ക്രിസ്തീയ പള്ളികളിലെ അൾത്താര ശുശ്രൂഷക്ക് ഔദ്യോഗിക നിയമനം ലഭിച്ച വ്യക്തിയാണ് കപ്യാർ. അൾത്താരയിലെ ആരാധനാപരമായ ശുശ്രൂഷയ്ക്കു പുറമേ, ദേവാലയത്തിന്റേയും ദേവാലയ പരിസരത്തിന്റേയും ദൈനംദിന മേൽനോട്ടത്തിനും കപ്യാർമാരെ ചുമതലപ്പെടുത്താറുണ്ട്.[1][൧] ഇപ്പോൾ പല സഭകളും 'കപ്യാർ' എന്നതിനു പകരം 'ശുശ്രൂഷകൻ','പ്രധാന ശുശ്രൂഷകൻ' തുടങ്ങിയ പദങ്ങളാണ് ഉപയോഗിച്ചു കാണുന്നത്.

പേരിന് പിന്നിൽ തിരുത്തുക

സുറിയാനി ഭാഷയിലെ കബൂറാ (Sexton, ശവക്കുഴി വെട്ടുന്നവൻ) എന്ന പദത്തിൽ നിന്നാണ് മലയാളത്തിലെ കപ്യാർ രൂപം കൊണ്ടത് എന്ന് ചില നിഘണ്ടുക്കളിലും [2][൨] വിജ്ഞാനകോശങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ ഇതു വസ്തുതാപരമോ വിശ്വാസയോഗ്യമോ അല്ല എന്നുള്ള വാദവും ശക്തമാണ്. കപ്യാർ എന്ന വാക്കിന്റെ ഉദ്ഭവത്തെപ്പറ്റി മറ്റ് ചില അഭിപ്രായങ്ങൾ കൂടി നിലവിലുണ്ട്. മാമ്മോദീസയിലെ ഉപേക്ഷണ വാക്യം[൩] ആരംഭിക്കുന്നത് സുറിയാനിയിലെ കോപാർ എന്ന പദത്തിലാണ്.ഈ വാക്യം ചൊല്ലിക്കൊടുക്കുവാൻ മുൻ കാലങ്ങളിൽ നിയോഗിക്കപ്പെട്ടിരുന്നതിനാൽ ഇവർക്ക് കപ്യാർ എന്ന പേർ വന്നു എന്നാണ് ഒരു അഭിപ്രായം. മറ്റൊരു അഭിപ്രായപ്രകാരം കപ്യാർ എന്ന പദമുണ്ടായത് ലത്തീൻ ഭാഷയിലെ കപ്യാരിയൂസ് എന്ന വാക്കിൽ നിന്നാണ്. നിക്ഷേപാലയ കാര്യസ്ഥൻ [3][൪]എന്നാണ് ഈ വാക്കിന്റെ അർത്ഥം. 16-ആം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പോർട്ടുഗീസ് മിഷണറിമാരാണ് ഈ വാക്ക് ഇവിടെ പ്രചരിപ്പിച്ചതെന്നും ലത്തീനിലെ 'കപ്യാരിയൂസ്' പോർച്ചുഗീസ് ഭാഷയിൽ 'കപ്യാരിയോ' എന്നും മലയാളത്തിൽ ക്രമേണേ അത് 'കപ്യാർ' എന്നും ആയതായി കരുതപ്പെടുന്നു. കപ്യാർമാർ അനുഷ്ഠിക്കുന്ന ആത്മീയ കർമ്മങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കൂടുതൽ സാധുതയുള്ള അഭിപ്രായമാണിത്.

ചരിത്രം തിരുത്തുക

ക്രിസ്തീയ സഭയുടെ ആദിമകാലത്ത് ശെമ്മാശൻമാർ ആയിരുന്നു അൾത്താരാ ശുശ്രൂഷകളിൽ കാർമ്മികനായ വൈദികനെ സഹായിച്ചിരുന്നത്. പിന്നീട് ശെമ്മാശൻമാർ തുടർസ്ഥാനങ്ങൾ വഴി വൈദികരായി ഉയർത്തപ്പെട്ടു തുടങ്ങിയതോടുകൂടി സ്ഥിരം ശെമ്മാശൻമാർ ഇല്ലാത്ത അവസ്ഥ പലപ്പോഴും സംജാതമായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സ്ഥിരമായ സേവനം ലഭിക്കുന്നതിന് വേണ്ടി ശെമ്മാശനു പകരം കപ്യാരെ നിയോഗിച്ചു തുടങ്ങി.യൂറോപ്പിലാണ് ഇത് ആദ്യമായി നടപ്പിലാക്കിയത്.[3]

