കണ്ണീരിന്റെ പാത
“ട്രെയിൽ ഓഫ് ടിയേർസ്” എന്നറിയപ്പെടുന്നത് തങ്ങളുടെ പൈതൃക ഭൂമിയിൽ നിന്നുള്ള (പ്രധാനമായി തെക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്ന്) മിസിസിപ്പി നദിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലേയ്ക്കുള്ള തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരുടെ നിർബന്ധിത നീക്കം ചെയ്യൽ പരമ്പരയാണ്. 1830 ൽ പാസാക്കപ്പെട്ട ഇന്ത്യൻ റിമൂവൽ ആക്റ്റ് പ്രകാരമുള്ള ഈ നിർബന്ധിത നീക്കം ചെയ്യൽ നിയമം നടപ്പിൽ വരുത്തുന്നതിനായി അനേകം സർക്കാർ ഉദ്ദ്യോഗസ്ഥന്മാർ നിയോഗിക്കപ്പെട്ടു. നീക്കം ചെയ്യപ്പെടലിന് നിർബന്ധിതരായ തദ്ദേശീയ ജനങ്ങൾ തങ്ങൾക്കായി നീക്കിവയ്ക്കപ്പെട്ട വിവിധ വിദൂര പ്രദേശങ്ങളിലേയ്ക്കുള്ള യാത്രാമദ്ധ്യേ, ലക്ഷ്യങ്ങളിലെത്തുന്നതിനുമുമ്പ് കാലാവസ്ഥാ വ്യതിയാനങ്ങളാലും രോഗങ്ങൾ പിടിപെട്ടും പട്ടിണിയാലും കൊല്ലപ്പെട്ടു. ഏകദേശം നാലായിരത്തിലധികം തദ്ദേശീയ ഇന്ത്യൻ ജനങ്ങളാണ് ഈവിധം കൊല്ലപ്പെട്ടത്. ചെറോക്കീ, മുസ്കോഗീ, സെമിനോൾ, ചിക്കാൻസൌ, ചോക്റ്റോ രാഷ്ട്രങ്ങളിൽനിന്നുള്ള പല വർഗ്ഗങ്ങളിലെ ജനങ്ങൾ ഇപ്രകാരം വിധിവൈപരീത്യത്താൽ കൊല്ലപ്പെടുകയുണ്ടായി. 1838 ൽ ചെറോക്കീ നേഷൻറെ നീക്കം ചെയ്യലിനോടനുബന്ധിച്ചുള്ള വിവരണത്തിൽനിന്നുമാണ് വാക്യം ഉടലെടുത്തത്..[1][2][3]
1830 നും 1850 നുമിടയ്ക്കുള്ള വർഷങ്ങളിൽ ചിക്കാൻസോ, ചോക്ക്റ്റോ, ക്രീക്ക്, സെമിനോൾ, ചെറോക്കീ തദ്ദേശീയ ജനങ്ങളും അവരോടൊപ്പം യൂറോപ്യൻ കുടിയേറ്റക്കാർ ആഫ്രിക്കയിൽ നിന്ന് അടിമകളായി കൊണ്ടുവരികയും പിന്നീട് സ്വതന്ത്ര്യം നൽകിയതുമായ ആഫ്രിക്കൻ വംശജരും ഇവ്വിധം നീക്കം ചെയ്യപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു.[4] ഈ തദ്ദേശവാസികൾ വെള്ളക്കാരായ നാടൻ കുടിയേറ്റപ്പടയുടെയും യു.എസ്. സർക്കാരിൻറെയും ഭീഷണിയാൽ അണിയണിയായി പടിഞ്ഞാറുള്ള വിദൂരദേശങ്ങളിലേയ്ക്ക് കാൽനടയായി യാത്രചെയ്തു.[5] ഭൂരിപക്ഷം പേരും ലക്ഷ്യത്തിലെത്തുന്നതിനുമുമ്പ് മരിച്ചുവീണു
