ബ്രിട്ടിഷ് നരവംശശാസ്ത്രജ്ഞൻ ആയിരുന്നു ടയ്ലർ, എഡ്വേർഡ് ബർണറ്റ്. സാംസ്കാരിക നരവംശശാസ്ത്രശാഖയുടെ സ്ഥാപകരിലൊരാളായി കണക്കാക്കപ്പെടുന്നു.[1] 1832 ഒക്ടോബർ 2-ന് ലണ്ടനിൽ ജനിച്ചു. സ്വന്തം കുടുംബവ്യവസായത്തിൽ ശ്രദ്ധിച്ചിരുന്ന ടയ്ലർ ക്ഷയരോഗചികിത്സയ്ക്കായി 1855-ൽ അമേരിക്കയിലേക്കു പോയി. തൊട്ടടുത്ത വർഷം ക്യൂബയിലെത്തിച്ചേർന്ന ടയ്ലർ, പുരാവസ്തുഗവേഷകനായ ഹെന്റി ക്രിസ്റ്റിയുമായി ചേർന്ന് മെക്സിക്കൻ താഴ്വരയിലെ പുരാതന ടോൾടക്ക് (Toltec) സംസ്കാരത്തെക്കുറിച്ചുള്ള പഠനഗവേഷണങ്ങളിൽ ഏർപ്പെട്ടു.

ടയ്ലർ, എഡ്വേർഡ് ബർണറ്റ്
ടയ്ലർ, എഡ്വേർഡ് ബർണറ്റ്
ജനനം2 October 1832
മരണം2 ജനുവരി 1917(1917-01-02) (പ്രായം 84)
ദേശീയതEnglish
അറിയപ്പെടുന്നത്cultural evolutionism
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംanthropology

ചരിത്രം

തിരുത്തുക

ആറുമാസക്കാലം നീണ്ടുനിന്ന ഗവേഷണപ്രവർത്തനങ്ങൾ നരവംശശാസ്ത്രത്തിൽ പ്രായോഗിക വൈദഗ്ദ്ധ്യം ആർജിക്കുന്നതിൽ ടയ്ലറെ വളരെയേറെ സഹായിച്ചിട്ടുണ്ട്. പ്രാചീന ടോൾടക്ക് സാംസ്കാരികാവശിഷ്ടങ്ങളുടെ കണ്ടെത്തൽ ഇദ്ദേഹത്തിന്റെ ധൈഷണിക ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറി.

ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ ടയ്ലർ 1861-ൽ മെക്സിക്കൻ ഗവേഷണഫലങ്ങൾ പ്രതിപാദിക്കുന്ന അനഹ്വോക് ഓർ മെക്സിക്കോ ആൻഡ് മെക്സിക്കൻസ്, ഏൻഷ്യന്റ് ആൻഡ് മോഡേൺ എന്ന കൃതി പ്രസിദ്ധീകരിച്ചു. മനുഷ്യവംശത്തിന്റെ ആദിമചരിത്രത്തെയും സാംസ്കാരിക വികാസത്തെയും സംബന്ധിച്ച ഗവേഷണഗ്രന്ഥമായ റിസർച്ചസ് ഇന്റു ദി ഏർലി ഹിസ്റ്ററി ഒഫ് മാൻകൈൻഡ് ആൻഡ് ഡെവലപ്പ്മെന്റ്(1865) നരവംശശാസ്ത്രമേഖലയിൽ ടയ്ലർക്കുള്ള പ്രാവീണ്യത്തിനു തെളിവാണ്. എന്നാൽ, 1871-ൽ പ്രസിദ്ധീകരിച്ച പ്രിമിറ്റീവ് കൾച്ചർ എന്ന കൃതിയാണ് ടയ്ലറെ പ്രശസ്തിയിലേക്കുയർത്തിയത്. പ്രാകൃതാവസ്ഥയിൽ നിന്നും ക്രമാനുഗതവികാസത്തിലൂടെ പരിഷ്കൃത മനുഷ്യനിലേക്കുള്ള സുദീർഘമായ പരിവർത്തനപ്രക്രിയയെ കുറിച്ചാണ് ഈ കൃതി ചർച്ചചെയ്യുന്നത്. സാംസ്കാരിക നരവംശശാസ്ത്രത്തിലെ ഒരു ക്ലാസിക്ക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതിയാണ്, സംസ്കാരം എന്ന സംജ്ഞയുടെ നരവംശശാസ്ത്രപരമായ വിവക്ഷകളെക്കുറിച്ച് ആദ്യമായി സിദ്ധാന്തിച്ചത്. അറിവ്, വിശ്വാസം, കല, നിയമം, ധാർമികതത്ത്വങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, ആർജിതകഴിവുകൾ, ശീലങ്ങൾ തുടങ്ങിയവയടങ്ങുന്ന ഒരു സമഗ്രതയാണ് സംസ്കാരമെന്ന് ടയ്ലർ നിർവചിച്ചു. സംസ്കാരത്തിന്റെ ഘടനയേയും പരിവർത്തനക്ഷമതയേയും കുറിച്ച് സൂക്ഷ്മമായി പഠിച്ച ടയ്ലർ, സുദീർഘമായ ചരിത്രപ്രക്രിയകളുടെ നിർണായകപ്രാധാന്യം സമർഥിച്ചു. പാരിസ്ഥിതികഘടകങ്ങൾ, കുടിയേറ്റം എന്നിവയും സംസ്കാരവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് ടയ്ലർ വാദിച്ചു.