കുറിപ്പുകൾ തിരുത്തുക

^ 1599-ൽ നടന്ന സൂനഹദോസിന്റെ 22-ആം കാനോനയിൽ ഇങ്ങനെ വായിക്കാം: "മലംകര എടവകയിലെ പള്ളികൾ...അടിച്ചുതൂക്കാത്തതിനെക്കൊണ്ട ചെറും പൊടിയും പെരണ്ടകെടന്നു ഞായം. ഇത അതിന്റെ അറ്റകുറ്റം നോക്കുന്നവര ഇല്ലായ്ക കൊണ്ട. ഇതിനെക്കൊണ്ട ശുദ്ധമാന സൂനഹദോസ പ്രമാണിക്കുന്നു: പള്ളി പണ്ടാരത്തീന്ന എടുക്കുന്ന മൊതലിൽ തിങ്ങളിൽ(മാസം) ഏതാനും.....കപ്പ്യാരന്മാർക്ക കൊടുക്കണം എന്ന. കപ്പ്യാരന്മാർക്ക അല്ലെംകിൽ മറ്റ ആരാനും ആഴ്ചവട്ടത്തിൽ രണ്ടകുറി അടിച്ച തുത്ത വെടിപ്പ ആക്കുന്നു എന്നാൽ അവർക്ക."[1]

൨.^ ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ കപ്യാർ എന്ന പദം സുറിയാനിയിലെ കബർ എന്ന പദത്തിൽ നിന്നു വന്നതാണെന്ന് സൂചിപ്പിച്ചിരിക്കുന്നു.[2]

൩.^ സാത്താനെ ഉപേക്ഷിക്കുന്നു എന്ന ഉപേക്ഷണ വാക്യം ചൊല്ലിക്കൽ മാമ്മോദീസ ശുശ്രൂഷയുടെ ഒരു ഭാഗമാണ്.നിശ്ചിത രൂപമുള്ള ഈ പ്രതിജ്ഞ പറയിക്കുക ഒരു കാലത്ത് ശുശ്രൂഷകരുടെ ചുമതലയായിരുന്നു. ഇപ്പോൾ കാർമ്മികനായ വൈദികൻ തന്നെ ഇതു പറയിക്കുന്നു.

൪.^ ദേവാലയത്തിലെ പൂജാപാത്രങ്ങൾ,ഗ്രന്ഥങ്ങൾ,തിരുവസ്ത്രങ്ങൾ തുടങ്ങിയവ സൂക്ഷിക്കുന്നതിന് അൾത്താരയോട് ചേർന്ന് ഒരു പ്രത്യേക മുറി ക്രമീകരിക്കുന്ന പതിവ് മദ്ധ്യകാലഘട്ടത്തിൽ യൂറോപ്പിലുണ്ടായിരുന്നു. ഈ നിക്ഷേപാലയങ്ങളുടെ കാര്യസ്ഥനെ കപ്യാരിയൂസ് (Capiarius) എന്നു വിളിച്ചിരുന്നു.[3]

അവലംബം തിരുത്തുക

  1. 1.0 1.1 സ്കറിയാ സക്കറിയ സംശോധനം നടത്തിയ ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, ഇരുപത്തിരണ്ടാം കാനോന(പുറം 223), പ്രസാധനം ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം, കേരളം.
  2. 2.0 2.1 എച്ച്.ഗുണ്ടർട്ട്, മലയാളം-ഇംഗ്ലീഷ് നിഘണ്ടു, 7-ആം പതിപ്പ്, പുറം 204, പ്രസാധനം ഏഷ്യൻ എജ്യൂക്കേഷണൽ സർവ്വീസസ്
  3. 3.0 3.1 3.2 കോട്ടയം ബാബുരാജ്, മലങ്കര സഭയുടെ ആചാരാനുഷ്ഠാനങ്ങൾ, ജിജോ പബ്ലിക്കേഷൻസ്, മണർകാട്,കോട്ടയം
"https://ml.wikipedia.org/w/index.php?title=കപ്യാർ&oldid=1205363" എന്ന താളിൽനിന്ന് ശേഖരിച്ചത്