എറ്റ്ന അഗ്നിപർവതം
സിസിലിയുടെ കിഴക്കേതീരത്തുള്ള ഒരു സജീവ അഗ്നിപർവതമാണ് എറ്റ്ന. സിസിലിയിലെ ജനങ്ങൾ ഈ പർവതത്തെ മോങ്ഗിബെലോ എന്നു വിളിക്കുന്നു. 3,263 മീറ്റർ പൊക്കമുള്ള (1971) എറ്റ്ന യൂറോപ്പിലെ സജീവ അഗ്നിപർവതങ്ങളിൽ ഏറ്റവും ഉയരം കൂടിയതാണ്. സജീവങ്ങളായ ഇതര അഗ്നിപർവതങ്ങളുടേതുപോലെ എറ്റ്നയുടെ ഉയരത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. 540 ലക്ഷം വർഷം പഴക്കമുള്ള ഇയോസീൻ മണൽക്കല്ലുകളും ചുണ്ണാമ്പുകല്ലുകളും ആണ് ഈ പർവതത്തിന്റെ അടിത്തട്ടിലുള്ളത്. ഇവയ്ക്കുമുകളിൽ പ്ലീസോറ്റോസീൻ ഘട്ടത്തിലേതായ മാൾ, പ്ലാസ്റ്റിക് കളിമണ്ണ് തുടങ്ങിയ ശിലാപടലങ്ങൾ ഉണ്ട്. 70 ലക്ഷം വർഷത്തിലേറെ പ്രായമില്ലാത്ത ഈ ശിലകൾ പ്രാക്കാലത്ത് സമുദ്രത്തിനടിയിൽ ആയിരുന്നു എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഭൂവിജ്ഞാനപരമായ ലക്ഷ്യങ്ങൾ സൂചിപ്പിക്കുന്നത് എറ്റ്ന 25 ലക്ഷം വർഷമുമ്പ്, ടെർഷ്യറി യുഗത്തിന്റെ അന്ത്യപാദം മുതൽക്കേ സജീവമായി തുടർന്നു പോരുന്നുവെന്നാണ്.[1]
കുറഞ്ഞപക്ഷം രണ്ടുവിലമുഖങ്ങളെങ്കിലും ഇതിനുണ്ട്. പാർശ്വവിലമുഖങ്ങളിലൂടെ ഉദ്ഗാരങ്ങളുണ്ടായി രൂപം കൊണ്ടതെന്നു കരുതാവുന്ന സ്തൂപാകാരങ്ങളായ മലകൾ പർവതസാനുക്കളിൽ നിരവധിയാണ്. ഇപ്പോഴത്തെ പർവതം മേൽ സൂചിപ്പിച്ച രണ്ട് വിലമുഖങ്ങളിലൂടെ ഉണ്ടായ ലാവാപ്രവാഹത്തിന്റെയും അഗ്നിപർവത പ്രവർത്തനത്തിന്റെ ഭാഗമായ അധിവർദ്ധനത്തിന്റെയും ഫലമായി രൂപം കൊണ്ടതാണ്. പ്രധാന പർവതത്തിന്റെ കിഴക്കുഭാഗത്ത് അടിവാരത്തായി കാണുന്ന അഗാധമായ ചുരം പ്രവർത്തനം നിലച്ച മറ്റൊരു വിലമുഖമാണ്. വാലിദെൻ ബോവെ എന്നു വിളിക്കുന്ന ഈ ചുരത്തിന്റെ വ്യാസം 5 കിലോ മീറ്ററും താഴ്ച്ച 600 മുതൽ 1,200 വരെ മീറ്ററുമാണ്. 1669 ലെ സ്പോടനത്തിൽ പ്രധാനപർവതത്തിന്റെ ശീർഷം ഇടിഞ്ഞുതാണതിന്റെ ഫലമായി 2,440 മീറ്റർ വ്യാസമുള്ള ഒരു ക്രേറ്റർ തടാകം സൃഷ്ടിക്കപ്പെടുന്നു. അതിനു ശേഷം 1955-ൽ മാത്രമാണ് പർവതശീർഷത്തിൽ നിന്നും ഉദ്ഗരം ഉണ്ടായിട്ടുള്ളത്. 20-ം നൂറ്റാണ്ടിലെ മറ്റെല്ലാ സ്ഫോടനങ്ങളും തന്നെ പർവത്തിന്റെ പാർശ്വങ്ങളിലുള്ള വിലമുഖങ്ങളിലൂടെ ആയിരുന്നു. 1971 ലുണ്ടായ താരതമ്യേന ദുർബലമായ സ്പോടനം ആദ്യം ശീർഷഭാഗത്തു നിന്നായിരുന്നുവെങ്കിലും പിന്നിട് വിലമുഖത്തിന്റെ സ്ഥാനം പർവതത്തിന്റെ ചരിവിലേക്ക് മാറുകയുണ്ടായി[2]
ചരിത്രം
