എം.ആർ. തമ്പാൻ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
എഴുത്തുകാരൻ, പ്രഭാഷകൻ, സംഘാടകൻ, പ്രസാധകൻ. കൊല്ലം തേവള്ളിയിലെ(8°53′59.87″N 76°34′40.91″E / 8.8999639°N 76.5780306°E) മേടയിൽ വീട്ടിൽ എൻ. രാഘവന്റെയും കെ. സരോജിനിയുടെയും മകനായി 1945 ജൂല. 2-ന് ജനിച്ചു. കേരള സർവകലാശാലയിൽ നിന്ന് എം.കോം., എൽ എൽ.ബി. ബിരുദങ്ങൾ എടുത്തശേഷം ബാങ്കിങ്ങിൽ ഡോക്ടറേറ്റ് നേടി. വിദ്യാർഥി യുവജനപ്രസ്ഥാനങ്ങളിൽ സജീവമായി പങ്കുകൊണ്ടു. കൊല്ലം എസ്.എൻ. കോളജ് യൂണിയൻ ചെയർമാൻ; കെ.എസ്.യു. - യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ ജില്ലാ കമ്മിറ്റി പ്രസിഡന്റ്, സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കു നല്കുന്ന ഭാഷാ പരിശീലന പദ്ധതിയിൽ പാർട് ടൈം ലക്ചറർ, കേരള സർവകലാശാല കൊമേഴ്സ് വിഭാഗത്തിൽ ഗസ്റ് ലക്ചറർ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിക്കുന്നു. 1968-ൽ യുണൈറ്റഡ് സ്റേറ്റ്സ് എഡ്യൂക്കേഷണൽ ഫൌണ്ടേഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ബറോഡയിലെ എം.എസ്. യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ സെമിനാറിലും മുഖ്യമന്ത്രി അധ്യക്ഷനായ പ്ളാനിങ്ങ് ഫോറത്തിലും കേരള സർവകലാശാലയെ പ്രതിനിധാനം ചെയ്തു. 1971 മുതൽ 30 വർഷക്കാലം കേരള ഭാഷാ ഇൻസ്റിറ്റ്യൂട്ടിൽ ഡയറക്ടർ സ്ഥാനം ഉൾപ്പെടെ വിവിധ തസ്തികകളിൽ പ്രവർത്തിച്ചു. ഡയറക്ടറായിരിക്കെ പുസ്തക പ്രസിദ്ധീകരണത്തിനും പുസ്തക വില്പനയ്ക്കും നൂതന പദ്ധതികൾ ആവിഷ്കരിക്കുകയും വിജ്ഞാനമുദ്രണം പ്രസ് നവീകരിക്കുകയും ചെയ്തു. മലയാള ഭാഷയെ കംപ്യൂട്ടറിനു സജ്ജമാക്കാനായി 'മലയാളത്തനിമ' എന്ന പ്രസ്ഥാനത്തിന് രൂപം നല്കി. 2001 മേയ് മുതൽ 2004 ആഗ. വരെ ഇൻഫർമേഷൻ ആൻഡ് പാർലമെന്ററികാര്യ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2004 ഒ.-ൽ കേരള സംസ്ഥാന സർവവിജ്ഞാനകോശ ഇൻസ്റിറ്റ്യൂട്ട് ഡയറക്ടറായി. വാണിജ്യത്തിന്റെ പ്രാഥമിക തത്ത്വങ്ങൾ, വാണിജ്യ ശബ്ദാവലി, വാണിജ്യം, കവിത്രയത്തിന്റെ കുട്ടിക്കവിതകൾ (പഠനം) എന്നിവയാണ് കൃതികൾ. വിശ്വഗുരു, ജീവചരിത്രകോശം, വിജ്ഞാനം 21-ാം നൂറ്റാണ്ടിൽ, പുനലൂർ ബാലന്റെ കാവ്യലോകം, ഭരണഭാഷ, അഖില വിജ്ഞാനകോശം, താരതമ്യസാഹിത്യം - പുതിയ കാഴ്ചപ്പാടുകൾ, വള്ളത്തോൾക്കവിതാപഠനം, വിവേകോദയം-പ്രൊഫ. എസ്. ഗുപ്തൻനായർ പതിപ്പ് തുടങ്ങിയ ഗ്രന്ഥങ്ങളിൽ പഠനോപന്യാസങ്ങളെഴുതിയിട്ടുണ്ട്. തോന്നയ്ക്കലിലെ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റിറ്റ്യൂട്ടിന്റെ ചെയർമാനായി 2003 മുതൽ 05 വരെ പ്രവർത്തിച്ചു. 2005-ൽ സാംസ്കാരിക സ്ഥാപനങ്ങളുടെ ഗ്രാന്റ് നിർണയ കമ്മിറ്റി സെക്രട്ടറിയായി നിയമിതനായി. കൂടാതെ പുനലൂർ ബാലൻ സ്മാരക സാഹിത്യവേദി, സാഹിത്യപഞ്ചാനനൻ സ്മാരക സമിതി, തിരുവനന്തപുരം ഭവന നിർമ്മാണ സഹകരണസംഘം എന്നിവയുടെ ചെയർമാൻ; തിരുവനന്തപുരം നെഹ്റു സെന്ററിന്റെയും എൻ.വി. സാഹിത്യവേദിയുടെയും ജനറൽ സെക്രട്ടറി; സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന 'സംസ്കാര', വിദ്യാഭ്യാസ-പബ്ളിക് റിലേഷൻസ് വകുപ്പുകളുടെയും പി.എൻ. പണിക്കർ ഫൌണ്ടേഷന്റെയും സംയുക്തസംരംഭമായ 'വായന' എന്നിവയുടെ ജനറൽ കൺവീനർ; അഗതികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'അഭയ', പി.എൻ. പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്രം, ഉള്ളൂർ സ്മാരകം എന്നിവയുടെ ഭരണസമിതി അംഗം; സി-ഡിറ്റിന്റെ സൈബർ ഗ്ളോസറി, ലിംഗ്വിസ്റിക് കംപ്യൂട്ടിങ് കേരള എന്നിവയുടെ ഉപദേശകസമിതി അംഗം; കംപ്യൂട്ടർ കീബോർഡിന്റെ മാനകീകരണത്തിനുള്ള വിദഗ്ദ്ധ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കേരളത്തിലെ മികച്ച പ്രസാധകനുള്ള ദർശന അവാർഡ് (1998), സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിലെ മികച്ച സംഭാവനയ്ക്കുള്ള സി.വി. കുഞ്ഞുരാമൻ അവാർഡ് (2003) എന്നിവ ലഭിച്ചിട്ടുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തമ്പാൻ, എം.ആർ. (1945 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |