ഒട്ടോ റെനെ കാസ്റ്റില്ലോ

ഗോട്ടിമാലൻ വിപ്ലവകവി
(ഒട്ടോ റെനോ കാസ്റ്റില്ലോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്വാട്ടിമാലയിലെ വിപ്ലവകാരിയും ഗറില്ല പോരാളിയും ആയിരുന്നു ഒട്ടോ റെനെ കാസില്ലോ (Otto Rene Castillo). ഒരു കവിയായിരുന്ന ഇദ്ദേഹത്തിന്റെ അരാഷ്ട്രീയ ബുദ്ധിജീവികൾ എന്ന കവിത ഏറെ പ്രശസ്തമാണ്.

ഒട്ടോ റെനെ കാസ്റ്റില്ലോ
ഒട്ടോ റെനെ കാസ്റ്റില്ലോ
ഒട്ടോ റെനെ കാസ്റ്റില്ലോ
ജനനം1934
ക്വെറ്റ്സാറ്റെനംഗോ
മരണം1967 മാർച്ച് 23
സകാപ
തൊഴിൽകവി, വിപ്ലവകാരി
ഭാഷസ്പാനിഷ്
ദേശീയതഗ്വാട്ടിമാലക്കാരൻ
ശ്രദ്ധേയമായ രചന(കൾ)Poema Tecún Umán
Vámonos patria a caminar
അവാർഡുകൾPremio Centroamericano de poesía (1955)

ജീവചരിത്രം

തിരുത്തുക

ആദ്യകാലം

തിരുത്തുക

ക്വെറ്റ്സാറ്റെനംഗോയിൽ ജുവാൻ ദെ ഡയോസ് കാസ്റ്റില്ലോയുടെ (Juana de Dios Castillo Merida) മകനായി 1936-ൽ ജനിച്ചു. (1934 ഏപ്രിൽ 25 ആണ് ജനന തീയതിയെന്ന്‌ ചിലയിടങ്ങളിൽ കാണുന്നു.) ക്വെറ്റ്സാറ്റെനംഗോയിലെ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഗ്വാട്ടിമാല നഗരത്തിലെ സെൻട്രൽ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഫോർ ബോയ്‌സിൽ സെക്കണ്ടറി വിദ്യാഭ്യാ‍സം നടത്തി. വിദ്യാർത്ഥിയായിരുന്ന സമയത്തുതന്നെ അദ്ദേഹം ഇടതുപക്ഷരാഷ്ട്രീയപ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

എൽ സാൽവദോറിൽ

തിരുത്തുക

1954-ൽ സി.ഐ.എ.യുടെ പിന്തുണയോടെ നടന്ന അട്ടിമറിയിൽ ഗ്വാട്ടിമാലയിലെ ആർബെൻസ് ജനാധിപത്യസർക്കാർ നിലപതിച്ചപ്പോൾ അദ്ദേഹം എൽ സാൽ‌വദോറിലേക്ക് ഒളിവിൽ പൊയി. അവിടെ കൂലിവേലക്കാരനായും, സെയിൽ‌സ്‌മാനായും ക്ലർക്കായുമൊക്കെ ജോലി ചെയ്തു. അവിടെ വെച്ച് അദ്ദേഹം എൽ‌സാൽ‌വദോറിലെ കവിയായിരുന്ന റോക്ക് ഡാൾട്ടൻ ഗാർസിയയുമായും ഓസ്‌വാൾദോ എസ്‌കോബാർ വെലാദോ, റോബെർട്ടോ അർമിജോ എന്നിവരുമായും പരിചയപ്പെട്ടു. അവർ കാസ്റ്റില്ലോയുടെ രചനകൾ വായിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്തു. നെരൂദയുടെയും, ഹെർണാൻഡെസിന്റെയും വല്ലേജോയുടെയും കൃതികൾ അദ്ദേഹത്തിന് വഴികാട്ടികളായിരുന്നു. പിന്നീട്‌ നിയമപഠനം തുടർന്ന അദ്ദേഹം വളരെയധികം സ്വാധീനശക്തിയുള്ള ഒരു സാഹിത്യസംഘം രൂപവത്കരിക്കുകയും ചെയ്തു. 1955-ൽ തെക്കൻ അമേരിക്കൻ കവിതാസമ്മാനം അദ്ദേഹത്തിനും റോക്ക് ഡാൾട്ടൻ ഗാർസിയക്കും ലഭിച്ചു. 1956-ൽ ഗ്വാട്ടിമാലൻ യൂണിവേർസിറ്റി വിദ്യാർത്ഥികളുടെ വക ഒരു സമ്മാനവും അദ്ദേഹത്തിന്റെ കൃതിയായ മദർലാൻഡ് ലെറ്റ് അസ് വോക്ക് (motherland let us walk) എന്ന കവിതക്ക് ലഭിച്ചു. നിരൂപകരുടെ അഭിപ്രായത്തിൽ ഈ കൃതി അദ്ദേഹം അനുഭവിച്ച ചൂഷണത്തിന്റെയും കഷ്ടപ്പാടിന്റെയും വേദനയുടെയും ഒരു നഖചിത്രമാണ്.

