കേരളത്തിൽ നിന്നുള്ള പഴയകാല കോൺഗ്രസ് പ്രവർത്തകനും ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമാണ് ഏച്ചിക്കാനത്ത് ചിറക്കര കണ്ണൻ നായർ എന്ന എ.സി. കണ്ണൻ നായർ.

ഹോസ്ദുർഗ്ഗ് എ.സി. കണ്ണൻ നായർ സ്മാരക പാർക്കിലെ എ.സി. കണ്ണൻ നായരുടെ പ്രതിമ

ജീവിത രേഖ തിരുത്തുക

വടക്കേ മലബാറിലെ വലിയ ജന്മി തറവാടുകളിൽ ഒന്നായ ഏച്ചിക്കാനം ചിറക്കര തറവാട്ടിൽ വലിയ ചാത്തുക്കുട്ടി നമ്പ്യാരുടെയും ഉണ്ണിനങ്ങ അമ്മയുടെയും മകനായി 1898 ജൂലൈ 8 ന് ജനനം. ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് അയിത്തോച്ചാടന പ്രവർത്തനങ്ങളിലും, ഖാദിപ്രസ്ഥാനത്തിലും, മദ്യവർജനത്തിലുമെല്ലാം സജീവമായി പങ്കെടുത്തിരുന്നു.[1][2] അന്നത്തെ പൊതുരീതികളെ വെല്ലുവിളിച്ചുകൊണ്ട്, ഹരിജനങ്ങളെ വീട്ടിനകത്ത് വിളിച്ചുകയറ്റുകയും അവരുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഒരു ഹരിജൻ ബാലനെ അദ്ദേഹം സ്ഥിരമായി വീട്ടിൽ താമസിപ്പിക്കുകയും ചെയ്തിരുന്നു. വിദ്വാൻ പി.കേളുനായരും, കാമ്പ്രത്ത് രാമൻ എഴുത്തച്ചനും (മഹാകവി പി.കുഞ്ഞിരാമൻ നായരുടെ അച്ഛൻ), കണ്ണൻ നായരും ചേർന്നാണ് കാഞ്ഞങ്ങാട് കോൺഗ്രസ് പാർട്ടി രൂപീകരിക്കുന്നത്.[1] ഹോംറൂൾ ശാഖ കാഞ്ഞങ്ങാട്ട് സ്ഥാപിക്കുന്നതിനും കണ്ണൻ നായർ നേതൃത്വം നൽകിയിരുന്നു.[1] 1925 കണ്ണൻ നായരും കെ.ടി.കുഞ്ഞിരാമൻ നമ്പ്യാരും ഭാരവാഹികളായി കാഞ്ഞങ്ങാട്ടെ ആദ്യത്തെ കോൺഗ്രസ്സ് കമ്മിറ്റി നിലവിൽ വന്നു.[3] 1927 ൽ മദ്രാസിൽ നടന്ന എ.ഐ.സി.സി. സമ്മേളനത്തിൽ ഹൊസ്ദുർഗിന്റെ പ്രതിനിധിയായി പങ്കെടുത്തിരുന്നു, 1928 ൽ പയ്യന്നൂരിൽ നടന്ന സ്റ്റേറ്റ് കോൺഗ്രസ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.[1][4]

 
വിജ്ഞാനദായിനി ദേശീയ വിദ്യാലയം, ബെള്ളിക്കോത്ത്

വിദ്വാൻ പി.കേളു നായർ വെള്ളിക്കോത്ത് സ്ഥാപിച്ച വിജ്ഞാനദായിനി ദേശീയ വിദ്യാലയത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തതും 1926 ഏപ്രിൽ 25 ന് ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയതും കണ്ണൻ നായരാണ്.[2] വിജ്ഞാനദായിനിയിൽ ഇംഗ്ലീഷ് അദ്ധ്യാപകനായുംഅദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[1] ഇംഗ്ലീഷ് സാഹിത്യകൃതികൾ മലയാളത്തിലേക്ക് വിവർത്തനംചെയ്തിട്ടുണ്ട്.[1] സ്വാതന്ത്ര്യ സമരത്തിനായി പണം കണ്ടെത്തുന്നതിന് ബാലഗോപാലം എന്നപേരിൽ ഒരു നാടകം അവതരിപ്പിച്ചിട്ടുണ്ട്.[1]

1927 ൽ ഗാന്ധിജിയുടെ ഉത്തരമലബാർ സന്ദർശന വേളയിൽ ചെറുവത്തൂർ റെയിൽവെ സ്റ്റേഷനിൽ ഗാന്ധിജിയെ സ്വീകരിക്കാൻപോയ കണ്ണൻ നായർ മംഗളുരു വരെ ഗാന്ധിക്കൊപ്പം യാത്ര ചെയ്തു.[5][1] ഗാന്ധിജിയുടെ അറസ്റ്റിനോട് പ്രതികരിച്ച് നിരാഹാരസമരം നടത്തിയതിന് കണ്ണൻ നായർ മംഗളൂരു ജയിലിൽ അടക്കപ്പെട്ടിട്ടുണ്ട്.[1] കണ്ണൂരിൽ നടന്ന സൈമൺ കമ്മീഷൻ ബഹിഷ്കരണസമരത്തിലും പങ്കെടുത്തിട്ടുണ്ട്.[1]

1963 മാർച്ച് 27 ന് 64 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

പുരസ്കാരങ്ങളും അംഗീകാരങ്ങളും തിരുത്തുക

കാഞ്ഞങ്ങാട്, മേലാങ്കോട്ട് എസി കണ്ണൻ നായർ സ്മാരക ഗവ. യുപി സ്‌കൂളിന്റെ പേര് അദ്ദേഹത്തിനോടുള്ള ബഹുമാന സൂചകമായി നൽകപ്പെട്ടതാണ്.[6] തുളുനാട് മാസിക, സാംസ്‌കാരിക പ്രവർത്തനമികവിന് അദ്ദേഹത്തിന്റെ പേരിൽ എ.സി.കണ്ണൻ നായർ സ്മാരക അവാർഡ് എന്ന പേരിൽ ഒരു പുരസ്കാരം നൽകിവരുന്നുണ്ട്.[7] എ. സി. കണ്ണൻനായർ ഒരു പഠനം എന്ന പേരിൽ അദ്ദേഹത്തിന്റെ ജീവചരിത്രം കേരള ഭഷ ഇൻസ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.[8] അദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ ഡൽഹിയിലെ ജവാഹർലാൽ മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.[1]

അവലംബം തിരുത്തുക

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 "സ്വാതന്ത്ര്യം ജന്മസാഫല്യം" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-16.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 "അജാനൂർ ഗ്രാമപഞ്ചായത്ത് വികസനരേഖ" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
  3. "ചരിത്രം | Kanhangad Municipality". മൂലതാളിൽ നിന്നും 2020-09-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-11-16.
  4. "സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ മുറിപ്പാടുകൾ ഇനിയും ബാക്കി". ശേഖരിച്ചത് 2020-11-16.
  5. "ഗാന്ധിജിയുടെ ഓർമ നിറയുമ്പോൾ..." (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-16.[പ്രവർത്തിക്കാത്ത കണ്ണി]
  6. "PRD Live - മികവിന്റെ പാതയിൽ മേലാങ്കോട്ട്:സ്‌ക്കൂൾ" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-16.
  7. "വെള്ളിക്കോത്ത് വിഷ്ണുഭട്ടിന് എ.സി.കണ്ണൻ നായർ സ്മാരക അവാർഡ്" (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2016-06-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-11-16.
  8. കുറുപ്പ്, കെ കെ എൻ; Kurup, K. K. N. (2008). എ. സി. കണ്ണൻനായർ ഒരു പഠനം = A. C. Kannan Nair oru padanam. Thiruvananthapuram: Kerala Bhasha Institute. ISBN 978-81-7638-694-4.
"https://ml.wikipedia.org/w/index.php?title=എ.സി._കണ്ണൻ_നായർ&oldid=3801963" എന്ന താളിൽനിന്ന് ശേഖരിച്ചത്