മനോജ് നൈറ്റ് ശ്യാമളൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(എം. നൈറ്റ് ശ്യാമളൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനോജ് നെല്ലിയാട്ടു ശ്യാമളൻ (തമിഴ്: மனோஜ் நெல்லியாற்று ஷியாமளன்)(ജനനം. ഓഗസ്റ്റ് 6, 1970, മാഹി, ഇന്ത്യ) പ്രശസ്തനായ ഒരു ഇന്ത്യൻ - അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ്. മലയാളിയായ മനോജ് തന്റെ കുടുംബപ്പേരായ നെല്ലിയാട്ടു പരിഷ്കരിച്ച് എം. നൈറ്റ് ശ്യാമളൻ എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ദ് സിക്സ്ത് സെൻസ് എന്ന ചിത്രത്തിനു സംവിധായകന്റേതുൾപ്പടെ ആറ് അക്കാഡമി അവാർഡ്(ഓസ്കർ) നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. രണ്ടു തവണ അക്കാദമി അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ലോകാതീതമായതും, കഥാന്ത്യം അമ്പരപ്പിക്കുന്ന വഴിത്തിരിവുകളും ഉള്ള ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ സമർത്ഥനാണ് ശ്യാമളൻ. 1992-ലാണ് ശ്യാമളൻ തന്റെ ആദ്യ ചിത്രം പുറത്തിറക്കുന്നത്. പ്രേയിംഗ് വിത്ത് ആംഗർ (Praying with Anger) എന്നായിരുന്നു ഈ ചിത്രത്തിന്റെ പേര്. ഈ സമയത്ത് ഇദ്ദേഹം ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു. ശ്യാമളന്റെ രണ്ടാമത്തെ ചിത്രം വൈഡ് എവേക്ക് (Wide Awake) ആയിരുന്നു. 1996-ലാണ് ചിത്രം നിർമ്മിക്കപ്പെട്ടത് എങ്കിലും മൂന്ന് വർഷക്കാലം ഈ ചിത്രം പുറത്തിറക്കാൻ സാധിച്ചില്ല. പിന്നീട് പുറത്തിറങ്ങിയെങ്കിലും സാമ്പത്തികമായ പരാജയം ഈ ചിത്രത്തിന് നേരിടേണ്ടി വന്നു.

മനോജ് നൈറ്റ് ശ്യാമളൻ
എം. നൈറ്റ് ശ്യാമളൻ, 2006
ജനനം
മനോജ് നെല്ലിയത്തു ശ്യാമളൻ

(1970-08-06) ഓഗസ്റ്റ് 6, 1970  (54 വയസ്സ്)
തൊഴിൽചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർ‍മ്മാതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ്
ജീവിതപങ്കാളി(കൾ)ഭാവന വശ്വനി (1993-)

ജീവിതരേഖ

തിരുത്തുക

ആദ്യകാലവും ആദ്യ സിനിമകളും

തിരുത്തുക

ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലാണു ശ്യാമളൻ ജനിച്ചത്[1]. അച്ഛൻ നെല്ലിയാട്ടു സി. ശ്യാമളനും അമ്മ ജയലക്ഷ്മിയും ഡോക്ടർമാരാണ്. ഇദ്ദേഹത്തിന്റെ അച്ഛൻ നെല്ലിയത്തു. സി. ശ്യാമളൻ ഒരു മലയാളിയായ ന്യൂറോളജിസ്റ്റും, അമ്മ ജയലക്ഷ്മി, തമിഴ്നാട്ടുകാരിയായ ഒരു ഗൈനക്കോളജിസ്റ്റുമാണ്[2]. 1960-ൽ മനോജിന്റെ മാതാപിതാക്കൾ അമേരിക്കയിലേക്കു കുടിയേറി. മനോജിന്റെ ജനനത്തിനായി മാതാപിതാക്കൾ വീണ്ടും മാഹിയിലെത്തിയിരുന്നു. ജനിച്ച് ആറാഴ്ചയ്ക്കു ശേഷം വീണ്ടും അമേരിക്കയിലെത്തിയ മനോജ് മാതാപിതാക്കൾക്കൊപ്പം ഫിലഡെൽഫിയയ്ക്കു സമീപമുള്ള പെൻ വാലിയിലാണ് വളർന്നത്. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കളുടെ ഇഷ്ടം. എന്നാൽ ഹൈസ്ക്കൂൾ പഠനശേഷം 1992-ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ ടിഷ് സ്കൂൾ ഓഫ് ആർട്സിൽ ചേർന്നു. ഇവിടെ വച്ചാണ് ശ്യാമളൻ തന്റെ മധ്യനാമം പരിഷ്കരിച്ചുപയോഗിക്കാൻ തുടങ്ങിയത്.

ചെറുപ്പകാലത്ത് അച്ഛൻ വാങ്ങി നൽകിയ സൂപ്പർ-8 ക്യാമറ കയ്യിലെത്തിയതോടെയാണ് മനോജ് തന്റെ ജീവിതം ചലച്ചിത്രമേഖലയിലാണെന്നു തിരിച്ചറിഞ്ഞത്. സ്റ്റീവൻ സ്പിൽബർഗിന്റെ ആരാധകനായിരുന്ന മനോജ് പതിനേഴു വയസായപ്പോഴേക്കും നാല്പത്തഞ്ചോളം സ്വകാര്യ ചലച്ചിത്രങ്ങൾ നിർമ്മിച്ചിരുന്നു [3] . ചലച്ചിത്ര സംവിധാ‍യകനെന്ന നിലയിൽ പ്രശസ്തനായ ശേഷം തന്റെ ചിത്രങ്ങളുടെ ഡിവിഡി പതിപ്പുകളിൽ ശ്യാമളൻ ഈ സ്വകാര്യചിത്രങ്ങളിൽ ചിലത് ഉൾപ്പെടുത്താറുണ്ട്.

പ്രെയിംഗ് വിത്ത് ആംഗർ എന്ന അർദ്ധജീവചരിത്ര ചലച്ചിത്രമാണ് ശ്യാമളൻ ആദ്യമായി സംവിധാനം ചെയ്തത്. ന്യൂയോർക്കിലെ പഠനകാലത്ത് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം കടം വാങ്ങി നിർമ്മിച്ച പ്രസ്തുത ചിത്രം 1992 സെപ്റ്റംബർ 12നു ടൊറന്റോ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ടു[4]. അമ്മയുടെ സ്വദേശമായ ചെന്നൈയിൽ വച്ചാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ശ്യാമളന്റെ മറ്റു ചിത്രങ്ങളെല്ലാം പെൻ‌സിൽ‌വേനിയിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

തന്റെ രണ്ടാമത്തേ ചലച്ചിത്രമായ വൈഡ് എവേക്ക് 1995-ൽ ശ്യാമളൻ തിരക്കഥയെഴുതി സംവിധാനം ചെയ്തിരുന്നു. പക്ഷേ ചിത്രം പുറത്തിറങ്ങിയത് 1998ലാണ്[5]. ശ്യാമളന്റെ മാതാപിതാക്കളായിരുന്നു ചിത്രത്തിന്റെ സഹനിർമ്മാക്കൾ. പത്തുവയസുകാരനായ ഒരു വിദ്യാർത്ഥി തന്റെ മുത്തച്ഛന്റെ മരണശേഷം ദൈവത്തെ അന്വേഷിച്ചു നടക്കുന്നതാണ് സിനിമയുടെ പ്രമേയം. ഫിലഡെൽഫിയയിൽ താൻ പഠിച്ച സ്കൂളിൽ വച്ചു തന്നെയാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്[6]. യുവപ്രതിഭയ്ക്കുള്ള പുരസ്കാരത്തിനു നിർദ്ദേശം[7] ലഭിച്ചെങ്കിലും ഈ സിനിമ സാമ്പത്തിക പരാജയമായിരുന്നു[8].

1999-ൽ പുറത്തിറങ്ങി മികച്ച സാമ്പത്തിക വിജയം നേടിയ സ്റ്റുവർട്ട് ലിറ്റിൽ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ശ്യാമളനായിരുന്നു.

ചലച്ചിത്രങ്ങൾ

തിരുത്തുക
Year Film Director Producer Writer Actor Role
1992 പ്രെയിംഗ് വിത്ത് ആംഗർ(Praying With Anger) അതെ അതെ അതെ അതെ Dev Raman
1998 വൈഡ് എവേക്ക് അതെ അതെ
1999 ദി സിക്സ്ത് സെൻസ് അതെ അതെ അതെ Dr. Hill
സ്റ്റുവർട്ട് ലിറ്റിൽ അതെ
2000 അൺബ്രേക്കബിൾ അതെ അതെ അതെ അതെ Stadium drug dealer
2002 സൈൻസ് അതെ അതെ അതെ അതെ Ray Reddy
2004 ദി വില്ലേജ് അതെ അതെ അതെ അതെ Jay (Guard at desk)
2006 ലേഡി ഇൻ ദ വാട്ടർ അതെ അതെ അതെ അതെ Vick Ran/The Vessel
2008 ദി ഹാപ്പണിംഗ് അതെ അതെ അതെ അതെ Joey (voice)
2010 ദ ലാസ്റ്റ് എയർ ബെന്റർ അതെ അതെ അതെ
ഡെവിൽ (ചലച്ചിത്രം) അതെ അതെ Only credited for story concept; not screenplay
2013 ആഫ്റ്റർ എർത്ത് അതെ അതെ
2016 സ്പ്ലിറ്റ് അതെ
  1. Michael, Bamberger (2006). The Man Who Heard Voices: Or, How M. Night Shyamalan Risked His Career on a Fairy Tale. New York: Gotham Books.
  2. Chennai Online Archived 2009-02-09 at the Wayback Machine..
  3. NNDB -Manoj Nelliyattu Shyamalan
  4. IMDb: Praying with Anger Release Information
  5. Internet Movie Database - Wide Awake Trivia
  6. Answers.com - Wide Awake
  7. Young Artists Award - Past Nominations Listing
  8. The Numbers Archived 2006-06-23 at the Wayback Machine. - Wide Awake Box Office Data

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=മനോജ്_നൈറ്റ്_ശ്യാമളൻ&oldid=4138316" എന്ന താളിൽനിന്ന് ശേഖരിച്ചത്