നാട്ടിലേക്ക്

തിരുത്തുക

1957-ൽ ഏകാധിപതിയായ കാസ്റ്റില്ലോ അർമാസ് അന്തരിച്ചപ്പോൾ ഒട്ടോ തിരിച്ച് ഗ്വാട്ടിമാലയിലെത്തി. അവിടെ അദ്ദേഹം സാംസ്കാരിക പ്രവർത്തനങ്ങളിലും, സാൻ കാർലോസ് യൂണിവേർസിറ്റിയിലെ നിയമപഠനത്തിലും ഏർപ്പെട്ടു. 1959-ൽ ഫിലാഡെൽ‌ഫോ സലാസർ സ്ക്കോളർഷിപ്പിന്റെ (Filadelfo Salazar Scholarship) സഹായത്തിൽ പഠനത്തിനായി ജർമ്മനിയിലേക്ക് പോയ അദ്ദേഹം ലെയ്‌പ്‌സിഗ് യൂണിവേർസിറ്റിയിൽ നിന്നും ആർട്ട്സിൽ ബിരുദാനന്തരബിരുദം സമ്പാദിച്ചു. 1957 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ രചനകൾ വിദ്യാർത്ഥികളുടെ മാഗസിനുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നടത്തിയ യാത്രകൾ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ സംബന്ധിച്ചും ഈ ലോകത്തെ സംബന്ധിച്ചുമുള്ള കാഴ്ചപ്പാടിന് രൂപം നൽകി. 1964-ൽ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി, സാംസ്കാരിക രംഗത്തും തൊഴിലാളി പാർട്ടിയിലും സജീവമായി പ്രവർത്തിച്ചു. ഒരു പരീക്ഷണ നാടകശാലക്കും രൂപം നൽകി. ബ്രെതോൾഡ് ബ്രെഹ്തിന്റെ സ്വാധീനം ഇതിൽ കാണാം. ഈ കാലയളവിൽ അദ്ദേഹത്തിന്റെ രചനകൾ യൂണിവേർസിറ്റി വിദ്യാർത്ഥികളുടെ പുസ്തകമായ റ്റെകും ഉമാനിലും (Tekum Uman) അവരുടെ മാഗസിനിലും (Spears and letters) പ്രസിദ്ധീകരിക്കപ്പെട്ടു. ആ വർഷം പെറാൽട്ട അസൂർഡിയ ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തെങ്കിലും, രക്ഷപ്പെട്ട് യൂറോപ്പിലേക്ക് ഒളിവിൽ പോയി. ആവിടെ അദ്ദേഹം ഒരു ലോക യുവജനോത്സവം സംഘടിപ്പിച്ചു. പിന്നീട് രഹസ്യമായി തിരിച്ച് നാട്ടിൽ വന്ന ശേഷം കിഴക്കൻ മലനിരകൾ (സിയേറാ ദാ ലാ മിനാ) കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന റെബൽ ഗറില്ലാ പോരാളികളുമായി ചേർന്ന്‌ മോണ്ടെനെഗ്രിസ്റ്റ ഭരണത്തിനെതിരായിപ്രവർത്തനം ആരംഭിച്ച അദ്ദേഹം ആശയപ്രചരണത്തിന്റേയും പ്രത്യയശാസ്ത്രവിദ്യാഭ്യാസത്തിന്റേയും ചുമതലയാണ് നിർവഹിച്ചിരുന്ന‍ത്.

വിദൂരമായ ഈ പൊടിപിടിച്ച സകാപ്, ഇസാബെൽ മലനിരകളിലെ ജീവിതം, ഗറില്ലാ പ്രവർത്തനത്തിന്റെ കാഠിന്യത്തേയും പരിമിതികളേയും കുറിച്ചും ഗ്വാട്ടിമാലൻ വ്യവസ്ഥിതിയുടെ ഭയാനകവും പരുഷവുമായ രീതികളെക്കുറിച്ചും അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി. യുവാവായിരുന്ന അദ്ദേഹം, തന്റെ കവിതയിൽ (Vamos Patia a Caminar) എഴുതിയതുപോലെ രാജ്യത്തിന്റെ യാതനകളുടേയും വേദനയുടേയും ചഷകം ഏറ്റുവാങ്ങി സ്വയം അന്ധത വരിക്കുമെന്നും അതുവഴി മാതൃരാജ്യത്തിനു കാഴ്ചശക്തി ലഭിക്കാൻ ഇടയാക്കുമെന്നും പ്രതിജ്ഞ ചെയ്തു. 1967ൽ അദ്ദേഹത്തേയും, കൂട്ടുകാരിയായ നോറാ പൈസ് അടക്കമുള്ള വിപ്ലവകാരികളേയും ‍ സർക്കാർ സൈന്യം പിടികൂടുകയും സകാപ ബാരക്കുകളിലെ ക്രൂരമായ ചോദ്യം ചെയ്യലിനും പീഡനങ്ങൾക്കു ശേഷം മാർച്ച് 19ന് ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്തു.

അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഗ്വാട്ടിമാലയിലേയും, ബ്രിട്ടനിലേയും കോസ്റ്റാറിക്കയിലേയും ജനങ്ങൾ അദ്ദേഹത്തിന്റെ കൃതിയായ “Report of Injustice" പ്രസിദ്ധീകരിച്ച് ആദരാജ്ഞലികൾ അർപ്പിച്ചു. ഓസ്‌കാർ അരൂട്രോ പാലെൻസിയയുടെ വാക്കുകളിൽ പറയുകയാണെങ്കിൽ

മുപ്പത്തിമൂന്നു കൊല്ലക്കാലം കാസ്റ്റില്ലോ നമ്മുടെയിടയിൽ ജീവിച്ചത്, മാന്യനും, ബുദ്ധിമാനും കലാകാരനുമായ, ശാസ്ത്രീയ വീക്ഷണമുള്ള ഒരു വ്യക്തി തന്റെ ജനതയുടെ കൂടെ, എങ്ങനെ ജീവിക്കണം എന്നതിനുള്ള തെളിവാണ്