പൊതുവായ അർത്ഥത്തിൽ, ഒരു അടിസ്ഥാനതലത്തിൽനിന്നും ലംബമായി (മുകളിലേക്കുള്ള) അകലത്തിനെ ഉന്നതി എന്നു പറയുന്നു. ജ്യാമിതി, ഖഗോളജ്യോതിശാസ്ത്രം, വൈമാനികശാസ്ത്രം, ഭൂമിശാസ്ത്രം, കായികരംഗം തുടങ്ങിയ മേഖലകളിലെല്ലാം ഉന്നതി എന്ന പദത്തിനു് വ്യത്യസ്തമായ അർത്ഥങ്ങളുണ്ടു്. ഉന്നതിയുടെ എതിർദിശയിലുള്ള അളവാണു് ആഴം(depth).

ഉന്നതിയുടെ വ്യത്യസ്തമൂല്യങ്ങൾ: പരകോടി(zenith): +90, ചക്രവാളം(horizon): 0 അധോലംബബിന്ദു(nadir): -90

നേരെ കീഴ്‌ദിശയിലേക്കുള്ള -90 ഡിഗ്രിയാണു് ഉന്നതിയുടെ ഏറ്റവും താഴ്ന്ന അളവു്. ഈ ദിശയെ അധോലംബബിന്ദു അഥവാ അധോലംബദിശ (നാദിർ nadir) എന്നു വിളിക്കുന്നു. ഭൗമോപരിതലത്തേയും ഭൂകേന്ദ്രിതമായ സ്ഥാനനിർണ്ണയസമ്പ്രദായങ്ങളേയും സംബന്ധിച്ചിടത്തോളം, നിരീക്ഷണസ്ഥാനത്തുനിന്നും ഭൂമിയുടെ കേന്ദ്രത്തിലേക്കുള്ള ദിശയിലാണു് നാദിർ.

നേരേ മുകളിലേക്കുള്ള +90 ഡിഗ്രിയാണു് ഉന്നതിയുടെ ഏറ്റവും കൂടിയ അളവു്. ഈ ദിശ ഉച്ചി, മൂർദ്ധന്യം, പരകോടി, സെനിത്ത്(zenith) എന്നെല്ലാം അറിയപ്പെടുന്നു. ഭൂകേന്ദ്രത്തിൽനിന്നും നിരീക്ഷകന്റെ ബിന്ദുവിലൂടെ നേരെ മുകളിലേക്കു പോകുന്ന ദിശയാണിതു്. വ്യത്യസ്ത ഭൂസ്ഥാനങ്ങളിൽ ഈ ദിശ വ്യത്യസ്തമായിരിക്കും.

ഭൂതലത്തിലെ ഒരു നിരീക്ഷണബിന്ദുവിൽനിന്നും തിരശ്ചീനമായ ദിശയിൽ നോക്കുമ്പോൾ ലഭിയ്ക്കുന്ന ആകാശത്തിന്റെ വൃത്താകാരത്തിലുള്ള അതിരാണു് ഖഗോളചക്രവാളം (astronomical horizon). ഖഗോളചക്രവാളത്തിന്റെ ഉന്നതി 0 ഡിഗ്രിയാണു്. (എന്നാൽ നിരീക്ഷണസ്ഥാനം ഭൂതലത്തിൽനിന്നുയരുംതോറും യഥാർത്ഥത്തിൽ ദൃശ്യമാവുന്ന ചക്രവാളപരിധി (true horizon) കീഴേക്കു് വികസിച്ചുകൊണ്ടിരിക്കും. ചിത്രം കാണുക).

