കണ്ണവം ശങ്കരൻ നമ്പ്യാർ

(കണ്ണവത്ത് ശങ്കരൻ നമ്പ്യാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പഴശ്ശിരാജാവിന്റെ പ്രധാനമന്ത്രി (സർവ്വാധികാര്യകർ) ആയിരുന്നു കണ്ണവം ശങ്കരൻ നമ്പ്യാർ(Kannavath Sankaran Nambiar). (ജീവിതകാലം (ഏതാണ്ട്)1760 മുതൽ 1801 നവമ്പർ 27 വരെ).

400 ചതുരശ്രമൈൽ വിസ്തൃതിയുള്ള കണ്ണവം എന്ന ഗ്രാമം മുഴുവൻ ഉടമസ്ഥതയിലുള്ള ഒരു കുടുംബമായിരുന്നു കണ്ണവത്ത്. ആ വീട്ടുപേർ അങ്ങനെ ആ സ്ഥലത്തിന്റെ പേർ ആയി.[1] ഒരു കാലത്ത് വടക്കേ മലബാറിലെ ഏറ്റവും സമ്പന്നമായ ജന്മികുടുംബമായിരുന്ന കണ്ണവത്ത് പഴശ്ശിരാജാവിന്റെ കുടിയാന്മാരായിരുന്നു. ഈ ജന്മിഗൃഹത്തിലാണ് കണ്ണവത്ത് ശങ്കരൻ നമ്പ്യാർ ജനിച്ചത്.[1]

ആദ്യകാല ജീവിതം തിരുത്തുക

വളരെ ചെറുതായിരിക്കുമ്പോൾത്തന്നെ കോട്ടയം രാജ്യത്തിൽ നിന്നും മൈസൂരുകാരെ തുരത്തുന്നതിന് പഴശ്ശിയുടെ യുദ്ധങ്ങളിൽ ശങ്കരൻ നമ്പ്യാർ പങ്കെടുത്തിരുന്നു. അയാളുടെ ധൈര്യത്തിലും ദൃഢനിശ്ചയത്തിലും ആത്മാർത്ഥതയിലും ഭരണകാര്യത്തിലും നയതന്ത്രത്തിലുമെല്ലാം ആകൃഷ്ടനായ പഴശ്ശിരാജാവ് ശങ്കരൻ നമ്പ്യാരെ തന്റെ പ്രധാനമന്ത്രിയാക്കി. പഴശ്ശിയുടെ പ്രധാനകേന്ദ്രങ്ങളിൽ ഒന്നായിരുന്ന തൊടീക്കളം ശങ്കരൻ നമ്പ്യാരുടെ പ്രവർത്തനമണ്ഡലത്തിന്റെ കേന്ദ്രം ആയിരുന്നു. തൊടീക്കളവും ചുറ്റുപാടുമെല്ലാം മലകളും മരങ്ങളും നിറഞ്ഞതും പഴശ്ശിയുടെ യുദ്ധങ്ങളിൽ മൈസൂരുകാർക്കെതിരെയും ബ്രിട്ടീഷുകാർക്കെതിരെയും പോരാടാൻ മുന്നിൽ നിന്ന കുറിച്യസമുദായത്തിൽപ്പെട്ടവർ ജീവിച്ചിരുന്ന ഇടവുമായിരുന്നു.[1][2][3]

ബ്രിട്ടീഷുകാരുമായുള്ള യുദ്ധം തിരുത്തുക

ബ്രിട്ടീഷുകാരുമായുള്ള ആദ്യയുദ്ധത്തിൽ കൈതെരി അമ്പുവിനൊപ്പം ശങ്കരൻ നമ്പ്യാരും ബ്രിട്ടീഷുകാരെ തടുത്തുനിർത്തുന്നതിൽ ഒരു പ്രധാനപങ്ക് വഹിക്കുകയുണ്ടായി. തൊടീക്കളം ക്ഷേത്രത്തിൽ സ്ഥാനം ഉറപ്പിച്ച് 1797 -ൽ ബ്രീട്ടീഷുകാർക്കെതിരെ പോരാടിയ ആൾക്കാരിൽ ശങ്കരൻ നമ്പ്യാരും ഉണ്ടായിരുന്നു. ഈ പോരാട്ടത്തിൽ ബ്രിട്ടീഷുകാർക്ക് വലിയ നഷ്ടമുണ്ടായി. മുതിർന്ന നേതാക്കളായ ക്യാപ്റ്റൻ ബാച്ചിലറും ക്യാപ്റ്റൻ വില്യം ബ്രൗണും കൊല്ലപ്പെടുകയുമുണ്ടായി.[1][4]

