിയിൽ നിന്ന്‌ ശരാശരി 3,84,403 കിലോമീറ്റർ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്‌. 3,474 കി.മീ. ആണ് വ്യാസം, ഇത് ഭൂമിയുടെ വ്യാസത്തിൽ നാലിലൊന്നിനെക്കാൾ അല്പം കൂടുതലാണ്. അതിനാൽ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ്. ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ 2 ആണ്‌. 1969-ൽ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലെ യാത്രികർ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യരായി. ഭൂമിക്ക്‌ പുറത്ത്‌ മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്‌. ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന അതേ സമയദൈർഘ്യം കൊണ്ടു തന്നെയാണ് ചന്ദ്രൻ അതിന്റെ അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നതും, അതിനാൽ തന്നെ ഭൂമിയിൽ നിന്ന് ചന്ദ്രന്റെ ഒരുവശം മാത്രമേ കാണാനാകൂ. ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഉൽക്കകൾ എന്നിവയുടെ പതനം മൂലമുണ്ടായ ഗർത്തങ്ങളാൽ നിറഞ്ഞതാണ്‌ ചന്ദ്രോപരിതലം. ഭൂമിയും മറ്റൊരു ചെറു ഗ്രഹവുമായുള്ള വലിയൊരു കൂട്ടിയിടി മൂലമുണ്ടായ അവശിഷ്ടങ്ങൾ ചേർന്നുണ്ടായതാണ് ചന്ദ്രൻ എന്നാണ് പ്രബലമായ ഒരു അനുമാനം. ചന്ദ്രനിൽ അന്തരീക്ഷം നാമമാത്രമാണ്‌. ഖരാവസ്ഥയിലുള്ള ജലം നിൽക്കുന്ന ചെറിയ ഭാഗങ്ങൾ ചന്ദ്രോപരിതലത്തിന്റെ തൊട്ടുതാഴെയായി ഉണ്ടെന്ന് കരുതപ്പെടുന്നു. സാഹിത്യകാരന്മാർക്കും ചിത്രകാരന്മാർക്കും എല്ലായിപ്പോഴും ചന്ദ്രൻ ഒരു പ്രചോദനമായിരുന്നു.

...പത്തായം കൂടുതൽ വായിക്കുക...