ജ്യോതിഃശാസ്ത്രം

തിരുത്തുക
 

ഖഗോള വസ്തുക്കളായ ഗ്രഹങ്ങൾ, ധൂമകേതുക്കൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ജ്യോതിഃശാസ്ത്രം (ജ്യോതിശ്ശാസ്ത്രം എന്നും എഴുതുന്നു; ഇംഗ്ലീഷ്: Astronomy). ഖഗോള വസ്തുക്കളുടെ ഭൗതിക ശാസ്ത്രം, രസതന്ത്രം, ചലനം, അതോടൊപ്പം പ്രപഞ്ചത്തിന്റെ ഉൽ‌പത്തിയും വികാസവും ഈ പഠനങ്ങളുടെ ഭാഗമാണ്. ഏറ്റവും പ്രാചീനമായ ശാസ്ത്ര ശാഖകളിൽ ഒന്നാണ് ജ്യോതിശാസ്ത്രം. ആദിമ സംസ്‌കാരങ്ങളിലെ ജ്യോതി ശ്ശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശ നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ദൂരദർശിനിയുടെ കണ്ടു പിടുത്തത്തോടെ ജ്യോതിഃശാസ്ത്രം ഒരു ആധുനിക ശാസ്ത്ര ശാഖയായി വികസിച്ചു.