കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുത്തവ/2009 ഡിസംബർ
സൗരയൂഥത്തിലെ ഏറ്റവും ചെറിയതും സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്നതുമായ ഗ്രഹമാണ് ബുധൻ (Mercury). സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും ദീർഘവൃത്താകാരമായ പ്രദക്ഷിണപഥവും അച്ചുതണ്ടിന് ഏറ്റവും കുറഞ്ഞ ചെരിവും ഇതിനാണ്. ഭൂമിയിൽ നിന്ന് വീക്ഷിക്കുമ്പോൾ ദൃശ്യകാന്തിമാനം −2.3 മുതൽ 5.7 വരെ തിളക്കത്തോടെ കാണപ്പെടുന്നുവെങ്കിലും സൂര്യനിൽ നിന്ന് പരമാവധി കോണിയ അകലം 28.3° ആയതിനാൽ ബുധൻ എളുപ്പത്തിൽ ദൃശ്യമേഖലയിൽ വരുന്നില്ല. പ്രഭാതത്തിലും സന്ധ്യാസമയത്തും മാത്രമേ ബുധനെ നേരിട്ട് നിരീക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. സൂര്യഗ്രഹണത്തിന്റെ അവസരങ്ങളിൽ സൗരപ്രഭ കുറയുന്നതിനാൽ ബുധനെ നിരീക്ഷിക്കുക സാധ്യമാണ്. ബുധന് സ്വന്തമായി ഉപഗ്രഹങ്ങളോ അന്തരീക്ഷമോ ഇല്ല.
സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പരിമിതമായ വിവരങ്ങൾ മാത്രമേ ഈ ഗ്രഹത്തെ കുറിച്ച് ലഭ്യമായിട്ടുള്ളൂ. ആദ്യമായി ബുധനെ നിരീക്ഷിച്ച ബഹിരാകാശപേടകം മാരിനർ 10 ആണ്. ഉപരിതലം ഉൽക്കാ പതനം മൂലമുള്ള ഗർത്തങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ ഭൗതികമായി ചന്ദ്രനോടാണ് ബുധന് സാദൃശ്യം. നിരപ്പായ സമതലങ്ങളും ബുധനിൽ കാണപ്പെടുന്നു. വലിയ ഇരുമ്പിന്റെ കാമ്പ് ഉള്ളതിനാൽ ബുധന് ഭൂമിയുടെ ഒരു ശതമാനത്തോളം വരുന്ന കാന്തികക്ഷേത്രവുമുണ്ട്. ഉപരിതല താപനില -180 മുതൽ +430 ഡിഗ്രി സെൽഷ്യസ് വരെ വ്യത്യാസപ്പെട്ടിരിക്കും.
...പത്തായം | കൂടുതൽ വായിക്കുക... |