ടയ്ലറുടെ ചിന്തകൾ

തിരുത്തുക

മനുഷ്യവംശത്തെ ഒരു ഒറ്റ ഏകകമായി എടുത്തുകൊണ്ട് സംസ്കാരത്തിന്റെ സാർവത്രികവശങ്ങളെക്കുറിച്ച് സിദ്ധാന്തിക്കുന്ന ടയ്ലർ, പരിണാമവാദപരമായ രീതിശാസ്ത്രമാണ് അവലംബിച്ചത്. അതിനാൽ, ഭിന്നസമൂഹങ്ങളുടെ സംസ്കാരങ്ങൾക്കുള്ള മൗലികമായ വ്യത്യാസങ്ങൾ ടയ്ലർ പൂർണമായി അവഗണിക്കുന്നുവെന്ന് വിമർശനമുണ്ട്. ടയ്ലറുടെ അവസാന ഗവേഷണകൃതിയായ ആന്ത്രോപ്പോളജി, ആൻ ഇൻട്രൊഡക്ഷൻ റ്റു ദ് സ്റ്റഡി ഒഫ് മാൻ ആൻഡ് സിവിലിസേഷൻ 1881-ലാണ് പ്രസിദ്ധീകരിച്ചത്. 19-ം ശതകത്തിന്റെ അവസാനം വരെയുള്ള നരവംശശാസ്ത്രചരിത്രത്തെക്കുറിച്ച് ഈ കൃതി ചർച്ചചെയ്യുന്നു.

1871-ൽ ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ ഫെലോഷിപ്പ് ലഭിച്ച ടയ്ലറെ 1875-ൽ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. 1888-ൽ അബർഡീൻ യൂണിവേഴ്സി റ്റിയിലെ ആദ്യത്തെ ഗിഫോർഡ് ലക്ചററായി നിയമിതനായി. 1883-ൽ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി മ്യൂസിയം ക്യൂറേറ്ററായി പ്രവർത്തിച്ചിരുന്ന ടയ്ലർ 1884-ൽ റീഡറും 1896-ൽ നരവംശശാസ്ത്രവിഭാഗത്തിലെ ആദ്യത്തെ പ്രൊഫസറുമായി. റോയൽ സൊസൈറ്റി അംഗമായ ഇദ്ദേഹത്തെ ബ്രിട്ടിഷ് സർക്കാർ സർ പദവി നൽകി ആദരിക്കുകയുണ്ടായി. 1917 ജനുവരി 2-ന് വെല്ലിങ്ടൺ സോമർസെറ്റിൽ നിര്യാതനായി.

  1. "Tylor, Edward Burnett". Who's Who. Vol. 59. 1907. p. 1785.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എഡ്വേർഡ് ബർണറ്റ് ടയ്ലർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എഡ്വേർഡ്_ബർണറ്റ്_ടയ്ലർ&oldid=3700376" എന്ന താളിൽനിന്ന് ശേഖരിച്ചത്