കമ്പ്യൂട്ടറിനും ഉപയോക്താവിനും പരസ്പരം വാർത്താവിനിമയം നടത്താൻ സഹായിക്കുന്ന ഉപകരണമാണ് കമ്പ്യൂട്ടർ ടെർമിനൽ അഥവാ കമ്പ്യൂട്ട൪ മുനമ്പുകൾ. പൊതു മുനമ്പുകൾ, സവിശേഷ മുനമ്പുകൾ എന്നിങ്ങനെ ഇവയെ രണ്ടായി വർഗീകരിക്കാം.[1]

കമ്പ്യൂട്ടർ ടെർമിനൽ

പൊതു മുനമ്പുകൾ അഥവാ പൊതു ടെർമിനലുകൾ

തിരുത്തുക

ഈ വിഭാഗത്തിൽ സന്ദേശ കൈമാറ്റ ടെർമിനലുകൾ, വിവര കൈമാറ്റ ടെർമിനലുകൾ, വിശിഷ്ട ഡേറ്റാബേസ് ടെർമിനലുകൾ എന്നിങ്ങനെ മൂന്നിനങ്ങളുണ്ട്.

സന്ദേശ കൈമാറ്റ മുനമ്പുകൾ

തിരുത്തുക
 
ഇ-മെയിൽ ടെർമിനൽ
 
ഇ മെയിൽ ടെർമിനൽ

ഈ ഇനം ടെർമിനലുകളിൽ സന്ദേശങ്ങൾ ഇ-മെയിൽ രീതിയിലാണ് വിനിമയം ചെയ്യപ്പെടുന്നത്.[2] സന്ദേശം അയയ്ക്കുന്ന വ്യക്തി സന്ദേശവും അത് ലഭിക്കേണ്ട മേൽവിലാസവും കീഇൻ അഥവാ ഇൻപുട്ട് ചെയ്യുന്നു. തുടർന്ന് ടെർമിനലിൽനിന്ന് സന്ദേശങ്ങൾ ഒരു കേന്ദ്ര കമ്പ്യൂട്ടറിൽ എത്തിച്ചേരുന്നു. മേൽവിലാസക്കാരനുമായി ബന്ധം ലഭിക്കുന്ന മുറയ്ക്ക് ഈ കേന്ദ്ര കമ്പ്യൂട്ടറിൽ നിന്ന് സന്ദേശങ്ങൾ യഥാക്രമം വിനിമയം ചെയ്യപ്പെടുന്നു. ഇത് സ്റ്റോർ ആൻഡ് ഫോർവേഡ് രീതി[3] എന്നറിയപ്പെടുന്നു. സന്ദേശം അയക്കുന്ന വ്യക്തിക്ക് മേൽവിലാസക്കാരനുമായി വാർത്താവിനിമയ ബന്ധം ലഭിക്കുന്നതുവരെ കാത്തിരിക്കാതെ തന്നെ സന്ദേശം തയ്യാറാക്കി അയയ്ക്കാനാവുന്നു എന്നതാണ് ഈ രീതിയുടെ ഗുണമേന്മ. മാത്രമല്ല, സന്ദേശങ്ങൾ സംഘമായി (batch) തന്നെ കേന്ദ്ര കംപ്യൂട്ടറിൽ നിന്നും അയയ്ക്കാൻ സാധിക്കുമെന്നതിനാൽ സമയ ലാഭവും ഉണ്ടാവുന്നു.

വിവര കൈമാറ്റ മുനമ്പുകൾ

തിരുത്തുക

കംപ്യൂസെർവ്, പ്രൊഡിജി, അമേരിക്കൻ ഓൺലൈൻ, സത്യം ഓൺലൈൻ, ഡിഷ്നെറ്റ് തുടങ്ങിയ സ്വകാര്യ കമ്പനികൾ അവയുടെ അംഗങ്ങൾക്കു സന്ദേശ കൈമാറ്റ സംവിധാനം സൌകര്യപ്പെടുത്താറുണ്ട്. ഇതു കൂടാതെ, കാലാവസ്ഥ, സ്റ്റോക്ക് വിവരം, വാർത്ത, വിജ്ഞാനകോശങ്ങൾ, ഗവേഷണ റിപ്പോർട്ടുകൾ, ഫയലുകൾ, കംപ്യൂട്ടർ പ്രോഗ്രാമുകൾ, പരസ്യം തുടങ്ങിയ പൊതു വിവരങ്ങളും ഇത്തരം ഏജൻസികൾ അവയുടെ അംഗങ്ങൾക്ക് നൽകാറുണ്ട്.

