എലിസബത്ത് അലക്സാണ്ടർ
ഒരു കാലാവസ്ഥാ ശാസ്ത്രജ്ഞയും റേഡിയോ ജ്യോതിശാസ്ത്രജ്ഞയും ആയിരുന്നു എലിസബത്ത് അലക്സാണ്ടർ(1908-1958). ആദ്യത്തെ വനിതാ റേഡിയോ അസ്ട്രോണമർ എന്ന വിശേഷണം എലിസബത്ത് അലക്സാണ്ടറിനുള്ളതാണ്.[3][4]
എലിസബത്ത് അലക്സാണ്ടർ | |
---|---|
ജനനം | 1908 ഡിസംബർ 13[1] |
മരണം | 1958 ഒക്ടോബർ 15[2] |
ദേശീയത | ഇംഗ്ലണ്ട് |
കലാലയം | കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി[2] |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം |
സ്ഥാപനങ്ങൾ | ബ്രിട്ടീഷ് റോയൽ നേവി. റേഡിയോ ഡവലപ്മെന്റ് ലബോറട്ടറി, ന്യൂസിലാന്റ്. സോയിൽ സയൻസ് ഡിപ്പാർട്ട്മെന്റ്, നൈജീരിയ. |
ജീവചരിത്രം
തിരുത്തുക1908 ഡിസംബർ 13ന് ഇംഗ്ലണ്ടിലായിരുന്നു ജനനമെങ്കിലും ബാല്യകാലം ചെലവഴിച്ചത് ഇന്ത്യയിലായിരുന്നു. എലിസബത്തിന്റെ പിതാവ് ആ കാലത്ത് പാറ്റ്നയിലെ സയൻസ് കോളെജിലെ അദ്ധ്യാപകനായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം അവർ ഇംഗ്ലണ്ടിലേക്ക് മടങ്ങുകയും അവിടെ വെച്ച് പഠനം പൂർത്തിയാക്കുകയും ചെയ്തു. 1931ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം ക്ലാസോടെ ജിയോളജിയിൽ ബിരുദം നേടി. 1934ൽ അവിടെ നിന്നു തന്നെ പി.എഛ്.ഡി. ബിരുദവും നേടി.[1]
1935 ജൂലൈ ന്യൂസിലന്റിലെ ഭൗതികശാസ്ത്രജ്ഞനായ ഡോ. നോർമ്മൻ എസ്. അലക്സാണ്ടറെ വിവാഹം കഴിച്ചു. 1936ൽ ഭർത്താവിന് സിംഗപ്പൂരിലെ റാഫിൾസ് കോളെജിൽ ജോലി കിട്ടിയതിനെ തുടർന്ന് അവർ അങ്ങോട്ടേക്ക് താമസം മാറി. അവിടെ വെച്ച് അവർ മൂന്നു കുട്ടികൾക്ക് ജന്മം നൽകി. 1940-41 വർഷങ്ങളിൽ സിംഗപ്പൂരിലെ ബ്രിട്ടീഷ് റോയൽ നേവിയിൽ ജോലി നോക്കി. 1942ൽ ജപ്പാൻ സൈന്യം മലയ വരെ എത്തിയതിനെ തുടർന്ന് അവർ കുട്ടികളുമായി ന്യൂസിലന്റിലേക്കു പോയി. സിംഗപ്പൂർ ജപ്പാനു കീഴടങ്ങിയതിനാൽ പിന്നീടവർ ന്യൂസിലന്റിൽ തന്നെ തുടർന്നു. 1942ൽ അവരുടെ 33-ാമത്തെ വയസ്സിൽ ന്യൂസിലന്റിലെ റേഡിയോ ഡവലപ്മെന്റ് ലബോറട്ടറിയിലെ ഗവേഷണവിഭാഗം മേധാവിയായി നിയമിക്കപ്പെട്ടു.[1]