1800 ജൂണിൽ ബ്രിട്ടീഷുകാരോടുള്ള രണ്ടാമത്തെ യുദ്ധത്തിലും ശങ്കരൻ നമ്പ്യാർ പ്രാധാനപങ്കുവഹിക്കുകയുണ്ടായി. അദ്ദേഹം സുഹൃത്തുകളോടൊപ്പം വലിയൊരു സംഘം പോരാളികളെ ഒരുമിപ്പിച്ചു ബ്രിട്ടീഷുകാർക്കെതിരെ പോരാടി. 1801 ആഗസ്റ്റ് 4 -ആം തിയതി ബ്രിട്ടിഷുകാർ ശങ്കരൻ നമ്പ്യാരെ നിയമഭ്രഷ്ടനാക്കുകയും വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. ശങ്കരൻ നമ്യാരും കൂട്ടാളികളും കൂടി പഴശ്ശിരാജാവിനെ പിടികൂടാതെ രക്ഷിക്കുകയും തെക്കെ മലബാറിലെ അത്തൻ ഗുരിക്കളോട് സഖ്യത്തിലാവുകയും ബ്രിട്ടീഷുകാർക്ക് കൂടുതൽ തലവേദന ഉണ്ടാക്കുന്ന പോരാട്ടങ്ങൾ നടത്തുകയും ചെയ്തു.[1][2]

പിടികൂടിയതും വധിച്ചതും തിരുത്തുക

1801 നവമ്പർ 27 -ന് തന്റെ 24 വയസ്സുള്ള മകനോടും കുറച്ചു കൂട്ടാളികളോടും കൂടി കുറ്റ്യാടിയിൽ താവളമടിക്കുമ്പോൾ ഒരു ബ്രാഹ്മണൻ ശങ്കരൻ നമ്പ്യാരെ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തു. ആ രാത്രിയിൽത്തന്നെ ബ്രിട്ടീഷുകാർ എല്ലാവരെയും പിടിച്ച് കണ്ണവത്ത് കൊണ്ടുവരികയും രാത്രി തന്നെ തൂക്കിക്കൊല്ലുകയും ചെയ്തു. തങ്ങളുടെ നേതാവിന്റെയും കൂട്ടാളികളുടെയും മൃതദേഹങ്ങൾ തൂങ്ങിക്കിടക്കുന്ന കാഴ്ച്ച കണ്ടാണ് കണ്ണവത്തെ ആൾക്കാർ പിറ്റേന്ന് ഉറക്കമുണർന്നത്.[1][2] ഈയിടെയാണ് എല്ലാവരെയും തൂക്കിക്കൊന്ന ആ മരം കാലം ചെന്നു വീണത്. എന്നാൽ ഇന്നും ആ മരത്തിനു ചുറ്റുമുള്ള ഒരേക്കർ സ്ഥലം കുരുതിക്കളം എന്ന പേരിൽ തുറസ്സായിത്തന്നെ ഇട്ടിട്ടുണ്ട്..[4]

തൂക്കിക്കൊല്ലുന്നതിനു തൊട്ടുമുന്നെ പോലും അദ്ദേഹം വളരെ ശാന്തനായിരുന്നുവത്രേ. പഴശ്ശിയുടെ ഒളിത്താവളം കാട്ടിക്കൊടുക്കുന്ന പക്ഷം മാപ്പുനൽകാമെന്നുള്ള ബ്രിട്ടീഷുകാരുടെ വാഗ്ദാനം അദ്ദേഹം നിരസിച്ചു. ബ്രിട്ടീഷുകാർ നൽകുന്നതേക്കാൾ വലിയ സമ്മാനം തനിക്ക് സ്വർഗ്ഗത്തിൽ കിട്ടുമെന്നും പറഞ്ഞ് സ്വന്തം തന്നെയാണത്രേ അദ്ദേഹം കൊലക്കയർ തന്റെ കഴുത്തിലേക്ക് ഇട്ടത്. പഴശ്ശിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയാൽ മോചിപ്പിക്കാം എന്ന വഗ്ദാനം കൂടെ ഉണ്ടായിരുന്ന എല്ലാവരും നിരസിക്കുകയായിരുന്നു. അതിനാൽ എല്ലാവരെയും അന്നു രാത്രി തന്നെ കഴുവിലേറ്റുകയായിരുന്നു.[5]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 Malabar Manual, William Logan, 1887
  2. 2.0 2.1 2.2 Kerala Simham, Sardar KM Panikkar, 1941
  3. Pazhassi Samarangal, KKN Kurup, 1986
  4. 4.0 4.1 Vadakkan Aithihyamaala, Vanidas Elayavoor, 1986
  5. Account of George Strachan
"https://ml.wikipedia.org/w/index.php?title=കണ്ണവം_ശങ്കരൻ_നമ്പ്യാർ&oldid=3416877" എന്ന താളിൽനിന്ന് ശേഖരിച്ചത്