വിശിഷ്ട ഡേറ്റാബേസ് മുനമ്പുകൾ

തിരുത്തുക

ഈ ഇനം ടെർമിനലുകളിൽ പ്രത്യേകം തയ്യാറാക്കിയ പ്രോഗ്രാമുകളും ഡേറ്റാബേസുകളും ഉപയോഗപ്പെടുത്തുന്നു. ടെർമിനലുകളായി മിക്കപ്പോഴും പേഴ്സണൽ കംപ്യൂട്ടർ (PC) മോണിറ്ററും കീബോർഡും തന്നെയാവും സ്വീകാര്യം. ഓരോ സിസ്റ്റവും അതിന്റേതായ രീതിയിൽ ടെർമിനലിൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്നു.

ഉദാഹരണത്തിന്, സ്റ്റോക്ക് വിവരം നൽകുന്ന ടെർമിനലിന് ഹോസ്റ്റ് കംപ്യൂട്ടറുമായി തൽസമയ ബന്ധമുണ്ടാകുകയും, സ്റ്റോക്ക് വിവരങ്ങൾ ക്രമമായി മോണിറ്ററിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. സേർച്ച് ഫങ്ഷൻ, റിപ്പോർട്ട് ജനറേഷൻ, ഗവേഷണ ഫല പരതൽ എന്നിവയ്ക്കായി പ്രത്യേക സംവിധാനവും ഈ സിസ്റ്റത്തിൽ ലഭ്യമാക്കുന്നു.

ഭൂവസ്തുക്കളെ സംബന്ധിച്ച് വിവരം നൽകുന്ന ഒരു സംവിധാനത്തിൽ മേൽപ്പറഞ്ഞ സൗകര്യങ്ങൾ കൂടാതെ വീട്/വസ്തു/നിലം എന്നിവയുടെ ചിത്രവും പല ദിശകളിൽ നിന്ന് അവയുടെ വീക്ഷണ ദൃശ്യങ്ങളും കാണാനാകുന്നു. ചില സിസ്റ്റങ്ങളിൽ ആധുനിക വെർച്വൽ റിയാലിറ്റി സംവിധാനത്തിലൂടെ സ്ഥലത്തിന്റെയോ, വീടിന്റെയോ അകത്ത് പ്രവേശിച്ചും പരിശോധനകൾ നടത്താനും സാധിക്കും. എന്നാൽ ഇഅഉ/ഇഅങ സൗകര്യമുള്ളവയുടെ പ്രവർത്തനത്തിന് വേഗതയേറിയതും ബാൻഡ് വിഡ്ത് കൂടിയതുമായ വാർത്താവിനിമയ കേബിളുകൾ ആവശ്യമാണ്.

വാർത്താ പ്രസിദ്ധീകരണത്തിനും ഇന്ന് ടെർമിനലുകൾ ലഭ്യമാണ്. റിപ്പോർട്ടർ ഒരിടത്ത് നിന്ന് വാർത്തകൾ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നു. അതുപോലെ അവിടെ നിന്നോ, മറ്റ് റിപ്പോർട്ടർമാരിൽ നിന്നോ, പ്രസ്തുത റിപ്പോർട്ടർക്ക് സന്ദേശങ്ങളും വാർത്തകളും ലഭിക്കുവാൻ സൗകര്യമുണ്ടാകുന്നു. ഇത്തരം സിസ്റ്റങ്ങളിൽ ഒരേ ടെർമിനലിൽ തന്നെ രണ്ടോ അതിലധികമോ കമ്യൂണിക്കേഷൻ പോർട്ടുകൾ കാണും

സവിശേഷ മുനമ്പുകൾ അഥവാ സവിശേഷ ടെർമിനലുകൾ

തിരുത്തുക

ഇവയിൽ PC തന്നെ ഉപയോഗിക്കേണ്ടതായിവരുന്നു. ഓരോന്നിലും അവയ്ക്കാവശ്യമായിട്ടുള്ള ഹാർഡ്വെയെറും സോഫ്റ്റ്വെയെറും പ്രത്യേകമായി ക്രമീകരിക്കുന്നു. നിരവധിയിനം സവിശേഷ ടെർമിനലുകളുമുണ്ട്.

വിമാന റിസർവേഷൻ മുനമ്പുകൾ

തിരുത്തുക

വിമാന കമ്പനിയുടെ ടിക്കറ്റ് ലഭ്യമാക്കുന്ന ഏജന്റ്, ഹോസ്റ്റ് ഡേറ്റാബേസുമായി ബന്ധപ്പെട്ട്, യാത്രാവഴികൾ, സീറ്റ് ലഭ്യത, കുറഞ്ഞ യാത്രാനിരക്ക്, എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു. ആവശ്യാനുസരണം സീറ്റുകൾ മുൻകൂട്ടി റിസർവു ചെയ്യാനും, കാൻസൽ ചെയ്യാനും ഇതിൽ സൗകര്യമുണ്ടാവും. ഇതിലെ ഡേറ്റാബേസ് ഒരു കേന്ദ്ര സ്ഥാനത്താവും സ്ഥാപിച്ചിരിക്കുക. അവിടെ ഹോസ്റ്റ് കംപ്യൂട്ടർ ടൈം ഷെയറിങ്ങിലൂടെ ശൃംഖലയിലെ ഇതര ടെർമിനലുകളുമായി ബന്ധപ്പെടുന്നു. സമയ നഷ്ടം വരാതിരിക്കാനുള്ള സംവിധാനമാണിത്. വളരെ കുറഞ്ഞ പ്രതികരണ സമയം (response time), കൂടെക്കൂടെയുള്ള അന്യോന്യ ക്രിയകൾ, ദൈർഘ്യം കുറഞ്ഞ സന്ദേശങ്ങൾ, എന്നിവ ഇത്തരം സംവിധാനത്തിന്റെ പ്രത്യേകതകളാണ്. വിമാന റിസർവേഷൻ പോലെ തന്നെ മറ്റ് യാത്രാ മാധ്യമങ്ങളിലും ഈ സംവിധാനം ക്രമീകരിക്കാവുന്നതാണ്.[4]

സ്വയംകൃത പണമിടപാട് യന്ത്രം (ഓട്ടോമാറ്റിക് ടെല്ലർ മെഷീൻ- ATM).

തിരുത്തുക
 
ഓട്ടോമാറ്റിക് ടെല്ലർ മെഷീൻ

കാന്തിക സ്ട്രൈപ്പ് റീഡർ, അക്കങ്ങൾ കീഇൻ ചെയ്യാവുന്ന ന്യൂമെറിക് കീബോർഡ്, ഡിസ് പ്ലേ, പണം നൽകാനും സ്വീകരിക്കാനും സൗൗകര്യമുള്ള ഒരു വിദ്യുത് യാന്ത്രിക ഉപകരണം, രസീതുകൾ തയ്യാറാക്കാനുള്ള ഒരു പ്രിന്റർ, എന്നിവയാണ് ഓട്ടോമാറ്റിക് ടെല്ലർ മെഷീനിന്റെ മുഖ്യ ഹാർഡുവെയെറുകൾ.[5]

ഇവയെല്ലാം പെട്ടെന്ന് കേടുവരാതിരിക്കുന്നവയും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്നവയും ആണ്. ഇവയെ അനായാസം മോഷ്ടിച്ചു കൊണ്ടു പോകാനുമാവില്ല. ഓട്ടോമാറ്റിക് ടെല്ലർ മെഷീനിലെ ടെർമിനലിനെ ലോക്കൽ കൺട്രോളറുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ടെർമിനലിനെ സദാനേരവും നിരീക്ഷിക്കുക, അതിലേയ്ക്ക് ആവശ്യമുള്ള നിർദ്ദേശങ്ങൾ നൽകുക, വിവിധ അക്കൗണ്ടിങ് പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നിവയാണ് 'കൺട്രോളറുടെ' ചുമതല. ഈ കൺട്രോളറിന് സമീപ പ്രദേശത്തുള്ള ഒരു ലോക്കൽ കംപ്യൂട്ടറുമായും ബന്ധമുണ്ടാവും. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ അക്കൗണ്ടിലെത്തിക്കുക, പണമിടപാടുകൾക്കുള്ള നിർദ്ദേശം നൽകുക, ക്രെഡിറ്റ്/ഡെബിറ്റ് ക്രിയകൾ നടപ്പാക്കുക എന്നീ ചുമതലകൾ ഈ ലോക്കൽ കംപ്യൂട്ടറിനാണുള്ളത്. ഉപയോക്താവിന്റെ അക്കൌണ്ട് മറ്റൊരു ബാങ്ക് സ്ഥാപനത്തിലാണ് ഉള്ളതെങ്കിൽ അവിടത്തെ കംപ്യൂട്ടറുമായി, കംപ്യൂട്ടർ ശൃംഖലകൾ വഴിയാവും, ബന്ധം സ്ഥാപിക്കുക.

മിക്ക ഓട്ടോമാറ്റിക് ടെല്ലർ മെഷീനുകളും സ്റ്റേറ്റ്-ഒഫ്-ദ-ആർട് സാങ്കേതിക രീതിയിൽ പ്രവർത്തിക്കുന്നവയാണ്. അക്കൗണ്ട് ഉടമ സ്വന്തം 'മണി അക്സസ്' കാർഡ് മെഷീനിന്റെ അറയിൽ വച്ചാലുടൻ പരിശോധനകളിലൂടെ മെഷീൻ അതിന്റെ നിജസ്ഥിതി ഉറപ്പുവരുത്തുന്നു.

ഇതര ഇനങ്ങൾ

തിരുത്തുക

ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ സെൽഫ് സർവീസ്, ലൈബ്രറി കൗൺടറിലെ ചെക്ക്-ഇൻ/ചെക്ക്-ഔട്ട്, എന്നീ സംവിധാനങ്ങളിൽ ഉപയോഗിക്കുന്നവയും ഓട്ടോമാറ്റിക് ടെല്ലർ മെഷീനിന്റെ സദൃശ ഇനങ്ങളാണ്. പക്ഷേ, മൾട്ടിമീഡിയ, അനിമേഷൻ ഹൈഡെഫിനിഷൻ ടെലിവിഷൻ (HDTV) എന്നിവയിലേതിന് ഉയർന്ന ബാൻഡ് വിഡ്ത് സൗകര്യം കൂടി ആവശ്യമാണ്. ബാൻഡ് വിഡ്ത് ശേഷി വർധിക്കുന്നതോടെ വെർച്വൽ റിയാലിറ്റി നെറ്റ് വർക് ടെർമിനലുകളും പ്രചാരത്തിൽ വരുന്നതായിരിക്കും.

  1. http://www.webopedia.com/TERM/T/terminal.html What is terminal? - A Word Definition From the Webopedia
  2. http://psgweb.ucsf.edu/ts/EmailTS.asp Archived 2012-06-01 at the Wayback Machine. Email on Terminal Server
  3. http://www.omnisecu.com/cisco-certified-network-associate-ccna/methods-of-switching.htm Methods of Switching, Store and Forward, Cut-through and
  4. http://www.videcom.com/VRS.htm Archived 2012-04-23 at the Wayback Machine. Airline Reservation System
  5. http://www.webopedia.com/TERM/A/ATM.html What is ATM? - A Word Definition From the Webopedia Computer

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെർമിനൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടർ_ടെർമിനൽ&oldid=3627609" എന്ന താളിൽനിന്ന് ശേഖരിച്ചത്