കേരളത്തിലെ ഒരു സ്ഥിരം നാടകവേദിയാണ് കലാനിലയം ഡ്രാമാ വിഷൻ. 1963-ൽ കലാനിലയം കൃഷ്ണൻ നായരും അദ്ദേഹത്തിന്റെ സഹധർമിണി ദേവകിയമ്മയും ചേർന്നാണ് കലാനിലയത്തിന് രൂപം നൽകിയത്[1]. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് ആദ്യ പ്രദർശനം നടത്തിയത്[1]. കാവാലം നാരായണപണിക്കർ രചിച്ച " കുരുക്ഷേത്ര" (ഓപെറ) ആയിരുന്നു ആദ്യ അവതരണത്തിനായി തിരഞ്ഞെടുത്തത്[1]. നിലവിലുണ്ടായിരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായിരുന്നു കലാനിലയത്തിന്റെ അവതരണരീതി. നാടകത്തിന്റെ വിജയത്തെ തുടർന്ന് ജഗതി എൻ.കെ. ആചാരി വേദിക്കു വേണ്ടി നാടകങ്ങൾ രചിക്കുകയും കൃഷ്ണൻ നായരുടെ സംവിധാനത്തിലൂടെ അവ വേദിയിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു[1].

രക്തരക്ഷസ് , കായംകുളം കൊച്ചുണ്ണി, കടമറ്റത്ത്‌ കത്തന്നാർ, നാരദൻ കേരളത്തിൽ, താജ്മഹൽ , ശ്രീ ഗുരുവായുരപ്പൻ അലാവുദീനും അത്ഭുതവിളക്കും തുടങ്ങിയ നാടകങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു[1]. കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തിൽ പ്രത്യേകമായ രീതിയിലായിരുന്നു നാടകങ്ങളുടെ അവതരണം. നിമിഷ നേരം കൊണ്ട് കൊടും കാടായി മാറുന്ന കൊട്ടാരവും, കരിങ്കൽ ഗുഹയും, വെള്ളച്ചാട്ടവും, തലയ്ക്ക് മുകളിൽ കൂടി പറന്നു പോകുന്ന വിമാനവും, ചീറി പാഞ്ഞു വരുന്ന കാറും, ഇടി മിന്നലും, മഴയും തുടങ്ങിയ രീതിയിലുള്ള വേറിട്ട അവതരണം അക്കാലത്ത് വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

1979-ൽ പുത്തരിക്കണ്ടം മൈതാനത്ത് അവസാന പ്രദർശനം നടത്തി[1].1980-ൽ കൃഷ്ണൻ നായരുടെ നിര്യാണത്തെ തുടർന്ന് താൽക്കാലികമായി കലാനിലയം നാടകാവതരണം നിർത്തി വെച്ചു[1]. പിന്നീട് കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ജഗതി എൻ.കെ. ആചാരിയുടെ മകൻ ജഗതി ശ്രീകുമാറും ചേർന്ന് 2003-ൽ വീണ്ടും നാടകവേദിക്ക് എറണാകുളത്ത് തുടക്കം കുറിച്ചു[1]. ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു അവതരണം. 2003 ജൂൺ 23-നാണ് കൊച്ചി നഗരത്തിലെ മണപ്പാട്ടിപ്പറമ്പിൽ ആദ്യ പ്രദർശനം നടത്തിയത്[2].

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Stage set for Kalanilayam's comeback act / The Hindu.com". Archived from the original on 2012-11-07. Retrieved 2012-03-19.
  2. ദീപിക ദിനപത്രം, 2003 ജൂൺ 24, കൊച്ചി എഡിഷൻ, പേജ് 12, കോളം 1
"https://ml.wikipedia.org/w/index.php?title=കലാനിലയം_ഡ്രാമാ_വിഷൻ&oldid=3802782" എന്ന താളിൽനിന്ന് ശേഖരിച്ചത്