കവളപ്പാറ നാരായണൻ നായർ
ഒരു കഥകളി ആചാര്യൻ ആയിരുന്നു കവളപ്പാറ നാരായണൻ നായർ (1882 - 1948).
കഥകളിനടനായിരുന്ന പുത്തൻവീട്ടിൽ ശേഖരമേനോന്റെ മകനായി കവളപ്പാറ ചളമ്പറ്റ വീട്ടിൽ 1882 (1057 ധനു)-ൽ ജനിച്ചു. അച്ഛൻ തന്നെയായിരുന്നു മുഖ്യ ഗുരു. പതിനെട്ടാം വയസ്സിൽ മരിച്ച അച്ഛനിൽനിന്നാണ് ഇദ്ദേഹം പല ആദ്യവസാനവേഷങ്ങൾ അവതരിപ്പിക്കുന്നതിനും പ്രാവീണ്യം നേടിയത്. വൈകാതെ കാവുങ്ങൽ അച്യുതപ്പണിക്കരുടെയും മഞ്ചേരിയിലെയും നെടുമ്പള്ളി നമ്പൂതിരിയുടെയും കുളത്തൂർ വാര്യത്തെയും മറ്റും കഥകളി യോഗങ്ങളിൽ മുഖ്യനടനായി അരങ്ങത്തെത്തി. കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘം, കേരളകലാമണ്ഡലം എന്നിവിടങ്ങളിൽ കുറേക്കാലം അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. തിരുവനന്തപുരം വലിയകൊട്ടാരം കഥകളിയോഗത്തിലും ഇദ്ദേഹം ദീർഘകാലം ചമയമണിഞ്ഞിരുന്നു. 1948-ൽ ഇദ്ദേഹം അന്തരിച്ചു.
പ്രശസ്തമായ വേഷങ്ങൾ
തിരുത്തുകവെള്ളത്താടിവേഷങ്ങളിൽ പ്രശംസനീയമായ വിജയംവരിച്ച നടനാണിദ്ദേഹം. അംബരീഷചരിതത്തിലെ യവനൻ, കംസവധത്തിലെ ആനക്കാരൻ, ലവണാസുര വധത്തിലെ മണ്ണാൻ, പ്രഹ്ളാദചരിതത്തിലെ നരസിംഹം എന്നിവയൊക്കെ ഇദ്ദേഹത്തിന്റെ മുദ്രപതിഞ്ഞ വെള്ളത്താടി വേഷങ്ങളാണ്. കത്തി, പച്ച വേഷങ്ങൾ അവതരിപ്പിക്കുന്നതിലും ഇദ്ദേഹം നിപുണനായിരുന്നു. കത്തിവേഷങ്ങളിൽ ഏറ്റവും പ്രധാനം രാജസൂയത്തിലെ ശിശുപാലനാണ്. വളരെപ്രധാനപ്പെട്ട മറ്റൊരു വേഷം ലവണാസുരവധത്തിലെ ഹനുമാനായിരുന്നു. ആ കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിക്കുന്നത് കണ്ടിട്ടാണത്രേ ഇടശ്ശേരി 'ലവണാസുരവധത്തിലെ ഹനുമാൻ' എന്ന കവിത എഴുതിയത്. ഇദ്ദേഹത്തിന്റെ അനുഗൃഹീത ശിഷ്യന്മാരിൽ ചിലരാണ് കലാമണ്ഡലം രാമൻകുട്ടിനായർ, കുടമാളൂർ കരുണാകരൻ നായർ, ഗുരുഗോപിനാഥ് തുടങ്ങിയ പ്രഗല്ഭർ.
കഥകളി രംഗത്തുനിന്ന് അനവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വെള്ളാട്ടര രാജാവിൽ നിന്ന് ലഭിച്ച പട്ടും വളയും, പുന്നത്തൂർ രാജാവിൽനിന്ന് ലഭിച്ച മോതിരം, കോങ്ങാട്ടുമല്ലിശ്ശേരി നമ്പൂതിരിയിൽ നിന്നു കിട്ടിയ വീരശൃംഖല, കവളപ്പാറ മൂപ്പിൽനായർ നല്കിയ രുദ്രാക്ഷം കെട്ടിച്ച അഞ്ചിഴ സ്വർണമാല എന്നിവ അക്കൂട്ടത്തിൽ ചിലതാണ്.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നാരായണൻ നായർ, കവളപ്പാറ (1882 - 1948) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |