കലാകൗമുദി ദിനപ്പത്രം
1990 മുതൽ മുംബൈയിൽ നിന്നും തുടർച്ചയായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഒരു മലയാളദിനപത്രമാണ് കലാകൗമുദി. തിരുവനന്തപുരം ആസ്ഥാനമായ കലാകൗമുദി പബ്ലിക്കേഷൻസിന്റെ ഉടമസ്ഥതയിലാണു് കലാകൗമുദി ദിനപത്രം പ്രവർത്തിക്കുന്നതു്. മുംബൈയിൽ നിന്നും വർഷങ്ങളോളം വിജയകരമായി പ്രസിദ്ധീകരണം തുടർന്നുവന്ന ആദ്യത്തെ മലയാളപത്രം കലാകൗമുദിയാണെന്നു വിശ്വസിക്കപ്പെടുന്നു. ഉപഗ്രഹചാനലുകൾ, ഇന്റർനെറ്റ്,മൊബൈൽ ഫോണുകൾ തുടങ്ങിയ ആധുനികവാർത്താസംവിധാനങ്ങൾ പ്രചാരത്തിലാവുന്നതിനു തൊട്ടുമുമ്പുള്ള കാലഘട്ടമായിരുന്നു പ്രസിദ്ധീകരണത്തിന്റെ ആദ്യവർഷങ്ങൾ. അക്കാലത്തു് മുംബൈയിലും പരിസരപ്രദേശങ്ങളായ താനെ, കല്യാൺ തുടങ്ങിയ സ്ഥലങ്ങളിലും ജീവിച്ചിരുന്ന ലക്ഷക്കണക്കിനു മലയാളികൾക്കു് കേരളത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ അറിയാനുള്ള പ്രധാന മാർഗ്ഗമായിരുന്നു ഈ പത്രം. കേരളത്തിൽ പതിപ്പുകൾ ഇല്ലാതെ അന്യദേശങ്ങളിൽ മാത്രം പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങൾ എന്ന നിലയിലും മുംബൈ കലാകൗമുദി ആദ്യകാലത്തുതന്നെ ഇടം നേടിയിരുന്നു.
ചരിത്രം
തിരുത്തുക1911-ൽ സി. വി. കുഞ്ഞിരാമൻ കേരളത്തിൽ സ്ഥാപിച്ച പത്രപ്രസിദ്ധീകരണസ്ഥാപനമായിരുന്നു കേരളകൗമുദി. "പത്രാധിപർ" എന്നു തന്നെ പരക്കേ അപരനാമമുണ്ടായിരുന്ന കെ. സുകുമാരൻ ബി.എ. എന്നയാളായിരുന്നു കേരളകൗമുദിയുടെ സ്ഥാപക എഡിറ്റർ. അദ്ദേഹത്തിന്റെ പുത്രനായ എം. എസ്. മണിയുടെ നേതൃത്വത്തിൽ 1970-കളിൽ സ്വതന്ത്രമായി രൂപീകരിച്ച മറ്റൊരു പത്രവ്യവസായസ്ഥാപനമാണു് കലാകൗമുദി പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. കേരളത്തിൽ തന്നെ അച്ചടിക്കുന്ന "കലാകൗമുദി ആഴ്ച്ചപ്പതിപ്പ്", "കഥ", "വെള്ളിനക്ഷത്രം", "ആയുരാരോഗ്യം" തുടങ്ങിയവയാണു് സ്ഥാപനത്തിന്റെ പ്രധാന പ്രസിദ്ധീകരണങ്ങൾ.
1970-80കളിൽ ലക്ഷക്കണക്കിനു മലയാളികൾ ഉദ്യോഗത്തിനും ഉപജീവനത്തിനുമായി കേരളത്തിൽ നിന്നും മുംബൈയിലേക്കും അഹമ്മദാബാദ്, സൂറത്ത്, നാസിക്, വാപി, താനെ, കല്യാൺ, പൂന തുടങ്ങിയ സമീപനഗരങ്ങളിലേക്കും ചേക്കേറിയിരുന്നു. മലയാളികൾക്കു സഹജമായിരുന്ന ഗൃഹാതുരത്വവും വാർത്താകൗതുകവും വിട്ടുമാറാതെത്തന്നെയാണു് ഇവർ സ്വന്തം ഗ്രാമങ്ങൾ തൽക്കാലത്തേക്കെങ്കിലും ഉപേക്ഷിച്ച് വടക്കേ ഇന്ത്യയിലെത്തിപ്പെട്ടിരുന്നതു്. നാട്ടിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക സംഭവങ്ങളിൽ ഇവർക്കുണ്ടായിരുന്ന ഉൽക്കടമായ താൽപ്പര്യത്തിനെ തൃപ്തിപ്പെടുത്താൻ തക്ക വാർത്താവിനിമയസൗകര്യങ്ങൾ അക്കാലത്തുണ്ടായിരുന്നില്ല. കേരളത്തിൽ വ്യാപകമായ പ്രചാരമുള്ള മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി തുടങ്ങിയ പത്രങ്ങൾ ഉത്തരേന്ത്യയിലും എത്തിപ്പെടുമായിരുന്നെങ്കിലും അവ മിക്കപ്പോഴും രണ്ടോ മൂന്നോ ദിവസം പഴക്കമുള്ളവയായിരുന്നു.