ഇതിൽ 1838 ൽ സംഭവിച്ച ചെറോക്കി വർഗ്ഗത്തിൻറെ നീക്കം ചെയ്യൽ 1828 ൽ ഡഹ്‍ലോനെഗ, ജോർജിയ എന്നിവിടങ്ങളിലെ സ്വർണ്ണഖനികളുടെ കണ്ടുപിടിത്തത്തോടെയാണ് ആരംഭിച്ചത്. ജോർജിയ ഗോൾഡ് റഷിൻറെ കാലത്ത് അനേകായിരം വെള്ളക്കാരായ കുടിയേറ്റക്കാർ ഈ പ്രദേശങ്ങളിലേയ്ക്ക് ഒഴുകിയെത്തി.[6] നിർബന്ധിത നീക്കം ചെയ്യലിനു വിധേയരായ 16,543 ചെറോക്കി ഇന്ത്യക്കാരിൽ ഏകദേശം 2,000 നും 6000 ത്തിനുമിടയ്ക്കുള്ള ജനങ്ങൾ മാർഗ്ഗമദ്ധ്യേ മരണമടഞ്ഞു.[7][8][9][10][11]
ചരിത്ര പശ്ചാത്തലം
തിരുത്തുക1830 ൽ ചെറോക്കീ, ചിക്കാസോ, ചോക്റ്റോ, മുസ്കോഗീ, സെമിനോൾ എന്നീ വർഗ്ഗങ്ങളെ ഒന്നിച്ചുചേർത്ത് വിശേഷിപ്പിച്ചിരുന്നത് "അഞ്ച് സംസ്കാരമുള്ള ഗോത്രങ്ങൾ" എന്നായിരുന്നു. ഇവർ അക്കാലത്ത് വസിച്ചിരുന്നത് പിൽക്കാലത്ത് അമേരിക്കൻ "ഡീപ് സൌത്ത്" എന്നു വിളിക്കപ്പെട്ടിരുന്ന പ്രദേശത്തെ (ജോർജിയ, അലാബാമ, തെക്കൻ കരോലിന, മിസ്സിസ്സിപ്പി, ലൂയിസിയാന എന്നിവ ഉൾപ്പെട്ടിരുന്ന പ്രദേശം) 5 സ്വയം ഭരണ രാഷ്ട്രങ്ങളിലായിരുന്നു. ജോർജ്ജ് വാഷിങ്ടണും ഹെൻട്രി നോക്സും ചെറോക്കികളുടെയും ചോക്റ്റോകളുടെമുള്പ്പെടെയുള്ള ഈ 5 സമൂഹങ്ങളെയും മാറ്റിമറിക്കാനുതകുന്ന തരത്തിൽ ഒരു സാസ്ക്കാരിക പരിവർത്തന പദ്ധതി ഇക്കാലയളവിൽ മുന്നോട്ടുവച്ചു. ഇക്കാലഘട്ടത്തിൽ അമേരിക്കൻ കുടിയേറ്റക്കാർ ഇന്ത്യൻ വിഭാഗങ്ങളെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നു നീക്കം ചെയ്ത് പ്രസ്തുത ഭൂമി തങ്ങൾക്കു നല്കുവാൻ ഫെഡറൽ ഗവണ്മെന്റിനുമേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. ഇതിനിടയിൽത്തന്നെ ഏതാനും കുടിയേറ്റക്കാർ ഇന്ത്യൻ ഭൂമികളിൽ കടന്നുകയറി ആധിപത്യം സ്ഥാപിക്കാനും ആരംഭിച്ചിരുന്നു. മറ്റു വെള്ളക്കാർ കൂടുതൽ ഭൂമിക്കായി ഫെഡറൽ ഗവണ്മെന്റിനുമേൽ സമ്മർദ്ദം ചെലുത്തി. എന്നിരുന്നാലും ഈ ഉദ്യമങ്ങളെ യു.എസ് കോൺഗ്രസിനുള്ളിലെ ടെന്നസിയിൽ നിന്നുള്ള ഡേവി ക്രോക്കറ്റും മറ്റനേകം ആളുകളും ശക്തിയായി എതിർത്തിരുന്നു. പക്ഷേ പ്രസിഡന്റ് ആൻഡ്രൂ ജാക്സണ് 1830 ലെ ഇന്ത്യൻ റിമൂവൽ ആക്ട് യു.എസ്. കോൺഗ്രസിൽ പാസാക്കിയെടുക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നു. ഈ നിയമം യു.എസ് ഗവണ്മെന്റിന് ഇന്ത്യൻ ഉടമസ്ഥതയിലുള്ള തെക്കുകിഴക്കൻ ഭൂമി കൈവശപ്പെടുത്താനുള്ള അധികാരം നൽകി.
