Manu Malayattur
ഫാ. സേവ്യർ തേലക്കാട്ട് വധം
മലയാറ്റൂർ കുരിശുമുടി അന്തർദേശീയ തീർഥാടനകേന്ദ്രം റെക്ടർ ആയിരുന്ന ഫാ.സേവ്യർ തേലക്കാട്ടിനെ മുൻ കപ്യാർ ജോണി കൊലപ്പെടുത്തിയ കേസ്
കേസിനാസ്പദമായ സംഭവം
2018 മാർച്ച് ഒന്നിനായിരുന്നു മലയാറ്റൂർ കുരിശുമുടിയിലെ കാട്ടുവഴിയിൽ വച്ച് ഫാ. സേവ്യർ തേലക്കാട്ടിനെ ജോണി കുത്തി വീഴ്ത്തുന്നത്. കപ്യാരായിരുന്ന ജോണിയെ അമിത മദ്യപാനശീലം മൂലമാണ് ഫാ. സേവ്യർ ജോലിയിൽ നിന്നും പിരിച്ചു വിടുന്നത്. തന്നെ തിരിച്ചെടുക്കണമെന്നു ജോണി പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫാദർ സേവ്യർ സമ്മതിച്ചില്ല.
കൊലപാതകം
സംഭവ ദിവസം രാവിലെ കുരിശുമുടിയിൽ പ്രാർത്ഥനയർപ്പിക്കുകയും അവിടെ നടക്കുന്ന നിർമാണ പ്രവർത്തികൾക്ക് മേൽനോട്ടം നടത്തുകയും ചെയ്തശേഷം തിരികെ വരുമ്പോഴായിരുന്നു ആക്രമണം. ഈ സമയം പുരോഹിതനൊപ്പം മറ്റു ചിലരുമുണ്ടായിരുന്നു. ഇതിനു മുമ്പായി ജോണി ഫാദർ സേവ്യറിനെ ഫോൺ ചെയ്തിരുന്നു. അച്ചൻ എവിടെയുണ്ടെന്നായിരുന്നു ചോദിച്ചത്. മലയിറങ്ങി വരികയാണെന്നു വൈദികൻ മറുപടിയും പറഞ്ഞു.തിരിച്ചു വരുംവഴി ആറാം സ്ഥലം എന്ന ഭാഗത്ത് എത്തിയപ്പോൾ അവിടെ പ്ലമ്പിംഗ് ജോലികൾ നടക്കുന്നതുകൊണ്ട് ഫാ. സേവ്യർ അതിന്റെ കാര്യങ്ങൾ നോക്കാനായി നിന്നു. ഈ സമയത്താണ് ജോണി എത്തുന്നത്. തന്നെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ജോണി വൈദികനോടു കയർത്തു. ഇക്കാര്യങ്ങൾ പിന്നീട് സംസാരിക്കാമെന്നു പറഞ്ഞ് ജോണിയെ സമാധാനിപ്പിച്ചു പറഞ്ഞയയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ജോണി വൈദികനെ കുത്തുന്നത്. ഇടതു തുടയ്ക്കും വയറിനും ഇടയിലായിട്ടായിരുന്നു കുത്തേറ്റത്. ചുറ്റും ആൾക്കാർ ഉണ്ടായിരുന്നിട്ടും അപ്രതീക്ഷിതമായ ആക്രമണത്തിൽ എല്ലാവരും പകച്ചു പോയി.
ജോണിയുടെ കുത്തിൽ ഫാ. സേവ്യറിന്റെ രക്തധമനി മുറഞ്ഞു പോയിരുന്നു. ആഞ്ജിയോപാസ്റ്റി കഴിഞ്ഞതിനുശേഷം രക്തം പെട്ടെന്ന് കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നയാളായിരുന്നു ഫാ. സേവ്യർ തേലക്കാട്ട്. അതുകൊണ്ട് കുത്തേറ്റഭാഗം തുണികൊണ്ട് കെട്ടിയിട്ടും രക്തപ്രവാഹം നിലച്ചിരുന്നില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ അദ്ദേഹത്തിന്റെ ബോധവും പോയി. സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരുമെല്ലാം ചേർന്ന് സ്‌ട്രെച്ചറിൽ കിടത്തി വൈദികനെ താഴെയെത്തിച്ച് ആംബുലൻസിൽ കയറ്റുമ്പോഴും അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഫാ. സേവ്യർ തേലക്കാട്ട് മരിച്ചിരുന്നു. രക്തം വാർന്നായിരുന്നു മരണം.
ശിക്ഷ
അമിതമദ്യപാനത്തെ തുടർന്നു ജോണിയെ കപ്യാർജോലിയിൽനിന്നു മാറ്റിനിർത്തിയിരുന്നു. ഏപ്രിലിൽ നടക്കുന്ന തിരുനാളിനു മുൻപ് ജോലിയിൽ തിരികെ കയറ്റണമെന്നാവശ്യപ്പെട്ടു പ്രതി ജോണി ഫാ.സേവ്യറിനെ സ്ഥിരമായി ശല്യം ചെയ്തിരുന്നു. സംഭവദിവസം മലയടിവാരത്തെ തീർഥാടക കേന്ദ്രത്തിൽനിന്നു കത്തി കൈക്കലാക്കിയ ജോണി മലയിറങ്ങിവരികയായിരുന്ന ഫാ.സേവ്യറിനെ കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ കുറ്റപത്രം.
കാലടി ഇൻസ്പെക്ടർ സജി മാർക്കോസാണ് കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. 51 സാക്ഷികളുടെ പട്ടികയാണു കോടതിയിൽ സമർപ്പിച്ചതെങ്കിലും മുഴുവൻ സാക്ഷികളെയും പ്രോസിക്യൂഷൻ വിസ്തരിച്ചില്ല. കേസിൽ പ്രതിയുടെ ഭാര്യ മാത്രമാണ് കൂറുമാറിയ സാക്ഷി.
ജോണി ഫാ. സേവ്യർ തേലക്കാട്ടിനെ കുത്താനുപയോഗിച്ച കത്തി സംഭവ സ്ഥലത്തിനടുത്തു തന്നെ കണ്ടെത്തിയിരുന്നു. കൊലപാതകശേഷം പകലും രാത്രിയും കാട്ടിൽ കഴിഞ്ഞ പ്രതി പിടിയിലാകുമ്പോൾ അവശനിലയിലായിരുന്നു.
കൊലപാതകത്തിന്റെ ദൃക്സാക്ഷികൾ രണ്ടു പേർ സംഭവം കോടതിയിൽ വിവരിച്ചതു വൈകാരിക രംഗങ്ങൾക്കു വഴിയൊരുക്കിയിരുന്നു. കുത്തേറ്റു വീണ ഫാ.സേവ്യറിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച ദൃക്സാക്ഷിക്കു നേരെ കത്തിവീശിയ പ്രതി ജോണി ‘അച്ചൻ അവിടെ കിടന്നു മരിക്കട്ടെ’യെന്ന് ആക്രോശിച്ചതായും സാക്ഷി മൊഴി നൽകിയിരുന്നു.
കേസിൽ പ്രതി മുൻ കപ്യാർ മലയാറ്റൂർ വട്ടപ്പറമ്പൻ ജോണിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡോ. കൗസർ എടപ്പഗത്താണ് സാക്ഷികളെ വിസ്തരിച്ച് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ടി.പി.രമേശ് ഹാജരായി.
അവലംബം