ഉന്നതിയും ഉയരവും തമ്മിലുള്ള വ്യത്യാസം

തിരുത്തുക

പലപ്പോഴും ഒരേ അളവു സൂചിപ്പിക്കാൻ ഉന്നതി എന്നും ഉയരം എന്നും മാറിമാറി പ്രയോഗിക്കുമെങ്കിലും രണ്ടു വാക്കുകൾക്കും തമ്മിൽ സൂക്ഷാർത്ഥത്തിൽ വ്യത്യാസം കൽപ്പിക്കാം. ഒരു വസ്തുവിന്റെ കേവലമായ അളവു സൂചിപ്പിക്കാൻ ഉയരം എന്നും (ഉദാ: പർവ്വതത്തിന്റെ ഉയരം, സ്തൂപികയുടെ ഉയരം) തെരഞ്ഞെടുത്ത ഒരു അടിസ്ഥാനതലത്തിൽനിന്നും ആ വസ്തുവിലെ ഏതെങ്കിലും ഒരു ബിന്ദുവിലേക്കുള്ള ദൂരത്തെ ഉന്നതി എന്നും (ഉദാ: സമുദ്രനിരപ്പിൽ നിന്നും ഒരു പർവ്വതത്തിന്റെ ഉച്ചിയിലേക്കോ പറക്കുന്ന ഒരു വിമാനത്തിലേക്കോ ഉള്ള ലംബമായ ദൂരം), സമുദ്രനിരപ്പിൽ നിന്നും ഒരു പീഠഭൂമിയുടെ തറനിരപ്പിലേക്കുള്ള ലംബമായ ദൂരം.

പ്രകടനമാതൃക

തിരുത്തുക

ഉന്നതി എന്ന അളവു മനസ്സിലാവാൻ ഈ രീതി ഉപയോഗിക്കാം:

വടക്കോട്ടു തിരിഞ്ഞുനിൽക്കുക. വലതുകൈ തോളുയരത്തിൽ നേരേ മുമ്പിലേക്കു് (ചക്രവാളത്തിലേക്കു്) നീട്ടിപ്പിടിക്കുക. ഇപ്പോൾ വലതുകയ്യിന്റെ ചൂണ്ടുവിരലിന്റെ ഉന്നതി (തോളുയരത്തെ അപേക്ഷിച്ച്) 0 ഡിഗ്രിയാണു്. ഇനി കൈ അതേ ഉയരത്തിൽ വലതുവശത്തേക്കു് (കിഴക്കുദിശയിലേക്കു്) നീട്ടിപ്പിടിക്കുക. ഇപ്പോഴും ചൂണ്ടുവിരലിന്റെ ഉന്നതി 0 ഡിഗ്രി തന്നെ. ഇതുപോലെ, കൈ ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യാതെ ചക്രവാളദിശയിൽ ഏതു ദിക്കിലേക്കു ചൂണ്ടിയാലും ഉന്നതി 0 ഡിഗ്രിയായിരിക്കും. (എന്നാൽ ദിഗംശം മാറിക്കൊണ്ടിരിക്കും).

ഇനി, കൈ കണ്ണിനൊപ്പം വരുന്ന ദിശയിൽ (45 ഡിഗ്രി) മുകളിലേക്കു നീട്ടുക. ഇപ്പോൾ ഉന്നതി 45 ഡിഗ്രിയാണു്. ഇപ്രകാരം കൈ നേരെ തലയ്ക്കു മുകളിലേക്കു ചൂണ്ടുമ്പോൾ +90 ഡിഗ്രിയും കാൽച്ചുവട്ടിലേക്കു നീട്ടുമ്പോൾ -90 ഡിഗ്രിയും ആയിരിക്കും യഥാക്രമം ഉന്നതി.


ലംബദൂരത്തിനു പകരം കോണീയദൂരമായും ഉന്നതി അളക്കാം. ഖഗോളനിർദ്ദേശാങ്കവ്യവസ്ഥകളിൽ ഭൂമിയിലെ ഒരു സ്ഥാനത്തുനിന്നും ഒരു ഖഗോളവസ്തുവിന്റെ സ്ഥാനം സൂചിപ്പിക്കാൻ ദിഗംശം, ഉന്നതി എന്നീ രണ്ടു നിർദ്ദേശാങ്കങ്ങൾ ഉപയോഗിക്കുന്നു. ഇതനുസരിച്ച് തിരശ്ചീനമായ കോണളവ് ദിഗംശവും ലംബമായ കോണളവ് ഉന്നതിയും കാണിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉന്നതി&oldid=2311371" എന്ന താളിൽനിന്ന് ശേഖരിച്ചത്