ഇന്ത്യൻ റിമൂവൽ ആക്ടു പ്രകാരം 1831ൽ ആദ്യമായി നീക്കം ചെയ്യപ്പെട്ട ഇന്ത്യൻ വർഗ്ഗം ചോക്റ്റൌ ആയിരുന്നു. ഇവരുടെ നീക്കം ചെയ്യൽ പിന്നീടുണ്ടായ എല്ലാ നീക്കം ചെയ്യലുകൾക്ക് ഒരു മാതൃകയായി ഭവിച്ചു. രണ്ടു യുദ്ധങ്ങൾക്കു ശേഷം 1832 ൽ അനേകം സെമിനോൾ വർഗ്ഗക്കാർ അവരുടെ ഭൂമിയിൽ നിന്നു നീക്കം ചെയ്യപ്പെട്ടു.1834 ൽ ക്രീക്ക് വർഗ്ഗക്കാരും 1837 ൽ ചിക്കാനസോ വർഗ്ഗക്കാരും തങ്ങളുടെ പരമ്പരാഗത ഭൂമിയിൽ നിന്നു മറ്റു മേഖലകളിലേയ്ക്കു പറിച്ചു നടപ്പെട്ടു. ഏതാനു പേർ തങ്ങളുടം പൈതൃകഭൂമിയിൽത്തന്നെ തുടരുകയും ഏതാനും ചോക്റ്റൌ വർഗ്ഗക്കാർ മിസ്സിസ്സിപ്പിയിലും ക്രീക്കുകൾ അലബാമ, ഫ്ലോറിഡ എന്നിവിടങ്ങളിലും ചെറോക്കികൾ വടക്കൻ കരോലിനയിലും സെമിനോളുകൾ ഫ്ലോറിഡയിലും കാണപ്പെട്ടു. ഒരു ചെറിയ സംഘം എവർഗ്ലേഡിലേയ്ക്ക് മാറുകയും യു.എസ്. ഗവണ്മെന്റിന് ഒരിക്കലും കീഴ്പെടാതിരിക്കുയും ചെയ്തു. ആഫ്രിക്കയിൽ നിന്നുള്ള അടിമപ്പണിക്കാർ അടങ്ങുന്ന ഏതാനും ഇന്ത്യൻ വർഗ്ഗങ്ങളല്ലാത്തവർ ഇന്ത്യൻ വർഗ്ഗങ്ങളോടൊപ്പം കാൽനടയായി പടിഞ്ഞാറു ദിക്കിലേയ്ക്ക് യാത്ര ചെയ്തു. 1837 ആയപ്പോഴേയ്ക്കും തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 46,000 ഇന്ത്യൻ വർഗ്ഗക്കാർ തങ്ങളുടെ പൈതൃകഭൂമിയിൽ നിന്നു കുടിയിറക്കപ്പെടുകയും അതിൻറ ഫലമായി 25 മില്ല്യൺ ഏക്കർ (100,000 ചതുരശ്ര കിലോമീറ്റർ) ഭൂമി വെളുത്തവർഗ്ഗക്കാരായ കുടിയേറ്റക്കാർക്ക് അധിവസിക്കുവാൻ തരപ്പെടുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ "Trail of Tears". History.com.
- ↑ "A Brief History of the Trail of Tears". Cherokee.org. Archived from the original on 2016-10-07. Retrieved 2017-01-01.
- ↑ "Historical Documents: The Trail of Tears, 1942". PBS.org.
- ↑ Minges, Patrick (1998). "Beneath the Underdog: Race, Religion, and the Trail of Tears". US Data Repository. Retrieved 13 Jan 2013.
- ↑ "Indian removal". PBS. Retrieved June 11, 2014.
- ↑ Inskeep, Steve (2015). Jacksonland: President Andrew Jackson, Cherokee Chief John Ross, and a Great American Land Grab. New York: Penguin Press. pp. 332–333. ISBN 978-1-59420-556-9.
- ↑ Prucha. Great Father. p. 241. note 58
- ↑ Ehle. Trail of Tears. pp. 390–92.
- ↑ Thompson, Russel & Anderson (Editor). "Demography of the Trail of Tears". Trail of Tears. pp. 75–93.
{{cite news}}
:|author=
has generic name (help) - ↑ Carter (III), Samuel (1976). Cherokee sunset: A Nation Betrayed: A Narrative of Travail and Triumph, Persecution and exile. New York: Doubleday. p. 232.
- ↑ Curtis, Nancy C. (1996). Black Heritage Sites. United States: ALA Editions. p. 543. ISBN 0-8389-0643-5.