പ്രമുഖ ഇന്ത്യൻ ഫുട്‌ബോൾ താരമായിരുന്നു ഒ. ചന്ദ്രശേഖരൻ (O. Chandrasekharan). 1960 സെപ്തംബറിൽ റോമിൽ നടന്ന ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു. 1960 സെപ്തംബർ ഒന്നിനാണ് ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ടീം അവസാനമായി ഒളിമ്പിക്‌സിൽ കളിച്ചത്. ഇരിങ്ങാലക്കുട സ്വദേശിയായ ചന്ദ്രശേഖരൻ ഇപ്പോൾ കൊച്ചിയിൽ വിശ്രമജീവിതം നയിക്കുന്നു.

നേട്ടങ്ങൾ

തിരുത്തുക

ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ ടീമുകളെ തോൽപ്പിച്ച് 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ചന്ദ്രശേഖരൻ. 1955ൽ ബോംബെയിലെ കാൽടെക്‌സ് ടീമിന് വേണ്ടി കളിച്ചു. 1963ൽ മദിരാശിയിൽ നടന്ന ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്രയുടെ നായകനായി സന്തോഷ് ട്രോഫി ഏറ്റുവാങ്ങി ആ ബഹുമതിക്ക് അർഹനാവുന്ന ആദ്യ മലയാളിയും ഒ ചന്ദ്രശേഖരനാണ്. 1954ൽ എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർഥിയായിരിക്കുമ്പോൾ യൂണിവേഴ്‌സിറ്റി ടീമിലും തിരുകൊച്ചി ടീമിലും കളിച്ചു. അന്നത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് 1955ൽ കാൽടെക്‌സ് ടീമിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 1955 മുതൽ 1966 വരെ മഹാരാഷ്ട്രയെയും 1968 വരെ ഇന്ത്യയെയും പ്രതിനിധീകരിച്ചു. 1969ൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു. [1]

  1. ഇതാ ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇവിടെയുണ്ട്. ദേശാഭിമാനി ദിനപത്രം, 2014 നവംബർ 13
"https://ml.wikipedia.org/w/index.php?title=ഒ._ചന്ദ്രശേഖരൻ&oldid=2401572" എന്ന താളിൽനിന്ന് ശേഖരിച്ചത്