ഇ.കെ. ജാനകി അമ്മാൾ

ഇന്ത്യയിലെ ഒരു സസ്യശാസ്ത്രജ്ഞ

ഇന്ത്യയിലെ പ്രശസ്തയായ ഒരു സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ (ജനനം: 1897 നവംബർ 4 - മരണം:1984). ഇടവലത്ത് കക്കാട്ടു ജാനകി എന്നാണു പൂർണ നാമം. ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് (ഡി.എസ്സി.,D.Sc) നേടിയ ചുരുക്കം ഇന്ത്യൻവനിതകളിലൊരാളാണ് ജാനകിയമ്മാൾ. പൗരസ്ത്യദേശങ്ങളിൽനിന്നും ആദ്യമായി ബാർബോർ ഫെല്ലോഷിപ്പ് നേടിയതു് ജാനകി അമ്മാളായിരുന്നു.[1][2]. തലശ്ശേരി സ്വദേശിനി. 1931 ൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് നേടി, സസ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 1956 ൽ മിഷിഗൺ സർവകലാശാല ഓണററി ഡോക്ടറേറ്റും 1957 ൽ ഇന്ത്യ പദ്മശ്രീയും നൽകി ആദരിച്ചു. അവിവാഹിതയായിരുന്ന അമ്മാൾ, 1984 ൽ അന്തരിച്ചു.[3]

ഇ.കെ. ജാനകി അമ്മാൾ
ഇ.കെ. ജാനകി അമ്മാൾ
ജനനം1897 നവംബർ 4
തലശ്ശേരി, കേരളം
മരണം1984 ഫെബ്രുവരി 7
മദ്രാസ്, തമിഴ് നാട്
ദേശീയത ഇന്ത്യ
മറ്റ് പേരുകൾജാനകി ബ്രിഞ്ജാൾ
അറിയപ്പെടുന്നത്സസ്യശാസ്ത്രജ്ഞ
ഒപ്പ്

ജീവിതരേഖ

തിരുത്തുക

ആദ്യകാലം

തിരുത്തുക

മദ്രാസ് പ്രസിഡൻസിയിൽ സബ് ജഡ്ജായിരുന്ന ദിവാൻ ബഹദൂർ എടവലത്ത് കക്കാട്ട് കൃഷ്ണന്റേയും ദേവിയുടേയും മകളായി ഇടവലത്ത് കാക്കാട്ട് എന്ന പ്രശസ്ത തീയർ തറവാട്ടിൽ ജനനം. [4]അവർക്ക് ആറ് സഹോദരന്മാരും അഞ്ചു സഹോദരിമാരും ഉണ്ടായിരുന്നു. പുതുക്കോട്ട ദിവാൻ ആയിരുന്ന ദിവാൻ ഈ.കെ ഗോവിന്ദൻ ജാനകി അമ്മാളിന്റെ സഹോദരൻ ആയിരുന്നു. അവരുടെ കുടുബത്തിൽ പെൺകുട്ടികളുടെ ബുദ്ധിപരമായ കഴിവുകളും സുകുമാര കലകളും പ്രോത്സാഹിപ്പിച്ചിരുന്നു. അമ്മാൾ സസ്യശാസ്ത്രമാണ് ഇഷ്ടപ്പെട്ടത്. തലശ്ശേരിയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയതിന്നു ശേഷം മദിരാശിയിലെ ക്വീൻ മേരീസ് കോളെജിൽ [5] നിന്ന് 1921-ൽ ബോട്ടണിയിൽ ഓണേഴ്സ് ബിരുദം നേടി. 2000 ജനുവരി-1ൽ പ്രസിദ്ധീകരിച്ച കറണ്ട്സ് മാസികയിൽ നൂറ്റാണ്ടിലെ അമേരിക്കൻ ഇന്റ്യക്കാരിൽ ഒരാളായി ജാനകിയെ ഒരാളായി ചേർത്തിരുന്നു. ഹൈസ്കൂളിനപ്പുറത്തേക്ക് സ്ത്രീകൾ പഠിക്കാതിരുന്ന കാലഘട്ടത്തിൽ അവർ അമേരിക്കയിലെ പൊതു സർവ്വകലാശാലയിൽ നിന്ന് പിഎച്ച്.ഡി എടുത്തു. അമേരിക്കയിൽ നിന്ന് സസ്യശാസ്ത്രത്തിൽ പിഎച്ച്.ഡി (1931) എടുത്ത ആദ്യത്തെ വനിത ഇവരായിരുന്നു.