ഈ സാഹചര്യം അടിസ്ഥാനമാക്കി മുംബൈയിൽ 'മഹാകേരളം' എന്നൊരു ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചിരുന്നുവെങ്കിലും, കേരളത്തിൽ നിന്നുള്ള വാർത്തകളുടെ ലഭ്യതയും മലയാളം അച്ചടിയിൽ അഭിമുഖീകരിക്കേണ്ടി വന്ന സാങ്കേതികപ്രശ്നങ്ങളും മൂലം ഏറെത്താമസിയാതെ അടച്ചുപൂട്ടേണ്ടി വന്നു.
പ്രതിദിനം വികസിച്ചുവരുന്ന മുംബൈ പ്രവാസിമലയാളിസമൂഹത്തിന്റെ ആവശ്യങ്ങൾ കണക്കിലെടുത്തു് പുതിയൊരു മലയാളപത്രം തുടങ്ങിവെക്കുന്നതിനെക്കുറിച്ച്, അക്കാലത്തു മുംബൈയിൽ ജീവിച്ചിരുന്ന പ്രസിദ്ധ മലയാളസാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന[1] എം.പി. നാരായണപിള്ളയുടെ നേതൃത്വത്തിൽ ഏതാനും മലയാളികൾ കൂടിയാലോചിച്ചു. തികച്ചും വിദൂരവും അപരിചിതവുമായ ഒരു നഗരത്തിൽ പുതിയൊരു സംരംഭം തുടങ്ങിവെക്കുന്നതിന്റെ സാമ്പത്തികസുരക്ഷിതത്വത്തെക്കുറിച്ച് കേരളത്തിലെ മുഖ്യപത്രവ്യവസായികൾക്കു് ആശങ്കയുണ്ടായിരുന്നു. കേരളത്തിൽ നിന്നും സുനിശ്ചിതമായ സഹകരണമില്ലാതെ വാർത്താസ്രോതസ്സുകൾക്കും മറ്റും ദൗർലഭ്യം നേരിടുമെന്നതിനാൽ അത്തരം ഏതെങ്കിലും സ്ഥാപനത്തിന്റെ പിൻബലമില്ലാതെ സ്വന്തമായ നിലയിൽ ഒരു ദിനപത്രം ആരംഭിക്കുന്നതു പരാജയത്തിൽ കലാശിക്കുമെന്നു് മുംബൈ മലയാളികൾക്കും അറിയാമായിരുന്നു.
ഈ അവസരത്തിലാണു്, ഒരു നിശ്ചിത എണ്ണം വായനക്കാർ പത്തുവർഷത്തേക്കുള്ള വരിസംഖ്യ ഒരുമിച്ചുതന്നെ മുൻകൂറായി അടക്കാമെങ്കിൽ, അതു മൂലധനത്തിന്റെ ഒരു ഭാഗമായി കണക്കാക്കി മുംബൈയിൽ നിന്നുതന്നെ ഒരു പത്രം തുടങ്ങിവെക്കാം എന്ന നിർദ്ദേശത്തിനും തീരുമാനത്തിനും ഒടുവിൽ, കലാകൗമുദി പബ്ലിക്കേഷൻസ് വിജു. വി. നായരുടെ പത്രാധിപത്വത്തിൽ കലാകൗമുദി പ്രസിദ്ധീകരണം ആരംഭിച്ചതു് [2] സംരംഭത്തിന്റെ മുഖ്യ ഉപദേശകനും എഡിറ്റോറിയൽ ലേഖകനുമായി എം.പി. നാരായണപിള്ള തന്നെ സ്ഥാനമേറ്റു.