യുദ്ധം അവസാനിച്ചപ്പോൾ നോർമ്മൻ അലക്സാണ്ടർ ന്യൂസിലാന്റിലേക്കു വന്നു. തുടർന്ന് അവർ ഇംഗ്ലണ്ടിലേക്കു പോവുകയും കുട്ടികളെ അവിടെ ഒരു ബന്ധുവിന്റെ കൂടെയാക്കി സിംഗപ്പൂരിലേക്കു തന്നെ മടങ്ങുകയും ചെയ്തു. നോർമ്മൻ അലക്സാണ്ടർ റാഫിൾസ് കോളെജിനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായി. 1949ൽ എലിസബത്തിന് സിംഗപ്പൂർ സർക്കാരിനു കീഴിൽ ജിയോളജിസ്റ്റായി ജോലി കിട്ടി. 1950ൽ തന്നെ സിംഗപ്പൂരിന്റെ ഒരു സമ്പൂർണ്ണ ജിയോളജിക്കൽ മാപ്പ് തയ്യാറാക്കാൻ അവർക്കായി.[1]
1952ൽ നോർമ്മൻ നൈജീരിയയിൽ ജോലി സ്വീകരിച്ചതിനെ തുടർന്ന് രണ്ടു പേരും കൂടി അവിടെക്കു താമസം മാറി. എലിസബത്തിന് അവിടെ സോയിൽ സയൻസ് ഡിപ്പാർട്ടുമെന്റിൽ ജോലി ലഭിച്ചു. നൈജീരിയയിലെ യൂണിവേഴ്സിറ്റിയിൽ ജിയോളജി ഡിപ്പാർട്ട്മെന്റ് രൂപീകരിച്ചതിനെ തുടർന്ന് 1958ൽ അവിടത്തെ സീനിയർ ലക്ചററും വകുപ്പു മേധാവിയുമായി നിയമിക്കപ്പെട്ടു. പക്ഷെ അധികം കഴിയുന്നതിനു മുമ്പു തന്നെ അവർക്ക് ഒരു ഹൃദയാഘാതമുണ്ടാവുകയും 1958 ഒക്ടോബർ 15ന് മരണപ്പെടുകയും ചെയ്തു.[2]
നോർഫോൾക് ഐലന്റ് പ്രതിഭാസം
തിരുത്തുക1945ൽ റോയൽ ന്യൂസിലാന്റ് എയർഫോഴ്സിന്റെ റഡാറിൽ വളരെ ഉയർന്ന തോതിലുള്ള റേഡിയോ നോയ്സ് നിരീക്ഷിക്കപ്പെടുകയുണ്ടായി. അപ്പോൾ എലിസബത്ത് അവിടെത്തെ റേഡിയോ ഡവലപ്മെന്റ് ലബോറട്ടറിയിൽ ജോലി ചെയ്യുകയായിരുന്നു. അവർ ഇതിൽ താൽപര്യമെടുത്ത് കൂടുതൽ പഠനങ്ങൾ നടത്തി. നോർഫോൾക് ദ്വീപിലെ റഡാറിലാണ് ഇതു കണ്ടത്. അതുകൊണ്ട് അവർ ഇതിന് നോർഫോൾക് ഐലന്റ് പ്രതിഭാസം എന്ന പേരു നൽകി. പഠനത്തിൽ നിന്നും ഈ റേഡിയോ തരംഗങ്ങൾ വരുന്നത് സൂര്യനിലെ കളങ്കങ്ങളിൽ നിന്നാണെന്ന് അവർ കണ്ടെത്തി.[5]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 Orchiston, Wayne. "The New Astronomy: Opening the Electromagnetic Window and Expanding our View".
- ↑ 2.0 2.1 2.2 Orchiston, Wayne. "Dr Elizabeth Alexander: First Female Radio Astronomer" (PDF).
- ↑ Orchiston, Wayne. Dr Elizabeth Alexander: First Female Radio Astronomer. ISBN 978-1-4020-3723-8.
- ↑ Orchiston, Wayne. "Dr Elizbeth Alexander: First Female Radio Astronomer".
- ↑ Orchiston, Wayne. "Pioneering Radio Astronomy".