കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാൾ

പ്രശസ്തനായ മദ്ദളവിദഗ്ദ്ധനായിരുന്നുകലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാൾ. തിരുവില്വാമല ക്ഷേത്രത്തിന്റെ തെക്കേച്ചരിവിലുള്ള കണ്ടഞ്ചാത്ത് പൊതുവാട്ടിൽ 1924-ൽ ആണ് അപ്പുക്കുട്ടിപ്പൊതുവാൾ ജനിച്ചത്. കേരള കലാമണ്ഡലത്തിൽ മദ്ദളവിദ്യാചാര്യനായിരുന്ന തിരുവില്വാമല വെങ്കിച്ചസ്വാമിയാണ് ഗുരു.

ചെണ്ടമേളവിദഗ്ദ്ധൻ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളുമൊത്താണ് സാധാരണയായി ഇദ്ദേഹം അരങ്ങത്ത് പ്രവർത്തിച്ചത്. രണ്ടുപേരും ചേർന്നു കൊട്ടുന്ന മേളപ്പദം മുഴുപ്പും കൊഴുപ്പും പുതുമയും തികഞ്ഞതാണ്. തിരനോട്ടം, യുദ്ധവട്ടം, ഇളകിയാട്ടം എന്നിവയിലെല്ലാം ഇദ്ദേഹത്തിന്റെ പ്രയോഗസാമർഥ്യം തെളിഞ്ഞുകാണാം. സ്ത്രീപാത്രങ്ങളുടെ സാരി, കുമ്മി, പന്താട്ടം തുടങ്ങി മദ്ദളം മാത്രം പ്രയോഗിക്കേണ്ട ഭാഗങ്ങളിൽ അപ്പുക്കുട്ടിയുടെ മനോധർമം പ്രകടമാകുന്നു. തികഞ്ഞ സാധകം, ഉറച്ച താളസ്ഥിതി, നാദശുദ്ധി കലർന്ന പ്രയോഗം, കളിച്ചടങ്ങുകളുടെ പതറാത്ത പരിജ്ഞാനം എന്നീ സിദ്ധികൾ പൊതുവാളിന് ഒത്തുകിട്ടിയിട്ടുണ്ട്. ഇന്ത്യയിലെ പല ഭാഗങ്ങളിലും ചൈന, മലയ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. കേരളകലാമണ്ഡലത്തിൽ മദ്ദളം അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. 2006-ലെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം ഇദ്ദേഹം തൃപ്പേക്കുളം അച്യുതമാരാരുമായി പങ്കിട്ടു.

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പുക്കുട്ടിപ്പൊതുവാൾ, കലാമണ്ഡലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.