പ്രചാരം
തിരുത്തുകഉള്ളടക്കത്തിന്റെ ലാളിത്യം കൊണ്ടും വായനക്കാരനു് താദാത്മ്യം തോന്നത്തക്ക വിഷയസംവിധാനം കൊണ്ടും ഏറെത്താമസിയാതെത്തന്നെ പത്രം വമ്പിച്ച പ്രചാരം നേടിയെടുത്തു. വായനക്കാർക്കിടയിൽ തിരുവിതാംകൂർ, കൊച്ചി, മലബാർ തുടങ്ങിയ വിധത്തിലുള്ള പ്രാദേശികമമത ഉണ്ടാക്കിയെടുക്കുക എന്ന, പിൽക്കാലത്തു് മുംബൈയിൽ നിന്നും പ്രസിദ്ധീകരണം തുടങ്ങിവെച്ച പ്രമുഖ കേരളപത്രങ്ങളുടെ വിപണനതന്ത്രങ്ങളിൽ[2] നിന്നും വ്യത്യസ്തമായി, കേരളത്തിലെ എല്ലാ ഭാഗത്തുനിന്നുമുള്ള വാർത്തകളും പ്രാദേശികമുൻതൂക്കമോ വിഭാഗീയചിന്തകളോ കൂടാതെ സമ്മിശ്രമായി ചേർക്കുവാൻ പത്രം ശ്രദ്ധ വെച്ചു. അതിലുപരി മുംബൈയിലെ എല്ലാ തൊഴിൽ രംഗങ്ങളിൽ നിന്നുമുള്ളവരുടെ പ്രശ്നങ്ങളിൽ കലാകൗമുദി, വാർത്തകളിലൂടെയും കത്തുകളിലൂടെയും പത്രാധിപക്കുറിപ്പുകളിലൂടെയും, നിരന്തരമായി ഇടപെട്ടുകൊണ്ടിരുന്നു. മുംബൈയിലെ തന്നെ വിവിധ പ്രദേശങ്ങളിലുള്ള മലയാളിയെ ബാധിക്കുന്ന വിഷയങ്ങളിലുള്ള വാർത്തകൾക്കും ചർച്ചകൾക്കും പ്രത്യേകപ്രാധാന്യം കൊടുത്തു.[2]
അപചയം
തിരുത്തുകഉപഗ്രഹ ചാനലുകളുടേയും ഇന്റർനെറ്റിന്റെയും ആഗമനം മറുനാടൻ മലയാളിപ്പത്രങ്ങളുടെ ആവശ്യകതയേയും പ്രചാരത്തെയും ക്രമേണ തളർത്തിക്കൊണ്ടിരുന്നു. ഇതിനുപരി, മുംബൈയിൽ സ്ഥിരതാമസമാക്കിയിരുന്ന പലരുടേയും അടുത്ത തലമുറ ഒരു നിത്യസമ്പർക്കഭാഷയെന്ന നിലയിൽ മലയാളത്തെ കൈവിട്ട് ഇംഗ്ലീഷ്, ഹിന്ദി, മറാട്ടി എന്നീ ഭാഷകൾ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങി. മുമ്പുണ്ടായിരുന്ന ഗൃഹാതുരതയും സ്വന്തം നാട്ടിലെ സാമൂഹ്യജിജ്ഞാസയും ഈ തലമുറയ്ക്കു് പ്രായേണ കുറഞ്ഞുവന്നു.
ഏതാനും വർഷങ്ങൾക്കുമുമ്പു മുതൽ കലാകൗമുദി അവരുടെ മുംബൈ ദിനപത്രത്തിലുള്ള വ്യവസായതാൽപ്പര്യങ്ങൾ കുറച്ചുകൊണ്ടുവന്നു. സ്ഥിരമായ എഡിറ്റർ പദവി ഇല്ലാതായി. വാർത്തകളും താളുകളും മുംബൈയിൽ നിന്നും തയ്യാറാക്കുന്നതിനുപകരം, രണ്ടോ മൂന്നോ താളുകൾ മാത്രം മുംബൈ വാർത്തകൾക്കുവേണ്ടി മാറ്റി നിർത്തിക്കൊണ്ടു് മറ്റു ഭാഗങ്ങളൊക്കെ ബന്ധുസ്ഥാപനമായ കേരളകൗമുദി പത്രത്തിന്റെ അതേ പകർപ്പാക്കി മാറ്റി.[2] പൂർണ്ണമായും മുംബൈ അധിഷ്ഠിതമായ ഒരു മലയാളദിനപത്രം എന്നു് വർത്തമാനകാലത്തെ സാഹചര്യത്തിൽ കലാകൗമുദിയെ വിളിക്കാനാവില്ല.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-18. Retrieved 2012-08-18.
- ↑ 2.0 2.1 2.2 2.3 https://archive.today/20130628102331/www.allvoices.com/contributed-news/4944602-the-importance-of-kalakaumudi-daily