ഉപരിപഠനം

തിരുത്തുക

മദ്രാസിലെ വനിതാ ക്രിസ്ത്യൻ കോളേജിൽ അധ്യാപകയായിരിക്കെ ജാനകിക്ക് അമേരിക്കയിലെ മിഷിഗൺ യൂണിവേഴിസിറ്റിയിലേക്കുളള ബാർബോർ സ്കോളർഷിപ്പു [6] ലഭിച്ചു. അവിടെ നിന്ന് 1925-ൽ എം.എസ്സിയും, 1931-ൽ ഡി.എസ്സിയും (പി.എഛ്.ഡിയുടെ പഴയ പേര്) നേടി.[7]

അധ്യാപകവൃത്തിയും ഗവേഷണവും

തിരുത്തുക

1932- ഇന്ത്യയിൽ തിരിച്ചെത്തിയ ജാനകി അമ്മാൾ തിരുവനന്തപുരത്തുളള മഹാരാജാസ് സയന്സ് കോളേജിൽ പ്രൊഫസറായി ചേർന്നു.ഗവേഷണത്തിൽ കൂടുതൽ താത്പര്യം തോന്നിയതിനാൽ 1934-ൽ കോയമ്പത്തൂർ ഷുഗർകേൻ ബ്രീഡിങ് ഇൻസ്റ്റിറ്റിയൂട്ടിൽ ഗവേഷകയായി പ്രവേശിച്ചു.[7] 1939 വരെ ഈ സ്ഥാപനത്തിൽ ജനറ്റിസിസ്റ്റ് ആയിരുന്നു. ഈ സമയത്താണ് സക്കാറം സീ (Saccharum x Zea), സക്കാറം എറിയാന്തസ് (Saccharum x Erianthus), സക്കാറം ഇംപെറാറ്റ്(Saccharum x Imperata), സക്കാറം സോർഘം (Saccharum x Sorghum) തുടങ്ങിയവ ഒട്ടേറെ സങ്കരയിനം കരിമ്പ് വിത്തിനങ്ങൾ ഉത്പാദിപ്പിച്ചു. പൂച്ചെടികളുടെ ക്രോമോസോം ഘടനയിൽ സുപ്രധാനമായ കണ്ടുപിടിത്തങ്ങൾ നടത്തി.

ലണ്ടനിലെ പ്രശസ്തമായ ജോൺ ഇൻസ് ഹോട്ടികൾച്ചറൽ ഇൻസ്റ്റിറ്റിയൂട്ടിലും (1940-45), വിസ്ലിയിലെ റോയൽ ഹോട്ടികൾച്ചറൽ സൊസൈറ്റിയിലും(1945-51) ജാനകി സൈറ്റോളജിസ്റ്റ് ആയി ജോലി ചെയ്തു.[7] ജോൺ ഇൻസ് ഹോട്ടികൾച്ചറൽ ഇൻസ്റ്റിറ്റിയൂട്ടിലെ സസ്യശാസ്ത്രജ്ഞൻ സി.ഡി.ഡാർളിംഗ്ട്ടനുമായി ചേർന്ന് ദ ക്രോമസോം അറ്റ്‌ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ്‌സ് എന്ന ഗ്രന്ഥം ഇക്കാലത്താണ് എഴുതിയത്. ജവഹർലാൽ നെഹ്രുവിന്റെ ക്ഷണം അനുസരിച്ച് 1951ൽ ബോട്ടാണിക്കൽ സർവെ ഓഫ് ഇന്ത്യയെ പുനഃ സംഘടിപ്പിക്കുന്നതിന് ഇന്ത്യയിലേക്ക് മടങ്ങി.[8] ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും ജാനകി ഗവേഷണം തുടർന്നു, ഔഷധസസ്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

