കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത വാക്ക്/2011 മെയ്
മനുഷ്യനടക്കമുള്ള പല സസ്തനികളുടേയും കർണ്ണനാളത്തിൽ ഉണ്ടാക്കപ്പെടുന്ന സ്രവമാണ് ചെവിക്കായം. ചെവിക്കാട്ടം , കർണ്ണമലം എന്നിങ്ങനേയും ഇത് അറിയപ്പെടുന്നു. സെറുമെൻ എന്ന് സാങ്കേതിക നാമം. മലിനവും ദോഷകരവും എന്നു പണ്ട് കരുതിപോന്നിരുന്ന ചെവിക്കായം കർണ്ണ സംരക്ഷണത്തിനും ശുചിത്വത്തിനും ചെവിയുടെ സുഖപ്രവർത്തനത്തിനും അവശ്യഘടകമാണ്. എന്നാൽ അമിതസ്രവം കേൾവിതകരാറടക്കമുള്ള കർണ്ണരോഗങ്ങൾക്ക് കാരണമായേക്കാം. സാധാരണയായി മഞ്ഞനിറവും മെഴുകുസമാനമായ രൂപവുമാണ് മനുഷ്യ ചെവിക്കായത്തിനുള്ളത്. സെബേഷ്യസ് ഗ്രന്ഥികളും ചില വിയർപ്പു ഗ്രന്ഥികളും ഉത്പാദിപ്പിക്കുന്ന ഒരു മിശ്രസ്രവമാണ് ചെവിക്കായം. പൊലിഞ്ഞുപോയ ത്വക്ക് കോശങ്ങൾ, കെറാറ്റിൻ, കൊഴുപ്പുകൾ , കൊളസ്ട്രോൾ എന്നിവയും ചെവിക്കായത്തിൽ കാണപ്പെടുന്നു. കർണ്ണപടത്തിനു ചുറ്റും കൊഴിഞ്ഞുവീഴുന്ന കോശങ്ങളടക്കമുള്ള മാലിനവസ്തുക്കൾ ചെവിക്കായത്തിൽപറ്റി ക്രമേണ പുറം കർണ്ണ ദിശയിലേക്ക് തള്ളപ്പെടുന്നു. ഇതു മൂലം കർണ്ണാന്തരങ്ങൾ ശുചീകരിക്കപ്പെടുന്നു കൊഴുപ്പുകളുടെ സാന്നിധ്യമൂലം നേർത്തനനവും,അഘർഷണസ്വഭാവവും കൈവന്ന ചെവിക്കായം കർണ്ണാന്തരത്തെ വരളാത്തെ സംരക്ഷിക്കുന്നു. അപ്രകാരം ചെവിചൊറിച്ചിലും എരിച്ചിലും ഒഴിവാക്കാൻ ഉപകരിക്കുന്നു അനേകതരം ബാക്ടീരിയകളുടെ വളർച്ച ചെവിക്കായം തടസ്സപ്പെടുത്തുന്നത് മൂലം രോഗാണുവിമുകതമായ കർണ്ണാന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നു.