തിരുത്തുക'ഞാൻ എരിയുന്നു' എന്ന് അർത്ഥം വരുന്ന എയ്റ്റ്നേ (Aitne) എന്ന ഗ്രീക്കുപദത്തിൽ നിന്നാണ് എറ്റ്നയുടെ നിഷ്പത്തി.[3] ഈ പർവതത്തെ സംബന്ധിച്ച പല ഐതിഹ്യങ്ങളും യവനർക്കിടയിൽ പ്രചരിച്ചിരുന്നു. പർവതത്തിനടിയിൽ ശയിക്കുന്ന ടൈഫോൺ എന്ന രാക്ഷസൻ ഇടംവലം തിരിയുന്നതു മൂലമാണ് എറ്റ്നാ മേഖലയിൽ ഭൂചലനം ഉണ്ടാകുന്നതെന്ന് അവർ വിശ്വസിച്ചിരുന്നു. യുദ്ധദേവനായ ഹിഫെസ്‌റ്റസ്‌സി (വൾക്കൻ) ന്റെ ഉലയാണ് ഈ അഗ്നിപർവതമെന്നും പർവതത്തിന്റെ അന്തർഭാഗം സൈക്ലോപ്സ് എന്നറിയപ്പെട്ടിരുന്ന ഒറ്റക്കണ്ണുള്ള രക്ഷസുകളുടെ താവളമാണെന്നും മറ്റും വിശ്വസിക്കപ്പെട്ടിരുന്നു. പ്രാചീന കവികളുടെ രചനകളിൽ എറ്റ്നയുടെ സ്ഫോടനം സംബന്ധിച്ച പ്രതിപാദ്യങ്ങൾ കാണാം. ബി. സി. 1500 മുതൽ എ. ഡി. 1971 വരെയുള്ള കാലത്തിനിടയിൽ 109 സ്പോടനങ്ങൾ ഉണ്ടായതായി രേഖപ്പേടുത്തിയിട്ടുണ്ട്. 1669-ലാണ് അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വിനാശകരമായ സ്ഫോടനം ഉണ്ടായത്. ഇതിന്റെ ഫലമായി കാറ്റാന്യ നഗരത്തിന്റെ പശ്ചിമാർധവും പന്ത്രണ്ടോളം ഗ്രാമങ്ങളും പൂർണമായും നശിച്ചു.[4]
സാമ്പത്തിക പ്രാധാന്യം
തിരുത്തുകഎറ്റ്നയുടെ സാനുപ്രദേശങ്ങൾ സാമാന്യം ജനസാന്ദ്രമായ അധിവാസ മേഖലകളാണ്. ആണ്ടിൽ അഞ്ചുതവണയോളം വിളവിറക്കാം എന്നപ്രത്യേകത ഇവിടത്തെ നിലങ്ങൾക്കുണ്ട്. മുന്തിരി, ഒലീവ്, നാരകം, ആപ്പിൾ, ചെറി, പിസ്റ്റാഷ്യോ, ഹാസെൽനട്ട് തുടങ്ങിയ ഫലവർഗങ്ങളാണ് ഇവിടത്തെ മുഖ്യവിളകൾ. ചെസ്റ്റ്നട്ട്, ബീച്ച്, ഓക്, പൈൻ, ബെർച്ച് തുടങ്ങിയ സമ്പത്പ്രധാനമായ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു.[5]
19-ം നൂറ്റാണ്ടിൽതന്നെ എറ്റ്നയെസംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾ ആരംഭിച്ചു. ഇതിനായി കാറ്റാന്യ, കാസാഎറ്റ്നാ, കാന്റനീറ എന്നിവിടങ്ങളിൽ നിരീക്ഷണ നിലയങ്ങൾ പ്രവർത്തിച്ചുവരുന്നു. ഹാഡ്രിയൻ ചക്രവർത്തിയുടെ പർവതാരോഹണത്തിന്റെ സ്മാരകമായി റോമക്കാർ പണിയിച്ചിരുന്ന ഫിലസോഫോ മന്ദിരം ഇപ്പോൾ ജിർണാവസ്ഥയിലാണ്. അഗ്നിപർവത വിജ്ഞാനത്തിന് മുതൽകൂട്ടുകളായി തീർന്നിട്ടുള്ള പൽ പഠനങ്ങളും എറ്റിനയെ കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്.[6]
അവലംബം
തിരുത്തുക- ↑ http://en.wikipedia.org/wiki/Mount_Etna Mount Etna
- ↑ http://www.mlahanas.de/Greeks/LX/MountEtna.html Mount Etna
- ↑ http://kids.britannica.com/comptons/article-9274219/Mount-Etna Mount Etna
- ↑ http://geology.com/volcanoes/etna/ Mount Etna - Italy
- ↑ http://www.mountetna.net/ Etna volcano tour
- ↑ http://www.bestofsicily.com/etna.htm Europe's greatest natural wonder
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://sicilyguide.com/what-to-do/mount-etna/ Mount Etna
- http://www.solcomhouse.com/etna.htm Archived 2010-02-23 at the Wayback Machine. Mount Etna