അന്ത്യം

തിരുത്തുക

മദ്രാസ് യൂണിവഴ്സിറ്റി സസ്യശാസ്ത്ര വിഭാഗത്തിന്റെ ചെന്നൈക്കടുത്തുളള മദുരവയൽ ഗവേഷണശാലയിൽ പ്രവർത്തനനിരതയായിരിക്കെ 1984 ഫെബ്രുവരി 7നു് അന്തരിച്ചു[9].

ബഹുമതികൾ

തിരുത്തുക

ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു ജാനകി അമ്മാൾ[2]. 1957-ൽ ഇന്ത്യൻ നാഷണൽ അകാദമി ഓഫ് സയൻസസ് അംഗത്വവും ലഭിച്ചു.
1957-ൽ ഭാരത സർക്കാർ ജാനകിക്ക് പദ്മശ്രീ നല്കി ആദരിച്ചു.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2000 മുതൽ ലോക പരിസ്ഥിതിദിനത്തിൽ 'ഇ.കെ.ജാനകിഅമ്മാൾ നാഷണൽ അവാർഡ് ഫോർ ടാക്‌സോണമി' എന്ന പുരസ്‌കാരം നൽകി വരുന്നു.[10]

2019ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇ. കെ. ജാനകിയമ്മാളുടെ ബഹുമാനാർത്ഥം അവരുടെ മലയാളഭാഷയിലുള്ള ആദ്യ ജീവചരിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. നിർമ്മലാജെയിംസ് ആണ് രചയിതാവ്. ഇംഗ്ലീഷിലും ഇവർ ജാനകിയമ്മാളിന്റെ വിശദജീവചരിത്രം എഴുതിയിട്ടുണ്ട്.


[10]

ഇതും കാണുക

തിരുത്തുക
  1. http://www.ias.ac.in/womeninscience/LD_essays/01-4.pdf
  2. 2.0 2.1 Indian Academy of Sciences, Year Book 2013. {{cite book}}: Cite has empty unknown parameter: |1= (help)
  3. "മാതൃഭൂമി വെബ്‌സൈറ്റിൽ വന്ന ലേഖനം". Archived from the original on 2010-11-03. Retrieved 2010-11-02.
  4. Damodaran, Vinita (2013). "Gender, Race and Science in Twentieth-Century India: E. K. Janaki Ammal and the History of Science". History of Science. 51 (3): 283. doi:10.1177/007327531305100302.
  5. "ക്വീൻ മേരീസ് കോളേജ്". Archived from the original on 2012-12-29. Retrieved 2013-03-07.
  6. "ബാർബോർ സ്കോളർഷിപ്പു്". Archived from the original on 2013-05-21. Retrieved 2013-03-07.
  7. 7.0 7.1 7.2 Godbole& Ramaswamy (ed.). Lilavati's Daughters. Indian Academy of Sciences, Bangalore. ISBN 978-81-8465-005-1.
  8. "Seminar to remember woman scientist". The Hindu. 27 October 2010. Archived from the original on 2010-11-08. Retrieved 10 August 2013.
  9. http://www.ias.ac.in/womeninscience/janaka_ammal.pdf
  10. 10.0 10.1 Nirmala, James (2019). Janaki Ammal, Aadhya Indian Sasya Sasthranja. Thiruvananthapuram: Bhasha Institute (State Institute of Languages), Department of Culture, Government of Kerala. ISBN 976-61-200-4606-1. {{cite book}}: Check |isbn= value: invalid prefix (help)
"https://ml.wikipedia.org/w/index.php?title=ഇ.കെ._ജാനകി_അമ്മാൾ&oldid=3993409" എന്ന താളിൽനിന്ന് ശേഖരിച്ചത്